22 ഫീമെയില്‍ കോട്ടയം മികച്ച സിനിമ
സമകാലിക സംഭവങ്ങളോട് പ്രതികരിക്കുക എന്നാല്‍ മലയാള സിനിമയെ സംബന്ധിച്ച് നായകന്റെ നെടുനീളന്‍ പ്രസംഗം എന്നാണര്‍ത്ഥം. എല്ലാ സാമൂഹ്യ പ്രശ്‌നങ്ങളെയും വിമര്‍ശിച്ച് ചീത്തവിളിച്ച് തോക്കെടുത്ത് ദൂരെ എറിഞ്ഞ് വില്ലന്‍മാരെ ഇടിച്ച് ചമ്മന്തിയാക്കുന്നിടത്ത് സിനിമ അവസാനിക്കും. ആര്‍ക്കും തകര്‍ക്കാനാവാത്ത നായകന്റെ കരുത്തും ആണത്തവും സ്‌ക്രീനില്‍ വിജ്രിംഭിച്ചു നില്‍ക്കുമ്പോള്‍ സവിശേഷമായൊരാനന്തത്താല്‍ പ്രജോദിതമായ ജനക്കൂട്ടം(ആണ്‍കൂട്ടം) നെഞ്ചും വിരിച്ച് നായകന്റെ ഭാവഹാവാദികളെ ശരീരത്തില്‍ ആവാഹിച്ച് ബസ് സ്‌റ്റോപ്പിലേക്കോ കോഫീ/ ബാറുകളിലോക്കോ ആഞ്ഞുനടക്കുന്നിടത്താണ് സിനിമയുടെ പരിണാമഗുപ്തി. പുതുമലയാള സിനിമ നായകന്റെ ആറിഞ്ചു ആണത്തത്തെ ശസ്ത്രക്രിയ നടത്തി നീക്കം ചെയ്യുന്നു. ബസ്റ്റോപ്പിലും കോഫിബാറിലും പെണ്‍/ ആണ്‍ക്കൂട്ടങ്ങളിലും ആണത്തം മുറിഞ്ഞതിന്റെ വേദനയും ചുട്ടുനീറുന്ന നീറ്റലുമായി പുരുഷന്‍മാര്‍ പുളഞ്ഞുനിനില്‍ക്കുന്നു. 22 ഫീമെയില്‍ കോട്ടയം കണ്ടിറങ്ങുമ്പോള്‍ ഇതാണ് അനുഭവം. തിയേറ്ററില്‍ തൊണ്ണൂറ് ശതമാനവും സ്ത്രീകളായിരുന്നു. ഏകദേശം 35ല്‍ താഴെയുള്ള യുവതികള്‍. ഒറ്റക്കും കൂട്ടായും അവര്‍ സിനിമ കാണാന്‍ വന്നു. പുരുഷന്‍മാരുടെയും കുടുംബം എന്ന കവചത്തിനുള്ളില്‍ സ്ത്രീകളുടെയും വിനോദ സ്ഥലം ആയിരുന്ന തീയേറ്ററിലേക്ക് പെണ്ണുങ്ങള്‍ കൂട്ടമായെത്തി എന്നതും ഈ സിനിമയുടെ വിജയമാണ്. പരിമിതികളും വിമര്‍ശനങ്ങളും ഇല്ലെന്നല്ല, പെണ്‍കൂട്ടത്തെ സിനിമയിലേക്ക് ആകര്‍ഷിക്കാന്‍ കഴിഞ്ഞു എന്നതാണ് ആഷിഖ് അബു സംവിധാനം ചെയ്ത 22 ഫീമെയില്‍ കോട്ടയം എന്ന ചിത്രത്തിന്റെ വിജയം.
വളരെ ചെറിയ ഒരു പ്രമേയ കേന്ദ്രത്തെയാണ് ചിത്രം വികസിപ്പിക്കുന്നത്. ബാംഗ്ലൂരില്‍ ജോലി ചെയ്യുന്ന ടെസ്സ കെ എബ്രഹാം എന്ന നഴ്‌സ്. വിദേശത്ത് പോവുക എന്നതാണ് മറ്റ് പലരേയും പോലെ അവളും ആഗ്രഹിക്കുന്നത്. അതിനായി അവള്‍ ഒരു ഏജന്‍സിയെ സമീപിക്കുന്നു. സിറില്‍ എന്ന യുവാവാണ് കണ്‍സള്‍ട്ടന്റ്. അവരുടെ പരിചയം പ്രണയമായി വളരുന്നു. മറ്റ് പല പുരുഷന്‍മാരേയും പോലെ പ്രണയം നടിക്കുകയും ഉപയോഗിക്കുകയും കാഴ്ചവയ്ക്കുകയും ചതിച്ച് കടന്നുകളയുകയും ചെയ്യുകയാണ് സിറില്‍. തീക്ഷ്ണമായ ജീവിതാനുഭവങ്ങളിലൂടെ കടന്നുപോകുമ്പോള്‍, ഇനി ഒന്നും നഷ്ടപ്പെടാനില്ലെന്ന തോന്നല്‍ വരുമ്പോള്‍ ഒരു പെണ്ണിന് വന്നുചേരുന്ന അപാരമായ ധൈര്യത്തിന്റെ ആവിഷ്‌കാരമായി സിനിമ മാറുന്നു. ആ ധൈര്യത്തിലേക്ക് അവളെ കെട്ടഴിച്ചു വിട്ടതും ഇന്നോളം അവളെ പൂട്ടിക്കെട്ടി കൂട്ടിലടച്ച് വിധേയത്വത്തില്‍ ജീവിപ്പിച്ച് പാകപ്പെടുത്തിയ പുരുഷന്‍ തന്നെയാണെന്നുവരുന്നു. ഒന്നല്ല രണ്ട് തവണയാണ് ടെസ്സ ക്രൂരമായി ബല്‍സംഗം ചെയ്യപ്പെട്ടത്. ഒന്നാമത്തേത് യാദൃഛികമായി പീഡനമായിരുന്നുവെന്ന് തോന്നും പക്ഷെ, രണ്ടാമത്തെ ആക്രമണത്തിന്റെ ഘട്ടത്തിലാണ് അത് കരുതിക്കൂട്ടിയുള്ള പീഡനമായിരുന്നുവെന്ന് മനസ്സിലാകുന്നത്. പ്രതികാരത്തിന്റെ ഘട്ടത്തില്‍ നായകന്റെ ലൈംഗികാവയവം മുറിച്ചുമാറ്റുന്ന ടെസ്സ പറയുന്നുമുണ്ട്. ഇതുകൊണ്ട് നീ സുഖം മാത്രമല്ലേ അനുഭവിച്ചിട്ടുള്ളു. അതുനാത്രമല്ലെന്നും നീ അറിയണം എന്ന്. പ്രാകൃതം എന്ന തോന്നാമെങ്കിലും ടെസ്സയുടെ പ്രതികാരത്തിന് കൃത്യമായ യുക്തി സിനിമ നല്‍കുന്നുണ്ട്. ടെസ്സയായി വേഷമിട്ടത് റിമ കല്ലിങ്കലാണ്, ഒരു പക്ഷെ, റിമയുടെ ഏറ്റവും നല്ല കഥാപാത്രം.
മലയാള സിനിമയുടെ നായക സങ്കല്‍പ്പത്തെ അട്ടിമറിക്കുന്ന പ്രതിനായക വേഷത്തിലാണ് ഫഹദ് ഫാസില്‍ മിക്കവാറും പ്രത്യക്ഷപ്പെടുന്നത്. കൈയ്യെത്തും ദൂരത്ത് എന്ന ആദ്യ ചിത്രത്തില്‍ പരമ്പരാഗത അഴകൊഴമ്പനായ നായകനായെത്തിയ നടനാണ് ഫഹദ്. ആ ചിത്രം സിനിമയില്‍ നിന്നു തന്നെ അയാളെ പുറത്താക്കി. രണ്ടാം വരവില്‍ കേരള കഫേ, പ്രമാണി, കോക്ടെയില്‍, ടൂര്‍ണമെന്റ് എന്നീ ചിത്രങ്ങളിലൂടെ തന്റെ മാറിയ അഭിനയത്തെ ഫഹദ് രേഖപ്പെടുത്തി. ചാപ്പാക്കുരിശും 22 ഫീമെയ്ല്‍ കോട്ടയവുമാണ് ഫഹദിന്റെ മികച്ച വേഷങ്ങള്‍.
ശ്യാം പുഷ്‌കരനും അഭിലാഷ് കുമാറുമാറും ചേര്‍ന്നാണ് ഈ ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. നേര്‍ രേഖയില്‍ കഥപറയുന്ന കഥാകഥന സങ്കല്‍പ്പത്തെ വിട്ട സംഭവങ്ങളുടെ ദൃശ്യവല്‍ക്കരണമാണ് സംവിധായകന്‍ ലക്ഷ്യമിടുന്നത്. സംഭാഷണങ്ങളുടെ മിതത്വവും സിനിമയില്‍ ഉടനീളം നലനില്‍ക്കുന്ന നര്‍മ്മവും ആകര്‍ഷകമായി. പ്രതാപ് പോത്തന്റെ വി്ല്ലന്‍ വേഷവും രോഗക്കിടക്കയില്‍ കഴിയുന്ന ടി ജി രവിയുടെ കഥാപാത്രവും മികച്ചതയി. അതേസമയം സത്താര്‍ അവതരിപ്പിച്ച ഡി കെ അഭിനയത്തിന്റെ കാര്യത്തിലും കഥാപാത്രത്തെ സൃഷ്ടിക്കുന്നിടത്തും വേണ്ടത്ര മികവ് പുലര്‍ത്തുന്നുന്നില്ല. ഷൈജു ഖാലിദാണ് ഛായാഗ്രഹണം. എഡിറ്റിംഗ് വിവേക് ഹര്‍ഷന്‍. റെക്‌സ് വിജയനും ബിജിബാലും ചേര്‍ന്നാണ് സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കിയത്. ഗാന രചന വേണുഗോപാല്‍ ആര്‍. നിര്‍മ്മാണം ഒ ജി സുനില്‍.
Bijo says ..
|
|||
















