Back
Thursday, July 19, 2012 | 11:30:57 AM IST
ദേശാഭിമാനിക്കെതിരേ പിണറായിക്ക്‌ എന്‍ മാധവന്‍കുട്ടിയുടെ കത്ത്‌

ദേശാഭിമാനി ദിനപത്രത്തില്‍ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ഗ്രൂപ്പിസവും ചേരിപ്പോരും സജീവമാണെന്ന്‌ കുറ്റപ്പെടുത്തി സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‌ കത്ത്‌. ദേശാഭിമാനി അസോസിയേറ്റ്‌ എഡിറ്റര്‍ എന്‍ മാധവന്‍കുട്ടിയാണ്‌ കത്തു നല്‍കിയത്‌. പത്രത്തിന്റെ പ്രിന്ററും പബ്ലിഷറുമായ പാര്‍ട്ടി കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജന്‍ എംഎല്‍എയ്‌ക്ക്‌ കൊടുക്കാതെ നേരിട്ട്‌ പാര്‍ട്ടി സെക്രട്ടറിക്ക്‌ കൊടുത്ത കത്തിനു പിന്നാലെ, ദേശാഭിമാനിയില്‍ ചില അഴിച്ചുപണികളുണ്ടാകുമെന്ന സൂചനകളും സജീവമായി.
മാധവന്‍ കുട്ടി മുമ്പും സമാന സ്വഭാവമുള്ള കത്തുകള്‍ പാര്‍ട്ടി നേതൃത്വത്തിന്‌ അയച്ചിരുന്നു. എന്നാല്‍ അതിനൊന്നും നല്‍കാതിരുന്ന പ്രാധാന്യമാണ്‌ ഇത്തവണത്തെ കത്തിന്‌ പിണറായി നല്‍കിയത്‌. ദേശാഭിമാനി ചീഫ്‌ എഡിറ്റര്‍ വി വി ദക്ഷിണാമൂര്‍ത്തിയുമായി കത്തിന്റെ ഉള്ളടക്കം പിണറായി ചര്‍ച്ച ചെയ്യുകയും അടിയന്തരമായി പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയുടെ ദേശാഭിമാനി സബ്‌ കമ്മിറ്റി വിളിച്ചു ചേര്‍ക്കുകയും ചെയ്‌തു. അതിനു തുടര്‍ച്ചയായാണ്‌, ദേശാഭിമാനി പത്രാധിപ സമിതിയില്‍ അഴിച്ചുപണിയുണ്ടാകുമെന്ന അഭ്യൂഹം ശക്തമായത്‌. ഉടന്‍തന്നെ ദേശാഭിമാനിയുടെ എല്ലാ യൂണിറ്റുകളിലും പ്രത്യേക യോഗങ്ങള്‍ വിളിച്ചു ചേര്‍ത്ത്‌ ഈ പ്രശ്‌നം ചര്‍ച്ച ചെയ്യും.
സിപിഎമ്മിലെ ഔദ്യോഗിക പക്ഷത്തിന്‌ സമ്പൂര്‍ണാധിപത്യമുള്ള ദേശാഭിമാനിയില്‍, ഔദ്യോഗിക പക്ഷത്തിനുള്ളിലെത്തന്നെ പോരാണ്‌ മാധവന്‍ കുട്ടിയുടെ കത്തിലൂടെ പുറത്തു വന്നിരിക്കുന്നത്‌. ദി ന്യൂ ഇന്ത്യന്‍ എക്‌സ്‌പ്രസ്‌ റസിഡന്റ്‌ എഡിറ്ററായിരുന്ന എന്‍ മാധവന്‍കുട്ടി ദേശാഭിമാനിയില്‍ ചേര്‍ന്നതുമുതല്‍ ഈ ഭിന്നത ആരംഭിച്ചിരുന്നു. എന്നാല്‍ പിണറായി വിജയനെ പ്രതി ചേര്‍ത്ത ലാവ്‌ലിന്‍ കേസുള്‍പ്പെടെ വിവിധ വിവാദ വിഷയങ്ങളില്‍ ഔദ്യോഗിക പക്ഷത്തിനു വേണ്ടി ദൃശ്യമാധ്യമ ചര്‍ച്ചകളില്‍ വീറോടെ വാദിച്ച്‌ മാധവന്‍ കുട്ടി ശ്രദ്ധനേടിയതുകൊണ്ട്‌ പ്രശ്‌നങ്ങള്‍ പൊട്ടിത്തെറിയിലെത്താതെ മുന്നോട്ടുപോവുകയായിരുന്നു. എന്നാല്‍ കാര്യങ്ങള്‍ പിടിവിടുന്നുവെന്ന സൂചനയാണ്‌ ഇത്തവണത്തെ കത്ത്‌ നല്‍കുന്നത്‌.
പിണറായിയുടെ ഏറ്റവും വിശ്വസ്ഥനായ മാധ്യമപ്രവര്‍ത്തകനായി അറിയപ്പെടുന്ന ദേശാഭിമാനി അസോസിയേറ്റ്‌ എഡിറ്റര്‍ പി എം മനോജ്‌, തലസ്ഥാനത്തെ മാധ്യമ, രാഷ്‌ട്രീയ വൃത്തങ്ങളില്‍ ഔദ്യോഗിക പക്ഷത്തിന്റെയും ദേശാഭിമാനിയുടെയും 'അംബാസിഡറായി' അറിയപ്പെടുന്ന ആര്‍ എസ്‌ ബാബു എന്നിവരെയാണ്‌ മാധവന്‍ കുട്ടി മുഖ്യമായും പ്രതിക്കൂട്ടില്‍ നിര്‍ത്തിയിരിക്കുന്നത്‌. ഇത്‌ ദേശാഭിമാനി, പാര്‍ട്ടി വൃത്തങ്ങളെ ഒരുപോലെ അമ്പരപ്പിച്ചിട്ടുമുണ്ട്‌. ഇവര്‍ ഇരുവരും ദേശാഭിമാനിക്കുള്ളില്‍ തങ്ങളുടേതായ സാമ്രാജ്യം കെട്ടിപ്പടുക്കുന്നുവെന്നും പത്രത്തിന്റെ സുഗമമായ മുന്നോട്ടുപോക്കിന്‌ ഇതു തടസമാകുന്നുവെന്നുമാണ്‌ മാധവന്‍ കുട്ടിയുടെ ആരോപണം.
മുമ്പ്‌ അദ്ദേഹം നല്‍കിയ കത്തുകളിലും ഇവര്‍ക്കെതിരായ പരാമര്‍ശങ്ങള്‍ ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെയാണ്‌ ആ കത്തുകള്‍ക്ക്‌ വേണ്ടത്ര പരിഗണന കിട്ടാതെപോയതും. മുമ്പു പലപ്പോഴും ഉന്നയിച്ച പ്രശ്‌നം വീണ്ടും ശക്തമായി ഉന്നയിക്കുകയാണെന്നും ഇക്കുറിയെങ്കിലും ഗൗരവത്തിലെടുക്കണം എന്നുമുള്ള മുഖവുരയോടെയാണ്‌ മാധവന്‍ കുട്ടിയുടെ കത്ത്‌. അതുകൊണ്ടാണ്‌ പിണറായി ദേശാഭിമാനി സബ്‌ കമ്മിറ്റി വിളിച്ചു ചേര്‍ത്തത്‌. എന്നാല്‍ പി എം മനോജിനെയും ആര്‍ എസ്‌ ബാബുവിനും ഏതെങ്കിലും തരത്തിലുള്ള മാറ്റം ഉണ്ടാകുമെന്ന സൂചന ഇപ്പോഴുമില്ല.
എങ്കിലും ടി പി ചന്ദ്രശേഖരന്‍ വധം ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട്‌ പാര്‍ട്ടി സംസ്ഥാന ഘടകം വന്‍ പ്രതിസന്ധിയെ നേരിടുന്ന ഘട്ടത്തില്‍, പാര്‍ട്ടിയുടെ പ്രധാന മാധ്യമമായ ദേശാഭിമാനിയില്‍ ചേരിപ്പോരും കുതികാല്‍വെട്ടും നടക്കുന്നുവെന്ന തിരിച്ചറിവ്‌ നേതൃത്വത്തെ ഞെട്ടിച്ചിട്ടുണ്ട്‌. അതേസമയം, ദേശാഭിമാനിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളിലേക്കു കൂടി പിണറായി വിജയനെ വലിച്ചിഴച്ചതില്‍ ഇ പി ജയരാജനും വി വി ദക്ഷിണാമൂര്‍ത്തിക്കും മറ്റും അസംതൃപ്‌തിയുമുണ്ടെന്നാണു വിവരം. പാര്‍ട്ടി സെക്രട്ടറി വരെ എത്താതെ ചര്‍ച്ച ചെയ്‌തു തീര്‍ക്കാവുന്ന പ്രശ്‌നങ്ങള്‍ പെരുപ്പിച്ചുകാണിക്കാനാണ്‌ അദ്ദേഹത്തിനു കത്തെഴുതിയത്‌ എന്നാണ്‌ വിമര്‍ശനം.
മാധവന്‍കുട്ടിയുടെ കത്തും അതിന്റെ ഉള്ളടക്കവും ദേശാഭിമാനിയിലെ മാധ്യമ പ്രവര്‍ത്തകര്‍ക്കും മറ്റു ജീവനക്കാര്‍ക്കും ഇടയില്‍ ചര്‍ച്ചയായിട്ടുണ്ട്‌. എന്നാല്‍ ഇത്‌ തങ്ങള്‍ക്കെതിരായ കത്തല്ല എന്നാണ്‌ ആരോപണ വിധേയരായ രണ്ടു വിഭാഗങ്ങളും വാദിക്കുന്നത്‌.

Comments

Be the first to comment on this News
Post News Feedback
Your Name   
E-mail
Phone Number
 
Type in Malayalam (Press Ctrl+m to change language)
Comment
 

Back
    Rate this news