Back
Monday, July 23, 2012 | 12:37:38 PM IST
പത്രക്കാരുടെ രണ്ടു സംഘടനകള്‍ സഖ്യം പിരിഞ്ഞു

കേരളത്തിലെ മാധ്യമ പ്രവര്‍ത്തകരുടെ ഏക സംഘടനയായ കേരള പത്രപ്രവര്‍ത്തക യൂണിയനും ( കെയുഡബ്ല്യുജെ) മാധ്യമ സ്ഥാപനങ്ങളിലെ മറ്റു ജീവനക്കാരുടെ സംഘടനയായ കേരള ന്യൂസ്‌ പേപ്പര്‍ എംപ്ലോയീസ്‌ ഫെഡറേഷനും (കെഎന്‍ഇഎഫ്‌) തമ്മില്‍ ഒരു പതിറ്റാണ്ടിലധികമായി നിലനിന്നിരുന്ന സഖ്യം പൊളിഞ്ഞു. മജീദിയ വേജ്‌ബോര്‍ഡ്‌ ശുപാര്‍ശപ്രകാരമുള്ള ശമ്പളവര്‍ധന നടപ്പാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ സമരം നടത്തുന്നതില്‍ നിന്ന്‌ കെയുഡബ്ല്യുജെ ഏകപക്ഷീയമായി പിന്‍മാറിയ സാഹചര്യത്തിലാണിത്‌. 2000 മുതല്‍ നിലനിന്നിരുന്ന ഏകോപന സമിതിയുമായി ഇനി മുന്നോട്ടു പോകുന്നതില്‍ അര്‍ത്ഥമില്ലെന്ന്‌ ഇന്നലെ കോട്ടയത്തു ചേര്‍ന്ന കെഎന്‍ഇഎഫ്‌ സംസ്ഥാന സമിതി യോഗം തീരുമാനിച്ചു. കെയുഡബ്ല്യുജെ പിന്നില്‍ നിന്നു കുത്തി എന്ന അതിരൂക്ഷ വിമര്‍ശനമാണ്‌ യോഗത്തിലുണ്ടായത്‌. അതേസമയം, ആഗസ്‌റ്റ്‌ മൂന്നിന്‌ നടത്താന്‍ തീരുമാനിച്ചിരിക്കുന്ന സമരത്തിലേയ്‌ക്ക്‌ കെയുഡബ്ല്യുജെ പ്രവര്‍ത്തകരുള്‍പ്പെടെയുള്ള ജേര്‍ണലിസ്റ്റുകളെ ക്ഷണിക്കും. ഏകോപന സമിതിയുടെ പേരില്‍ പത്രപ്രവര്‍ത്തക യൂണിയന്‍ നേതൃത്വത്തെ ഇനി സമീപിക്കുകയുമില്ല.
മജീദിയ വേജ്‌ബോര്‍ഡ്‌ ശുപാര്‍ശകള്‍ നടപ്പാക്കാന്‍ എല്ലാ മാധ്യമ സ്ഥാപനങ്ങളും തയ്യാറാകണം എന്നാവശ്യപ്പെട്ട്‌ ആഗസ്റ്റ്‌ മൂന്നിന്‌ ദേശവ്യാപകമായി പണിമുടക്ക്‌ നടത്താന്‍ വിവിധ സംസ്ഥാനങ്ങളിലെ ജേര്‍ണലിസ്റ്റ്‌ യൂണിയനുകളും നോണ്‍ ജേര്‍ണലിസ്‌റ്റ്‌ യൂണിയനുകളും തീരുമാനിച്ചിരുന്നു. എന്നാല്‍ പണിമുടക്കിനു പകരം മാധ്യമ സ്ഥാപനങ്ങളിലേയ്‌ക്ക്‌ മാര്‍ച്ച്‌ നടത്താനായി കേരളമുള്‍പ്പെടെ മിക്കയിടത്തും പിന്നീടു തീരുമാനം. അതിനും കെയുഡബ്ല്യുജെ തയ്യാറാകാതെ വന്നതോടെയാണ്‌ ഇപ്പോഴത്തെ വേര്‍പിരിയലിലേയ്‌ക്ക്‌ എത്തിയത്‌. കോഴിക്കോട്ട്‌ മാതൃഭൂമി, ചന്ദ്രിക, കോട്ടയത്ത്‌ മലയാള മനോരമ, തിരുവനന്തപുരത്ത്‌ കേരളകൗമുദി എന്നിവയിലേയ്‌ക്കാണ്‌ മാര്‍ച്ച്‌ നടത്തുക. കോട്ടയത്ത്‌ മംഗളം ദിനപത്രത്തിലെ യൂണിയനായ ന്യൂസ്‌ പേപ്പര്‍ എംപ്ലോയീസ്‌ യൂണിയന്‍ ( ടിയുസിഐ) ഈ സമരത്തോട്‌ സഹകരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്‌. അതിന്റെ ഭാഗമായി അന്ന്‌ മംഗളത്തിലേയ്‌ക്കും മാര്‍ച്ച്‌ നടത്തും. മംഗളത്തില്‍ കെഎന്‍എഇഎഫിനു യൂണിറ്റില്ല. സിപിഐ എംഎല്‍ ( റെഡ്‌ഫ്‌ളാഗ്‌) നയിക്കുന്ന ടിയുസിഐ ആണ്‌ അവിടെ നേരത്തേമുതല്‍ ശക്തം.
ശമ്പള വര്‍ധനവിനുവേണ്ടിയുള്ള പ്രക്ഷോഭത്തെച്ചൊല്ലി കേരള പത്രപ്രവര്‍ത്തക യൂണിയനില്‍ നിലനില്‍ക്കുന്ന ഭിന്നത വര്‍ധിച്ചുവരുന്നതിനിടയിലാണ്‌ ന്യൂസ്‌ പേപ്പര്‍ എംപ്ലോയീസ്‌ ഫെഡറേഷനുമായുള്ള ബന്ധം തകരുന്നത്‌. വേജ്‌ബോര്‍ഡ്‌ ശുപാര്‍ശ ചെയ്‌ത സ്‌കെയിലില്‍ നിന്നു വ്യത്യസ്ഥമായി മലയാള മനോരമ സ്വന്തം നിലയില്‍ ശമ്പള വര്‍ധനവ്‌ പ്രഖ്യാപിച്ചു നടപ്പാക്കിയിരുന്നു. ഇതോടെയാണ്‌ യൂണിയനും ഫെഡറേഷനും തമ്മിലുള്ള ഭിന്നതയ്‌ക്ക്‌ കാരണമായ സംഭവ വികാസങ്ങളുടെ തുടക്കം. മനോരമയിലേക്ക്‌ മാര്‍ച്ച്‌ നടത്തുന്നതിന്‌ മനോരമയിലെ ജേര്‍ണലിസ്‌റ്റായ പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന പ്രസിഡന്റ്‌ കെ സി രാജഗോപാല്‍ അനുകൂലമല്ല. അതിനുപിന്നാലെ ദേശാഭിമാനിയില്‍ വേജ്‌ബോര്‍ഡ്‌ ശുപാര്‍ശ പ്രകാരമുള്ള ശമ്പള വര്‍ധന നടപ്പാക്കിയതോടെ ദേശാഭിമാനിയിലെ ജേര്‍ണലിസ്‌റ്റായ പത്രപ്രവര്‍ത്തക യൂണിയന്‍ ജനറല്‍ സെക്രട്ടറി മനോഹരന്‍ മൊറായിയും വെട്ടിലായി. മാതൃഭൂമിയില്‍ മനോരമ മാതൃകയില്‍ നടപ്പാക്കിയ ശമ്പള വര്‍ധന പാക്കേജ്‌ അവിടുത്തെ ജീവനക്കാര്‍ അംഗീകരിക്കാതെ തിരിച്ചുകൊടുക്കാന്‍ തീരുമാനിച്ചിരുന്നു. അക്കാര്യത്തില്‍ വ്യക്തമായി നിലപാടെടുക്കാന്‍ യൂണിയന്‍ തയ്യാറായില്ല. ദീപികയിലും പാക്കേജ്‌ നടപ്പാക്കിയതോടെ കേരള കൗമുദി, മംഗളം, ചന്ദ്രിക തുടങ്ങിയവയില്‍ നിന്ന്‌ സമരത്തിനുവേണ്ടിയുള്ള സമ്മര്‍ദമുണ്ടായി. മാധ്യമം നേരത്തേതന്നെ വേജ്‌ബോര്‍ഡ്‌ ശുപാര്‍ശ നടപ്പാക്കിയിരുന്നു. മംഗളത്തില്‍ പ്രക്ഷോഭനീക്കങ്ങള്‍ക്കു മുന്നില്‍ നിന്ന്‌ ഏതാനും പേരെ സ്ഥലംമാറ്റിയപ്പോഴും യൂണിയന്‌ കാര്യമായി ഇടപെടാന്‍ കഴിഞ്ഞില്ല. എന്നാല്‍ ശക്തമായ പ്രക്ഷോഭത്തിന്‌ തയ്യാറെടുക്കുകയും അതിന്‌ കെയുഡബ്ലുജെയുടെ കൂടി സഹകരണം ഉണ്ടാകുമെന്ന്‌ പ്രതീക്ഷിച്ചിരിക്കുകയുമായിരുന്നു കെഎന്‍ഇഎഫ്‌. ആഗസ്റ്റ്‌ മൂന്നിന്റെ മാര്‍ച്ചില്‍ യൂണിയന്‍ സഹകരിക്കില്ലെന്ന്‌ വൈകി മാത്രമാണ്‌ അവര്‍ക്ക്‌ മനസിലായത്‌. അതിന്റെ തുടര്‍ച്ചയായാണ്‌ ഇന്നലെ കോട്ടയത്ത്‌ യോഗം ചേര്‍ന്ന്‌ ബന്ധം വേര്‍പിരിയാന്‍ തീരുമാനിച്ചത്‌.
2000ല്‍ മാനിസാനാ വേജ്‌ബോര്‍ഡ്‌ ശുപാര്‍ശ നടപ്പാക്കണം എന്നാവശ്യപ്പെട്ട്‌ കേരളത്തിലെ മാധ്യമങ്ങളില്‍ നടന്ന ഏകദിന പണിമുടക്കിനോട്‌ അനുബന്ധിച്ചാണ്‌ രണ്ടു സംഘടനകളും തമ്മില്‍ ഏകോപന സമിതിയുണ്ടായത്‌. പിന്നീട്‌ പുതിയ വേജ്‌ബോര്‍ഡിനു വേണ്ടി സമരം നടത്തിയതും ഇവരൊന്നിച്ചാണ്‌.

Comments

haree says ..
2012 July Wed : 9:17 am
ഹോ, കണക്കായിപ്പോയി. നിങ്ങ "പിരിഞ്ഞാ" ആകാശം ഇടിഞ്ഞു വീഴുവല്ലേ..രാഷ്ട്രീയക്കാരും ബ്യൂരോക്രാട്ടുകളും നിങളെയപെക്ഷിച്ച് എത്രയെത്ര മെച്ചം.

Post News Feedback
Your Name   
E-mail
Phone Number
 
Type in Malayalam (Press Ctrl+m to change language)
Comment
 

Back
    Rate this news