Back
Wednesday, June 13, 2012 | 01:18:17 PM IST
യൂറോ കപ്പ്‌: ചെക്‌ ഗ്രീസിനെ ഞെട്ടിച്ചു; റഷ്യയെ പോളണ്ട്‌ പിടിച്ചുകെട്ടി

യൂറോ കപ്പിന്റെ ഗ്രൂപ്പ്‌ എ യിലെ രണ്ടാം റൗണ്ട്‌ മത്‌സരങ്ങളില്‍ ശക്‌തരായ ഗ്രീസിനെ ചെക്‌ റിപ്പബ്ലിക്‌ 2-1 ന്‌ തോല്‍പ്പിച്ചു. ഇതേ ഗ്രൂപ്പിലെ മറ്റൊരു മത്‌സരത്തില്‍ ആദ്യ മത്‌സരത്തില്‍ ചെക്കിനെ 4 - 1 ന്‌ തോല്‍പ്പിച്ചെത്തിയ റഷ്യയെ പോളണ്ട്‌ 1-1 ന്‌ പിടിച്ചുകെട്ടി.
ഗ്രീസിന്‌ മുന്‍തൂക്കമുണ്ടെന്ന്‌ കണക്കാക്കിയിരുന്ന മത്‌സരത്തിന്റെ തുടക്കത്തിലെതന്നെ ചെക്‌ രണ്ട്‌ ഗോളുകള്‍ അടിച്ച്‌ ഗ്രീസിനുമേല്‍ ആധിപത്യം നേടുകയായിരുന്നു. ഈ ജയത്തോടെ ചെക്‌ ക്വാര്‍ട്ടര്‍ ഫൈനല്‍ കാണുന്നതിനുള്ള സാധ്യത നിലനിര്‍ത്തുകയും ചെയ്‌തു. മത്‌സരം തുടങ്ങി മൂന്നാം മിനിറ്റില്‍തന്നെ ഏവരെയും ഞെട്ടിച്ചുകൊണ്ട്‌ ചെക്കിനുവേണ്ടി പീറ്റര്‍ ജിറാസെക്ക്‌ ഗോള്‍ നേടി. മത്‌സരത്തിന്റെ തുടക്കംമുതല്‍ ഇരുടീമും ആക്രമണ ശൈലിയാണ്‌ പുറത്തെടുത്തത്‌. വലിയ പ്രതിരോധത്തിന്‌ മുതിരാതിരുന്ന ഗ്രീസിന്‌ ഇത്‌ വലിയ വിലനല്‍കേണ്ടിയുംവന്നു. എതിരാളിയുടെമേല്‍ ഒന്നിച്ച്‌ ഓടിക്കയറി ആക്രമണം നടത്തുന്ന ചെക്‌ ശൈലിയാണ്‌ ഗ്രീസിനുമേല്‍ അവര്‍ക്ക്‌ നേട്ടം സമ്മാനിച്ചത്‌. ആദ്യഗോള്‍ വീണതിന്റെ ക്ഷീണം മാറുന്നതിനുമുമ്പേതന്നെയാണ്‌ ഗ്രീസ്‌ രണ്ടാം ഗോളും വഴങ്ങിയത്‌. ആറാം മിനിറ്റില്‍ത്തന്നെ ചെക്കിന്റെ രണ്ടാംഗോളും പിറന്നു. അത്‌ വാക്‌ലോവ്‌ പിലാറിലൂടെ. ഇവിടെയും ഗ്രീക്ക്‌ പ്രതിരോധത്തിന്റെയും ഗോള്‍കീപ്പറുടെ പിഴവുകളാണ്‌ കാണാന്‍ കഴിഞ്ഞത്‌. രണ്ട്‌ ഡിഫന്‍ഡര്‍മാര്‍ ചെക്‌ താരത്തെ വളഞ്ഞിട്ടും ഗോളിയെ മറികടന്നെത്തിയ ക്രോസ്‌ സ്വീകരിച്ച്‌ ചെക്‌ താരം പന്ത്‌ വലയ്‌ക്കുള്ളില്‍ കടത്തി. കുറച്ചുകഴിഞ്ഞ്‌ ഒട്ടും ഫോമിലല്ലാതിരുന്ന ഗോളിയെ ഗ്രീസ്‌ മടക്കിവിളിക്കുകയും ചെയ്‌തു. പകരക്കാരനായെത്തിയ രണ്ടാംഗോളി ഗ്രീസിന്റെ വല മികച്ച രീതിയില്‍ കാത്തു. ജിറാസെക്കും കുട്ടരും നടത്തിയ മുന്നേറ്റങ്ങള്‍ സാപികിസ്‌ തടഞ്ഞു.
രണ്ടാം പകുതിയില്‍ കുറച്ചുകൂടി മെച്ചപ്പെട്ട പ്രകടനം നടത്തിയ ഗ്രീസിന്‌ ചെക്കിന്റെ പിഴവില്‍നിന്നാണ്‌ ഒരു ഗോള്‍ നേടാനായത്‌. അതും വളരെ അനായാസമായിത്തന്നെ. ഗ്രീസിന്റെ സമരാസ്‌ പോസ്‌റ്റിലേക്ക്‌ പൊക്കിയടിച്ച പന്ത്‌ പോസ്‌റ്റിനു മുന്നില്‍ കുത്തിയത്‌ സ്വീകരിക്കാനെത്തിയ ഗോള്‍ കീപ്പറും സ്വന്തം കളിക്കാരനും തമ്മില്‍ ആശയക്കുഴപ്പത്തിലായപോള്‍ ഇവരെ കടന്നെത്തിയ പന്തിനെ ഗ്രീസിന്റെ ഗെകാസ്‌ ഒന്ന്‌ മുട്ടിയിടുകമാത്രമാണ്‌ ചെയ്‌തത്‌. പിന്നീടും നിരവധി അവസരങ്ങള്‍ ഇരു ടീമിനും ലഭിച്ചുവെങ്കിലും മത്‌സരഫലത്തെ മാറ്റാനായില്ല. താരതമ്യേനെ ഇരുടീമും ഇടിച്ചിടിച്ചാണ്‌ കളിച്ചത്‌. റഫറിംഗിലെ പിഴവുകളും മഞ്ഞക്കാര്‍ഡ്‌ പൊക്കുന്നതില്‍ കാണാമായിരുന്നു.
രണ്ടാം മത്‌സരത്തില്‍ ആദ്യറൗണ്ടില്‍ ചെക്കിനോട്‌ ജയിച്ചുവന്ന റഷ്യ ശക്‌തരല്ലാത്ത ആതിഥേയരായ പോളണ്ടിനോട്‌ 1-1 ന്‌ സമനില വഴങ്ങുകയായിരുന്നു. ആദ്യ പകുതിയില്‍ അലന്‍ സഗോയേവിന്റെ ഗോളിലൂടെ റഷ്യ മുന്നേറിയെങ്കിലും അന്‍പത്തിയേഴാം മിനിറ്റില്‍ യാക്കൂബ്‌ ബ്ലസ്‌കോവിസ്‌കിയിലൂടെ പോളണ്ട്‌ സമനില പിടിക്കുകയായിരുന്നു. തുടര്‍ന്ന്‌ ഇരു ടീമുകളും ആക്രമിച്ചു കളിച്ചെങ്കിലും ഗോള്‍ നേടാനായില്ല.

 

Comments

Be the first to comment on this News
Post News Feedback
Your Name   
E-mail
Phone Number
 
Type in Malayalam (Press Ctrl+m to change language)
Comment
 

Back
    Rate this news