Back
Friday, June 15, 2012 | 09:36:21 AM IST
തമ്പാന്റെ ആനക്കാര്യം

ശിക്കാറിനുശേഷം എസ്‌ സുരേഷ്‌ ബാബുവിന്റെ രചനയില്‍ എം പത്മകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ്‌ തിരുവമ്പാടി തമ്പാന്‍. ആനയും പൂരവും മേളവും മലയാളിയുടെ ആവേശങ്ങളില്‍ ഒന്നായി മാറിയിട്ടുണ്ട്‌. മുമ്പ്‌ പ്രിയദര്‍ശന്‍ ഓട്ടോക്കാരുടെ കഥ പറഞ്ഞ അതേ വാണിജ്യ തന്ത്രമായിരിക്കണം ആനക്കഥ പറയുന്നതിലൂടെ പത്മകുമാറും ലക്ഷ്യമിട്ടത്‌. ആനപ്രേമികളെ കൂട്ടത്തോടെ തിയേറ്ററില്‍ എത്തിക്കാന്‍ സിനിമക്ക്‌ കഴിഞ്ഞോയെന്ന്‌ നിശ്ചയമില്ല, എന്നാല്‍ സിനിമ കണ്ടു കഴിയുമ്പോള്‍ ഇതിലെന്താണിത്ര ആനക്കാര്യം എന്നു തോന്നിപ്പോകാം. ആന ബിസിനസ്സുകാരനായ തിരുവമ്പാടിമാത്തന്‍ തരകന്റേയും (ജഗതി) മകന്‍ തിരുവമ്പാടി തമ്പാന്റെയും (ജയറാം) ആത്മബന്ധത്തിന്റെ രസകരമായ മുഹുര്‍ത്തങ്ങാണ്‌ സിനിമയുടെ പശ്ചാത്തലം. മധുരയിലെ ശക്തിവേല്‍ എന്ന നാട്ടുപ്രമാണിയുമായുള്ള പ്രതികാരത്തിന്റെ കഥയാണ്‌ സിനിമയുടെ പ്രമേയകേന്ദ്രം. ഈ കഥയ്‌ക്ക്‌ പരഭാഗശോഭ പകരാന്‍ ആനയും പൂരവും തൃശൂര്‍ പട്ടണക്കാഴ്‌ചകളും നിറഞ്ഞുനില്‍ക്കുന്നു.
തൃശൂരിലും പരിസര പ്രദേശങ്ങളിലുമുള്ള പൂരങ്ങള്‍ക്കും പെരുന്നാളുകള്‍ക്കും ആനകളേയും ആനച്ചമയങ്ങളും വാടകയ്‌ക്ക്‌ കൊടുക്കുന്ന ബിസ്സിനസ്സാണ്‌ മാത്തന്‍ തരകന്റേത്‌. മാത്തന്റെ മുഖ്യ സഹായി മകന്‍ തമ്പാനാണ്‌. ഇരുവരും സുഹൃത്തുക്കളേപ്പോലെയാണ്‌. മാത്തന്റെ മറ്റൊരു സഹായിയാണ്‌ നാഥനായ കുഞ്ഞൂഞ്ഞ്‌ (നെടുമുടി). തമ്പാനെക്കൊണ്ട്‌ കല്യാണം കഴിപ്പിക്കാന്‍ വല്യപ്പച്ചനും വീട്ടുകാരും നീക്കം നടത്തുന്നു. എന്നാല്‍ തമ്പാന്‌ അഞ്‌ജലി എന്ന ഹിന്ദു പെണ്‍കുട്ടിയോടാണ്‌ പ്രണയം. വീട്ടുകാരുടെ നിര്‍ബന്ധത്തിന്‌ വഴങ്ങി കുന്നംകുളത്ത്‌ തമ്പാന്‍ പെണ്ണുകാണാന്‍ പോകുന്നു. അതാകട്ടെ അഞ്‌ജലിയുടെ കൂട്ടുകാരിയായിരുന്നു. ഇതറിയുന്ന അഞ്‌ജലി പിണങ്ങുന്നു, പിണക്കം മാറ്റാന്‍ അവളെ രാത്രി വീട്ടില്‍ നിന്നും ഇറക്കിക്കൊണ്ടുവരുന്നു. കാര്യങ്ങള്‍ കൈവിട്ടുപോവുകയും തമ്പാന്‍ അഞ്‌ജലിയെ രജിസ്റ്റര്‍ വിവാഹം കഴിക്കുകയും ചെയ്യുന്നു. ഇതിനിടയില്‍ നഗരത്തിലെ അമ്പലത്തില്‍ ഉല്‍സവമായി. തിടമ്പേറ്റേണ്ട പ്രധാന ആനയെ നല്‍കേണ്ടത്‌ തമ്പാനാണ്‌. എന്നാല്‍ എതിരാളിയായ പരമേശ്വരന്‍ തന്ത്രപരമായ നീക്കത്തിലൂടെ തമ്പാന്‌ ലഭിക്കേണ്ട ആനയെ ഉടമസ്ഥനില്‍ നിന്നും കൈക്കലാക്കുന്നു. ആനയെ ലഭിക്കാന്‍ മറ്റ്‌ മാര്‍ഗ്ഗമില്ലാതെ വന്നപ്പോള്‍ തമ്പാനും കൂട്ടുകാരും സോണ്‍പൂരിലെ ആനമേളയില്‍ നിന്നും ആനയെ വിലക്കുവാങ്ങുന്നു. മദുരവഴിയുള്ള മടക്കയാത്രയില്‍ അവര്‍ക്ക്‌ ഒരു കൊലപാതകത്തിന്‌ സാക്ഷിയാകേണ്ടിവരുന്നു. മധുരയിലെ നാട്ടുപ്രമാണി ശക്തിവേലും സംഘവുമാണ്‌ കൊല നടത്തിയത്‌. മദുരയിലെ ഒരു ദിവസത്തെ താമസത്തിനുശേഷം മടങ്ങേണ്ട അവര്‍ക്ക്‌ മറ്റൊരു അപകടം സംഭവിക്കുന്നു. പുറത്തുപോയ മാത്തന്‍ തരകന്റെ കാര്‍ തട്ടി ശക്തിവേലിന്റെ അനുജന്‍ ശിവ അപകടത്തില്‍പെടുന്നു. വേലുവും സംഘവും ഇവര്‍ക്കെതിരെ തിരിയുന്നു. സംഘര്‍ഷഭരിതവും രസകരവുമായ മുഹുര്‍ത്തങ്ങളിലൂടെയാണ്‌ പിന്നീട്‌ സിനിമ നീങ്ങുന്നത്‌. ജയറാമിന്റെ പതിവ്‌ പ്രകടനത്തിനപ്പുറം ഈ ചിത്രത്തിലും ഒന്നും സംഭവിക്കുന്നില്ല. ബോറടിപ്പിക്കുന്നില്ല എന്നുമാത്രം. ജഗതി തന്നെയാണ്‌ സിനിമയെ മുന്നോട്ട്‌ നയിക്കുന്നത്‌. തമിഴ്‌ വല്ലന്‍മാരുടെ പ്രകടനങ്ങളും ഗംഭീരമായി. തമ്പാന്റെ കൂട്ടുകാരനായി ജയരാജ്‌ വാര്യരും വേക്ഷമിടുന്നു. കൂടാതെ സന്തോഷ്‌, ജനാര്‍ദ്ദനന്‍, സുനില്‍ സുഖദ, കണ്ണൂര്‍ ശ്രീലത, അനില്‍ മുരളി തുടങ്ങിയവരും അഭിനയിക്കുന്നു.
കഥയും തിരക്കഥയും ഒരുക്കിയത്‌ എസ്‌ സുരേഷ്‌ ബാബുവാണ്‌. ഛായാഗ്രഹണം മനോജ്‌ പിള്ള, ഷിബു ചക്രവര്‍ത്തിയുടെ വരികള്‍ക്ക്‌ ഔസേപ്പച്ചന്റെ സംഗീതം. അലക്‌സാണ്ടര്‍ ജോണാണ്‌ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്‌.

Comments

Be the first to comment on this News
Post News Feedback
Your Name   
E-mail
Phone Number
 
Type in Malayalam (Press Ctrl+m to change language)
Comment
 

Back
    Rate this news