Back
Wednesday, July 04, 2012 | 11:51:32 AM IST
സ്‌കൂള്‍ കുട്ടികളുടെ സുരക്ഷിതയാത്രാ നിര്‍ദേശങ്ങള്‍ അട്ടിമറിച്ചു?

സ്‌കൂള്‍ കുട്ടികളുമായി സഞ്ചരിക്കുന്ന വാഹനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികള്‍ക്ക്‌ പാതിവഴിയില്‍ നിലച്ചു. പുതിയ അധ്യയന വര്‍ഷം തുടങ്ങി ഒരു മാസം പിന്നിട്ടപ്പോള്‍തന്നെ കാര്യങ്ങള്‍ തകിടം മറിഞ്ഞെന്ന വിമര്‍ശനം സര്‍ക്കാരിനുള്ളില്‍ തന്നെയാണ്‌ ഉയര്‍ന്നിരിക്കുന്നത്‌. ഇക്കാര്യത്തില്‍ മോട്ടോര്‍ വാഹ വകുപ്പിലെ കോണ്‍ഗ്രസ്‌ യൂണിയന്‍ തന്നെ മുഖ്യമന്ത്രിക്കും കെപിസിസിക്കും പരാതി നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്‌. യുഡിഎഫ്‌ സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ ഗതാഗത മന്ത്രിയായിരുന്ന വി എസ്‌ ശിവകുമാറും അതിനു മുമ്പ്‌ കഴിഞ്ഞ സര്‍ക്കാരും മുന്‍കൈയെടുത്ത്‌ കൊണ്ടുവന്ന കര്‍ക്കശ പരിഷ്‌കാരങ്ങള്‍ ഇപ്പോഴത്തെ മന്ത്രി ആര്യാടന്‍ മുഹമ്മദ്‌ അവഗണിച്ച്‌ ഇല്ലാതാക്കിയത്രേ. മന്ത്രി താല്‍പര്യം കാണിക്കാതിരുന്നതിനാല്‍ ഉദ്യോസ്ഥരും താല്‍പര്യം കാണിച്ചില്ല. വൈദ്യുതി വകുപ്പിന്റെകൂടി ചുമതലയുള്ള മന്ത്രിയാകട്ടെ കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്‌ അതിനാണുതാനും. ഗതാഗത വകുപ്പിനു മാത്രമായി കോണ്‍ഗ്രസില്‍ നിന്നൊരു മന്ത്രി വേണം എന്ന സമ്മര്‍ദത്തിന്റെ തുടക്കംകൂടിയാണിതെന്നും കോണ്‍ഗ്രസിലെ ഗ്രൂപ്പുവൈരവും ഇപ്പോഴത്തെ നീക്കവുമായി ബന്ധമുണ്ടെന്നുമാണ്‌ സൂചന. അതേസമയം, ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന വിമര്‍ശനങ്ങളെല്ലാം വസ്‌തുതാപരമാണെന്നത്‌ മന്ത്രിയെയും സര്‍ക്കാരിനെയും ഉന്നത ഉദ്യോഗസ്ഥരെയും വെട്ടിലാക്കും.
ഈ അധ്യയന വര്‍ഷം അപകടവിമുക്ത വര്‍ഷമാക്കി മാറ്റണമെന്ന പതിവു സര്‍ക്കുലര്‍ പോലും ഇത്തവണ ഇറങ്ങിയില്ല. നേരത്തേ നല്‍കിയ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലുള്ള വാഹന പരിശോധനകളും മറ്റും നടക്കുന്നുണ്ടോയെന്ന്‌ നിരീക്ഷിക്കുന്നുമില്ല. 2011ലെ അധ്യയന വര്‍ഷം ആരംഭിക്കുന്നതിനു മുന്നോടിയായി മെയ്‌ 30ന്‌ ട്രാന്‍സ്‌പോര്‍ട്ട്‌ കമ്മീഷണര്‍ക്കു വേണ്ടി സീനിയര്‍ ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട്‌ കമ്മീഷണര്‍ ( ടാക്‌സേഷന്‍) പുറത്തിറക്കിയ സര്‍ക്കുലറാണ്‌ ഇപ്പോഴും പരിഗണനയിലുള്ളത്‌. വാഹനങ്ങളിലും അല്ലാതെയും യാത്ര ചെയ്യുന്ന വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പു വരുത്തുന്നതില്‍ മോട്ടോര്‍ വാഹന വകുപ്പിനും അതിന്റേതായ പങ്കു വഹിക്കാനുണ്ടെന്ന്‌ ചൂണ്ടിക്കാട്ടുന്ന ഈ സര്‍ക്കുലര്‍, വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ക്ക്‌ പ്രത്യേക പരിശീലനം നല്‍കിയിട്ടുണ്ടെന്ന്‌ ഉറപ്പു വരുത്താന്‍ ഡെപ്യൂട്ടി ട്രാന്‍സ്‌പര്‍ട്ട്‌ കമ്മീഷണര്‍മാര്‍ക്കും റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട്‌ ഓഫീസര്‍മാര്‍ക്കും(ആര്‍ടിഒ) ജോയിന്റ്‌ ആര്‍ടിഒമാര്‍ക്കും നിര്‍ദേശം നല്‍കിയിരുന്നു. അന്ന്‌ നടന്ന തരത്തിലുള്ള പരിശോധനകള്‍ അതേപടി തുടരാന്‍ ഈ അധ്യയന വര്‍ഷം ഇതേ ഉദ്യോഗസ്ഥര്‍ താല്‍പര്യം കാണിച്ചില്ലെന്നാണ്‌ ചൂണ്ടിക്കാണിക്കപ്പെടുന്നത്‌. വി എസ്‌ ശിവകുമാര്‍ വിളിച്ചുചേര്‍ത്ത പ്രത്യേക യോഗത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നിര്‍ദേശങ്ങള്‍. ശിവകുമാറിനു വേറേ വകുപ്പുകള്‍ ഇല്ലായിരുന്നതിനാല്‍ ഗതാഗത- മോട്ടോര്‍വാഹന വകുപ്പുകള്‍ക്ക്‌ പ്രത്യേക ശ്രദ്ധകിട്ടിയിരുന്നു.
വാഹനങ്ങളില്‍ കുട്ടികളെ കുത്തിനിറച്ചുകൊണ്ടുപോകുന്നത്‌ തടയാന്‍ ആഴ്‌ചയില്‍ രണ്ടു ദിവസമെങ്കിലും മോട്ടോര്‍ വാഹന വകുപ്പിലെ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തണമെന്ന്‌ കഴിഞ്ഞ സര്‍ക്കാരിന്റെ അവസാന കാലത്തും നിര്‍ദേശിച്ചിരുന്നു. 2010 ജൂലൈ ഏഴിനായിരുന്നു ട്രാന്‍സ്‌പോര്‍ട്ട്‌ കമ്മീഷണറുടെ വിശദമായ സര്‍ക്കുലര്‍. അതും പാലിക്കപ്പെടുന്നില്ല. ആഴ്‌ചയില്‍ രണ്ടു ദിവസമെന്നല്ല, മാസത്തിലൊരു ദിവസം പോലും പരിശോധന നടക്കുന്നില്ല. കുട്ടികളെ കുത്തിനിറച്ച്‌ സര്‍വീസ്‌ വ്യാപകമായിതാനും. ഇങ്ങനെ സര്‍വീസ്‌ നടത്തുന്നത്‌ പൂര്‍ണമായും ഇല്ലാതാക്കുന്നതിന്റെ ആദ്യപടിയായി സ്‌കൂള്‍ അധികൃതരേയും വാഹന ഉമകളേയും രക്ഷാകര്‍ത്താക്കളേയും ബോധവാന്‍മാരാക്കുക, അതിനുശേഷവും ആവര്‍ത്തിച്ചാല്‍ വാഹനങ്ങളുടെ പെര്‍മിറ്റ്‌, ഫിറ്റ്‌നസ്‌ സര്‍ട്ടിഫിക്കേറ്റ്‌, ഡ്രൈവറുടെ ലൈസന്‍സ്‌ എന്നിവ റദ്ദാക്കുക എന്നീ നിര്‍ദേശങ്ങളാണ്‌ ഉണ്ടായിരുന്നത്‌. കൂടാതെ മൊബൈല്‍ എന്‍ഫോഴ്‌സ്‌മെന്റ്‌ സ്‌ക്വാഡ്‌ പ്രത്യേക ചെക്കിംഗ്‌ നടത്തണമെന്നും നിര്‍ദേശമുണ്ടായി. ഇതൊന്നും ഈ അധ്യയന വര്‍ഷം ഒരു മാസം പിന്നിടുമ്പോഴും പാലിക്കപ്പെട്ടിട്ടില്ലെന്ന്‌ വ്യക്തമാക്കുന്ന കാര്യങ്ങളാണ്‌ പുറത്തുവരുന്നത്‌.
സംസ്ഥാന പോലീസിലെ ട്രാഫിക്‌ വിഭാഗത്തിന്റെ പ്രത്യേക അഭ്യര്‍ത്ഥന പ്രകാരം സ്‌റ്റേറ്റ്‌ ട്രാന്‍സ്‌പോര്‍ട്ട്‌ അഥോറിറ്റി( എസ്‌ടിഎ) പുറത്തിറക്കിയ മാര്‍ഗനിര്‍ദേശ പട്ടികയിലെ സുപ്രധാന നിര്‍ദേശങ്ങളും പാഴ്‌ വാക്കുകളായി മാറിയിരിക്കുകയാണ്‌.
പത്തു വര്‍ഷത്തില്‍ കുറയാത്ത ഡ്രൈവിംഗ്‌ പരിചയമുള്ളവരെ മാത്രം വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഡ്രൈവര്‍മാരാക്കുക, അശ്രദ്ധമായോ അതിവേഗത്തിലോ മദ്യപിച്ചോ വാഹനം ഓടിച്ചതിനു ശിക്ഷിക്കപ്പെട്ടവരെ നിയമിക്കുന്നില്ലെന്ന്‌ ഉറപ്പു വരുത്തുക, സ്‌കൂള്‍ വാഹനമായി ഉപയോഗിക്കുന്ന ഒമ്‌നി വാനിന്‌ 40 കിലോമീറ്ററില്‍ കൂടുതല്‍ സ്‌പീഡ്‌ സാധ്യമാകാത്ത വിധം സ്‌പീഡ്‌ ഗവേണര്‍ ഉണ്ടെന്നുറപ്പു വരുത്തുക തുടങ്ങിയ നിര്‍ദേശങ്ങളാണ്‌ എസ്‌ടിഎ നല്‍കിയത്‌. അത്‌ പാലിക്കുന്നുണ്ടോയെന്ന്‌ നിരീക്ഷിക്കേണ്ടത്‌ മോട്ടോര്‍ വാഹന നകുപ്പ്‌ ഉദ്യോഗസ്ഥരാണ്‌. എന്നാല്‍ എസ്‌ ടി എയുടെ ഈ നിര്‍ദേശങ്ങളെക്കുറിച്ച്‌ ഓര്‍മിക്കിപ്പിക്കാനോ നടപ്പാക്കാനോ വകുപ്പ്‌ തലപ്പത്ത്‌ ആരും ശ്രദ്ധിക്കുന്നില്ലെന്നാണ്‌ ഇപ്പോള്‍ വ്യക്തമാകുന്നത്‌.

Comments

rahim says ..
2012 July Wed : 9:51 pm
ഇതുവരെ ആര്യാടന്‍ കേരളത്തെ പവര്‍കട്ടില്‍ നിന്നും ഒഴിവാക്കാന്‍ വേണ്ടി മഴയെയും തിരഞ്ഞ് നെട്ടോട്ടമായിരുന്നു. മഴ വന്നു...കറന്റിന്റെ കാര്യം പരിഹരിച്ചു. ഇനി വാഹന ഗതാഗത കാര്യത്തിലേക്കാണ് ശ്രദ്ധ. ഒരു ജൂനിയര്‍ നേതാവ് മന്ത്രി ചെയ്ത കാര്യങ്ങള്‍ കൊണ്ട് ഒരു സീനിയര്‍ നേതാവ് മന്ത്രി മുന്നോട്ടു പോവുന്നതില്‍ ചിലപ്പോ ആര്യാടന് വിഷമം കാണും.....

Post News Feedback
Your Name   
E-mail
Phone Number
 
Type in Malayalam (Press Ctrl+m to change language)
Comment
 

Back
    Rate this news