രാജേഷിനെ ചോദ്യം ചെയ്യാന്‍ സ്‌പീക്കറുടെ അനുമതിയില്ല
മുസ്‌ലിം ലീഗ് പ്രവര്‍ത്തകനായിരുന്ന അബ്ദുല്‍ ഷുക്കൂറിനെ വെട്ടിക്കൊന്ന കേസുമായി ബന്ധപ്പെട്ട് പൊലീസ് ചോദ്യം ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്ന ടി വി രാജേഷ് എംഎല്‍എയെ നിയമസഭാ സമ്മേളനകാലത്ത് ചോദ്യം ചെയ്യാന്‍ സ്‌പീക്കര്‍ അനുമതി നല്‍കിയില്ലെന്നു സൂചന. ചോദ്യം ചെയ്യലിനു ഹാജരാകാന്‍ പോലീസ് നോട്ടീസ് നല്‍കിയെങ്കിലും രാജേഷ് ഹാജരായിരുന്നില്ല. സമയം നീട്ടിചോദിക്കുകയാണു ചെയ്‌തത്. ആദ്യം വ്യക്തിപരമായ അസൗകര്യം പറഞ്ഞെങ്കിലും നിയമസഭാ സമ്മേളനം നടക്കുന്നത് ചൂണ്ടിക്കാട്ടിയാണ് ഇപ്പോള്‍ ഒഴിഞ്ഞുമാറുന്നത്. എന്നാല്‍ സഭാ സമ്മേളനകാലത്തുതന്നെ സ്‌പീക്കറുടെ അനുമതിയോടെ ചോദ്യം ചെയ്യാന്‍ പൊലീസ് നീക്കം നടത്തിയിരുന്നു. സ്‌പീക്കര്‍ ജി കാര്‍ത്തികേയന്റെ ഓഫീസില്‍ ഇതുസംബന്ധിച്ച അപേക്ഷ ലഭിക്കുകയും സ്‌പീക്കര്‍ അനുമതി നിഷേധിക്കുകയും ചെയ്‌തതായാണു വിവരം.
സഭ സമ്മേളിക്കുമ്പോള്‍ സാമാജികനെ പൊലീസ് ചോദ്യം ചെയ്യുന്നത് അനാവശ്യമായി കീഴ്‌വഴക്കവും വിവാദങ്ങളും ഉണ്ടാക്കുമെന്ന നിലപാടാണേ്രത സ്‌പീക്കര്‍ സ്വീകരിച്ചത്. പ്രത്യേകിച്ചും പ്രതിപക്ഷ എംഎല്‍എയാകുമ്പോള്‍ കൂടുതല്‍ സൂക്ഷ്‌മത പാലിക്കണം. അല്ലെങ്കില്‍ അത് സഭയിലും പുറത്തും വന്‍ കോളിളക്കം സൃഷ്ടിക്കും. സ്‌പീക്കര്‍ ഈ വിശദീകരണം പൊലീസിന് നല്‍കേണ്ട ആവശ്യമില്ല. അതുകൊണ്ട്, ഇപ്പോള്‍ അനുമതി നല്‍കാനാകില്ലെന്നും സമ്മേളനം കഴിയുന്നതുവരെ അത്തരം നീക്കം അനുവദിക്കാനാകില്ലെന്നും മറുപടി നല്‍കിയതായാണ് അറിയുന്നത്. രാജേഷിനെ ചോദ്യം ചെയ്യാനുള്ള പൊലീസിന്റെ നീക്കം അനുവദിക്കരുതെന്ന് സിപിഎം നിയമസഭാകക്ഷി ഉപനേതാവും മുന്‍ ആഭ്യന്തര മന്ത്രിയുമായ കോടിയേരി ബാലകൃഷ്‌ണന്‍ സ്‌പീക്കറോട് അഭ്യര്‍ത്ഥിച്ചിരുന്നുവെന്നും സൂചനയുണ്ട്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കോ ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണനോ, സമ്മേളനകാലത്തുതന്നെ രാജെഷിനെ ചോദ്യം ചെയ്യണമെന്ന വാശിയുമില്ല.
സിപിഎംകാര്‍ വിചാരണ ചെയ്‌ത് ഷുക്കൂറിനെ കൊന്നുവെന്ന കേസില്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെ പൊലീസ് വിളിച്ചുവരുത്തി മൊഴിയെടുത്തിരുന്നു. വീണ്ടും ഹാജരാകാന്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടിട്ടുമുണ്ട്. ജയരാജന്‍ മുന്‍ എംഎല്‍എയാണ്. എന്നാല്‍ നിലവില്‍ എംഎല്‍എ അല്ലാത്തതുകൊണ്ട് അത് ആ വിധത്തില്‍ വിവാദമായില്ല. രാജേഷ് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി കൂടിയായതിനാല്‍ സൂക്ഷിച്ചു കൈകാര്യം ചെയ്‌തില്ലെങ്കില്‍ സംഘര്‍ഷമോ അക്രമം തന്നയോ ഉണ്ടാകുമെന്ന ആശങ്ക ഭരണനേതൃത്വത്തിനുണ്ട്. അതുകൊണ്ട് സഭ കഴിയുന്നതുവരെ കാത്തിരിക്കാനാണ് നിര്‍ദേശം.
ജയരാജനും രാജേഷും സഞ്ചരിച്ചിരുന്ന കാര്‍ ലീഗ് പ്രവര്‍ത്തകര്‍ തടഞ്ഞതുമായി ബന്ധപ്പെട്ടാണ് കൊലപാതകമുണ്ടായത്. സിപിഎംകാര്‍ പിടികൂടിയ ഒന്നിലധിഖം ലീഗ് പ്രവര്‍ത്തകരുടെ ചിത്രം മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ ശേഷം എംഎംഎസ് വഴി ചില കേന്ദ്രങ്ങളിലേയ്‌ക്ക് അയച്ചുകൊടുക്കുകയും അവര്‍ ഷുക്കൂറിനെ തിരിച്ചറിഞ്ഞ ശേഷം , പിടികൂടിയവര്‍ കൊല്ലുകയും ചെയ്‌തെന്നാണ് പൊലീസിനു ലഭിച്ച വിവരം. ആര്‍ക്കൊക്കെയാണ് എംഎംഎസ് അയച്ചതെന്ന് അറസ്റ്റിലായ പ്രതികള്‍ പൊലീസിനോട് പറഞ്ഞിട്ടുമുണ്ട്. അതിനെക്കുറിച്ച് കൂടുതല്‍ വ്യക്തത വരുത്താനാണ് ജയരാജനെ ചോദ്യം ചെയ്‌തതും രാജേഷിനെ ചോദ്യം ചെയ്യാന്‍ പോകുന്നതും.
എന്നാല്‍, രാജേഷിനെ ചോദ്യം ചെയ്‌തശേഷം അദ്ദേഹത്തെ പ്രതിയാക്കാനുള്ള നീക്കം പൊലീസിന്റെ ഭാഗത്തുള്ളതായി സിപിഎമ്മിനു സംശയമുണ്ട്. അതുകൂടി കണക്കിലെടുത്താണ് ഹാജരാകാത്തതെന്നാണു സൂചന. അങ്ങനെ പ്രതിയാക്കിയാല്‍ അത് സമ്മേളനകാലത്താകുന്നത് ഒഴിവാക്കുന്നതിനോടാണ് സ്‌പീക്കര്‍ക്കു താല്‍പര്യം. സഭാ സമ്മേളനകാലത്തല്ലെങ്കിലും സാമാജികനെ ക്രിമിനല്‍ കേസില്‍ പെടുത്തി അറസ്റ്റു ചെയ്യാന്‍ സ്‌പീക്കറുടെ കൂടി അനുമതി വേണം. അത് സാങ്കേതികം മാത്രമാണ്. എന്നാല്‍ സമ്മേളനകാലത്ത് സ്‌പീക്കറുടെ അനുമതി ഇല്ലാതെ ചോദ്യം ചെയ്യുന്നതുപോലും കേരളത്തിലെ കീഴ്‌വഴക്കത്തിനു വിരുദ്ധമാണ്.
haree says ..
|
|||
















