Back
Tuesday, July 24, 2012 | 01:33:37 PM IST
മന്ത്രിമാര്‍ക്ക്‌ പെരുമാറ്റച്ചട്ടം: ശുപാര്‍ശ പകുതി അംഗീകരിക്കും

സംസ്ഥാനത്തെ മന്ത്രിമാര്‍ക്ക്‌ പെരുമാറ്റച്ചട്ടം നിര്‍‍‍ദേശിക്കുന്ന ഉന്നതതല സമിതിയുടെ റിപ്പോര്‍ട്ട്‌ ഭാഗികമായി മാത്രം ഇപ്പോള്‍ അംഗീകരിച്ചു നടപ്പാക്കും. എന്നാല്‍ റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം തത്വത്തില്‍ പൂര്‍ണമായിത്തന്നെ സ്വീകരിക്കുന്നുവെന്ന നിലപാടായിരിക്കും പരസ്യമായി സര്‍ക്കാര്‍ സ്വീകരിക്കുക. നാളെച്ചേരുന്ന മന്ത്രിസഭാ യോഗം റിപ്പോര്‍ട്ട്‌ പരിഗണിക്കും. അഴിമതി നിര്‍മാര്‍ജനം ലക്ഷ്യമിട്ട്‌ സര്‍ക്കാര്‍ രൂപീകരിച്ച നാലംഗ വിസില്‍ ബ്ലോവര്‍ സമിതി ഇന്നലെ വൈകുന്നേരം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കു സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ്‌ മന്ത്രിമാര്‍ക്ക്‌ പെരുമാറ്റച്ചട്ടം വേണമെന്നു ശുപാര്‍ശ ചെയ്‌തിരിക്കുന്നത്‌. മന്ത്രിമാരും ഉദേ്യാഗസ്ഥരും ചേര്‍ന്ന്‌ പെരുമാറ്റച്ചട്ടം തയാറാക്കി സര്‍ക്കാരിന്റെ പരിഗണനയ്‌ക്കു സമര്‍പ്പിക്കണമെന്നാണ്‌ നിര്‍ദേശം. അഴിമതിക്കെതിരെ സംരക്ഷണനയം നടപ്പാക്കുമെന്ന്‌ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ നൂറുദിന കര്‍മ പദ്ധതിയില്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായി മുന്‍ ചീഫ്‌ സെക്രട്ടറി എം. മോഹന്‍കുമാര്‍ അധ്യക്ഷനായി രൂപീകരിച്ച നാലംഗ സമിതിയാണ്‌ മുഖ്യമന്ത്രിക്ക്‌ റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചത്‌. അഴിമതിയെക്കുറിച്ച്‌ രഹസ്യവിവരം നല്‍കുന്നവരെ സംരക്ഷിക്കാന്‍ രണ്ട്‌ അധികാരകേന്ദ്രങ്ങളെ ചുമതലപ്പെടുത്തണമെന്നും സര്‍ക്കാര്‍ വകുപ്പുകളെക്കുറിച്ചുള്ള പരാതികള്‍ വിജിലന്‍സ്‌ സെക്രട്ടറിയും തദ്ദേശ സ്ഥാപനങ്ങളിലെ പരാതികള്‍ എല്‍എസ്‌ജി ഓംബുഡ്‌സ്‌മാനും കൈകാര്യം ചെയ്യണമെന്നും മറ്റുമുളള ശിപാര്‍ശകള്‍ നടപ്പാക്കാന്‍ തന്നെയാണ്‌ സര്‍ക്കാരിന്റെ നീക്കമെന്നാണു വിവരം. മാത്രമല്ല, അഴിമതിയെക്കുറിച്ചു രഹസ്യ വിവരം നല്‍കുന്നവര്‍ക്ക്‌ പാരിതോഷികവും പ്രഖ്യാപിക്കും. റിപ്പോര്‍ട്ടിലെ ഈ ശുപാര്‍ശ ഉയര്‍ന്ന പ്രാധാന്യത്തോടെ പ്രഖ്യാപിച്ചു നടപ്പാക്കുകയാണു ചെയ്യുക. വിജിലന്‍സ്‌ സെക്രട്ടറി, വിജിലന്‍സ്‌ ആന്‍ഡ്‌ ആന്റി കറപ്‌ഷന്‍ ബ്യൂറോ, ചാര്‍ട്ടേഡ്‌ അക്കൗണ്ടന്റ്‌ എന്നിവര്‍ ഉള്‍പ്പെടുന്ന സമിതി നല്‌കുന്ന ശുപാര്‍ശയുടെ അടിസ്ഥാനത്തിലായിരിക്കും, അഴിമതിയെക്കുറിച്ച്‌ രഹസ്യവിവരം നല്‍കുന്നവര്‍ക്കു പാരിതോഷികം തീരുമാനിക്കുക. ഇവരെക്കുറിച്ചുള്ള വിവരം സമ്പൂര്‍ണമായും രഹസ്യമായി സൂക്ഷിക്കും. എന്നാല്‍ മന്ത്രിമാരെയും എം.എല്‍.എമാരെയും ഗവണ്‍മെന്റ്‌ സെക്രട്ടറിമാര്‍, വകുപ്പ്‌ തലവന്‍മാര്‍ എന്നിവരെയുംകുറിച്ചുള്ള പരാതികള്‍ ലോകായുക്തയ്‌ക്കു നല്‍കണമെന്ന ശുപാര്‍ശ പെട്ടെന്നു നടപ്പാക്കില്ല. ജനപ്രതിനിധികള്‍ക്കും എതിരേ നിരന്തരം പരാതി പ്രവാഹം ഉണ്ടാകാനും അത്‌ ലോകായുക്ത കൈകാര്യം ചെയ്യേണ്ട ഗൗരവമുള്ള കേസുകളുടെ സ്ഥാനത്ത്‌ ഇത്തരം നിസ്സാര പരാതികള്‍ കുന്നുകൂടുകയും ചെയ്യുമെന്ന ആശങ്കയാണു കാരണം.പൊതു പ്രവര്‍ത്തക മാനദണ്ഡത്തില്‍ വരുന്നവര്‍ക്കെതിരായ ഗൗരവ സ്വഭാവമുള്ള പരാതികള്‍ ഇപ്പോള്‍തന്നെ ലോകായുക്തയ്‌ക്കു നല്‍കുന്നുണ്ട്‌. വിജിലന്‍സ്‌ വകുപ്പിന്റെ പ്രവര്‍ത്തനം വലയിരുത്താന്‍ മൂന്നു പ്രഗത്ഭരുടെ സമിതി രൂപീകരിക്കും.
സംസ്ഥാനത്ത്‌ സേവനാവകാശ നിയമം അടിയന്തരമായി നടപ്പാക്കണമെന്നാണ്‌ സമിതിയുടെ മറ്റൊരു ശുപാര്‍ശ. എന്നാല്‍ അല്ലാതെ തന്നെ സേവനാവകാശ നിയമം ഉടന്‍ നടപ്പാക്കാന്‍ സര്‍്‌ക്കാര്‍ തീരുമാനിച്ചു കഴിഞ്ഞതാണ്‌. ഇന്നലെ നിയമസഭയില്‍ മുഖ്യമന്ത്രി അവതരിപ്പിച്ച്‌ സബ്‌ജക്ട്‌ കമ്മിറ്റിക്കു വിട്ട സേവനാവകാശ ബില്‍ നിയമമാക്കി ഉടന്‍ നടപ്പാക്കും. അടുത്ത മാസം സര്‍വീസില്‍ നിന്നു പിരിയുന്ന ഡിജിപി ജേക്കബ്‌ പുന്നൂസിനെ സേവനാവകാശ കമ്മീഷറുമാക്കാനുള്ള തീരുമാനം നേരത്തേ പുറത്തുവന്നിരുന്നു. എല്ലാ വകുപ്പുകളേയും ഘട്ടംഘട്ടമായി സേവനാവകാശ നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തും. പാവപ്പെട്ടവര്‍ക്കുള്ള സേവനമേഖലകളെ ആദ്യം തന്നെ നിയമത്തില്‍ ഉള്‍പ്പെടുത്തണമെന്ന പ്രത്യേക ശുപാര്‍ശയാണ്‌ മോഹന്‍കുമാര്‍ സമിതിയുടേത്‌. അത്‌ പ്രത്യേകമായി പരിഗണിക്കും.
സര്‍ക്കാരിന്റെ സേവനം ആവശ്യപ്പെട്ട്‌ നല്‍കുന്ന അപേക്ഷകള്‍ക്ക്‌ ഇലക്‌ട്രോണിക്‌ രസീത്‌ ഏര്‍പ്പെടുത്തണമെന്നും ഇ ഗവേണന്‍സ്‌ പദ്ധതികള്‍ സമയബന്ധിതമായി നടപ്പാക്കണമെന്നും മറ്റമുള്ള ശുപാര്‍ശകള്‍ക്ക്‌ വന്‍ പ്രാധാന്യം കൊടുക്കാനാണേ്രത ഉദ്ദേശിക്കുന്നത്‌.
കടലാസുരഹിത ഓഫീസ്‌ സംവിധാനമായ ഇ ഡിസ്‌ട്രിക്‌ട്‌ പ്രോജക്‌ട്‌, ഇ പഞ്ചായത്ത്‌ പ്രോജക്‌ട്‌, ഭൂമിയുമായി ബന്ധപ്പെട്ട സേവനങ്ങള്‍, ഫയര്‍ ട്രാക്കിംഗ്‌, മൊബൈല്‍ ഗവേര്‍ണന്‍സ്‌, സ്‌പാര്‍ക്ക്‌, ഇ ടെര്‍, മോട്ടോര്‍ വാഹനവകുപ്പിന്റെ കംമ്പ്യൂട്ടര്‍വത്‌കരണം തുടങ്ങിയവയിലാണ്‌ ഇ ഗവേണന്‍സ്‌ വേഗത്തില്‍ സമ്പൂര്‍ണമായി നടപ്പാക്കുക.
സര്‍ക്കാര്‍ ജീവനക്കാരുടെ 1960 ലെ പെരുമാറ്റച്ചട്ടത്തില്‍ കാലോചിതമായ പരിഷ്‌കാരമുണ്ടാക്കും. അതില്‍ സത്യസന്ധത, നീതിബോധം, നിഷ്‌പക്ഷത തുടങ്ങിയ മൂല്യങ്ങള്‍കൂടി ഉള്‍പ്പെടുത്തും. ഇന്റര്‍നെറ്റില്‍ സെര്‍ച്ച്‌ ചെയ്യുമ്പോള്‍ സര്‍ക്കാരിന്റെ വെബ്‌ സൈറ്റുകള്‍ക്ക്‌ ഉയര്‍ന്ന റാങ്ക്‌ ലഭിക്കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തണമെന്ന ശുപാര്‍ശയുമുണ്ട്‌. ഇ ഗവേര്‍ണന്‍സ്‌ നടപ്പാക്കുമ്പോള്‍ തന്നെ, പരമ്പരാഗത രീതിയിലുള്ള റിക്കാര്‍ഡുകളും സൂക്ഷിക്കുന്നതു ബാധ്യതയാകുന്നതിനാല്‍ നിലവിലുള്ള മാനുവലുകളും ചട്ടങ്ങളും കംമ്പ്യൂട്ടര്‍ അധിഷ്‌ഠിതമാക്കണം, കേന്ദ്രസര്‍ക്കാരിന്റെ മാതൃകയില്‍ പൊതുസംഭരണനിയമം ഉണ്ടാകണം തുടങ്ങിയവയാണ്‌ മറ്റു പ്രധാന ശുപാര്‍ശകള്‍.
വിജിലന്‍സ്‌ സെക്രട്ടറിയുടെ നേതൃത്വത്തില്‍ പരിശോധിച്ചശേഷം ഗുരുതരമായ കേസുകള്‍ മാത്രമേ വിജിലന്‍സിനു കൈമാറാവൂ എന്ന അതീവപ്രാധാന്യമുള്ള ശുപാര്‍ശയുടെ കാര്യത്തില്‍ ഇപ്പോള്‍ തീരുമാനമെടുത്തേക്കില്ല. വിജിലന്‍സ്‌ കേസുകള്‍ പരിഹരിക്കാന്‍ ഒരു വര്‍ഷം നീളുന്ന തീവ്രയത്‌ന പരിപാടി നടപ്പാക്കും.



 

Comments

Be the first to comment on this News
Post News Feedback
Your Name   
E-mail
Phone Number
 
Type in Malayalam (Press Ctrl+m to change language)
Comment
 

Back
    Rate this news