Back
Monday, June 04, 2012 | 12:38:56 PM IST
പിണറായിയുടെ വീടിനു വീണ്ടുമൊരു പാലുകാച്ചല്‍

സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ വീട്‌ മണിമാളികയാണെന്ന്‌ കുറ്റപ്പെടുത്താനല്ല ജ്ഞാനപീഠം കയറിയ എഴുത്തുകാരി മഹാശ്വേതാ ദേവി അദ്ദേഹത്തിനു തുറന്ന കത്തെഴുതിയത്‌ എന്ന്‌ വ്യക്തം. ടി പി ചന്ദ്രശേഖരന്റെ മരണത്തെത്തുടര്‍ന്നുണ്ടായ പിണറായി വിരുദ്ധ- സിപിഎം വിരുദ്ധ മൂന്നാം ലോകയുദ്ധത്തില്‍ ഭാഗഭാക്കാകാന്‍ ഒരു വാളുമെടുത്തു പാഞ്ഞുവന്നുവെന്നു മാത്രം. പക്ഷേ, മലയാളം വശമില്ലാത്തയാളായതുകൊണ്ട്‌, മലയാളം നന്നായി അറിയാവുന്നവരാരോ പറഞ്ഞുകൊടുത്തത്‌ പിണറായിയുടെ വീടിന്റെ കാര്യംകൂടിയാണ്‌. കത്തെഴുതിയപ്പോള്‍ അതും വെച്ചങ്ങു കാച്ചി. പക്ഷേ, വീടിന്റെകാര്യം പത്രങ്ങളില്‍ തലക്കെട്ടായില്ല. എം എം മണിയാശാന്റെ പുലഭ്യം പറച്ചിലിനും നെയ്യാറ്റിന്‍കര കോലാഹലത്തിനും ഇടയില്‍ ആ കത്തിന്‌ വേണ്ടത്ര പ്രാധാന്യം പോലും കിട്ടിയില്ല എന്നതാണു വാസ്‌തവം. എന്നാലോ, സഖാവ്‌ പിണറായി വിജയന്‍ തിരിച്ചൊരു തുറന്ന കത്ത്‌ അയച്ചപ്പോള്‍ വീടിന്റെ കാര്യമായി തലക്കെട്ട്‌. തന്റെ വീട്‌ മണിമാളികയല്ലെന്നും പഴയ വീട്‌ പുതുക്കിപ്പണിതതാണെന്നും വിശദീകരിച്ച കൂട്ടത്തില്‍ മഹാശ്വേതാ ദേവിയോട്‌, ഇത്രടം വന്നൊന്ന്‌ കണ്ടിട്ടുപൊയ്‌ക്കോളൂ എന്ന്‌ പിണറായി പറഞ്ഞെന്നതു ശരിതന്നെ. ഇന്നലെ ചാനലുകളില്‍ വന്ന ഫ്‌ളാഷ്‌ ന്യൂസും ഇന്ന്‌ പത്രങ്ങളില്‍ വന്ന തലക്കെട്ടും വായിച്ചാല്‍ പിണറായി പുതിയൊരു വീടുകൂടെവെച്ചെന്നു തോന്നിപ്പോകും. ഹോ, വിശാല മനസ്‌കനായ പിണറായി തന്നെ പേനകൊണ്ട്‌ കുത്തിയ മഹാശ്വേതാ ദേവിയെപ്പോലും പാലുകാച്ചലിനു ക്ഷണിച്ചിരിക്കുന്നു. അതല്ല സംഗതിയെന്നു മനസിലാക്കാന്‍ ദേശാഭിമാനി വായിക്കണം. അല്ലാതെ എല്ലാ പത്രത്തിലെയും തലക്കെട്ടിനു താഴേയ്‌ക്കു വായിക്കാനൊക്കെ ആര്‍ക്കു നേരം. ചുമ്മാ മെനക്കേട്‌.
സങ്കടമല്ല; മരണം മുതലെടുക്കാനുള്ള രാഷ്ട്രീയവ്യഗ്രത എന്നാണ്‌ ദേശാഭിമാനിയിലെ തലക്കെട്ട്‌. നേരേവാ നേരേ പോ എന്ന്‌ പറയുന്ന കൂട്ടത്തില്‍ വീട്ടിലേക്ക്‌ ക്ഷണിച്ച കാര്യം ഇടയ്‌ക്കൊന്നു പറഞ്ഞുപോയിട്ടേയുള്ളു.
മരണത്തിലുള്ള സങ്കടമല്ല, മരണം മുതലെടുക്കാനുള്ള രാഷ്ട്രീയ വ്യഗ്രതയാണ്‌ ടി പി ചന്ദ്രശേഖരന്‍വധത്തിന്റെ പേരില്‍ സിപിഎമ്മിനെ അപകീര്‍ത്തിപ്പെടുത്തുന്നവരെ നയിക്കുന്നതെന്നാണ്‌ സെക്രട്ടറി പിണറായി വിജയന്‍ ജ്ഞാനപീഠ ജേതാവിനെ ഓര്‍മിപ്പിച്ചതെന്ന്‌ പാര്‍ട്ടിപത്രം ചൂണ്ടിക്കാട്ടുന്നു.
ചന്ദ്രശേഖരന്‍വധത്തെ സിപിഎം അപലപിച്ചിട്ടുണ്ടെന്നും വ്യക്തിയെ കൊന്ന്‌ വിശ്വാസത്തെ തകര്‍ക്കാമെന്ന മിഥ്യാധാരണ സിപിഐ എമ്മിന്‌ ഇല്ലെന്നും കൂടി പിണറായി പറഞ്ഞിട്ടുണ്ട്‌. ചന്ദ്രശേഖരന്റെ കൊലപാതകം മുന്‍നിര്‍ത്തി അപ്പപ്പോള്‍ വിവരം നല്‍കിക്കൊണ്ടിരിക്കുന്നവര്‍ ഒന്നരമാസം മുമ്പ്‌ കൊലചെയ്യപ്പെട്ട അനീഷിന്റെ ദയനീയാവസ്ഥയിലുള്ള അമ്മ പെങ്ങന്മാരെക്കുറിച്ച്‌ പറയാത്തതെന്തുകൊണ്ടാണെന്ന്‌ മഹാശ്വേതാദേവിയോട്‌ പിണറായി ചോദിച്ചു. അവിടേക്ക്‌ കൂട്ടിക്കൊണ്ടുപോകാത്തതെന്താണ്‌? എല്ലാ ചോരയ്‌ക്കും ഒരേ നിറമാണെന്നും എല്ലാ ജീവനും ഒരേ വിലയാണെന്നും നിങ്ങളെ ചുറ്റിപ്പറ്റി നില്‍ക്കുന്നവരോട്‌ നിങ്ങള്‍ പറയണം...... മതി, മതി ഇനി കത്തെഴുതാന്‍ ഞാനില്ലേ എന്ന്‌ എഴുത്തുകാരി പറഞ്ഞോ എന്നു വ്യക്തമായിട്ടില്ല. രണ്ടു ദിവസത്തിനുള്ളില്‍ അറിയാന്‍ പറ്റും. മലയാളത്തിലുള്ള കത്തിനൊപ്പം ഇംഗ്ലീഷ്‌ പകര്‍പ്പും കൂടി പിണറായി അയച്ചിട്ടുണ്ടാകുമെന്നു പ്രതീക്ഷിക്കാം. അല്ലെങ്കില്‍ ഇംഗ്ലീഷ്‌ പത്രങ്ങളില്‍ വന്ന പരിഭാഷ അവര്‌ കണ്ടുപിടിച്ച്‌ വായിക്കേണ്ടിവരും. ഇതു രണ്ടും സംഭവിച്ചില്ലെങ്കിലൊരു കുഴപ്പമുണ്ട്‌. പിണറായിയുടെ കത്തില്‍ ഇല്ലാത്തതെല്ലാമായിരിക്കും മഹാശ്വേതാ ദേവിക്ക്‌ മലയാളി കൂട്ടുകക്ഷികള്‍ പറഞ്ഞുകൊടുക്കുന്നത്‌. ഉദാഹരണത്തിന്‌, എന്റെ വീട്‌ മണിമാളികയാണെങ്കില്‍ ബംഗാളിലിരിക്കുന്ന കിഴവിക്കെന്താണു പ്രശ്‌നം, മര്യാദയ്‌ക്കാണെങ്കില്‍ മര്യാദയ്‌ക്ക്‌ അല്ലെങ്കില്‍...
അതുകൊണ്ട്‌ കത്തിന്റെയൊരു കോപ്പി ഉടന്‍ ബംഗാളിലേക്ക്‌ അയച്ചുകൊടുക്കുന്നതാണ്‌ നല്ലത്‌. അല്ലെങ്കില്‍ ചിലപ്പോള്‍ വരാന്‍ പോകുന്ന വാര്‍ത്ത അതിഭീകരമായിരിക്കാം. പിണറായിയുടെ കത്ത്‌ വായിച്ചിട്ടില്ലാത്ത ബംഗാളിലെയും ഡല്‍ഹിയിലെയും പത്രക്കാരുടെ അടുത്ത്‌ എഴുത്തുകാരി ഒരു പ്രസ്‌താവന കൊടുക്കുന്നത്‌ ഓര്‍ത്തുനോക്കൂ: തട്ടിക്കളയുമെന്ന്‌ പിണറായിയുടെ ഭീഷണി.
അതുകൊണ്ട്‌, വേഗം ഉണര്‍ന്നു പ്രവര്‍ത്തിക്കൂ, സഖാവേ.

Comments

Jayesh says ..
2012 June Wed : 10:25 am
സുഹൃത്തേ , പിണറായിയുടെ കത്ത് അവര്‍ വായിക്കുകയും ഖേദം പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട് . ഖേദം പ്രകടിപ്പിച്ച വാര്‍ത്ത‍ ഈ മാധ്യമത്തില്‍ എന്താ വരാത്തതെന്ന് ഞാന്‍ ചോദിക്കുന്നില്ല . കാരണം നിങ്ങളുടെയൊക്കെ ഉദ്ദേശം എന്താണെന്നു മലയാളികള്‍ക് മനസ്സിലായി തുടങ്ങി .....

prasanth says ..
2012 June Mon : 3:21 pm
നമ്മുടെ സ്വന്തം മിസ്റ്റര്‍. വീരേന്ദ്രകുമാര്‍ മിക്കവാറും നിങ്ങള്‍ പറയുന്നത് പോലെ തന്നെ ആയിരിക്കും പരിഭാഷ ചെയ്യുന്നത്. ഹി ഈസ്‌ ദി നമ്പര്‍ one useless ഇന്‍ കേരള പൊളിറ്റിക്സ്.

Post News Feedback
Your Name   
E-mail
Phone Number
 
Type in Malayalam (Press Ctrl+m to change language)
Comment
 

Back
    Rate this news