Back
Monday, July 23, 2012 | 12:45:42 PM IST
പിള്ളയെ ഗണേഷ്‌ വിളിച്ചു; അകലം കുറഞ്ഞു

അകല്‍ച്ചയുടെ മഞ്ഞുരുക്കാന്‍ ആര്‍ ബാലകൃഷ്‌ണപിള്ള മുന്‍കൈയെടുത്തതിനെത്തുടര്‍ന്ന്‌ മകന്‍ കെ ബി ഗണേഷ്‌കുമാര്‍ അഛനെ ഫോണില്‍ വിളിച്ചു. ഇനി നേരിട്ടുള്ള സംഭാഷണം ഔപചാരികം മാത്രം. മറ്റന്നാള്‍ നിയമസഭാ സമ്മേളനം കഴിയുന്നതോടെ, വ്യാഴാഴ്‌ചയോ വെള്ളിയാഴ്‌ചയോ ഗണേഷ്‌ കൊട്ടാരക്കരയിലെ വീട്ടിലെത്തി അഛനെ കാണുമെന്നാണു വിവരം.
കഴിഞ്ഞ ദിവസം പനി ബാധിച്ച്‌ തിരുവനന്തപുരത്തെ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന ഗണേഷിന്റെ മകന്‍ ദേവരാമനെ കാണാന്‍ മുത്തച്‌ഛന്‍ ബാലകൃഷ്‌ണ പിളള എത്തിയിരുന്നു. ആ സമയത്ത്‌ ആശുപത്രിയില്‍ ഇല്ലായിരുന്ന ഗണേഷ്‌ അന്നു വൈകിട്ടുതന്നെ അഛനെ വിളിക്കുകയാണുണ്ടായത്‌. കൂടുതലൊന്നും ഇരുവരും സംസാരിച്ചില്ലെങ്കിലും അകലം കുറഞ്ഞെന്ന്‌ ഗണേഷുമായി അടുപ്പമുള്ള കേന്ദ്രങ്ങള്‍ പറയുന്നു. ഇനി നേരിട്ടുകൂടി കാണുന്നതോടെ രണ്ടുപേരും തമ്മില്‍ നിലനിന്നിരുന്ന പകയും വാശിയും ഇല്ലാതാകുമെന്നാണ്‌ അവരുടെ പ്രതീക്ഷ. പ്രശ്‌നങ്ങള്‍ പറഞ്ഞുതീര്‍ക്കാന്‍ താന്‍ അച്‌ഛനെ നേരിട്ടുകാണാമെന്ന്‌ കഴിഞ്ഞ ദിവസം ചേര്‍ന്ന യൂഡിഎഫ്‌ ഉന്നതാധികാര സമിതി യോഗത്തില്‍ ഗണേഷ്‌ അറിയിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ്‌ കൂടിക്കാഴ്‌ചയെങ്കിലും ചെറുമകന്റെ രോഗവും പിള്ളയുടെ ആശുപത്രി സന്ദര്‍ശനവും സാഹചര്യങ്ങള്‍ കൂടുതല്‍ അനുകൂലമാക്കി. നെല്ലായമ്പതിയിലെ പാട്ടക്കാലാവധി കഴിഞ്ഞ എസ്റ്റേറ്റുകള്‍ തിരിച്ചുപിടിക്കുന്നതുമായിബന്ധപ്പെട്ട കേസുകളുടെ കാര്യത്തില്‍ ഗണേഷ്‌കുമാറിന്റെ നിലപാടിനെ പിന്തുണച്ച്‌ പിള്ള ചാനല്‍ അഭിമുഖത്തില്‍ സംസാരിക്കുകയും ചെയ്‌തു.
പാര്‍ട്ടിയുടെ ഏക മന്ത്രി തോന്നുന്നതുപോലെ പ്രവര്‍ത്തിക്കുന്നുവെന്നും മന്ത്രിയെ പിന്‍വലിക്കണം എന്നും ആവശ്യപ്പെട്ട്‌ കേരള കോണ്‍ഗ്രസ്‌ (ബി) ചെയര്‍മാന്‍ ആര്‍ ബാലകൃഷ്‌ണ പിള്ള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക്‌ കത്തു നല്‍കിയിരുന്നു. എന്നാല്‍ ഗണേഷ്‌കുമാറിനെ മന്ത്രി സ്ഥാനത്തുനിന്ന്‌ മാറ്റാന്‍ മുഖ്യമന്ത്രി തയ്യാറായില്ല. രണ്ടുപേരും തമ്മിലുള്ള പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ മുഖ്യമന്ത്രിയും കെപിസിസി പ്രസിഡന്റും ശ്രമിച്ചെങ്കിലും ഒന്നിച്ചിരിക്കാന്‍ അച്‌ഛനും മകനും വിസമ്മതിച്ചു. വെവ്വേറെ നടത്തിയ ചര്‍ച്ചയിലെ ധാരണകള്‍ രണ്ടുപേരും പാലിച്ചുമില്ല. ഇതിനിടയില്‍ ഗണേഷിന്റെ സെക്രട്ടറിയെ ബാലകൃഷ്‌ണ പിള്ള തല്ലിയതോടെ അകലം വര്‍ധിക്കുകയും ചെയ്‌തു.
ഗണേഷ്‌കുമാറിനെ പിന്തുണയ്‌ക്കുകയും പിള്ളയെ അപമാനിക്കുകയുമാണ്‌ യുഡിഎഫ്‌ ചെയ്യുന്നതെന്ന്‌ എന്‍എസ്‌എസ്‌ കുറ്റപ്പെടുത്തിയിരുന്നു. ഏതുവിധവും രണ്ടുപേരെയും ഒന്നിപ്പിക്കാനുളള യുഡിഎഫ്‌ നേതൃത്വത്തിന്റെ ശ്രമങ്ങളാണ്‌ ഇപ്പോള്‍ വിജയം കാണുന്നത്‌. ഗണേഷിന്റ പേഴ്‌സണല്‍ സ്റ്റാഫിലെ ചിലരെ മാറ്റുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ രണ്ടുപേര്‍ക്കും സ്വീകാര്യമായ ചില നിര്‍ദേശങ്ങള്‍ മുഖ്യമന്ത്രിയും കെപിസിസി പ്രസിഡന്റും മുന്നോട്ടുവച്ചിട്ടുണ്ട്‌.

 

Comments

haree says ..
2012 July Tue : 1:46 am
ഇനീപ്പോ പീ സീ ജോര്‍ജ് എന്ത് ചെയ്യും ന്നു കൂടി ടിയാനു പറഞ്ഞു കൊടുക്കണം... തുള്ളിക്കളിക്കെടാ കുഞ്ഞിരാമാ...

Post News Feedback
Your Name   
E-mail
Phone Number
 
Type in Malayalam (Press Ctrl+m to change language)
Comment
 

Back
    Rate this news