Back
Wednesday, June 20, 2012 | 02:36:58 PM IST
ദാ, ഇതാണ്‌ ജനാധിപത്യം...

ഓഹരി ചോദിച്ചിട്ടു കിട്ടാതെ വന്നപ്പോള്‍ അടിയും വഴക്കുമുണ്ടാക്കി പിടിച്ചുവാങ്ങിപ്പോയവര്‍ക്ക്‌ ഒരുകാലത്തും സമാധാനം കിട്ടാത്ത നാടക കഥപോലെയാണ്‌ നമ്മുടെ അയല്‍ക്കാരുടെ കാര്യം. ബ്രിട്ടീഷുകാരില്‍ നിന്ന്‌ സ്വാതന്ത്ര്യം ലഭിച്ചപ്പോള്‍ മുഹമ്മദലി ജിന്ന പിടിച്ചുവാങ്ങിയ, സംഘ്‌പരിവാരക്കാര്‍ ഉന്തിന്റെ കൂടെയൊരു തള്ളുകൂടിക്കൊടുത്തപ്പോള്‍ വേറെ പൊറുതിക്കാരാവുകയും ചെയ്‌ത പാക്കിസ്ഥാന്റെ കാര്യമാണു പറയുന്നത്‌. സമാധാനം, സന്തോഷം, ഭരണസ്ഥിരത എന്നിവയൊക്കെ അവര്‍ക്ക്‌ സ്വപ്‌നത്തിലെ സ്വര്‍ഗമാണ്‌. ജനാധിപത്യം എന്നാണു പേരെങ്കിലും മറ്റു പലതുമാണ്‌ ആധിപത്യം ചെലുത്തുന്നത്‌. സൈന്യത്തിന്‌ തോന്നുമ്പോള്‍ സൈന്യം, കോടതിക്കു തോന്നുമ്പോള്‍ കോടതി. പ്രസിഡന്റിന്റെ അഴിമതിക്കെതിരേ നടപടിയെടുക്കാത്തതിന്‌ പ്രധാനമന്ത്രിക്കെതിരേ കോടതിയലക്ഷ്യക്കേസ്‌, അതില്‍ പ്രതീകാത്മകമായൊരു ശിക്ഷ, അതിന്റെ പേരില്‍ പ്രധാനമന്ത്രി സ്ഥാനത്തുനിന്ന്‌ പുറത്താക്കല്‍...അയലത്തുനിന്നുള്ള ഏറ്റവും ലേറ്റസ്റ്റ്‌ വിശേഷങ്ങള്‍ ഇതൊക്കെയാണ്‌. പ്രധാനമന്ത്രി യൂസുഫ്‌ റാസാ ഗീലാനിയെ സുപ്രീംകോടതി ചീഫ്‌ ജസ്റ്റിസ്‌ ഇഫ്‌തിഖാര്‍ ചൗധരിയുടെ നേതൃത്വത്തിലുള്ള ഡിവിഷന്‍ ബെഞ്ച്‌ അയോഗ്യനാക്കിയിരിക്കുന്നു. കഴിഞ്ഞ ഏപ്രില്‍ 26 മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ്‌ പുറത്താക്കല്‍. അദ്ദേഹത്തെ അന്നാണ്‌ കോടതി പ്രതീകാത്മകമായി ശിക്ഷിച്ചത്‌. ശിക്ഷിച്ചിരിക്കുന്നു എന്നൊരു ഡയലോഗ്‌ മാത്രമായിരുന്നു ആ ശിക്ഷ. പക്ഷേ, അതിന്റെ പേരില്‍ പ്രധാനമന്ത്രി പദവി ഒഴിയുകയൊന്നും വേണ്ടെന്നാണ്‌ പാര്‍ലമെന്റ്‌ സ്‌പീക്കര്‍ പറഞ്ഞിരുന്നത്‌. എന്നോലിപ്പോള്‍, അന്നു മുതലുള്ള തീരുമാനങ്ങളെക്കൂടി ബാധിക്കുന്ന വിധത്തിലാണ്‌ പ്രധാനമന്ത്രിക്ക്‌ സുപ്രീംകോടതി അയോഗ്യത കല്‍പിച്ചിരിക്കുന്നത്‌. വേണമെങ്കില്‍ അരമണിക്കൂര്‍ നേരത്തേ പുറപ്പെടാമെന്നു പറഞ്ഞ മത്തായിച്ചേട്ടനെ, ഉല്‍സവക്കമ്മറ്റിക്കാരന്‍ പറഞ്ഞ്‌ ഒരുമണിക്കൂര്‍ നേരത്തേ പുറപ്പെടുവിച്ചതുപോലെ. പാക്കിസ്ഥാനിലെ ഏതെങ്കിലും പാവങ്ങള്‍ക്ക്‌ പ്രധാനമന്ത്രിയെന്ന നിലയില്‍ വല്ല ഉപകാരവും ഈ ഒന്നര മാസത്തിനിടയില്‍ ഗീലാനി ചെയ്‌തിട്ടുണ്ടെങ്കില്‍ അതൊക്കെ സ്വാഹ. നമ്മുടെ മുഖ്യമന്ത്രിയെപ്പോലെ പാക്‌ പ്രധാനമന്ത്രി വല്ല ജനസമ്പര്‍ക്ക പരിപാടിയും നടത്തിയിരുന്നോ എന്നറിയാന്‍ അവിടുത്തെ ലോക്കല്‍ പത്രങ്ങള്‍ നോക്കേണ്ടിവരും. അങ്ങനെ വല്ലതും ചെയ്‌തിട്ടുണ്ടെങ്കില്‍, കൊടുത്ത കാശുള്‍പ്പെടെ തിരിച്ചുവാങ്ങി ഖജനാവില്‍ അടച്ചേക്കണം എന്നാണ്‌ സുപ്രീംകോടതി വിധി. കണ്ടുകണ്ടങ്ങിരിക്കും ജനത്തിനെ കണ്ടില്ലെന്നു വരുത്തുന്നതും ഭവാന്‍, മാളിക മുകളേറിയ മന്നന്റെ തോളില്‍ മാറാപ്പു കേറ്റുന്നതും ഭവാന്‍ എന്ന്‌ പണ്ട്‌ പൂന്താനം നമ്പൂതിരി ചൊല്ലിയത്‌ ലീഡര്‍ കരുണാകരന്‌ മരിക്കും വരെ ചൊല്ലാനാണെന്നല്ലേ നമ്മള്‍ വിചാരിച്ചിരുന്നത്‌. അതങ്ങനെയല്ലെന്ന്‌ ഇപ്പോള്‍ മനസിലായി. ദേ, മാളികപ്പുറത്തിരുന്ന മന്നന്‍ മൂക്കുംകുത്തി താഴെക്കിടക്കുന്നു. ഒരു പ്രധാനമന്ത്രി!
ഇനിയിപ്പോള്‍, പീപ്പിള്‍സ്‌ പാര്‍ട്ടി നേതാവ്‌ മഖ്‌ദൂം ഷെഹാബുദീന്‍ ആണ്‌ യുസഫ്‌ റാസ ഗീലാനിയുടെ പിന്‍ഗാമിയാവുക എന്നുകേള്‍ക്കുന്നു. പ്രധാനമന്ത്രി സ്‌ഥാനത്തേക്ക്‌ പാര്‍ട്ടി പരിഗണിക്കുന്ന പേരുകളില്‍ മഖ്‌ദൂം ഷെഹാബുദീന്‍ തന്നെയാണ്‌ മുന്നില്‍. പഞ്ചാബ്‌ പ്രവിശ്യയില്‍ നിന്നുള്ള നേതാവായ മക്‌ദൂം ഗീലാനി മന്ത്രിസഭയില്‍ വിവിധ വകുപ്പുകളുടെ ചുമതല വഹിച്ചിരുന്നു. കെട്ടും ഭാണ്ഡവും മുറുക്കി പ്രധാനമന്ത്രിയാകാന്‍ പോകുന്നതിനു പകരം ചെറിയ ബാഗിലോ മറ്റോ കൊള്ളാവുന്ന വസ്‌ത്രങ്ങളുമൊക്കെ എടുത്താന്‍ മതി മഖ്‌ദൂംജി. മറ്റന്നാള്‍ തിരിച്ചുപോകേണ്ടതല്ലേ.

Comments

Be the first to comment on this News
Post News Feedback
Your Name   
E-mail
Phone Number
 
Type in Malayalam (Press Ctrl+m to change language)
Comment
 

Back
    Rate this news