ശൗര്യം പണ്ടേപ്പോലെ ഫലിക്കുന്നില്ല
സകലമായ നായന്മാരുടെയും ബ്രാന്‍ഡ് നിശ്ചയിച്ച് മാര്‍ക്കിടുന്ന പെരുന്ന നായര്‍ക്കിതു കഷ്ടകാലമാണോ? അങ്ങനെ മനസിലാക്കേണ്ടിയിരിക്കുന്നു. അദ്ദേഹം പറയുന്നതിനിപ്പോള്‍ പണ്ടത്തെപ്പോലെ വിലയില്ലത്രേ. നായര്‍ സര്‍വീസ് സൊസൈറ്റിയിലും പുറത്തുള്ള സൊസൈറ്റിയിലും. മാത്രമല്ല, ജാതിവാദികളോ വര്‍ഗീയവാദികളോ അല്ലാത്ത കേരളത്തിലെ ബഹുഭൂരിപക്ഷം നായന്മാര്‍ക്ക് പേരുദോഷം ഉണ്ടാക്കിവയ്‌ക്കുന്നതരത്തിലായിപ്പോകുന്നു വാക്കും പ്രവര്‍ത്തിയുമെന്ന ആക്ഷേപവും വന്നുഭവിച്ചിട്ടുണ്ട്. എം ടി വാസുദേവന്‍ നായരെപ്പോലെ, പെരുന്ന നായര്‍ കേട്ടിരിക്കാന്‍ ഇടയില്ലാത്ത ചിലരൊഴികെ, ബാക്കി സകലമാന നായന്മാരുടെയും കാര്യങ്ങള്‍ നോക്കി നടത്തുന്നയാളായി അദ്ദേഹം സ്വയം അവതരിച്ചിരിക്കുമ്പോഴാണ് ഈ ഗതികേട്. മുസ്‌്‌ലിം ലീഗ് ജനറല്‍ സെക്രട്ടറിയായി സാക്ഷാല്‍ ജനറല്‍ സെക്രട്ടറിയും പ്രസിഡന്റും ട്രഷററുമൊക്കെയായ കുഞ്ഞാലിക്കുട്ടി നിയോഗിച്ചിരിക്കുന്ന കെപിഎ മജീദ് സാഹിബ് പോലും മുഖത്തുനോക്കി നല്ല ആട്ട് വച്ചുകൊടുത്തിരിക്കുന്നു എന്നതാണ് ഒടുവിലത്തെ വാര്‍ത്ത. നെയ്യാറ്റിന്‍കരയില്‍ ഒ രാജഗോപാലിനെ ബിജെപി സ്ഥാനാര്‍ത്ഥിയാക്കിയത് എന്‍എസ്‌എസിനോടും കൂടി ആലോചിച്ചാണത്രേ. ആ ആലോചനയില്‍ സിപിഎമ്മിനും പങ്കുണ്ടെന്നുകൂടി മജീദ് പറഞ്ഞു. അതുകേട്ടതോടെ സുകുമാരന്‍ നായര്‍ എന്ന ജനറല്‍ സെക്രട്ടറിക്ക് കലികയറി. ബിപി കൂടി എന്നും പറയാം. ഏതായാലും മജീദ് പരിധിവിടുന്നുവെന്നും അങ്ങേര്‍ക്ക് എന്‍എസ്‌എസിന്റെ ചരിത്രമറിയില്ല എന്നുമാണ് തിരിച്ചടിച്ചത്. ഉം, അറിയാം, അറിയാം നല്ലോണം അറിയാം എന്ന് മജീദും പറഞ്ഞു. എന്നിട്ട് ഊറിച്ചിരിക്കുക കൂടി ചെയ്‌തത്രേ. ഇനിയിപ്പോള്‍ ഊഴം ഇപ്പുറത്താണ്.
നെയ്യാറ്റിന്‍കരയില്‍ ശെല്‍വരാജ് ജയിച്ചത് ഞങ്ങളുടെ ശരിദൂരം കൊണ്ടാണെന്ന് പറഞ്ഞപ്പഴേ തെറ്റി. അയ്യേ എന്ന് മുഖം ചുളിച്ച് ആളുകള്‍ റിമോട്ടില്‍ അമര്‍ത്തി ഞെക്കിയാണ് വെറുപ്പ് തീര്‍ത്തത്. അവിടെ സകല സമുദായ സംഘടനകളും , മന:സാക്ഷി വോട്ട്, ശരിദൂരം, ബുദ്ധിപൂര്‍വമുള്ള വോട്ട് തുടങ്ങിയ ഓമനപ്പേരുകളിട്ട് വഴുവഴാന്ന് കളിച്ചിട്ടും യുഡിഎഫ് വിജയിച്ചു പോയല്ലോ. അതിനു കാരണക്കാരന്‍ ഒഞ്ചിയത്തെ രക്തസാക്ഷി ടി പി ചന്ദ്രശേഖരനും ഇടുക്കിയിലെ വിടുവായന്‍ നേതാവുമാണെന്ന് അറിയാത്തവരാരുമില്ല. എന്നിട്ടാണ് സുകുമാരന്‍ നായര്‍ അവകാശ വാദം ഉന്നയിച്ച് സ്വയം ചെറുതായത്. അതിന്റെ പിന്നാലെ, പി ജെ കുര്യന്‍ സാറിനു രാജ്യസഭാ സീറ്റ് കൊടുത്തതിനെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്‌തു. അപ്പോള്‍ സമുദായക്കാര് ചോദിച്ചു, അല്ല ചേട്ടാ, രാജ്യസഭയിലേക്ക് യുഡിഎഫ് വിടുന്ന രണ്ടുപേരും ക്രിസ്‌ത്യാനികളല്ലേ.
പോട്ടെന്നേ, കുര്യന്‍ സാറും മാണി സാറുമൊക്കെ നമുക്ക് വേണ്ടപ്പെട്ടവരല്ലേ എന്നായിരുന്നു പോലും മറുപടി. അപ്പോള്‍, മണിച്ചേട്ടന് വേണ്ടപ്പെട്ടവരാണെങ്കില്‍ സമുദായം പ്രശ്‌നമല്ല എന്നൊരു പുതിയ പാഠം കൂടിക്കിട്ടി. അതിനു പിന്നാലെയാണ് എന്‍എസ്‌എസ് ബജറ്റ് സമ്മേളനത്തില്‍ സര്‍ക്കാരിനെതിരേ 'ആഞ്ഞടിച്ചത്'. അതിനാണ് മജീദിന്റെ മറുപടിയും തിരിച്ചടിയുമെല്ലാമുണ്ടായത്.
ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണനെ എന്‍എസ്‌എസ് ആസ്ഥാനത്തു കയറ്റാത്തതിനു കാരണം എന്താണെന്ന് ഇപ്പപ്പറയില്ല, പിന്നെയാകട്ടെ എന്നാണ് മറ്റൊരു സസ്‌പെന്‍സ്. കാര്യം തിരുവഞ്ചൂരിനും ചെന്നിത്തലയ്‌ക്കും ഉമ്മന്‍ ചാണ്ടിക്കും അറിയാമത്രേ. ആഭ്യന്തര മന്ത്രിയായശേഷം ചേട്ടനെ ഫോണില്‍ വിളിച്ച തിരുവഞ്ചൂരിനോട് എന്തോ കനത്തു പറഞ്ഞെന്നാണ് കേള്‍വി. ബിപി ഇറങ്ങിയപ്പോള്‍ തിരിച്ചു വിളിച്ചെങ്കിലും തിരുവഞ്ചൂര്‍ മൈന്‍ഡ് ചെയ്‌തില്ല. ഇപ്പോഴും ചെയ്യുന്നില്ല. തിരുവഞ്ചൂര്‍ കൂടി തീരുമാനിച്ചാലല്ലേ അദ്ദേഹം സുകുമാരന്‍ നായരുടെ അതിഥിയായി പെരുന്നയിലെത്തുകയുള്ളു. അതു വേറെ കാര്യം...
|
|||
















