Back
Saturday, July 07, 2012 | 11:50:55 AM IST
എന്‍എസ്‌എസ്‌ - എസ്‌എന്‍ഡിപി ഐക്യം സംവരണത്തില്‍ തട്ടി വീണ്ടും മുറിയുന്നു?

എന്‍എസ്‌എസും എസ്‌എന്‍ഡിപിയും തമ്മില്‍ വീണ്ടും യോജിക്കാനുള്ള ശ്രമത്തിനു തുടക്കത്തിലേ തിരിച്ചടി. ജി സുകുമാരന്‍ നായരും വെള്ളാപ്പള്ളി നടേശനും തമ്മിലുള്ള കൂടിക്കാഴ്‌ചയ്‌ക്കു തീയതി നിശ്ചയിക്കാനായില്ല. കഴിഞ്ഞ മാസം 27ന്‌ രണ്ടുപേരും ഐക്യം പ്രഖ്യാപിക്കുമ്പോള്‍ പറഞ്ഞത്‌ എത്രയും വേഗം തങ്ങള്‍ നേരില്‍ ചര്‍ച്ച നടത്തുമെന്നാണ്‌. എന്നാല്‍ ആ കൂടിക്കാഴ്‌ചയാണ്‌ ഇതുവരെ നടക്കാതിരുന്നത്‌. രണ്ടുപേരുടെയും വ്യക്തിപരവും സംഘടനാപരവുമായ തിരക്കുകളാണ്‌ ഇതിനു കാരണമായി പറയുന്നത്‌്‌. എന്നാല്‍, രണ്ടുപേരും ഒന്നിച്ച്‌ ഐക്യം പ്രഖ്യാപിക്കുമ്പോള്‍ ഉണ്ടാകേണ്ട പൊതുധാരണാ വിഷയങ്ങളെക്കുറിച്ചള്ള തര്‍ക്കമാണ്‌ കൂടിക്കാഴ്‌ച വൈകാന്‍ കാരണമെന്നാണു വിവരം. സംവരണം തന്നെയാണ്‌ മുഖ്യപ്രശ്‌നം. അക്കാര്യത്തില്‍ ശാശ്വതമായ ഒത്തുതീര്‍പ്പ്‌ എളുപ്പമല്ലെന്നതാണ്‌ രണ്ടു കൂട്ടരെയും കുഴയ്‌ക്കുന്നത്‌.
തങ്ങള്‍ ഫോണില്‍ സംസാരിച്ചെന്നും വിയോജിപ്പുകള്‍ പറഞ്ഞുതീര്‍ത്തെന്നുമാണ്‌ സുകുമാരന്‍ നായര്‍ മാധ്യമങ്ങളോടു പറഞ്ഞത്‌. വൈകാതെ നേരിട്ടു കാണുമെന്നും വെളിപ്പെടുത്തിയിരുന്നു. വെള്ളാപ്പള്ളി അതു നിഷേധിച്ചുമില്ല. സംവരണ പ്രശ്‌നത്തില്‍ തങ്ങളെ എല്ലാക്കാലത്തും ഭിന്നിപ്പിച്ചു നിര്‍ത്താമെന്ന്‌ കരുതേണ്ടെന്നും പീന്നീട്‌ ടിവി ചാനലിനു നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞിരുന്നു. ക്രീമിലെയര്‍ വരുമാന പരിധി സമീപകാലത്തുതന്നെ ഉയര്‍ത്താന്‍ ഇടയുണ്ടെന്നിരിക്കെ, അക്കാര്യത്തില്‍ രണ്ടു സമുദായങ്ങള്‍ക്കും സ്വീകാര്യമായ പരിഹാര നിര്‍ദേശം മുന്നോട്ടുവയ്‌ക്കും എന്ന വിശദീകരണവും ഉണ്ടായി. മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരെക്കൂടി സംവരണ അര്‍ഹതയുള്ളവരുടെ കൂട്ടത്തില്‍ പെടുത്തിയാല്‍ മതിയല്ലോ എന്ന നിര്‍ദേശമാണു മുന്നോട്ടുവച്ചത്‌. അതോടെയാണ്‌ അടുക്കാനുള്ള ശ്രമത്തിനു വിള്ളല്‍ വീണത്‌ എന്നാണ്‌ സൂചന.
സംസ്ഥാനത്തെ ഈഴവരുള്‍പ്പെടെയുള്ള പിന്നാക്ക സമുദായങ്ങളും നായര്‍ ഉള്‍പ്പെടെയുള്ള മുന്നോക്ക സമുദായങ്ങളും തമ്മിലുള്ള പ്രധാന തര്‍ക്ക വിഷയങ്ങളിലൊന്നാണ്‌ ക്രീമിലെയര്‍. പിന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി മുന്നോക്കം നില്‍ക്കുന്നവരെയാണ്‌ ക്രീമിലെയര്‍ എന്നതുകൊണ്ടുദ്ദേശിക്കുന്നത്‌. ഇവര്‍ക്ക്‌ മറ്റുള്ളവരുടെ അതേ മാനദണ്ഡം അനുസസരിച്ച്‌ സംവരണം അനുവദിക്കാറില്ല. എന്നാല്‍, ക്രീമിലെയര്‍ പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള വരുമാന പരിധി താഴ്‌ത്തണമെന്ന വാദമാണ്‌ എന്‍എസ്‌എസ്‌ കാലങ്ങളായി ഉയര്‍ത്തുന്നത്‌. പിന്നാക്ക സമുദായങ്ങളിലെ സമ്പന്നരും സംവരണത്തിന്റെ ആനുകൂല്യം അനുഭവിക്കുന്നുവെന്നും അതിന്‌ കാരണം ക്രീമിലെയര്‍ വരുമാന പരിധി കൂടുതലായതാണെന്നുമാണ്‌ വാദം. 2008ല്‍ കേന്ദ്ര സര്‍ക്കാരും 2009ല്‍ സംസ്ഥാന സര്‍ക്കാരും ക്രീമിലെയര്‍ വരുമാന പരിധി നാലര ലക്ഷമാക്കി ഉയര്‍ത്തിയിരുന്നു. ഇതുപ്രകാരം നാലര ലക്ഷം രൂപയില്‍ കൂടുതല്‍ വാര്‍ഷിക വരുമാനമുള്ളവര്‍ മാത്രമേ സംവരണത്തിനു പുറത്താകുന്നുള്ളു. എന്നാല്‍ ഇത്‌ അശാസ്‌ത്രീയമാണെന്നും വരുമാന പരിധി താഴ്‌ത്തണമെന്നുമാണ്‌ എന്‍എസ്‌എസ്‌ ശക്തമായി വാദിക്കുന്നത്‌. എസ്‌എന്‍ഡിപിയാകട്ടെ നിലവിലെ പരിധിതന്നെ ഉയര്‍ത്തമെന്നും വാദിക്കുന്നു.
2008ലും എന്‍എസ്‌എസ്‌-എസ്‌എന്‍ഡിപി ഐക്യം തകരാനുള്ള ആശയപരമായ കാരണം സംവരണം തന്നെയായിരുന്നു. സുകുമാരന്‍ നായരും വെള്ളാപ്പള്ളിയും തമ്മിലുള്ള വ്യക്തിപരമായ വിയോജിപ്പുകള്‍ അതിന്‌ ആക്കം കൂട്ടിയെന്നു മാത്രം.
മുസ്‌്‌ലിം ലീഗിന്‌ സംസ്‌്‌ഥാന ഭരണത്തില്‍ കൂടുതല്‍ മേധാവിത്വം കിട്ടുന്നുവെന്നു ചൂണ്ടിക്കാട്ടിയാണ്‌ ഇരുവരും ഇപ്പോള്‍ ഐക്യം പ്രഖ്യാപിച്ചത്‌. എന്നാല്‍ കോണ്‍ഗ്രസിനോടും ലീഗിനോടുമുള്ള അടുപ്പത്തിന്റെ കാര്യത്തില്‍ ഇരുവരും രണ്ടുതട്ടിലാണു താനും. കെപിസിസി പ്രസിഡന്റ്‌ രമേശ്‌ ചെ്‌ന്നിത്തലയുമായാണ്‌ സുകുമാരന്‍ നായര്‍ക്ക്‌ അടുപ്പം. എന്നാല്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വെള്ളാപ്പള്ളിയുമായി നല്ല ബന്ധമാണു നിലനിര്‍ത്തുന്നത്‌. ഉമ്മന്‍ചാണ്ടിയെ അതിരൂക്ഷമായി വിമര്‍ശിക്കുന്നതും ചെന്നിത്തലയ്‌ക്കുവേണ്ടി വാദിക്കുന്നതും ചെന്നിത്തലയെ ഭരണത്തലപ്പത്തു കൊണ്ടുവരാന്‍ ശ്രമിക്കുന്നതും വെളളാപ്പള്ളിക്ക്‌ ശക്തമായ വിയോജിപ്പുള്ള കാര്യമാണ്‌.
ഇതെല്ലാം മാറ്റിവച്ച്‌, ന്യൂനപക്ഷങ്ങള്‍ക്കെതിരേ ഐക്യമുണ്ടാക്കാന്‍ പെട്ടെന്നു പ്രേരണയായത്‌ മലബാറിലെ 35 ്‌സ്‌കൂളുകള്‍ക്ക്‌ എയിഡഡ്‌ പദവി നല്‍കാനുള്ള സംസ്‌്‌ഥാന സര്‍്‌കകാരിന്റെ തീരുമാനുമായിരുന്നു. എന്നാല്‍ ആ തീരുമാനം പിന്‍വലിച്ചതോടെ ആ പേരിലുള്ള ഐക്യത്തിന്റെ ആവേശവും കെട്ടടങ്ങി. അതേസമയം, സുകുമാരന്‍ നായര്‍ കൂടിക്കാഴ്‌ചയ്‌ക്ക്‌ തീയതി നിശ്ചയിച്ചിട്ടും വെള്ളാപ്പള്ളി ഒഴി്‌ഞ്ഞു മാറുകയാണെന്ന്‌ എന്‍എസ്‌എസിനു പരിഭവമുണ്ടത്രേ. മാധ്യമങ്ങളോട്‌ ഐക്യത്തെക്കുറിച്ചു പറഞ്ഞ സ്ഥിതി്‌ക്ക്‌ അതിനു തുടര്‍ച്ചയുണ്ടാകണമെന്ന അഭിപ്രായം രണ്ടിടത്തെയും ചില നേതാക്കള്‍ക്കുണ്ട്‌. എന്നാല്‍ കൃത്യമായ ധാരണയും ഐക്യ പ്രഖ്യാപന രേഖയും വേണമെന്നാണ്‌ വെള്ളാപ്പള്ളിയുടെ നിലപാട്‌. അത്‌ തയ്യാറാക്കുക എളുപ്പമല്ലെന്നതാണു പ്രശ്‌നം.

Comments

Be the first to comment on this News
Post News Feedback
Your Name   
E-mail
Phone Number
 
Type in Malayalam (Press Ctrl+m to change language)
Comment
 

Back
    Rate this news