മാസ്‌റ്റേഴ്‌സ്: മോശമായില്ല
ഒറ്റത്താരത്തിന്റെ പ്രകടനം കണ്ട് മലയാള സിനിമ മടുത്തു എന്നതിന്റെ തെളിവാണ് സമീപകാല സിനിമകളിലെ പലനായകന്‍മാരുടെ വിജയം. മുമ്പും അത്തരം സിനിമകള്‍ വിജയിച്ചിട്ടുണ്ട്. മോഹന്‍ലാല്‍ -ശ്രീനിവാസന്‍ ചിത്രങ്ങളുടെ പരമ്പരതന്നെ നോക്കുക. മോഹന്‍ലാല്‍ നായകനായിരിക്കുമ്പോഴും ഒരു സൂപ്പര്‍ നായകപദവിയില്‍ ശ്രീനിവാസന്‍ ഉണ്ടായിരുന്നു. ഒരു തരം മള്‍ട്ടിലെവല്‍ വിനോദത്തിന്റെ സാധ്യതയാണത് തരുന്നത്. ഒന്നിലധികം കേന്ദ്ര കഥാപാത്രങ്ങളിലൂടെ കഥപറയുമ്പോള്‍ പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടാന്‍ എന്തെങ്കിലുമൊക്കെ സംഭവിക്കുന്നു. നായകത്വത്തെ കവച്ചുവയ്‌ക്കുന്ന പ്രകടനങ്ങള്‍ പലരില്‍നിന്നും ഉണ്ടാകുന്നതിന്റെ പ്രേക്ഷകാനുഭാവവും വിപണിവിജയവും സിനിമക്കുണ്ടാകുന്നു. അത്തരമൊരു വിജയമാണ് ജോണി ആന്റണിയുടെ മാസ്‌റ്റേഴ്‌സ് സമ്മാനിക്കുന്നത്. പട്ടണത്തില്‍ ഭൂതം എന്ന വിഡ്‌ഢിച്ചിത്രത്തില്‍ നിന്നും മാസ്റ്റേഴ്‌സിലേക്ക് ഏതാണ്ട് മൂന്നുവര്‍ഷത്തിന്റെ ദൂരമുണ്ട്. പ്രേക്ഷകരെ
ബുദ്ധിമുട്ടിക്കുന്നില്ല എന്ന മിനിമം ഗ്യാരന്റി മാസ്റ്റേഴ്‌സ് ഉറപ്പാക്കുന്നുണ്ട്. ജിനു എബ്രഹാമിന്റെ തിരക്കഥ പ്രതീക്ഷ നല്‍കുന്നതാണ്. പതിവ് കുറ്റാന്വേഷണ ചിത്രങ്ങളുടെ വാക്‌പയറ്റുകളും മെലോഡ്രാമയും ഒഴിവാക്കി തികച്ചും സാധാരണ മട്ടില്‍ യുക്തിഭദ്രമായി കഥപറയുന്നു എന്നിടത്താണ് രചയിതാവിന്റെ മിടുക്ക്. തന്റെ പതിവ് സിനിമകളുടെ ദൃശ്യപരിചരണ പദ്ധതിയില്‍ നിന്നും ഭിന്നമായി അതിഭാവുകത്വമില്ലാതെ ഷോട്ടുകളുടെ ഗുസ്‌തികളോ, പതിവ് ത്രില്ലറുകളുടെ ചെടിപ്പിക്കുന്ന വേഗതയോ, എഡിറ്റിംഗ് ഗിമ്മിക്കുകളോ ഒഴിവാക്കി എന്നതാണ് ജോണി ആന്റണി ഈ സിനിമക്കുവേണ്ടി ചെയ്‌ത നല്ല പ്രവര്‍ത്തികള്‍. അത് വിജയം കാണുകയും ചെയ്‌തു.
ജനങ്ങളുടെ രണ്ട് പ്രതീക്ഷകളെ കൂട്ടിയിണക്കുകയാണ് സിനിമ. ഒന്ന് പൊലീസാണ്, രണ്ടാമത്തേത് ജേര്‍ണലിസ്‌റ്റും. പഠനകാലത്ത് ആത്‌മാര്‍ത്ഥ സുഹൃത്തുക്കളായിരുന്ന ശ്രീരാമകൃഷ്‌ണന്‍ (പൃഥ്വിരാജ്) എസ് പിയാണ്. മിലന്‍ പോള്‍ (ശശികുമാര്‍) മാധ്യമപ്രവര്‍ത്തകനും. ഇരുവരും ചേര്‍ന്ന് നമ്മുടെ അഭിലാഷങ്ങളെ പൂവണിയിക്കുന്നിടത്താണ് സിനിമയുടെ മര്‍മ്മം. കോട്ടയം നഗരത്തിലെ പ്രമുഖ വ്യവസായി ബാലഗംഗാധരന്റെ കൊലപാതകം അന്വേഷിക്കുകയാണ് ശ്രീരാമകൃഷ്‌ണന്‍. കൊലപാതകി എന്നുസംശയിക്കുന്ന രക്ഷാദാസും (പിയാ വാജ്‌പെയ്) കൊല്ലപ്പെടുന്നു. ഈ ചാവേര്‍ കൊല
പാതകം അന്വേഷണത്തെ ആശയക്കുഴപ്പത്തിലാക്കുന്നു. ഈ അന്വേഷണങ്ങളില്‍ മിലന്‍ പോള്‍ ശ്രീരാമകൃഷ്‌ണനെ സഹായിക്കുന്നു. രക്ഷാദാസിന്റെ വിവരങ്ങള്‍ തേടുന്ന അവര്‍ക്ക് ഞെട്ടിക്കുന്ന വിവരങ്ങളാണ് ലഭിക്കുന്നത്. അവളുടെ അമ്മയുടെ രണ്ടാം ഭര്‍ത്താവായ ഐസക് പണിക്കര്‍ (സിദ്ദിഖ്) അയാളുടെ സ്വന്തം മകളെ മാനഭംഗത്തിനിരയാക്കി കൊലപ്പെടുത്തുന്നു. രണ്ടാനച്ഛനോടുള്ള പകയുമായാണ് രക്ഷാദാസ് ജീവിച്ചത്. ഈ അന്വേഷണം ആരംഭിക്കുന്ന സമയത്താണ് നഗരത്തിലെ ഒരു സ്റ്റാര്‍ ഹോട്ടലില്‍ രണ്ടുപേര്‍ കൊല്ലപ്പെടുന്നുത്. ഹോട്ടലിന്റെ പാര്‍ട്ട്‌നര്‍ സാം ജോര്‍ജ്ജും മോനിച്ചന്‍ (സലിംകുമാര്‍) എന്ന ഡ്രൈവറുമാണ് കൊല്ലപ്പെടുന്നത്. പരസ്‌പരം ശത്രുതയൊന്നുമില്ലാതിരുന്ന ഇവരുടെ മരണത്തിനും ആദ്യ കൊലപാതകത്തിനും സമാനതയുണ്ട്. കൊല്ലപ്പെടുന്ന വ്യക്തിയും കൊലപാതകം നടത്തുന്ന വ്യക്തിയും കൊല്ലപ്പെടുന്നു. ഈ അന്വേഷണം പുരോഗമിക്കുമ്പോള്‍ സംശയത്തിന്റെ നിഴലില്‍ നില്‍ക്കുന്ന പലരും ദുരൂഹമായി കൊലചെയ്യപ്പെടുകയാണ്. കൊല ചെയ്യപ്പെട്ടവരില്‍ പലരും പല പെണ്‍കുട്ടികളുടെയും ജീവിതം നസിപ്പിച്ചവരായിരുന്നു. സമൂഹത്തിലെ ഉന്നതരായ പലരും കൊല ചെയ്യപ്പെട്ടേക്കാം എന്ന അവസ്ഥയും അതു തടയാന്‍ ശ്രീരാമകൃഷ്‌ണന്‍ നടത്തുന്ന ദൗത്യങ്ങളുമാണ് സംഭവങ്ങളെ അനാവരണം ചെയ്യുന്നത്.
അനാവശ്യമെന്നു തോന്നിപ്പിക്കുന്ന സംഘടനരംഗങ്ങളും ചിത്രത്തിന്റെ ആദ്യ പകുതിയില്‍ തിരുകി കയറ്റിയ ഗാനരംഗവും മുറിച്ചുമാറ്റിയിരുന്നെങ്കില്‍ സിനിമ കുറച്ചുകൂടി ആകര്‍ഷകമാകുമായിരുന്നു. ചിലപ്പോഴൊക്കെ വേഗത വല്ലാതെ കുറഞ്ഞുപോയതായും അനുഭവപ്പെടുന്നു. യുക്തിസഹമായി സന്ദര്‍ഭങ്ങളിലൂടെ സംഭവപരമ്പരകളെ ബന്ധിപ്പിക്കുന്നതിന് സംവിധായകന് കഴിയുന്നു. എന്നാല്‍ ഉത്തരം ആവശ്യമുള്ള ചില കാര്യങ്ങള്‍ വിശദമാക്കാതെ വിട്ടുകളയുന്നുമുണ്ട്. ഇന്ത്യന്‍ റുപ്പിയിലൂടെ മണ്ണിലേക്കിറങ്ങിവന്ന പൃഥ്വിരാജിന്റെ പ്രകടനം മോശമായില്ല. മാധ്യമങ്ങളിലെ വാഴ്‌ത്തുകളുടെ മികവിലേക്ക് ശശികുമാര്‍ ഉയര്‍ന്നതുമില്ല. പിന്നെ ഇവര്‍ക്കുതമ്മില്‍ ഉള്ളതായി സിനിമയുടെ പരസ്യത്തില്‍ പറയുന്ന അഗാധ സൗഹൃദമൊന്നും സിനിമ കണ്ടാല്‍ തോന്നുകയില്ല. പിയാവാജ്‌പേയി, അനന്യ, സലിംകുമാര്‍, മിത്രാകുര്യന്‍, ബിജുമേനോന്‍, ഷമ്മി തിലകന്‍, സിദ്ദിഖ് തുടങ്ങിയവരും വേഷമിടുന്നു. മധു നീലകണ്‌ഠനാണ് ക്യാമറ. ഷിബു ചക്രവര്‍ത്തിയുടെ വരികള്‍ക്ക് ഗോപി സുന്ദര്‍ ഈണം പകര്‍ന്നിരിക്കുന്നു. പശ്ചാത്തല സംഗീതം ഒരുക്കിയതും ഗോപി സുന്ദറാണ്. ബി ശരത് ചന്ദ്രനാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്.

|
|||
















