ആത്‌മകഥകളെഴുതി കൂട്ടുവിന്‍ കൂട്ടരേ!
സാഹിത്യത്തിലിത് ജനാധിപത്യത്തിന്റെ അടിപൊളിക്കാലമാണ്. ആര്‍ക്കും എഴുതാം. എന്തും എഴുതാം. കിലോമീറ്ററിന് എഴുപത് എന്ന അനുപാതത്തില്‍ പ്രസാധകക്കൂട്ടങ്ങള്‍ ഉടലെടുത്തതുകൊണ്ട് കാശ് എറിഞ്ഞുകൊടുത്താല്‍ അച്ചടിച്ച് കിത്താബാക്കുന്നതിനും നോ പ്രോബ്‌ളം. കാശുണ്ടെങ്കില്‍ പുസ്‌തകമിറക്കാം. വമ്പന്‍ അവതാരിക തരപ്പെടുത്താം. അവാര്‍ഡ്, പ്രശസ്‌തിപത്രം. നമ്മള്‍തന്നെ രൂപകല്‌പന ചെയ്യേണ്ട ശില്‌പം, ക്യാഷില്ലാത്ത ക്യാഷ് അവാര്‍ഡ്, പുസ്‌തകത്തെ മുറുകെ പുകഴ്‌ത്തല്‍ എന്നുവേണ്ടാ, സകലമാന പ്രശസ്‌തിയിലും അടിമുടി അഭിരമിക്കാം. ഈ സുവര്‍ണകാലത്തെ ഏറ്റവും കൂടുതല്‍ ഉത്‌പാദിപ്പിക്കുന്ന വിഭവമാണ് ആത്‌മകഥ എന്ന തട്ടിക്കൂട്ട്.
ആത്‌മകഥാരചനയെന്ന പ്രോഗ്രാം മുന്‍പും ഉണ്ടായിരുന്നു. മഹാന്മാര് മാത്രമേ ഈ നേരംപോക്കിന് കൂടിയിരുന്നുള്ളൂവെന്നു മാത്രം. പക്ഷേ, ആ കൃതികളൊക്കെ വായിച്ച് ആരെങ്കിലും നേരെയായോ? ഓ! പിന്നെ. അതിനു നമ്മള് വേറെ ജനിക്കണം. ആ മഹദ്‌ഗ്രന്‌ഥങ്ങളൊക്കെ ഒന്നോടിച്ചു നോക്കിയപ്പോഴാണ് ഓ! മഹാന്മാരുടെ ജീവിതം ഇത്രയൊക്കെയുള്ളൂവെന്ന് തിരിച്ചറിഞ്ഞത്. അതോടെ ചത്താലും മഹാനാകില്ലായെന്ന് ഉറച്ചു. ബീഡി കൊളുത്തിപ്പിടിച്ച് ആ തീയാല്‍തൊട്ട് സത്യവും ചെയ്‌തു. എന്തിന് ഗാന്‌ധിജിയുടെ എന്റെ സത്യാന്വേഷണ പരീക്ഷകള്‍ വായിച്ച് ആരെങ്കിലും ഗാന്‌ധിയായോ. `ഗാ' പോലും ആയില്ല. അതുമല്ലാ ആ ആത്‌മകഥ വായിച്ചതിനുുേശഷം ആ കുഞ്ഞുഗാന്‌ധിവരെ കുട്ടിക്കാലത്ത് സിഗററ്റ് വലിച്ചിട്ടുണ്ടെന്നും അമ്മയുടെ പക്കല്‍നിന്നും സ്വര്‍ണ്ണത്തിലിത്തിരി കട്ടിട്ടുണ്ടെന്നും മനസിലാക്കി അതിനെ പെരുപ്പിച്ചു കാട്ടിയതുമല്ലാതെ നമ്മളൊന്നും ചെയ്‌തില്ല.
ആര്‍ക്കും ആത്‌മകഥ എഴുതാന്‍ 1947 ആഗസ്‌റ്റ് 15 ന് സ്വാതന്ത്ര്യം കിട്ടിയതുകൊണ്ടുമാത്രം സകലവിധ രാഷ്‌ട്രീയക്കാരും കേറിമേയുന്ന ഒരിടമായി ആത്‌മകഥാമേഖല. ചുരുങ്ങിയത് രണ്ട് ആത്‌മകഥയെങ്കിലും എഴുതിപ്പിടിപ്പിച്ചില്ലെങ്കില്‍ നേതാക്കന്മാര്‍ക്ക് എന്തോ ഒരിതുപോലെയാണ്. തങ്ങളുടെ രാഷ്‌ട്രീയ നിയോഗം പൂര്‍ണമായി നിറവേറ്റാന്‍ കഴിയാത്തതിന്റെ ഒരസ്‌കിത. രണ്ട് ആത്‌മകഥകളില്‍ രണ്ട് ജനനത്തീയതി കുറിച്ചിട്ട മഹാന്മാര്‍പോലും നമ്മുടെ നാട്ടിലുണ്ടത്രേ.
സമരങ്ങള്‍, ജയില്‍വാസം, പീഡാനുഭവങ്ങള്‍, ഞാനൊരു സംഭവമാണ്. എന്നെ സമ്മതിക്കണം എന്നെക്കൊണ്ട് ഞാന്‍ ജയിച്ചു. ഇത്തരം സംഗതികള്‍ ആവശ്യാനുസരണം സംയോജിച്ചാല്‍ തൊണ്ട തൊടാതെ വിഴുങ്ങാവുന്ന ഒരുഗ്രന്‍ ആത്‌മകഥാരസായനം റെഡിയാകും. സ്വയം തയാറാക്കണമെന്നില്ല. ഭവാനാത്‌മകമായി കാര്യങ്ങളെ വിഭാവനം ചെയ്യാന്‍ കഴിയുന്ന അവരെ കോമളമായ രീതിയില്‍ അവതരിപ്പിക്കാന്‍ കഴിയുന്ന മഹാന്മാര്‍ നാട്ടിലെമ്പാടുമുണ്ട്. പേരും പ്രശസ്‌തിയും ആവശ്യമില്ലാത്തവര്‍. നോട്ടുകെട്ടുകൊണ്ട് സ്വയം തൃപ്‌തരാകുന്ന നിഷ്‌കാമകര്‍മ്മികള്‍. അവര്‍ രചിച്ചുതരും നല്ല എരിവുംപുളിയുമുള്ള ഒന്നാന്തരം ആത്‌മകഥാ ഐറ്റങ്ങള്‍.
പഴയ തലനരച്ചവരില്‍ മാത്രം കണ്ടുവരാറുള്ള ആത്‌മകഥാ രചനയെന്ന് സാഹിത്യസാക്രമികരോഗം ഇപ്പോള്‍ കുട്ടികളിലും പിടിപെടുന്നുണ്ടത്രേ. അതിന്റെ തെളിവാണ് കണ്ണൂരുള്ള അബ്‌ദുള്ളക്കുട്ടി എന്നൊരാള്‍ രചിച്ച്, ഈയിടെ പുറത്തിറങ്ങിയ `നിങ്ങളെന്നെ കോണ്‍ഗ്രസാക്കി' എന്ന പ്രമാണിക ആത്‌മകഥാഗ്രന്‌ഥം. അത്‌വായിച്ച് കണ്ണൂരുള്ളവരൊക്കെ കരഞ്ഞുപോയിയെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. അബ്‌ദുള്ളക്കുട്ടി എങ്ങനെയാണ് കോണ്‍ഗ്രസ് ആയതെന്ന് ഇനിയും മനസിലായിട്ടില്ലാത്ത ഒരു കൂട്ടര്‍ ഇപ്പോഴും കണ്ണൂരുണ്ട്. അവരാണ് കണ്ണൂരെ കോണ്‍
ഗ്രസുകാര്‍. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി അംഗങ്ങളടക്കം കുട്ടിയുടെ ആത്‌മകഥാഭാഗത്തെ സൂക്ഷ്‌മമായി അവലോകനം ചെയ്യുകയാണത്രേ.
കോടിയേരിയേയും ഇളമരത്തേയും ഒക്കെ പൊക്കി പറയുന്ന അബ്‌ദുള്ളക്കുട്ടി, ജയരാജന്മാരേയും പി. ശശിയേയും കനത്ത ഭാഷയില്‍ വിമര്‍ശിക്കുന്നണ്ടത്രേ. തോപ്പില്‍ഭാസിയുടെ നിങ്ങളെന്നെ കമ്യൂണിസ്‌റ്റാക്കി നാടകത്തിന് വര്‍ഷങ്ങള്‍ക്കുശേഷം സിവിക്‌ചന്ദ്രന്‍ നിങ്ങളാരെ കമ്യുണിസ്‌റ്റാക്കി എന്ന പ്രതിനാടകം തയാറാക്കിയതുപോലെ, ഇനിയും കണ്ണൂരില്‍നിന്ന് കുറേ പ്രതി ആത്‌മകഥകള്‍ വരാനുണ്ട്. നിന്നെ ആരെടാ കോണ്‍ഗ്രസാക്കിയത് (രചന: പി. ശശി) നീപോടാ പുല്ലേ കോണ്‍ഗ്രസുകാരാ (ഇ. പി. ജയരാജന്‍), പിതൃശൂന്യ ആത്‌മകഥാരംഗം (സഖാവ് സ്വരാജ്). മലപ്പുറത്തുനിന്നും ടി.കെ. ഹംസ എന്നൊരാള്‍ ഒരു ആത്‌മകഥപടപ്പാട്ടുതന്നെ രചിക്കുകയാണത്രേ.
അതുകൊണ്ട് ജനസംഖ്യാനുപാതികമായി ഇവിടെ ആത്‌മകഥകള്‍ ഉടലെടുക്കേണ്ടതുണ്ട്. അതിനായി നമ്മള്‍ ഓരോരുത്തരും ആത്‌മകഥകള്‍ രചിക്കണം. ആത്‌മകഥകളെഴുതി കൂട്ടുവിന്‍ കൂട്ടരെ എന്നാണ് പുതിയ പ്രമാണം.
അടിവര: എ.പി. അബ്‌ദുള്ളക്കുട്ടിയുടെ ആത്‌മകഥ പ്രസിദ്ധീകരിച്ചു മൂന്നുനാള്‍ക്കകം മുഴുവന്‍ കോപ്പിയും തീര്‍ന്നുപോയത്രേ. സി.പി.എം, കണ്ണൂര്‍ കമ്മിറ്റി പുസ്‌തകം മൊത്തത്തില്‍ വാങ്ങിയതാണോ?
ഉണ്ണി
|
|||
















