സീറോ പോലുമാകാതെ ഹീറോ
പുതിയമുഖം എന്ന ചിത്രത്തിനുശേഷം ന്യൂമറോളജി പ്രകാരം ഡിഭന്‍ (DIPHAN) എന്നെഴുതുകയും ഉസ്‌കൂള്‍ വിളിപ്പേര്‍ പ്രകാരം ദീപന്‍ എന്ന് പറയുകയും ചെയ്യുന്ന സംവിധായകന്‍ ഒരുക്കുന്ന ചിത്രമാണ് ഹീറോ. സിനിമക്കുള്ളിലെ സിനിമയാണ് ചിത്രത്തിന്റെ പ്രമേയം. പുതിയമുഖം കണ്ടിട്ടുള്ളവര്‍ ഹീറോ കാണണമെന്നില്ല. അല്ലെങ്കില്‍ അതിലും മോശം ചിത്രം കാണണം എന്നാഗ്രഹിക്കുന്നവര്‍ക്ക് ഇത് കാണുകയും ചെയ്യാം. സിനിമയിലെ സ്റ്റണ്ട് മാസ്റ്ററുടെ അസിസ്റ്റന്റായി ജോലി ചെയ്യുന്ന ആന്റണി എന്ന യുവാവിന്റെ സാഹസികമെന്ന് സംവിധായകന്‍ കരുതുന്നതും പ്രേക്ഷകര്‍ക്ക് അനുഭവപ്പെടാത്തതുമായ ജീവിതമാണ് പ്രമേയം. സ്റ്റണ്ടുകാരന്‍ പയ്യന്‍ സിനിമയില്‍ നായകനായിത്തീരുന്നു എന്ന് ചുരുക്കം. ഹീറോ എന്നോ സീറോ എന്നോ സിനിമ കണ്ടു കഴിഞ്ഞ് സൗകര്യംപോലെ പേര് സ്വീകരിക്കാം.
സിനിമയിലെ അടിപിടി സംവിധായകനായിരുന്നു ധര്‍മ്മരാജന്‍ (തലൈവാസല്‍ വിജയ്). പ്രായമായപ്പോള്‍ സിനിമയില്‍ അവസരം കുറഞ്ഞു. വീടിനടുത്ത് ഒരു പയറ്റ് കളരി തുടങ്ങി തട്ടിമുട്ടി ജീവിച്ചുപോകവേ, മകള്‍ക്ക് (സരയു) ഒരു കല്യാണാലോചന വന്നു. കാര്യങ്ങള്‍ക്ക് പണമില്ലാതെ വിഷമിക്കുന്ന ധര്‍മ്മരാജന്‍സിനിമയിലേക്ക് വീണ്ടും വരുന്നു. തനിക്ക് ഒരുപാട് അവസരം നല്‍കിയ സംവിധായകന്‍ ആദിത്യന്റെ പുതിയ സിനിമയില്‍ സ്റ്റണ്ട് ചെയ്യാന്‍ അവസരം ചോദിക്കുന്നു. എന്നാല്‍ ആ ചിത്രത്തിലെ സ്‌റ്റണ്ട് നടത്തിപ്പുകാരന്‍ ഉദയനായിരുന്നു. ഉദയന്‍ ധര്‍മ്മരാജന്റെ മരുമകനാണ്. എങ്കിലും ചിത്രത്തിലെ ഒരു സ്റ്റണ്ട് ഒരുക്കാനുള്ള അവസരം ധര്‍മ്മരാജനു കൊടുക്കാന്‍ ആദിത്യന്‍ തീരുമാനിച്ചു. എന്നാല്‍ സ്റ്റണ്ട് നടത്തിപ്പിന് സഹായിക്കാന്‍ ഉദയനും മറ്റ് സ്റ്റണ്ട് മാസ്റ്ററുംമാരും തയ്യാറാകുന്നില്ല. അവര്‍ ധര്‍മ്മരാജനെ അപമാനിക്കുകയും ചെയ്യുന്നു. നിസ്സഹായനായ ധര്‍മ്മരാജന്‍ ഭാര്യയുടെയും അളിയന്റെയും നിര്‍ദ്ദേശപ്രകാരം തന്റെ ഒരു പഴയ ശിഷ്യനെ കണ്ടെത്തുന്നു. അവന്‍ താന്‍ ആന്റണി. പക്ഷെ, നായകന്‍ ആന്റണിക്ക് സിനിമ താല്‌പര്യമില്ല. ഗുരുവിന്റെ സങ്കടത്തില്‍ മനംനൊന്ത് ആന്റണി സഹായിക്കാന്‍ തയ്യാറാവുന്നു. ആദിത്യന്റെ സിനിമയിലെ നായകന്‍ ആഭ്യന്തര മന്ത്രിയിടെ മകനാണ് പ്രേം ആനന്ത്. അടിപിടിയും ഡാന്‍സുമൊന്നും പയ്യനത്ര പോര. ഇടിരംഗങ്ങളില്‍ ഡ്യൂപ്പ് വേണമെന്ന് പയ്യന്‍ നേരത്തേ പറഞ്ഞിരുന്നു. എല്ലാവര്‍ക്കും അറിയാവുന്നതുപോലെ ആന്റണി ഡ്യൂപ്പാകുന്നു. സാഹസികമായി അഭിനിയിക്കുന്നു. അങ്ങനെ യവന്‍ ഹീറോ ആകുന്നു. ചിത്രത്തിലെ നായിക ഗൗരിയും നായകന്‍ പ്രേമാനന്ദുമായി കല്യാണം ഉറപ്പിച്ചിരുന്നതാണ്. ഇതിനിടയിലാണ് ആന്റണിയുടെ വരവ്. പ്രേമാനന്ദിന്റെ സ്വഭാവത്തില്‍ അത്ര പിടുത്തമില്ലാതിരുന്ന നായികയ്‌ക്ക് സാഹസികനായ ആന്റണിയെ പിടിച്ചു തുടങ്ങുന്നു. സിനിമയുടെ വിജയത്തിനുശേഷം ആന്‍ണിയെ കാണുന്ന ഗൗരി അവനൊരു സമ്മാനം നല്‍കുന്നു. സ്വാഭാവികമായും ഇതൊന്നും പ്രേമാനന്ദന് പിടിക്കുന്നില്ല. അപ്പോഴതാ വരുന്നു ആദിത്യന്റെ അടുത്ത ആക്ഷന്‍ പടം. നായകന്‍ പ്രേമാനന്ദ്, നായിക ഗൗരി ഡ്യൂപ്പ് ആന്റണി. ആന്റണിയുണ്ടെന്ന് അറിയുന്ന പ്രേമാനന്ദന്‍ പിന്‍മാറുന്നു. പകരക്കാരനില്ലാതെ സിനിമ നിന്നുപോകുന്ന ഘട്ടത്തില്‍ ആന്റണിയെ നായകനാക്കാന്‍ സംവിധായകന്‍ തീരുമാനിക്കുന്നു. ആന്റണി പതിവുപോലെ ഒഴിയാന്‍ ശ്രമിക്കുന്നു. ഒഴിച്ചില്‍ വരുന്നില്ല. അഭിനിയക്കുന്നു. സംഭവം ഗംഭീരമായെന്ന് സംവിധായകനങ്ങ് തീരുമാനിക്കുന്നു. ലവന്‍ നായകനാകുന്നു. പ്രേമാനന്ദനും സംഘവും ആന്റണിയെ തകര്‍ക്കാന്‍ നടക്കുന്നു. അവന്‍ തകരുന്നില്ല. അല്ലെങ്കില്‍ തന്നെ നായകനെ തകര്‍ക്കാന്‍ ആര്‍ക്കാണ് പറ്റുക. നായകന്‍ വിജയിക്കുന്നു. പ്രേക്ഷകര്‍ തകരുന്നു. അങ്ങനെ ഡിഭന്‍ സാറിന്റെ പടം ശുഭമാകുന്നു.
പൃഥ്വിരാജ്, തലൈവാസല്‍ വിജയ്, ബാല, ശ്രീകാന്ത്, കോട്ടയം നസീര്‍, അനൂപ് ചന്ദ്രന്‍, അനൂപ് മേനോന്‍, നന്ദുലാല്‍, ശോഭ മോഹന്‍, സരയൂ, ചാലി പാല, ദിനേശ് പണിക്കര്‍, സുധീര്‍ കരമന....എന്നിങ്ങനെ നിലയ്‌ക്കാത്ത താരനിര. കഥ, തിരക്കഥ, സംഭാഷണം എന്നിവ പടച്ചിരിക്കുന്നത് വിനോദ് ഗുരുവായൂരാണ്. ഛായാഗ്രഹണം ഭരണി കെ ധരന്‍, ഷിബു ചക്രവര്‍ത്തിയും അനില്‍ പനച്ചൂരാനും എഴുതിയ ഗാനങ്ങള്‍ക്ക് ഗോപി സുന്ദര്‍ സംഗീതം നല്‍കിയിരിക്കുന്നു. സെവന്‍ ആര്‍ട്ട്‌സിന്റെ ബാനറില്‍ ജി പി വിജയകുമാറാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
|
|||
















