സ്വന്തം ഒപ്പും കണ്ടവന്റെ തലവരയും
അതൊരു ഒന്നൊന്നരച്ചോദ്യമാണ്. സ്വന്തം ഒപ്പ് വ്യാജമായി ഇടാന്‍ ആര്‍ക്കെങ്കിലും കഴിയുമോ? സുഷ്‌മ സ്വരാജും അദ്വാനിയും മുതലുള്ള ദേശീയ സിംഹങ്ങള്‍ മാത്രമല്ല, വി മുരളീധരന്‍, സി കെ പത്മനാഭന്‍ തുടങ്ങിയ കേരളപ്പുലികളും മറുപടിയില്ലാത്തവരായിപ്പോയി. ചോദ്യം ചോദിച്ച പ്രണബ് ദാ ആകട്ടെ, തല ഉയര്‍ത്തിപ്പിടിച്ച് , വിമാനത്തില്‍ കയറിപ്പോവുകയും അതിനു മുമ്പ് കേരളത്തിലെ വലിയൊരു രാഷ്ട്രീയ പാമ്പിന്‍കൂട്ടില്‍ പരസ്‌പരം കൊത്തി വാശിയോടെ മുന്നേറിക്കൊണ്ടിരിക്കുന്ന കുറേയധികം വിഷപ്പാമ്പുകളെ ഒന്നിച്ചു നിര്‍ത്തി ഫോട്ടോയെടുപ്പിക്കുന്നതില്‍ വിജയിക്കുകയും ചെയ്‌തു. ചില്ലറക്കാര്യമല്ല അത്.
ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല എന്നിവര്‍ മുതല്‍ വര്‍ക്കല കഹാര്‍ വരെയുള്ള വലതുപക്ഷ പാമ്പുകളും വി എസ് അച്യുതാനന്ദനും കോടിയേരിയും മുതലായ ഇടതുപക്ഷ വെമ്പാലകളും പ്രണബിന്റെ കൈ പിടിച്ചു കുലുക്കി. വോട്ട് ഉറപ്പു നല്‍കി. ഇന്ത്യാരാജ്യത്തിന് ഇനിയൊരു പ്രഥമന്‍ ഉണ്ടെങ്കില്‍ അത് താങ്കള്‍തന്നെയായിരിക്കുമെന്ന് വാക്ക് നല്‍കി. സിപിഎം തീരുമാനത്തോട് യോജിക്കാത്ത കോണ്‍ഗ്രസ് വിരുദ്ധ മൗലിക വാദികളായ സിപിഐക്കാരും ആര്‍എസ്‌പിക്കാരും ആ അപൂര്‍വ നിമിഷങ്ങളുടെ ഭാഗഭാക്കാകാന്‍ ഭാഗ്യമില്ലാത്തവരായിപ്പോയി. കോണ്‍ഗ്രസിന്റെ കൂടെ ഡല്‍ഹിയിലിരുന്ന് ഭരിക്കുന്നവരാണെങ്കിലും പ്രണബ് വിരുദ്ധരായതിനാല്‍ അദ്ദേഹത്തിന് വോട്ടു ചെയ്യില്ലെന്ന് പറഞ്ഞിരിക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസുകാരും സിപിഎമ്മിനൊപ്പമാണെങ്കിലും കേരളത്തില്‍ സാമാജികരില്ലാത്ത ഫോര്‍വേഡ് ബ്ലോക്കുകാരും ഇതേതരം നിര്‍ഭാഗ്യം അനുഭവിക്കുന്നവരാണല്ലോ. സാരമില്ല. തൃണമൂലിനാണെങ്കില്‍ ഇവിടെ പേരിനൊരു കൊടി പോലുമില്ല. ഫോര്‍വോഡ് ബ്ലോക്കിന് കേരളത്തില്‍ സംസ്ഥാന കമ്മിറ്റിയൊക്കെയുണ്ടെന്നാണ് വയ്‌പ്.
പറഞ്ഞു വന്നത് പ്രണബിന്റെ മില്യണ്‍ ഡോളര്‍ ക്വസ്‌റ്റിയനെക്കുറിച്ചാണല്ലോ. ഇന്ത്യന്‍ സ്‌റ്റാറ്റിസ്‌റ്റിക്കല്‍ ഇന്‍സ്‌റ്റിറ്റിയൂട്ടിന്റെ ചെയര്‍മാന്‍ എന്ന ശമ്പളമുള്ള ജോലി രാജിവച്ച് പ്രണബ് എഴുതിയ കത്തിലെ ഒപ്പ് വ്യാജമാണെന്നാണ് ബിജെപി കഴിഞ്ഞ ദിവസം ആരോപിച്ചത്. ഇന്‍സ്‌്‌റ്റിറ്റിയൂട്ടിന്റെ ആസ്ഥാനം കൊല്‍ക്കത്തയായതുകൊണ്ടും അവിടെവരെപ്പോകാന്‍ സമയം കിട്ടാത്തതുകൊണ്ടും കള്ളഒപ്പിട്ട് രാജി കൊടുക്കാന്‍ വെറേ ആരെയോ പ്രണബ് ഏല്‍പ്പിച്ചുവെന്നാണ് ആരോപണത്തിന്റെ സാരം. കഴിഞ്ഞ മാസം 20ന് തന്നെ രാജിക്കത്ത് കൊടുത്തെന്ന് പറഞ്ഞുകഴിഞ്ഞ പ്രണബിന് അത് ഇനിയും ആവര്‍ത്തിക്കാന്‍ താല്‌പര്യമില്ലെന്നു തോന്നുന്നു. അതുകൊണ്ടാണ്, വേറെ വിധത്തില്‍ ചോദിച്ചത്.
ഇനിയിപ്പോള്‍, ആ ചോദ്യമാണ് ദേശീയ രാഷ്ട്രീയത്തില്‍ കുറേ ദിവസമെങ്കിലും കിടന്നു കറങ്ങാന്‍ പോകുന്നത്. പല കോലത്തില്‍ ഈ ചോദ്യം തന്നെ പ്രത്യക്ഷപ്പെടാം. സ്വന്തം ഒപ്പുപോയിട്ട് സ്വന്തം മുഖം തന്നെ മാറ്റിവരയ്‌ക്കുന്നവരുടെ കാലമാണിതെന്ന ഫിലോസഫിക്കും സ്‌കോപ്പുണ്ട്. സ്വന്തം ഒപ്പ് ആര്‍ക്കെങ്കിലും വ്യാജമായി ഇടാന്‍ പറ്റുമോ എന്ന ചോദ്യത്തിന് ഉത്തരം നല്‍കേണ്ടത് ബിജെപിയാണ്. ആരുടെയെങ്കിലുമൊക്കെ ഒപ്പ് സ്വന്തമായും അതേസമയം വ്യാജമായും ഇട്ട് കാണിച്ചുകൊടുക്കാനുള്ള തന്റേടം നിഥിന്‍ ഗഡ്‌കരിജിയും സുഷ്‌മാജിയും കാണിക്കണം.
|
|||
















