Back
Tuesday, May 08, 2012 | 10:07:06 AM IST
ഡയമണ്ട്‌ നെക്‌‌ലൈസ്‌: ഒരു പ്രണയ കഥ

മലയാള സിനിമയിലിത്‌ മാറ്റത്തിന്റെ കാലമാണ്‌. പ്രമേയത്തിലും ആവിഷ്‌കാരത്തിലും പുതുവഴികള്‍ തേടുകയും വിജയിക്കുകയും ചെയ്യുന്ന കാലം. പുതിയ കാലത്തിന്റെ ദൃശ്യബോധത്തോട്‌ ചേര്‍ന്നു നില്‍ക്കുന്ന ചിത്രമാണ്‌ ലാല്‍ ജോസിന്റെ ഡയമണ്ട്‌ നെക്‌്‌ലൈസ്‌. ഒരു സ്ഥിരതയും അവകാശപ്പെടാന്‍ കഴിയാത്ത സംവിധായകനാണ്‌ ലാല്‍ ജോസ്‌. എന്താണ്‌ ലാല്‍ ജോസിനന്റെ ചലച്ചിത്ര വഴി എന്ന ചോദ്യത്തിന്‌ ഒറ്റവാക്കില്‍ ഉത്തരമില്ല. അത്‌ ക്ലാസ്‌ മേറ്റ്‌സാകാം, അച്ഛനുറങ്ങാത്ത വീടാകം, മീശമാധവനാകാം, നീലത്താമരയാകാം, എല്‍മ്മ എന്ന ആണ്‍കുട്ടിയും സ്‌പാനിഷ്‌ മാസാലയും വരെ ഏതറ്റം വരേയും അത്‌ താഴുകയും ഉയരുകയും ചെയ്യാം. കൈയ്യില്‍ കിട്ടുന്ന തിരക്കഥയുടെ വഴിയേ സഞ്ചരിക്കുന്ന സംവിധായകന്‍ എന്ന ചുരുക്കത്തില്‍ പറയാം. അങ്ങനെ വന്നു ചേര്‍ന്ന തിരക്കഥയാണ്‌ ഡോ ഇക്‌ബാല്‍ കുറ്റിപ്പുറം എഴുതിയ ഡയമണ്ട്‌ നെക്‌്‌ലൈസ്‌.
ഒരു സാധാരണ പ്രണയ കഥയാണ്‌ ഡയമണ്ട്‌ നെക്‌്‌ലൈസ്‌. ദുബായില്‍ ഡോക്ടറായി ജോലി നോക്കുന്ന അരുണാണ്‌ നായകന്‍. ജീവിതം ആഘോഷിച്ചു തീര്‍ക്കുന്ന അരുണ്‍ ലോകത്തിലെ ഏറ്റവും ഉയരംകൂടിയ കെട്ടിടമായ ബുര്‍ജ്ജ്‌ ഖലീഫയില്‍ ഒരു സുഹൃത്തിന്റെ ഫ്‌ലാറ്റിലാണ്‌ താമസം. ഉള്ളതില്‍ കൂടുതല്‍ ചെലവാക്കി ക്രഡിറ്റ്‌ കാര്‍ഡുകളും ലോണുകളുമായി അലക്ഷ്യമായി ജീവിക്കുന്ന ചെറുപ്പക്കാരന്‍. അയാള്‍ജോലി ചെയ്യുന്ന ആശുപത്രിയില്‍ നഴ്‌സായെത്തുന്ന ലക്ഷ്‌മി എന്ന തമിഴ്‌ പെണ്‍കുട്ടിയുമായി അയാള്‍ പ്രണയത്തിലാകുന്നു. ഡോക്ടറാകാന്‍ മോഹിച്ച്‌ നഴ്‌സായവളാണ്‌ ലക്ഷ്‌മി. നാട്ടില്‍ അവളുടെ ഗ്രാമത്തില്‍ ആശുപത്രികെട്ടാനാണ്‌ അമ്മ അവളെ ദുബായില്‍ അയച്ചിരിക്കുന്നത്‌. ചികിത്സ കിട്ടാതെ മരിച്ച അച്ഛന്റെ ഗതി ഇനി ആ ഗ്രാമക്കാര്‍ക്കുണ്ടാവരുതെന്ന നിര്‍ബന്ധമാണ്‌ അമ്മയെ ആശുപത്രി നിര്‍മ്മാണത്തില്‍ എത്തിച്ചത്‌. പ്രണയം മനസ്സിനെയും ശരീരത്തെയും കീഴടക്കി ആഘോഷഭരിതമായി നീങ്ങുമ്പോഴാണ്‌ നാട്ടില്‍ നിന്നും അമ്മക്കു സുഖമില്ല എന്ന വിവരവുമായി വേണു എത്തുന്നത്‌. നാട്ടുകാരനും സഹായിയുമായ വേണുവിന്റെ നിര്‍ബന്ധപ്രകാരം മൂന്ന്‌ വര്‍ഷത്തിനുശേഷം ഡോ അരുണ്‍ നാട്ടിലേക്ക്‌ പുറപ്പെടുന്നു. ബാങ്ക്‌ ലോണ്‍ കുടിശിഖ അയാളുടെ യാത്ര തടയുന്നുണ്ട്‌. എന്നാല്‍ നാട്ടുകാരനായ നാരായണന്‍ ഇടപെട്ട്‌ അത്‌ ശരിയാക്കുന്നു. അങ്ങനെ നായകന്‍ നാട്ടിലെത്തുന്നു. വള്ളുവനാട്‌ തന്നെയാണ്‌ ഈ നാട്‌. നാട്ടിലെത്തുന്ന അരുണിനെ അമ്മ നിര്‍ബന്ധിച്ച്‌ വിവാഹം കഴിപ്പിക്കുന്നു. യാത്ര ഉപരോധം നീക്കി കൊടുത്ത നാരായണന്റെ മരുമകളെയാണ്‌ അരുണ്‍ വിവാഹം കഴിക്കുന്നത്‌. അമ്മയുടെ നിര്‍ബന്ധത്തെ മറികടക്കാനാകാതെ രാജശ്രീ എന്ന നാട്ടുംപുറത്തുകാരിയെ അയാള്‍ വിവാഹം കഴിച്ചു. ലക്ഷ്‌മിയോടുള്ള പ്രണയം വീട്ടില്‍ പറയാന്‍ അയാള്‍ക്ക്‌ കഴിഞ്ഞില്ല. ഭാര്യവീട്ടുകാര്‍ സമ്പന്നരാണെന്നും തന്റെ കടങ്ങള്‍ വീടുമെന്നും സ്വപ്‌നം കാണുന്ന നായകന്‌ പക്ഷെ, നിരാശമാത്രമായിരുന്നു ഫലം. ദുബായില്‍ തിരിച്ചെത്തുന്ന നായകന്‌ ലക്ഷ്‌മിയില്‍ നിന്നും അകലേണ്ടിവരുന്നു. ആശുപത്രിയിലെ സീനിയര്‍ ഡോക്ടറായ അക്ക എന്ന്‌ എല്ലാവരും വിളിക്കുന്ന രോഹിണിയുടെ കഥാപാത്രത്തിന്റെ ബന്ധുവാണ്‌ മായ ഫ്രാന്‍സില്‍ ഇംഗ്ലിണ്ടില്‍ ജനിച്ച്‌ ഫ്രാന്‍സില്‍ ജീവിച്ച്‌ ഫാഷന്‍ ടെക്‌നോളജി പഠിച്ച്‌ സ്വന്തമായി ദുബായില്‍ സ്ഥാപനം തുടങ്ങാന്‍ ആഗ്രഹിക്കുന്ന മായയ്‌ക്ക്‌ ക്യാന്‍സറാണ്‌. രോഗത്തിന്റെ വിഷമത്തിനിടയില്‍ അവളെ വിവാഹം കഴിക്കാമെന്നേറ്റിരുന്ന ഫ്രാന്‍സുകാരന്‍ മലയാളി പയ്യന്‍ കാലുമാറുന്നു. അതോടെ മായ മാനസികമായി തകരുന്നു. അവളെ ഉല്ലാസവതിയാക്കാന്‍ അരുണിനെയാണ്‌ അക്ക ചുമതലപ്പെടുത്തുന്നത്‌. ആ ഉല്ലാസം പ്രണയത്തിലേക്കും രതിയിലേക്കും ചെന്നെത്തുന്നു. ഇതിനിടയില്‍ ഈ ബന്ധം മനസ്സിലാക്കുന്ന അക്ക നാട്ടില്‍ നിന്നും രാജശ്രീയെ വരുത്താനും സ്വന്തമായി ഫ്‌ലാറ്റെടുത്ത്‌ താമസിക്കാനും അരുണിനെ നിര്‍ബന്ധിക്കുന്നു. അങ്ങനെ രാജശ്രീ ദുബായിലെത്തുന്നു. ഭാര്യാഭര്‍ത്താക്കന്‍മാരെ യാദൃചികമായി കാണുന്ന മായ മാനസികമായി വീണ്ടും തകരുകയും രോഗം മൂര്‍ഛിക്കുകയും ചെയ്യുന്നു. മരണക്കിടക്കയിലായ അവളുടെ ബാഗില്‍ നിന്നും അപൂര്‍വ്വമായ ഡയമണ്ട്‌ നെക്ലൈസ്‌ എടുത്തുമാറ്റി. പകരും ഡ്യൂപ്ലിക്കേറ്റ്‌ വച്ച്‌ ഒരു താല്‍ക്കാലിക തിരിമറി നടത്താന്‍ ആശുപത്രിയിലെത്തുന്ന അരുണ്‍. മയക്കുമരുന്ന്‌ നല്‍കിയിട്ടും ഉറങ്ങാന്‍ കഴിയാതെ പോകുന്ന അവള്‍ക്ക്‌ വീണ്ടും മരുന്ന്‌ നല്‍കുന്നു. ഡയമണ്ട്‌ നെക്ലേസുമായി പോകുന്നു. മായയുടെ രോഗം മൂര്‍ഛിക്കുന്നു. ഓവര്‍ഡോസ്‌ മരുന്ന്‌ നല്‍കിയതിന്‌ ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്‌സ്‌ ലക്ഷ്‌മിയെ പുറത്താക്കുന്നു. രോഗാവസ്ഥ മറികടക്കുന്ന മായ ആശുപത്രിവിട്ട്‌ ദേശാടനത്തിന്‌ പോകുന്നു. പോകുംമുമ്പ്‌ ഒരു സമ്മാനം അക്കയെ ഏല്‍പ്പിക്കുന്നു അരുണിന്‌ നല്‍കാന്‍. അത്‌ ഡയമണ്ട്‌ നെക്ലേസായിരുന്നു. താന്‍ വച്ച്‌ ഡ്യൂപ്ലിക്കേറ്റ്‌ നെക്ലേസ്‌ തന്റെ കൈയ്യില്‍ സമ്മാനമായി വന്നു ചേരുന്നതോടെ അയാളുടെ കുറ്റബോധം ഇരട്ടിക്കുന്നു. നാട്ടിലേക്ക്‌ പുറപ്പെടാന്‍ നിന്ന ലക്ഷ്‌മിയെ ആയാള്‍ കാണാന്‍ ചെല്ലുന്നു. അവളുടെ ബാഗില്‍ യഥാര്‍ഥ നെക്ലേസ്‌ വയ്‌ക്കുന്നു. എയര്‍പോര്‍ട്ടില്‍ എത്തിയ ലക്ഷ്‌മി ബാഗില്‍ നെക്ലേസ്‌ കണ്ട്‌ അരുണിനെ വിളിക്കുന്നു. അത്‌ നിനക്കുള്ളതാണെന്നും നാട്ടിലെ ആശുപത്രി എന്ന വലിയ ലക്ഷ്യത്തിന്‌ അതുപകരിക്കുമെന്നും പറയുന്നു. തിരിച്ചെത്തി. അന്നോളം പുച്ഛത്തോടെ മാത്രം കണ്ടിരുന്ന ഭാര്യയുടെ യഥാര്‍ത്ഥ സ്‌നേഹം മനസ്സിലാക്കുന്നിടത്ത്‌ സിനിമ അവസാനിക്കുന്നു. ആദ്യവസാനം രസിച്ചും പ്രണയ നഷ്ടങ്ങളില്‍ വേദനിച്ചും കണ്ടിരിക്കാവുന്ന ചിത്രമാണ്‌ ഡയമണ്ട്‌ നെക്‌്‌ലൈസ്‌.
കുഴപ്പങ്ങളില്ല എന്നല്ല. ദുബായില്‍ അടിച്ചുപൊളിച്ച്‌ ജീവിക്കുന്ന അരുണ്‍ എന്ന ഡോക്ടറു പയ്യന്‍ അമ്മയുടെ മുന്നില്‍ വിനീതനായി നിന്ന്‌ ഇഷ്ടമില്ലാത്ത കല്യാണം കഴിക്കുന്നതൊക്കെ, അറുപഴഞ്ചന്‍ ഏര്‍പ്പാടായി പോയി. കല്യാണം കഴിഞ്ഞതറിയാതെ അരുണിനെ പ്രണയിച്ചതിലും ഇണചേര്‍ന്നതിലും അഗാധമായി വ്യസനിക്കുന്ന മായ കുറച്ചു കടന്ന കൈയ്യായി പോയി. കാരണം ഇംഗ്ലണ്ടില്‍ ജനിച്ച്‌ അമേരിക്കയില്‍ വളര്‍ന്ന്‌ ഫ്രാന്‍സി ജീവിച്ച ദുബായില്‍ ബിസ്സിനസ്സ്‌ ചെയ്യാന്‍ വന്ന പെങ്കൊച്ചിന്റെ കുറ്റബോധം, തൊട്ടുമുമ്പ്‌ ഇറങ്ങിയ 22 ഫീമെയിലിന്‌ മുമ്പായിരുന്നെങ്കില്‍ സഹിക്കാമായിരുന്നു. അയാം നോട്ട്‌ എ വെര്‍ജിന്‍ എന്ന കാമുകനോട്‌ പറയുന്ന ടെസ്സ. ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഒരു മതിലുചാട്ടം അതില്‍ കന്യകാത്വം അടിച്ചുപോയി എന്ന്‌ മലയാളിയുടെ സ്യൂഡോ പാതിവ്രത്യത്തെ ആക്രമിച്ചു കളയുന്നുണ്ട്‌. അതിനൊക്കെ ശേഷവും ഈ കുറ്റബോധം ആവശ്യമുണ്ടോ? എന്നൊരു സംശയം. കഥയുടെ സൂക്ഷ്‌മതലത്തിലേക്കിറങ്ങിയാല്‍ സാധനം പൈങ്കിളി തന്നെ. എന്നാല്‍ പുതു കാലത്തിന്റെ ദൃശ്യബോധത്തെ തൃപ്‌തിപ്പെടുത്തുംവിധം ബോറടിപ്പിക്കാതെ ചിത്രം ഒരുക്കാന്‍ ലാല്‍ ജോസിന്‌ കഴിഞ്ഞിട്ടുണ്ട്‌. ഫഹദ്‌ ഫാസിലാണ്‌ നായകന്‍ അരുണിനെ അവതരിപ്പിക്കുന്നത്‌. സംവൃത മയയായും ഗൗതമി നായര്‍ ലക്ഷ്‌മിയായും അനുശ്രീ രാജശ്രീയായും വേഷമിടുന്നു. കൂടാതെ രോഹിണി, ശ്രീനിവാസന്‍, മിഥുന്‍ രമേശ്‌, മൊയ്‌തീന്‍ കോയ, മണിയന്‍ പിള്ള രാജു. തെസ്‌നി ഖാന്‍ തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്‌. ഛായാഗ്രഹണം സമീര്‍ താഹിര്‍. റഫീഖ്‌ അഹമ്മദിന്റെ ഗാനങ്ങള്‍ക്ക്‌ വിദ്യാസാഗറിന്റെ സംഗീതം. എല്‍ ജെ ഫിലിംസിന്റെ ബാനറില്‍ ലാല്‍ ജോസ്‌ തന്നെയാണ്‌ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്‌.

Comments

Dilshad says ..
2012 May Mon : 2:06 pm
കഥ മൊത്തം പറയണ്ടായിരുന്നു.. ഇനി കാണാന്‍ ഒരു മൂഡ്‌ ഉണ്ടാവില്ല...സിനിമ കാണണം എന്ന് ആഗ്രഹിക്കുന്നവരെ അതില്‍ നിന്നും മുടക്കണേ ഇത്തരം ലേഖനം സഹായിക്കു..

rahulvasavam says ..
2012 May Tue : 7:15 pm
eth vayichall film kanandallloooo.... full story paranjekkallee laljose kanathirikatteee......

Post News Feedback
Your Name   
E-mail
Phone Number
 
Type in Malayalam (Press Ctrl+m to change language)
Comment
 

Back
    Rate this news