അറസ്‌റ്റില്‍ പ്രതിഷേധിക്കാന്‍ വി എസ് വിസമ്മതിച്ചു
ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി മോഹനനെ അറസ്‌റ്റു ചെയ്‌തതില്‍ പ്രതിഷേധിക്കണമെന്ന ആവശ്യം കേന്ദ്ര കമ്മിറ്റി അംഗവും പ്രതിപക്ഷ നേതാവുമായ വി എസ് അച്യുതാനന്ദന്‍ തള്ളി. ഇന്നലെ മോഹനനെ അറസ്‌റ്റു ചെയ്‌ത പിന്നാലെ സിപിഎം നിയന്ത്രണത്തിലുള്ള കൈരളി ടിവിയില്‍ നിന്നാണ് വി എസിനോട് പ്രതികരണം ചോദിച്ചത്. ചാനല്‍ എഡിറ്റോറിയല്‍ വിഭാഗത്തിലെ ഉന്നതന്‍ തന്നെയാണ് ഫോണില്‍ വി എസിനെ വിളിച്ചതെന്നാണു വിവരം. എന്നാല്‍, ഇക്കാര്യത്തില്‍ ഇപ്പോള്‍ പ്രതികരിക്കാന്‍ താന്‍ ഉദ്ദേശിക്കുന്നില്ലെന്നും ആവശ്യമെന്നു തോന്നിയാല്‍ എല്ലാ മാധ്യമങ്ങളോടുമായി പിന്നീട് പറയുമെന്നുമായിരുന്നേ്രത വി എസിന്റെ മറുപടി. കൈരളിയോടുള്ള പ്രതികരണം ഇതായിരുന്നുവെന്ന് അറിഞ്ഞതുകൊണ്ട് പാര്‍ട്ടി പത്രമായ ദേശാഭിമാനിയില്‍ നിന്ന് വി എസിനെ ഈ ആവശ്യത്തിനു വിളിച്ചുമില്ല.
പാര്‍ട്ടി നേതൃത്വത്തില്‍ നിന്നുള്ള നിര്‍ദേശ പ്രകാരമാണ് കൈരളി വി എസിന്റെ പ്രതികരണം തേടിയതെന്ന് അറിയുന്നു. വഴിയില്‍ തടഞ്ഞുനിര്‍ത്തി അറസ്റ്റ് ചെയ്‌ത രീതിയയെങ്കിലും വി എസ് വിമര്‍ശിച്ചുകിട്ടിയാല്‍ അത് ഇപ്പോഴത്തെ സാഹചര്യത്തില്‍ മാധ്യമങ്ങള്‍ക്കും പൊതു സമൂഹത്തിനും മുന്നില്‍ വലിയൊരു പിന്തുണയാകുമെന്ന കണക്കുകൂട്ടല്‍ നേതൃത്വത്തിന് ഉണ്ടായിരുന്നു. രാവിലെ അറസ്റ്റു നടന്ന പിന്നാലെ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ എളമരം കരീമും വി വി ദക്ഷിണാ മൂര്‍ത്തിയും പ്രതികരിച്ചു. പ്രതിഷേധത്തിന് ആഹ്വാനവും ചെയ്‌തു. തൊട്ടുപിന്നാലെ സംസ്ഥാന സെക്രട്ടേറിയറ്റിന്റേതായി തിരുവനന്തപുരത്ത് വിശദമായ പത്രക്കുറിപ്പ് ഇറങ്ങി. ഇതിനിടയിലാണ് വി എസിന്റെ പ്രതികരണം തേടി നിരാശരായത്. ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടും സംസ്ഥാന സെക്രട്ടറി പിണറായി വിജയനും പ്രതികരിച്ചത് വൈകിട്ടോടെയാണ്.
സിപിഐ എമ്മിനെതിരെ കേരളത്തിലെ യുഡിഎഫ് സര്‍ക്കാര്‍ യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണെന്ന് കാരാട്ട് പറഞ്ഞത് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടിയായാണ്. പിണറായിക്ക് ഇന്നലെ വൈകുന്നേരം തിരുവനന്തപുരത്ത് പൊതുസമ്മേളനത്തില്‍ പ്രസംഗിക്കേണ്ടതുണ്ടായിരുന്നതുകൊണ്ട് അതുവരെ നീട്ടിവയ്‌ക്കുകയായിരുന്നു. പൊലീസിനെ ഉപയോഗിച്ച് പാര്‍ട്ടിയെ തകര്‍ക്കാനാണെങ്കില്‍ അതിന് ഈ പൊലീസൊന്നും മതിയാകാതെ വരുമെന്നാണ് പിണറായി പറഞ്ഞത്. റോഡില്‍ തടഞ്ഞ് അറസ്‌റ്റു നാടകം നടത്തിയെന്നും മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥയനുസരിച്ചാണ് പൊലീസ് ഇതെല്ലാം ചെയ്‌തതെന്നുമാണ് സിപിഎം നേതൃത്വത്തിന്റെയും പാര്‍ട്ടി മാധ്യമങ്ങളുടെയും പ്രതികരണ രീതി. ചന്ദ്രശേഖരന്‍ വധക്കേസില്‍ പാര്‍ട്ടിക്ക് ബന്ധമുണ്ടെന്നതരത്തില്‍ കഴിഞ്ഞ ദിവസം സംസ്ഥാന കമ്മിറ്റി യോഗത്തില്‍ ആരോപണം വി എസ് ഉന്നയിച്ചിരുന്നു. ചന്ദ്രശേഖരന്റെ വീട്ടില്‍ പോയ താനല്ല, ചന്ദ്രശേഖരനെ കൊന്നവരാണ് പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയതെന്നാണ് പറഞ്ഞത്. അതിലെ സൂചന വളരെ പ്രകടമായിരുന്നു. അതുകൊണ്ടുതന്നെ വി എസില്‍ നിന്ന് പ്രതികരണം ലഭിക്കുമോയെന്ന സംശയം ചാനല്‍ പത്രാധിപ സമിതിക്ക് ഉണ്ടായിരുന്നു. അത് അവര്‍ , വി എസിനെ വിളിക്കാന്‍ ആവശ്യപ്പെട്ട നേതാവിനോടു പ്രകടിപ്പിക്കുകയും ചെയ്‌തെന്നാണ് വിവരം. എന്നാല്‍, ചോദിച്ചുനോക്കിയാലല്ലേ അറിയാന്‍ പറ്റൂവെന്നായിരുന്നു മറുപടി.
അതേസമയം, പി മോഹനന്റെ അറസ്‌റ്റിനെക്കുറിച്ച് പ്രതികരിക്കേണ്ടി വരുമെന്നതിനാല്‍ വി എസ് ഇന്നലെ പൂര്‍ണമായും മാധ്യമങ്ങളില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കുകയായിരുന്നു. മറ്റു മാധ്യമങ്ങള്‍ക്കൊന്നും അദ്ദേഹം പിടികൊടുത്തില്ല. വിളിച്ചവരോടൊക്കെ മറുപടി പറഞ്ഞത് പേഴ്‌സണല്‍ അസിസ്റ്റന്റ് സുരേഷ് ആണ്.
ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടതിന്റെ പിറ്റേദിവസം, കഴിഞ്ഞ മാസം അഞ്ചിന് വി എസ് പറഞ്ഞത് സംഭവവുമായി പാര്‍ട്ടിക്ക് ബന്ധമില്ല എന്നാണ്. എന്നാല്‍ കോഴിക്കോട് ജില്ലാ സെക്രട്ടറിയില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അങ്ങനെ പറഞ്ഞതെന്ന് പിന്നീട് അദ്ദേഹം തിരുത്തി. ഒരുഘട്ടത്തിലും വി എസ് ഈ കേസുമായി ബന്ധപ്പെട്ട പൊലീസ് നടപടികളെ വിമര്‍ശിച്ചില്ല. മാത്രമല്ല, അറസ്റ്റിലായവരുടെ മൊഴികള്‍ പ്രസിദ്ധീകരിക്കുന്നതില്‍ നിന്ന് മാധ്യമങ്ങളെ തടയണം എന്ന് ആവശ്യപ്പെട്ട് പാര്‍ട്ടി കോഴിക്കോട് ജില്ലാ നേതൃത്വം ഹൈക്കോടതിയെ സമീപിച്ചതിനെ വി എസ് പരോക്ഷമായി പരിഹസിക്കുകയും ചെയ്‌തു. അതിനെ നിങ്ങള്‍തന്നെ പ്രതിരോധിച്ചുകൊള്ളുമല്ലോ എന്നായിരുന്നു മാധ്യമങ്ങളോടുള്ള അദ്ദേഹത്തിന്റെ പ്രതികരണം.
|
|||
















