അതങ്ങു വീട്ടീവന്നു വാങ്ങിച്ചോളാം..
വലിയ വലിയ കാര്യങ്ങള്‍ പറയുന്നതു നല്ലതുതന്നെ. എന്നാലേ ചെറുതെങ്കിലും നടക്കുകയുള്ളല്ലോ. വലിയ സ്വപ്‌നങ്ങള്‍ കാണാന്‍, കിട്ടുന്ന മൈക്കെല്ലാം ഉപയോഗിച്ച് ആഹ്വാനം ചെയ്യുന്ന അബ്ദുല്‍ കലാംജിയെ വീണ്ടുമൊരിക്കല്‍ കൂടി രാഷ്ട്രപതിയാക്കിയാലോ എന്നു പലരും ആലോചിക്കുന്ന കാലവുമാണല്ലോ. അതുകൊണ്ട് കേരളത്തിന്റെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സ്വപ്‌നം കാണുന്നതില്‍ തെറ്റു പറയാനാകില്ല. എന്നാലും ഇതിത്തിരി കടന്ന സ്വപനമായിപ്പോയില്ലേ എന്നാണു സംശയം. പരാതി വാങ്ങിക്കാന്‍ പൊലീസ് വീട്ടില്‍ വരുമത്രേ. ഇനിയിപ്പോ, വീട്ടിലും സ്വസ്ഥമായി ഇരിക്കാന്‍ അനുവദിക്കില്ല എന്നങ്ങു തീരുമാനിച്ചാല്‍ എന്തുചെയ്യാന്‍ പറ്റു? വരാനുള്ളത് വഴിയില്‍ തങ്ങില്ലെന്നാരോ പറഞ്ഞിട്ടുണ്ട്. ചിലപ്പോഴത് ഈ ഉമ്മന്‍ ചാണ്ടി തന്നെ വല്ല പത്രസമ്മേളനത്തിലും പറഞ്ഞതായിരിക്കും. നിയമം നിയമത്തിന്റെ വഴിക്കുപോകും, കേശവദാസപുരം കഴിഞ്ഞാല്‍ പട്ടം, കോട്ടയത്തും വിമാനത്താവളം തുടങ്ങിയ തമാശകള്‍ ഗൗരവത്തില്‍ പറയുന്നയാളാണല്ലോ. പൊലീസ് സ്റ്റേഷനില്‍ പോകാതെ ഫോണില്‍ വിളിച്ച് സ്റ്റേഷനില്‍ പരാതി നല്‌കാന്‍ സൗകര്യമൊരുക്കുമെന്നാണ് ഇന്നലെ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷം ഉദ്‌ഘാടനം ചെയ്‌ത് മുഖ്യമന്ത്രി പറഞ്ഞത്. ആ പറച്ചിലിന്റെ ആവേശം കണ്ടാല്‍തന്നെ അറിയാം. എങ്ങനെങ്കിലുമൊന്ന് ഇത് പറയണമെന്ന് വിചാരിച്ചു മനസില്‍കൊണ്ടു നടക്കുകയായിരുന്നു. നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടു പെരുമാറ്റച്ചട്ടം തലയ്‌ക്കു മുകളില്‍ നിന്നൊന്നു മാറിക്കിട്ടാന്‍ കാത്തിരിക്കുവാരുന്നു. ശ്ശേ, പറഞ്ഞുതീര്‍ന്നപ്പോഴോ. എന്തൊരാശ്വാസം. പക്ഷേ, പാവപ്പെട്ട പെണ്ണുങ്ങളുടേം കുട്ടികളുടേം മനസ്സമാധാനം കെടുത്തിയിട്ടാണ് ഈ ആശ്വാസ നിശ്വാസമെന്ന് ആര് പറഞ്ഞുകൊടുക്കും, കുഞ്ഞൂഞ്ഞിന്? വീട്ടില്‍ പൊലീസിനെ കയറ്റുമത്രേ. പരാതി വിളിച്ച് പറഞ്ഞാല്‍ ലോക്കല്‍ പൊലീസ് സ്റ്റേഷനില്‍നിന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ പരാതിക്കാരന്റെ വീട്ടിലെത്തി പരാതി കൈപ്പറ്റി രസീത് നല്‌കുമെന്നാണ് പ്രഖ്യാപനം. അതായത് പരാതിയെങ്ങാനും പറഞ്ഞുപോയാല്‍ വാദിയെയും പ്രതിയെയും സ്റ്റേഷനില്‍ വിളിച്ചുവരുത്തി രണ്ടുകൂട്ടരെയും ബുദ്ധുമുട്ടിക്കുന്ന പരിപാടി ഇനിയില്ല. ആദ്യം വാദിയെ മാത്രം ബുദ്ധിമുട്ടിക്കും. പിന്നെ സമയംപോലെ പ്രതിയെയും ബുദ്ധിമുട്ടിച്ചേക്കാം. സ്‌ത്രീകള്‍, കുട്ടികള്‍, ആദിവാസികള്‍, വികലാംഗര്‍, മുതിര്‍ന്ന പൗരന്മാര്‍ എന്നിവര്‍ക്ക് ഈ സൗകര്യം പ്രയോജനപ്പെടുത്താമെന്നാണ് പറയുന്നത്. ആണുങ്ങളോട് കളിയില്ല. ഫോണ്‍ നമ്പര്‍ 100ല്‍ വിളിച്ച സമയവും തീയതിയും പരാതി നല്‍കിയ സമയമായി കണക്കാക്കും. എന്നുവച്ചാല്‍ നോക്കിവച്ച് നിനക്കിട്ടു തരുമെന്ന്. പരാതിക്കാരന്‍ സാക്ഷരനല്ലെങ്കില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ പരാതി എഴുതി അവരെ വായിച്ച് കേള്‍പ്പിച്ച് ഒപ്പിടുവിക്കും. അയലത്തെ കൃഷ്‌ണന്‍കുട്ടി ചീത്ത വിളിച്ചെന്നു പരാതി പറഞ്ഞാല്‍ ആ ചീത്ത മുഴുവന്‍ ചേര്‍ത്ത് പരാതി എഴുതുന്നതാണല്ലോ പൊലീസ് സ്റ്റൈല്‍. അതുവായിച്ചുംകൂടി കേള്‍ക്കുന്നതോടെ ഉള്ളമാനവും പമ്പ കടക്കും. തെറിവിളി കേള്‍ക്കാത്ത പിള്ളാരും കൂടി കേട്ടു പഠിക്കുകയും ചെയ്യും. എത്ര മധുര മനോജ്ഞ സുന്ദരം. സ്‌ത്രീകളുടെ സ്വകാര്യത സംരക്ഷിക്കുന്നതിനു ശക്തമായ നിയമനിര്‍മാണം നടത്തുമെന്നൊരു പ്രഖ്യാപനം വേറെയുള്ളതു ഭാഗ്യം. വീട്ടില്‍ വന്ന് പരാതി എഴുതുന്ന പൊലീസുകാരന് ചെറിയൊരു പേടിയൊക്കെ വേണമല്ലോ.
|
|||
















