തൊഴില്‍ അന്വേഷകര്‍ക്കായി വെബ്‌പോര്‍ട്ടല്‍; നമ്മുടെ നാടും ഹൈടെക്കായി...
രാജ്യത്തിനകത്തും പുറത്തുമുള്ള തൊഴിലുകള്‍ അന്വേഷിക്കുന്നതിനും കണ്ടെത്തുന്നതിനുംവേണ്ടി സംസ്ഥാനത്തെ തൊഴില്‍ അന്വേഷകര്‍ക്കായി വെബ് പോര്‍ട്ടല്‍ തയ്യാറാക്കിയതായി തൊഴില്‍-പുനരധിവാസ മന്ത്രി ഷിബു ബേബിജോണ്‍ അറിയിച്ചു. തൊഴില്‍ വകുപ്പിനുവേണ്ടി ഓവര്‍സീസ് ഡവലപ്‌മെന്റ് ആന്റ് എംപ്ലോയ്‌മെന്റ് പ്രൊമോഷന്‍ കണ്‍സല്‍ട്ടന്‍സ് (ഒ.ഡി.ഇ.പി.സി.) യുടെ നേതൃത്വത്തിലാണ് വെബ് പോര്‍ട്ടല്‍ സജ്ജമാക്കിയിരിക്കുന്നത്.
രാജ്യത്തെ പ്രമുഖ പൊതു-സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളിലേയ്‌ക്ക് ഈ വെബ്‌പോര്‍ട്ടല്‍ വഴി അപേക്ഷിക്കാം. ഒരു സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ജോബ് പോര്‍ട്ടല്‍ നിലവില്‍ വരുന്നത് രാജ്യത്തുതന്നെ ആദ്യമാണ്. നിലവില്‍ വിദേശ രാജ്യങ്ങളിലേയ്‌ക്കുള്ള സര്‍ക്കാര്‍ റിക്രൂട്ടിങ് ഏജന്‍സിയാണ് ഒ.ഡി.ഇ.പി.സി. പുതിയ ജോബ് പോര്‍ട്ടല്‍ വരുന്നതോടെ ആഭ്യന്തര റിക്രൂട്ടിങ് രംഗത്തേയ്‌ക്കും ഒ.ഡി.ഇ.പി.സി. കടക്കുകയാണ്. നിലവില്‍ സ്വകാര്യ മേഖലയില്‍ മാത്രമാണ് ഇത്തരം ജോബ് പോര്‍ട്ടലുകള്‍ നിലവിലുള്ളത്.
ജോബ് പോര്‍ട്ടല്‍ നിലവില്‍ വരുന്നതോടെ വിദേശ തൊഴില്‍ അന്വേഷകരുടെ രജിസ്‌ട്രേഷനും ഓണ്‍-ലൈന്‍ വഴിയാകും. ഇന്ത്യയിലെ ഐ.ടി. കമ്പനികള്‍ക്കായി സോഫ്‌റ്റ്‌വെയര്‍ എഞ്ചിനീയര്‍മാരെ റിക്രൂട്ട് ചെയ്‌തുകൊണ്ടാണ് വെബ് പോര്‍ട്ടലിന്റെ തുടക്കം കുറിക്കുന്നത്. ഇതോടൊപ്പം ഇതര മേഖലകളിലെ തൊഴില്‍ദാതാക്കളായ പ്രമുഖ പൊതു-സ്വകാര്യ മേഖലാ കമ്പനികളുമായി ഒ.ഡി.ഇ.പി.സി. ധാരണ ഉണ്ടാക്കും. ഇതിനായുള്ള ചര്‍ച്ചകള്‍ ആരംഭിച്ചു കഴിഞ്ഞു. ജീവനക്കാരെ ആവശ്യമായ കമ്പനികള്‍ക്ക് ഒ.ഡി.ഇ.പി.സി.യെ സമീപിക്കാന്‍ സാധിക്കുമെന്നും, കമ്പനികളുടെ വിശ്വാസ്യത നോക്കിയാവും അവരുമായി ധാരണപത്രം ഒപ്പിടുന്നതെന്നും മന്ത്രി അറിയിച്ചു.
ഉദ്യോഗാര്‍ത്ഥികള്‍ക്ക് തങ്ങളുടെ യോഗ്യതയും മറ്റ് വിവരങ്ങളും നല്‍കി www.odepc.kerala.gov.in പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാം. യൂസര്‍ ഐ.ഡി. ഉപയോഗിച്ച് കാലാകാലങ്ങളില്‍ ബയോഡേറ്റ അപ്‌ഡേറ്റ് ചെയ്യാനും കുറച്ചുകാലത്തേയ്‌ക്ക് വേണമെങ്കില്‍ ബ്ലോക്ക് ചെയ്യാനും പോര്‍ട്ടലില്‍ സംവിധാനം ഉണ്ട്. ബയോഡേറ്റ വിശകലനം ചെയ്‌ത് യോഗ്യമായവ ആവശ്യമായ കമ്പനികള്‍ക്ക് കൈമാറും. ഈ വിവരം ഉദ്യോഗാര്‍ത്ഥിയെ ഇ-മെയില്‍ വഴി അറിയിക്കും. ഇതിനായി പ്രത്യേക മെയില്‍ അലര്‍ട്ട് സൗകര്യവും പോര്‍ട്ടലില്‍ ഉണ്ട്. ആവശ്യമെങ്കില്‍ റിക്രൂട്ട്‌മെന്റിന് കമ്പനികള്‍ക്ക് മറ്റ് സഹായങ്ങളും ഒഡെപ്പെക്ക് ചെയ്‌ത് നല്‍കും. ഭാവിയില്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്‌തിട്ടുള്ളവരുടെ വിവരവും ഈ പോര്‍ട്ടലിലേയ്‌ക്ക് ഒഡെപ്പെക്ക് ഉപയോഗപ്പെടുത്തും. ഇത്തരത്തില്‍ ആവശ്യമായ ലിങ്കുകളും പോര്‍ട്ടലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
100 രൂപയാണ് ഇപ്പോള്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് രജിസ്‌ട്രേഷന്‍ ഫീസായി നിശ്ചയിച്ചിട്ടുള്ളത്. വിദേശ തൊഴില്‍ അവസരങ്ങള്‍ക്കായി രജിസ്റ്റര്‍ ചെയ്യാന്‍ ഇപ്പോള്‍ ഡോക്ടര്‍, എഞ്ചിനീയര്‍ തുടങ്ങിയ പ്രൊഫഷണലുകള്‍ക്ക് 600 രൂപയും, നഴ്‌സ്, ക്ലാര്‍ക്ക് തുടങ്ങിയ വിദഗ്‌ദ്ധ തൊഴിലാളികള്‍ക്ക് 250 രൂപയും, ക്ലീനര്‍, ലേബര്‍ തുടങ്ങി അവിദഗ്‌ദ്ധ തൊഴിലാളികള്‍ക്ക് 70 രൂപയുമാണ് ഫീസ്. ഒഡെപ്പെക്കിനുവേണ്ടി കെല്‍ട്രോണാണ് വെബ് പോര്‍ട്ടല്‍ രൂപകല്‌പന ചെയ്‌തിരിക്കുന്നത്.
|
|||
















