Back
Friday, May 11, 2012 | 11:48:52 AM IST
പിള്ള, പന്ന്യന്‍, തിരുവഞ്ചൂര്‍, പിന്നെ പിണറായിയും

തള്ളേ, പിള്ള എന്നു പറഞ്ഞ്‌ പിള്ളക്കൊച്ചാട്ടനെ കാണുമ്പോഴൊക്കെ ഓടിരക്ഷപ്പെടുന്ന സുരാജ്‌ വെഞ്ഞാറമൂട്‌ കഥാപാത്രം മാടമ്പി എന്ന സിനിമയിലേതാണ്‌. ഇവിടെയൊരു മാടമ്പിപ്പിള്ളയെ കാണാതിരിക്കാന്‍ ഓടി രക്ഷപ്പെടേണ്ടിവരുന്നത്‌ സ്വന്തം വീട്ടിനുള്ളില്‍ നിന്നുതന്നെയാണെങ്കില്‍ പാവം മലയാളി എന്തു ചെയ്യും. ടിവി തുറന്നാല്‍ പിള്ള, പിള്ളയാകട്ടെ വാതുറന്നാല്‍ പറയുന്നത്‌ മകനെക്കുറിച്ചുള്ള പുലഭ്യം. എന്തുചെയ്യും?
ടിവി ഓഫാക്കിവയ്‌ക്കാമെന്നു വച്ചാല്‍ ചന്ദ്രശേഖരന്റെ കൊലപാതകത്തെക്കുറിച്ച്‌ തിരുവഞ്ചൂരും പന്ന്യന്‍ രവീന്ദ്രനും നല്‍കുന്ന ഏറ്റവും പുതിയ വിവരങ്ങള്‍ മിസ്സാകും. വല്ലാത്തൊരു പ്രതിസന്ധിതന്നെ. കരാര്‍പ്രകാരമുള്ള ഒരുകാര്യവും ഒരു മാസമായിട്ടും പാലിക്കാത്ത ഗണേഷന്‌ യുഡിഎഫിലെ ചില ആളുകള്‍ അന്യായമായി പിന്തുണ നല്‍കുന്നുവെന്നാണ്‌ ഏറ്റവും പുതിയ പിള്ളവചനം. പിള്ള മനസില്‍ കള്ളമില്ലാത്തതുകൊണ്ടാകാം, വായില്‍ തോന്നുന്നതൊക്കെ കൊതയ്‌ക്കു പാട്ടായി വെളിപ്പെടുത്തുന്നുണ്ട്‌. മനസിലൊന്നും വെച്ചോണ്ട്‌ പെരുമാറുന്ന ആളല്ല പിള്ളയദ്യം എന്നാണ്‌ അടുപ്പമുള്ളവര്‍ പറയുന്നത്‌. എന്നുവച്ചാല്‍ പറയുന്നതൊന്നും പ്രവര്‍ത്തിക്കണമെന്നു നിര്‍ബന്ധമില്ല എന്നുകൂടി അതിന്‌ അര്‍ത്ഥമുണ്ടാകണമല്ലോ. എന്റെ കൈയിലൊരു വജ്രായുധമുണ്ട്‌, ഞാനതു പ്രയോഗിച്ചുകളയും, എന്റെ കൈയിലൊരു വടിയുണ്ട്‌ ഞാന്‍ നല്ല അടിവച്ചു തരും, എന്റെ കൈയില്‍ ബ്ലേഡുണ്ട്‌ ഞാനൊരു പോറലങ്ങുവച്ചുതന്നാലുണ്ടല്ലോ....ഇങ്ങനൊക്കെയാണ്‌ പിള്ളയുടെ ഡയലോഗുകളുടെ ഒരു നിലവാരം. ഇതൊക്കെ ചുമ്മാ പറയുന്നതാണെന്നും കൂടിവന്നാല്‍ നേരിട്ടു കാണുമ്പോള്‍ മോനേ, കണ്ണാ, ചക്കരേ എന്നൊക്കെ വിളിച്ച്‌ കെട്ടിപ്പിടിക്കാനാണു സാധ്യതയെന്നും ഗണേഷുനന്നായി അറിയുമായിരിക്കും. പിള്ളയുടെ മകനാണല്ലോ ഗണേഷന്‍. ആ ധൃതരാഷ്ട്രാലിംഗനം ഭയന്നായിരിക്കില്ലേ ഈ ഒളിച്ചുകളിയും ഉടക്കും അഡ്‌ഹോക്ക്‌ കമ്മിറ്റിയുണ്ടാക്കലും?
ഏതായാലും പ്രേക്ഷക സമൂഹം ആകെ ഞെട്ടിത്തരിച്ചിരിക്കുകയാണ്‌.രാവിലെ എണീറ്റ്‌, കുളിച്ചൊരുങ്ങി, വടിപോലെ തേച്ചുനിവര്‍ത്തിയ വെള്ള ഖദര്‍ ഷര്‍ട്ടുമിട്ട്‌ ആര്‍ ബാലകൃഷ്‌ണ പിള്ള അവതരിക്കുമ്പോള്‍തന്നെ റിമോട്ടിനെ അഭയം പ്രാപിക്കുകയാണേ്രത അവര്‍. പക്ഷ, ചാനല്‍ മാറ്റിമാറ്റിപ്പോകുമ്പോള്‍ ആ സുന്ദരഗാത്രം വേറെ എവിടെയെങ്കിലും വീണ്ടും കാണേണ്ടിവരുന്നു, ഡയലോഗ്‌ കേള്‍ക്കേണ്ടിവരുന്നു എന്നതാണു ധര്‍മസങ്കടം.
സമീപകാലത്തുതന്നെ പ്രേക്ഷക മനസിലെ ആ ലിസ്റ്റിലേക്ക്‌ സഖാവ്‌ പിണറായി, സഖാവ്‌ പന്ന്യന്‍ രവീന്ദ്രന്‍, മന്ത്രി തിരുവഞ്ചൂര്‍ജി എന്നിവരും പേരു ചേര്‍ക്കാനിടയുണ്ടെന്നാണ്‌ സര്‍വേ റിപ്പോര്‍ട്ടുകള്‍. കുലംകുത്തി, കുലംകുത്തി എന്നു പറഞ്ഞോണ്ടുനടക്കുന്ന പിണറായിയെ റിമോട്ടില്‍ കുത്തി മാറ്റാന്‍ ഒരു നിമിഷം തികച്ചുവേണ്ട. പന്ന്യനാകട്ടെ, ചാന്തുപൊട്ട്‌ ലൈനിലാണ്‌ ശരീരഭാഷ. മുടിയാണേ്രത അദ്ദേഹത്തിന്റെ ദൗര്‍ബല്യം. അസിസ്റ്റന്റ്‌ സെക്രട്ടറിയായിരുന്നപ്പോള്‍ ചുമ്മാ ചിരിമാത്രമേയുള്ളായിരുന്നു. ഇപ്പോള്‍ സ്ഥിരം ഡയലോഗാണ്‌. പിണറായിയോ കോടിയേരിയോ മറ്റോ ഒന്ന്‌ പേരെടുത്തു പറഞ്ഞ്‌ നാലു തെറി വിളിച്ചാലും നല്ല പബ്ലിസിറ്റിയാകുമല്ലോ എന്നാണു ചിന്ത. പക്ഷേ, അവര്‌ പേരു പറയാതെയാണു തെറിവിളിക്കുന്നത്‌. അതുകൊണ്ടാര്‍ക്കെന്തു ഗുണം. മുന്നണിയിലെ മുഖ്യകക്ഷിയായിട്ടെന്താ ജീവിക്കാനും പേരെടുക്കാനും സമ്മതിക്കില്ലെന്നുവന്നാലോ. തിരുവഞ്ചൂര്‍ജി സ്‌റ്റൈല്‍മന്നനാണ്‌. നിയമസഭയിലോ പുറത്തോ അദ്ദേഹത്തിന്റെ പ്രസംഗം കണ്ടിട്ടുള്ളവര്‍ക്ക്‌ അതറിയാം. ദോശ മറിച്ചിടുന്ന സ്‌റ്റൈലിലാണു കരചലനം. കല്ലില്‍ പിടിക്കാതെ ചുരണ്ടി ചുരണ്ടി ചുരണ്ടി ഒറ്റ മറിച്ചിടല്‍. അതുമാത്രമല്ല കാര്യം. തമാശയൊക്കെ പറഞ്ഞുകളയും. ടി പി ചന്ദ്രശേഖരനെ കൊന്നത്‌ അതിര്‍ത്തിത്തര്‍ക്കത്തിലോ മറ്റോ ആണോ എന്നാണ്‌ ഇന്നലത്തെ തമാശച്ചോദ്യം. ഡിജിപിയെ ഉദ്ദേശിച്ചാണുചോദ്യം. രാഷ്ട്രീയ കൊലയല്ലെന്നു പറഞ്ഞത്‌ ഡിജിപിയാണല്ലോ. പക്ഷേ, പൊലീസ്‌ ഹെഡ്‌ ക്വാര്‍ട്ടേഴ്‌സില്‍ വിളിച്ചപ്പോള്‍ ഡിജിപിയില്ല. കോഴിക്കോട്ടു നിന്ന്‌ കണ്ണൂരിലേയ്‌ക്കാണു പോയത്‌. മൊബൈലില്‍ വിളിച്ചപ്പോള്‍ സ്വിച്ചോഫ്‌. ഹാവൂ, രക്ഷപ്പെട്ടു. ഇനി പത്രക്കാരോടു പറഞ്ഞുകളയാം എന്നങ്ങു തീരുമാനിച്ചു.
ഈ പത്രക്കാരുടെയൊരു കാര്യം. ഞാനെന്തു പറയുന്നൂന്ന്‌ നോക്കി നടക്കുവാ അവമ്മാര്‌...( ഈ വചനം പിള്ളയ്‌ക്കും പന്ന്യനും പിണറായിക്കും യോജിക്കും).

Comments

Be the first to comment on this News
Post News Feedback
Your Name   
E-mail
Phone Number
 
Type in Malayalam (Press Ctrl+m to change language)
Comment
 

Back
    Rate this news