വളയങ്ങളുടെ മേളയ്‌ക്ക് ലണ്ടനില്‍ തുടക്കമായി
വളയങ്ങളുടെ കായികമേളയ്‌ക്ക് ലണ്ടനില്‍ തുടക്കം. ലോകത്തെ വിസ്‌മയിപ്പിച്ച് പാരമ്പര്യവും ആധുനികതയും സമ്മേളിക്കുന്ന വിരുന്നൊരുക്കി പ്രൗഡഗംഭീരമായി വന്‍കരകള്‍ സമ്മേളിക്കുന്ന മാമാങ്കത്തിന് ലണ്ടനില്‍ തിരിതെളിഞ്ഞു. ലണ്ടന്റെ അഭിമാന സ്‌തംഭമായി ഉയര്‍ന്നുനില്‍ക്കുന്ന ബിഗ്‌ബെന്നിലെ മണിമുഴക്കത്തോടെ ലണ്ടന്‍ ഒളിമ്പിക്‌സിനു തുടക്കമായി. ഇന്ത്യന്‍ സമയം പുലര്‍ച്ചെ ഒന്നരയോടെയാണ് ഉദ്‌ഘാടന ചടങ്ങുകള്‍ക്കു തുടക്കമായത്. ഒസ്‌കാര്‍ ജേതാവായ ബ്രിട്ടീഷ് സംവിധായകന്‍ ഡാനി ബോയ്‌ലെ ഒരുക്കിയ ഉദ്‌ഘാടന വിരുന്ന് വ്യത്യസ്‌തമായി. ഇംഗ്ലീഷ് സാഹിത്യകുലപതി വില്യം ഷേക്‌സ്‌പിയറുടെ ടെംപസ്റ്റ് എന്ന നാടകത്തെ ആസ്‌പദമാക്കിയായിരുന്നു ഐല്‍സ് ഓഫ് വണ്‌ടര്‍ എന്നു പേരിട്ട ഉദ്‌ഘാടനച്ചടങ്ങ്. ടൂര്‍ ദെ ഫ്രാന്‍സ് സൈക്ലിങ് ചാമ്പ്യന്‍ ബ്രാഡ്‌ലി വിഗിന്‍സ് മണി മുഴക്കിയതോടെ ഒളിമ്പിക് സ്റ്റേഡിയം ടെമ്പസ്റ്റിലെ അത്ഭുതദ്വീപായി. ബ്രിട്ടന്റെ പാരമ്പര്യവും വ്യവസായവിപ്ലവവും ആരോഗ്യരംഗവുമെല്ലാം ഒത്തുചേര്‍ന്ന് ബ്രിട്ടന്റെ യുദ്ധവിജയങ്ങളുടെ ആവിഷ്‌കാരങ്ങള്‍, ഇന്റര്‍നെറ്റിന്റെ തുടക്കവും മിസ്‌റ്റര്‍ ബീം എന്ന കൗതുകതാരവും പോള്‍ മക്കാര്‍ട്ടിനിയുടെ സംഗീതവും ബ്രിട്ടീഷ് സ്‌പൈയെ അവതരിപ്പിച്ച ഡാനിയേല്‍ ഗ്രേയക്, ഫ്രീക്കികുകളുടെ മാന്ത്രികന്‍ ബെക്കാം എന്നിവരെല്ലാം ചേര്‍ന്നെത്തിയ ഉദ്‌ഘാടനം അതിശയിപ്പിക്കുന്നതായി. ഇതിനിടയില്‍ ഒളിംപിക് ചിച്‌നമായ അഞ്ചുവളയങ്ങള്‍ വെട്ടിത്തിളങ്ങി.
ഇനി കൂടുതല്‍ വേഗത്തില്‍ കൂടുല്‍ ഉയരത്തില്‍ കൂടുതല്‍ ദൂരത്തില്‍ കാണുന്നതിനായി കായികപ്രേമികള്‍ കണ്ണുകള്‍ തുറന്നുവയ്‌ക്കുന്നു. അഞ്ഞൂറു ദിവസമായി നടന്ന കൗണ്ട്‌ഡൗണ്‍ ഇന്നു പുലര്‍ച്ചെ അവസാനിച്ചു. 69 ദിനങ്ങളായി നടന്ന ദീപശിഖാ പ്രയാണം ഒളിമ്പിക് സ്റ്റേഡിയത്തിലെത്തിയതോടെയാണ് 2012 ലണ്ടന്‍ ഒളിമ്പിക്‌സിന് ഔദ്യോഗികമായി തിരിതെളിഞ്ഞത്. ഒളിമ്പിക് പാര്‍ക്കിലേയ്‌ക്കു എലിസബത്ത് രാജ്ഞി എത്തിയതോടെ ഔദ്യോഗിക ചടങ്ങുകള്‍ക്ക് തുടക്കമായി. തുടര്‍ന്ന് ബ്രിട്ടന്റെ ദേശീയ പതാക റോയല്‍ എയര്‍ഫോഴ്‌സ്, നേവി സേനാംഗങ്ങള്‍ സ്റ്റേഡിയത്തിലേയ്‌ക്കു വഹിച്ചു. ദേശീയ ഗാനത്തിന്റെ അകമ്പടിയോടെ ബ്രിട്ടീഷ് പതാക സ്റ്റേഡിയത്തില്‍ ഉയര്‍ന്നു. ഇതിനു പിന്നാലെ നൂറുകണക്കിനു കലാപ്രതിഭകള്‍ അരങ്ങിലെത്തി ദൃശ്യവിരുന്ന് ഒരുക്കി. ഇതിനു ശേഷം താരങ്ങളുടെ മാര്‍ച്ച് പാസ്റ്റ്. ഒളിംപിക്‌സ് എന്ന കായികമാമാങ്കത്തിന് തുടക്കമായ ഗ്രീസില്‍ തുടങ്ങി പിന്നീട് അക്ഷരമാലാക്രമത്തില്‍ ഓരോ രാജ്യത്തിന്റെ താരങ്ങളും തങ്ങളുടെ പതാകയേന്തി സ്‌റ്റേഡിയത്തില്‍ പ്രവേശിച്ചു. ഇന്ത്യന്‍ സംഘത്തിന് ഗുസ്‌തിതാരം സുശീല്‍ കുമാര്‍ നേതൃത്വം നല്‍കി. ഇന്ത്യന്‍ വനിതാ ടീം മഞ്ഞ നിറമുള്ള സാരിയായിരുന്നു ധരിച്ചത്. നീലനിറത്തിലുള്ള ഓവര്‍കോട്ടും ഇളം നീലനിറമുള്ള ടൈയും മഞ്ഞ തലപ്പാവും ക്രീം കളര്‍ പാന്റ്‌സും ധരിച്ചാണ് പുരുഷ ടീം മാര്‍ച്ചുപാസ്റ്റില്‍ സംബന്ധിച്ചത്. പാര്‍ച്ചുപാസ്‌റ്റിനുശേഷം ലോകം കാത്തിരുന്ന നിമിഷം വന്നടുത്തു. തെംസ് നദിയിലൂടെ ജ്വലിച്ചുനിന്ന ദീപശിഖയുമായി രാജകീയനൗക ഒഴുകി വന്നു. ഇവിടെ നിന്നു ഡേവിഡ് ബെക്കാം പകര്‍ന്നു നല്‍കിയ ദീപപ്രഭയുമായി സര്‍ സ്റ്റീവ് റെഡ്‌ഗ്രേവ് നേരെ ഒളിമ്പിക് സ്റ്റേഡിയത്തിലേയ്‌ക്ക്. ഏറ്റവുമൊടുവില്‍ സസ്‌പെന്‍സായിരുന്ന ദീപശിഖ തെളിയിക്കല്‍ കര്‍മം. ഏഴു യുവ ബ്രിട്ടീഷ് അത്‌ലറ്റുകള്‍ ചേര്‍ന്ന് ദീപശിഖ തെളിയിച്ചു. ഏഴു ജ്വാലയില്‍ നിന്നു പകര്‍ന്ന അഗ്നി 204 ദീപശിഖയിലേയ്‌ക്കു ഒന്നൊന്നായി പടര്‍ന്നു. ഉദ്ഘാടനച്ചടങ്ങില്‍ സംഘാടകസമിതി ചെയര്‍മാന്‍ സെബാസ്റ്റ്യന്‍ കോയും അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റ് ഷാക്ക് റോഗ്ഗെയും സംസാരിച്ചു. പിന്നീട് എലിസബത്ത് രാജ്ഞിയുടെ ഉദ്ഘാടനപ്രസംഗം. പിന്നാലെ സ്റ്റേഡിയത്തില്‍ ഒളിമ്പിക് പതാകയുയര്‍ന്നു. പിന്നെയും വിസ്‌മയക്കാഴ്‌ച. ലണ്ടന്‍ ഒളിമ്പിക്‌സില്‍ പങ്കെടുക്കുന്ന 204 രാജ്യങ്ങളുടെ പ്രതിനിധികളായി ഓരോ ദീപശിഖകളും ആകാശത്തേയ്‌ക്കു ഉയര്‍ന്നു. ഇനി പതിനേഴ് നാളുകള്‍ നീളുന്ന ആവേശം... ആഘോഷം... നെടുവീര്‍പ്പുകള്‍... വീണ്ടും ലോകം ഒന്നായിരിക്കുന്നു.

|
|||
















