Back
Monday, July 09, 2012 | 01:20:15 PM IST
കേരളാ ടൂറിസം മൊബൈല്‍ ഫോണ്‍ ചേര്‍ത്തുപിടിക്കുന്നു

സ്‌കൂള്‍ കോളജ്‌ കാമ്പസുകളില്‍ മൊബൈല്‍ ഫോണ്‍ നേരത്തേതന്നെ നിരോധിച്ചതാണ്‌. പക്ഷേ, സര്‍ക്കാര്‍ ജീവനക്കാര്‍ ജോലി ചെയ്യുന്നതിനിടയിലും ജോലി ചെയ്യാതെയുമൊക്കെയായി അത്‌ അങ്ങനെ ആസ്വദിക്കുന്നതു തുടരുകയായിരുന്നു. അതും വേണ്ടെന്നും മര്യാദയ്‌ക്കു പണിയെടുക്കണമെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചതു ശരിതന്നെ. എന്നുവച്ച്‌ മൊബൈല്‍ വലിച്ചുദൂരെയെറിഞ്ഞ്‌ അതിന്റെ വിപുല സാധ്യതകള്‍ നഷ്ടപ്പെടുത്താനൊന്നും കേരള സര്‍ക്കര്‍ ഉദ്ദേശിച്ചിട്ടില്ല. വേണ്ടതു വേണ്ടപോലെ വേണ്ടസമയത്ത്‌ എന്നതാണു നയം.
കേരളത്തില്‍ വിനോദസഞ്ചാരം സുഗമവും സുഖകരവുമാക്കാന്‍ ആധുനിക വിവരസാങ്കേതിക വിദ്യയുടെ നേട്ടങ്ങള്‍ വിനിയോഗിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി മൊബൈല്‍ഫോണ്‍ അധിഷ്‌ഠിത പദ്ധതികള്‍ നടപ്പാക്കാനാണ്‌ കേരളാ ടൂറിസം തീരുമാനിച്ചിരിക്കുന്നത്‌. മൊബൈല്‍ വെബ്‌സൈറ്റ്‌, വയര്‍ലെസ്‌ ആപ്‌ളിക്കേഷന്‍ പ്രോട്ടോക്കോള്‍ ഗൈഡ്‌, ബ്‌ളൂടൂത്ത്‌ കിയോസ്‌കുകള്‍ തുടങ്ങിയ സേവനങ്ങളാണ്‌ മുഖ്യം.
ലോകം സ്‌മാര്‍ട്ട്‌ഫോണ്‍ അധിഷ്‌ഠിതമായ സേവനങ്ങളിലേയ്‌ക്കും ഉപാധികളിലേയ്‌ക്കും മാറുമ്പോള്‍ ലഭിക്കുന്ന അവസരങ്ങള്‍ പരമാവധി മുതലലെടുത്ത്‌ മറ്റുള്ളവരില്‍നിന്ന്‌ ഒരു പടി മുന്നില്‍നില്‍ക്കാനുള്ള വിപ്‌ളകരമായ നീക്കങ്ങളാണ്‌ ഈ മൊബൈല്‍ ഫോണ്‍ സേവനങ്ങളിലൂടെ നടത്തുന്നത്‌ എന്നാണ്‌ സര്‍ക്കാരിന്റെ അവകാശ വാദം. അതു ശരിയായി ഭവിച്ചുവെന്ന്‌ ബോധ്യപ്പെടാന്‍ ഇനിയും സമയമെടുക്കും. പക്ഷേ, അതിന്റെ അര്‍ത്ഥം ഒന്നും ശരിയാകില്ല എന്നല്ല. തുടങ്ങിവയ്‌ക്കുകതന്നെ പ്രധാനം. ആത്മവിശ്വാസത്തോടെ മുന്നോട്ടു പോവുകയും.
പതിവ്‌ ഇ-ഗൈഡുകള്‍ക്കപ്പുറമായി കേരളത്തിലെത്തുന്ന വിനോദസഞ്ചാരികള്‍ക്ക്‌ സംരക്ഷണവും പിന്തുണയും നല്‍കുന്ന ഇ-രക്ഷാകര്‍ത്താവായിരിക്കും പുതിയ സേവനങ്ങള്‍.
സ്‌മാര്‍ട്ട്‌ഫോണുകളും ആപ്‌ളിക്കേഷനുകളും ഉപയോഗിക്കുന്ന സഞ്ചാരികള്‍ക്ക്‌ പരസഹായമില്ലാതെതന്നെ സംസ്ഥാനത്തെ ടൂറിസം കേന്ദ്രങ്ങളെക്കുറിച്ച്‌ വിശദമായി അറിയാന്‍ നൂതനമായ ഈ പദ്ധതി സഹായിക്കും. യാത്രാപരിപാടി ആസൂത്രണം, മാര്‍ഗനിര്‍ദ്ദേശം, പുതിയ വിവരങ്ങള്‍, ടൂറിസം കേന്ദ്രങ്ങളെക്കുറിച്ചുള്ള വിവരണം എന്നിവ ഇവര്‍ക്ക്‌ ലഭിക്കും.
ഇവിടെയെത്തുന്ന സന്ദര്‍ശകര്‍ക്കുവേണ്ടി രാജ്യാന്തര വിമാനത്താവളങ്ങളുള്‍പ്പെടെയുള്ള പ്രധാനകേന്ദ്രങ്ങളില്‍ ടൂറിസം വകുപ്പു സ്ഥാപിക്കുന്ന അന്തര്‍ദേശീയ നിലവാരമുള്ള ബ്‌ളൂടൂത്ത്‌ വയര്‍ലെസ്‌ കിയോസ്‌കുകള്‍ മറ്റൊരു സേവനമേഖലയായിരിക്കും. ലോകത്ത്‌ കഴിഞ്ഞ വര്‍ഷം 590 കോടി മൊബൈല്‍ വരിക്കാരുണ്ടായിരുന്നുവെന്നാണ്‌ കണക്ക്‌. സ്‌മാര്‍ട്ട്‌ ഫോണുകളുടെ എണ്ണത്തില്‍ ഈ വര്‍ഷം 31.8 ശതമാനം വര്‍ദ്ധനയുണ്ടായെന്ന്‌ ഏറ്റവും പുതിയ കണക്കുകള്‍ പറയുന്നു. അതുകൊണ്ട്‌ മൊബൈല്‍ അധിഷ്‌ഠിത സേവനങ്ങള്‍ ആവശ്യപ്പെടുന്നവരുടെ എണ്ണവും കൂടുന്നുണ്ട്‌.
2006 മുതല്‍തന്നെ കേരളാടൂറിസം മൊബൈല്‍ സാങ്കേതികവിദ്യ സ്വീകരിക്കാന്‍ തുടങ്ങിയിരുന്നു.


 

Comments

Be the first to comment on this News
Post News Feedback
Your Name   
E-mail
Phone Number
 
Type in Malayalam (Press Ctrl+m to change language)
Comment
 

Back
    Rate this news