അമലാപോള്‍ ധനുഷിന് നായിക
തമിഴിലെ സൂപ്പര്‍ഹിറ്റ് താരം ധനുഷിന് മലയാളി നടി അമലാപോള്‍ നായിക. വാരിവലിച്ച് പടങ്ങള്‍ ചെയ്യാതെ പ്രത്യേകമായി തെരഞ്ഞെടുത്ത് തമിഴിലെ മുന്നേറുന്ന താരമായ അമലാപോളിന് തമിഴില്‍ വീണ്ടും ശ്രദ്ധേയചിത്രം. ഇപ്പോള്‍ സമുദ്രക്കനി സംവിധാനം ചെയ്യുന്ന തമിഴ്/തെലുങ്ക് ചിത്രമായ `നിമിര്‍തുനില്‍' പൂര്‍ത്തിയാക്കുന്ന അമലാപോള്‍ ഇതിനുശേഷം ദേശീയ അവാര്‍ഡ് നേടിയ ചുള്ളന്‍ താരം ധനുഷ് ചിത്രത്തില്‍ ചേരും. സര്‍ഗുണന്‍ സംവിധാനം ചെയ്യുന്ന `സൊട്ടവലക്കുട്ടി' എന്ന ചിത്രത്തിനുവേണ്ടിയാണ് ധനുഷും അമലയും ഒന്നിക്കുന്നത്. പൊല്ലാതവന്‍, ധനുഷിന് അവാര്‍ഡ് നേടിക്കൊടുത്ത `ആടുകളം' തുടങ്ങിയ ചിത്രങ്ങള്‍ നിര്‍മ്മിച്ച കതിരേശനാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. ധനുഷ് ഇപ്പോള്‍ ചെയ്‌തുവരുന്ന പ്രോജക്‌ടുകള്‍ തീര്‍ത്താല്‍ സെപ്‌റ്റംബറില്‍ ഇതിന്റെ വര്‍ക്കുകള്‍ ആരംഭിക്കും. സര്‍ഗുണന്‍ നേരത്തെ ഒരുക്കിയ `വാഗൈ ചൂടവാ' എന്ന ചിത്രത്തിലേക്ക് നേരത്തെ അമലയെ വിളിച്ചിരുന്നതാണ്. ഡേറ്റ് പ്രശ്‌നങ്ങള്‍ മൂലം നടന്നില്ല. എന്നാലിപ്പോള്‍ പുതിയതായി എത്തുന്ന റൊമാന്റിക് കോമഡി ചിത്രത്തിന്റെ സ്‌ക്രിപ്‌റ്റ് കേട്ട അമലാ അഭിനയിക്കാന്‍ സമ്മതം അറിയിച്ചിട്ടുണ്ട്. അതേപോലെ ധനുഷ് ചിത്രമായ `3'ക്കുവേണ്ടി അമലയെ ആദ്യം തീരുമാനിച്ചതാണ്. അവിടെയും ഡേറ്റ് പ്രശ്‌നമാവുകയായിരുന്നു. പിന്നീട് ഈ വേഷം ശ്രുതിഹാസന് നല്‍കുകയായിരുന്നു. ഈ ചിത്രം`വൈ ദിസ് കൊലവെറി...' ഗാനത്തിന്റെ പേരില്‍ ഏറെ ശ്രദ്ധനേടിയിരുന്നു.
പങ്കെടുക്കാന്‍ പറ്റാതെ പോയ രണ്ടു പ്രോജക്‌ടുകളെ വിട്ട് അമല മൂന്നാം പ്രാവശ്യം ധനുഷിനും സര്‍ഗുണനുമായി ചേരുകയാണ്. ചിത്രത്തിന്റെ ഫോട്ടോഷൂട്ട് ഉടനെ നടക്കും.
|
|||
















