Back
Wednesday, June 27, 2012 | 11:40:04 AM IST
നേര്‍ക്കുനേര്‍ മുന്നൂറായപ്പോള്‍ തണുത്തുപോയെന്നോ

നാട്ടിലുണ്ടാകുന്ന സകല പ്രശ്‌നങ്ങളും അതാത്‌ ആഴ്‌ചതന്നെ തലനാരിഴ കീറി പരിശോധിച്ച്‌, അതിനിടയില്‍ നാട്ടുകാരെ തമ്മില്‍ അല്‌പസ്വല്‌പമൊക്കെ തമ്മിലടിപ്പിച്ച്‌ അങ്ങു കഴിഞ്ഞുകൂടിപ്പോകുന്നതിനിടയിലാണ്‌, ഏഷ്യാനെറ്റിലെ നേര്‍ക്കുനേര്‍കാരന്‍ പെട്ടെന്നൊരു കാര്യം നടുക്കത്തോടെ തിരിച്ചറിഞ്ഞത്‌. മുന്നൂറ്‌ എപ്പിസോഡുകള്‍ ആയിരിക്കുന്നു. മനക്കണക്കും കൈക്കണക്കും കാല്‍ക്കുലേറ്റര്‍ കണക്കും മൊബൈല്‍ കണക്കും കൂട്ടിനോക്കി. അപ്പോഴെല്ലാം മുന്നൂറ്‌ തന്നെ. എങ്കിലതൊന്ന്‌ ആഘോഷിക്കണമല്ലോ. പക്ഷേ, പണ്ടേതേ പുള്ളിക്കാരന്‍ എന്തോ കണ്ടുപിടിച്ചപ്പോള്‍ റബേക്കാ, റബേക്കാ എന്നു വിളിച്ചുകൂവിക്കൊണ്ട്‌ ഓടിയതുപോലെ ഓടുകയല്ല ചെയ്‌തത്‌. ഫോണെടുത്തു മൂന്നാലു പേരെയങ്ങു വിളിച്ചു. മാണി സാറ്‌, സഖാവ്‌ കോടിയേരി, നെയ്യാറ്റിന്‍കര ഫെയിം രാജേട്ടന്‍.
രസമെന്താണെന്നുവച്ചാല്‍ നേര്‍ക്കുനേരെ നിന്ന്‌ പൊരുതിച്ച പരിപാടിയുടെ 299 എപ്പിസോഡുകളുടെ സ്വഭാവമല്ലേ്രത മുന്നുറാമത്തേതിന്റേത്‌. ലോഹ്യം പറച്ചില്‍ ലൈനാണ്‌. ഇടയ്‌ക്ക്‌ സദസില്‍ നിന്നാര്‍ക്കെങ്കിലുമൊക്കെ ക്ഷോഭിക്കാന്‍ അവസരമുണ്ട്‌. പക്ഷേ, നേതാക്കള്‍ ക്ഷോഭിക്കില്ല. നേരോടെ, നിര്‍ഭയം, നിഷ്‌കാമം, നിസംഗം, നിര്‍ന്നിമേഷം.....മാണി സാറൊന്നു പറഞ്ഞാല്‍ തിരിച്ച്‌ പത്തുപറയുന്ന കോടിയേരി സൗമ്യദീപ്‌തമായി മാത്രം സംസാരിക്കുന്ന പരസ്യ ദൃശ്യങ്ങള്‍ കണ്ട്‌ പ്രേക്ഷകന്‍ അമ്പരന്നു. തരത്തിനു കിട്ടിയാല്‍ കുട്ടിയമ്മ ചേടത്തിയെപ്പോലും നിയമസഭാ ചട്ടങ്ങളും നടപടിക്രമങ്ങളും, റൂള്‍സ്‌ ഓഫ്‌ ബിസിനസ്‌, ഭരണഘടന തുടങ്ങിയവ പഠിപ്പിക്കുന്ന മാണി സാറാകട്ടെ ചിരിയുടെ വല്യസാറായി നമ്മുടെ ക്രിസോസ്റ്റം തിരുമേനിയുടെ ശിഷ്യനായി. മാറ്റമില്ലാത്തത്‌ രാജേട്ടനു മാത്രമാണ്‌. അദ്ദേഹം ക്ഷോഭിച്ചു കാണാത്തവര്‍ക്ക്‌ ഇക്കുറിയും അത്‌ കാണാന്‍ അവസരമുണ്ടായില്ല.
ഈ നേര്‍ക്കുനേര്‍, നേര്‍ക്കുനേര്‍ എന്നു പറഞ്ഞാല്‍ അതിനൊരു ചരിത്രമൊക്കെയുണ്ട്‌ കേട്ടോ. ഇടയ്‌ക്ക്‌ പലരും പുതിയ മേച്ചില്‍പുറങ്ങള്‍ തേടിപ്പോയപ്പോഴും നേര്‍ക്കുനേര്‍ നിന്നു എന്നതുതന്നെ പ്രധാന കാര്യം. പോയിന്റ്‌ ബ്ലാങ്കെന്നും ലൈന്‍ ഓഫ്‌ കണ്‍ട്രോളെന്നുമൊക്കെ പറഞ്ഞ്‌ പേടിപ്പിച്ചവരെക്കാണാനില്ലല്ലോ. അപ്പോപ്പിന്നെ മുന്നൂറ്‌ മാത്രമല്ല, മുന്നൂറ്റിപ്പത്തും മുന്നൂറ്റി ഇരുപതുമൊക്കെ ആഘോഷിക്കുക തന്നെ വേണം. പക്ഷേ, ചൂടും ചൊടിയും കളഞ്ഞുകുളിക്കരുതെന്നു മാത്രം. കെ എം മാണിയുടെയും കോടിയേരി ബാലകൃഷ്‌ണന്റെയും ഒ രാജഗോപാലിന്റെയും സൗഹൃദ ചര്‍ച്ചയില്‍ ആര്‍ക്കാണു താല്‍പര്യം? പ്രത്യേകിച്ചും രാഷ്ട്രീയ കേരളം ചൂടുപിടിച്ചങ്ങനെ പൊള്ളി നില്‍ക്കുമ്പോള്‍. ഇതൊരുമാതിരി ഓണക്കാല വിശേഷം പറച്ചില്‍ പരിപാടിയുടെ സ്വഭാവത്തിലായിപ്പോയി. പരസ്യമേ വന്നിട്ടുള്ളു. പക്ഷേ,. പരസ്യംതന്നെ മതിയല്ലോ. എരിവുള്ളത്‌ എന്തെങ്കിലുമുണ്ടെങ്കില്‍ അത്‌ പരസ്യത്തില്‍ വരേണ്ടതായിരുന്നല്ലോ എന്നാണ്‌ പ്രേക്ഷകന്‍ പറയുന്നത്‌.

Comments

Be the first to comment on this News
Post News Feedback
Your Name   
E-mail
Phone Number
 
Type in Malayalam (Press Ctrl+m to change language)
Comment
 

Back
    Rate this news