പൊലീസ് മേധാവിയാകാന്‍ അഞ്ചുപേര്‍
രണ്ടുമാസം കഴിഞ്ഞ് ഒഴിവുവരുന്ന സംസ്ഥാന പൊലീസ് മേധാവിയുടെ തസ്‌തികയില്‍ ആരെ നിയമിക്കണമെന്നത് സര്‍ക്കാരിനെ കുഴയ്‌ക്കുന്നു. തീരുമാനമെടുക്കാന്‍ എളുപ്പമല്ലാത്ത വിധം സമ്മര്‍ദം ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയും നേരിടുകയാണ്. നിലവിലെ പൊലീസ് മേധാവി ജേക്കബ് പുന്നൂസ് ആഗസ്റ്റ് 31ന് സര്‍വീസില്‍ നിന്ന് വിരമിക്കുകയാണ്. പുതുതായി രൂപംകൊടുക്കുന്ന സേവനാവകാശ നിയമ കമ്മീഷന്‍ തലപ്പത്ത് അദ്ദേഹത്തെ നിയമിക്കാന്‍ ആലോചനയുമുണ്ട്. നിയമസഭയുടെ ഈ സമ്മേളനത്തില്‍തന്നെ സേവനാവകാശ ബില്‍ കൊണ്ടുവന്ന് പാസാക്കും. കമ്മീഷന്‍ ഉടന്‍ യാഥാര്‍ത്ഥ്യമാവുകയും ചെയ്യും.
സമുദായം, ബന്ധുക്കളുടെ സ്വാധീനം തുടങ്ങിയതൊക്കെ പൊലീസ് മേധാവിയുടെ തസ്‌തിക ലഭിക്കാനുള്ള സമ്മര്‍ദത്തിന് ഉപയോഗിക്കപ്പെടുന്നതായാണ് സൂചന. കെപിസിസി പ്രസിഡന്റുകൂടി സമ്മര്‍ദത്തിലായിരിക്കുന്നത് ഈ സാഹചര്യത്തിലാണ്. സര്‍വീസില്‍ ഇനി നാലു മാസം മാത്രം ബാക്കിയുള്ള വേണുഗോപാല്‍ ക നായര്‍ക്കു വേണ്ടി എന്‍എസ്‌എസ് സമ്മര്‍ദം ചെലുത്തുന്നുവെന്നാണ് പ്രചരണം. നിലവില്‍ വിജിലന്‍സ് ഡയറക്ടറായ അദ്ദേഹം നേരിട്ട് അത്തരം ശ്രമങ്ങള്‍ നടത്തുന്നതായി സൂചനയില്ല. നായര്‍ സമുദായത്തില്‍ നിന്നൊരു പൊലീസ് മേധാവി വരണമെന്ന് എന്‍എസ്‌എസ് നേതൃത്വത്തിന് ആഗ്രഹമുണ്ടെന്നുമാത്രം. പക്ഷേ, വളരെചെറിയ കാലത്തേയ്‌ക്കു മാത്രമായി, സീനിയോറിറ്റി മറികടന്ന് വേണുഗോപാല്‍ കെ നായരെ നിയമിക്കാന്‍ മുഖ്യമന്ത്രിക്ക് താല്‍പര്യമില്ല.
അതിര്‍ത്തിരക്ഷാ സേനയില്‍ ( ബിഎസ്‌എഫ്) ഡെപ്യൂട്ടേഷനിലുള്ള 1977 ബാച്ച് ഐപിഎസ് ഓഫീസര്‍ അരവിന്ദ് രഞ്‌ജന്‍, കേരള പൊലീസ് അക്കാദമി ഡയറക്ടറും 1976 ബാച്ച് ഐപിഎസുകാരനുമായ കെ ജി പ്രേംശങ്കര്‍, ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറും 1978 ബാച്ച് ഓഫീസറുമായ കെ എസ് ബാലസുബ്രഹ്മണ്യന്‍, അതേ ബാച്ചിലെ ഓഫീസറും കേരള പൊലീസ് ഹൗസിങ് കണ്‍സ്‌ട്രക്ഷന്‍ കോര്‍പറേഷന്‍ എംഡിയുമായ കെ എസ് ജംഗ്‌പാംഗി എന്നിവരുടെ പേരുകളാണ് പൊലീസ് മേധാവി സ്‌ഥാനത്തേക്ക് ഇപ്പോള്‍ ഉയര്‍ന്നുകേള്‍ക്കുന്നത്.
സീനിയോറിറ്റി ലിസ്‌റ്റില്‍ ജേക്കബ് പുന്നൂസിനു തൊട്ടുതാഴെയുള്ള പ്രേശങ്കര്‍, കസ്‌്‌റ്റഡി പീഡനക്കേസില്‍ പ്രതിയായത് അദ്ദേഹത്തിനു വിനയായേക്കും. അദ്ദേഹത്തിന് 2013 വരെ സര്‍വീസുണ്ട്. കേസ് ഇപ്പോള്‍ അപ്പീല്‍ ഘട്ടത്തിലാണുള്ളത്. മുന്‍ ഡിജിപിയും പിന്നീട് ബിഎസ്‌എഫ് ഡയറക്ടര്‍ ജനറലുമായിരുന്ന രമണ്‍ ശ്രീവാസ്‌തവയുടെ അടുത്ത ബന്ധുവാണ് അരവിന്ദ് രഞ്‌ജന്‍. രമണ്‍ ശ്രീവാസ്‌തവയ്‌ക്ക് ഇപ്പോഴത്തെ ഭരണ നേതൃത്വവുമായും നല്ല ബന്ധമാണ്. അതുപയോഗിക്കാന്‍ അരവിന്ദ് രഞ്‌ജന്‍ ശ്രമിക്കുന്നുണ്ടെന്ന് പ്രചരണമുണ്ട്. അദ്ദേഹത്തിനാകട്ടെ 2015 ഏപ്രില്‍ വരെ കാലാവധിയുണ്ടുതാനും. എന്നാല്‍ അടുത്തയിടെ കേന്ദ്ര ഡെപ്യൂട്ടേഷന്‍ കഴിഞ്ഞെത്തിയ ബാലസുബ്രഹ്മണ്യം പരിഗണനാ പട്ടികയില്‍ സജീവമായുണ്ട്. ജംഗ്‌പാംഗിയും സര്‍ക്കാരിന് അനഭിമതനല്ല.
ഇവരില്‍ നിന്നൊരാളെ തെരഞ്ഞെടുക്കുക എന്നത് എളുപ്പമാകാത്ത വിധം സീനിയോറിറ്റിക്കും കാര്യക്ഷമതയ്‌ക്കും അതീതമായ ഘടകങ്ങളുടെ സമ്മര്‍ദമുണ്ട്. എന്നാല്‍ ജേക്കബ ്‌പുന്നൂസ് സ്ഥാനമൊഴിയുമ്പോള്‍ പൊലീസ് സേനയ്‌ക്ക് തര്‍ക്കമില്ലാത്ത പുതിയ മേധാവിയുണ്ടാകുമെന്ന് ആഭ്യന്തര വകുപ്പ് വൃത്തങ്ങള്‍ സ്‌കൂപ്‌ഇന്‍ഡ്യയോടു പറഞ്ഞു. 'എല്ലാക്കാലത്തും ഉന്നത തസ്‌തികകളിലെ നിയമനത്തിന് സീനിയോറിറ്റിക്ക് അപ്പുറത്തുള്ള ഘടകങ്ങള്‍ ചര്‍ച്ചയാകാറുണ്ട്. എന്നാല്‍ ഒടുവില്‍ ശരിയായ തീരുമാനം ഉണ്ടാവുകയാണ് ചെയ്യുന്നത്.'
അതേസമയം, സേവനാവകാശ കമ്മീഷന്‍ മേധാവിയായി ജേക്കബ് പുന്നൂസിനെ നിയമിക്കുന്നതിനെക്കുറിച്ച് സര്‍ക്കാരിലോ മുന്നണിയിലോ കോണ്‍ഗ്രസിലോ രണ്ട് അഭിപ്രായമില്ലെന്നാണു വിവരം.
|
|||
















