Back
Monday, April 16, 2012 | 05:13:20 PM IST
മായാമോഹിനി എന്ന ഹിജഡ

അകാലത്തില്‍ അന്തരിച്ച മലയാള ചലച്ചിത്രം ദ കിംഗ്‌ ആന്റ്‌ ദ കമ്മീഷണര്‍ മലയാള സിനിമയോട്‌ ചില കാര്യങ്ങള്‍ പറയുന്നുണ്ട്‌. എങ്ങനെ സിനിമ എടുക്കരുത്‌, തിരക്കഥാകൃത്തുക്കള്‍, സംവിധായകര്‍ എന്നിവരുടെ മിനിമം സെന്‍സിബിലിറ്റി എന്തായിരിക്കണം, പ്രേക്ഷകരെ മനസ്സിലാക്കാനുള്ള ബുദ്ധിവളര്‍ച്ചയില്ലെങ്കില്‍ പരിപാടി അവസാനിപ്പിക്കണം എന്നിവയായിരുന്നു പ്രസ്‌തുത ചിത്രത്തിന്റെ മരണമൊഴി. എന്നാല്‍ പണ്ടുകാലത്ത്‌ സിനിമയെടുത്ത്‌ പണിനിര്‍ത്തിയ ഉദയപുരം സുല്‍ത്താന്‍, സുന്ദരപുരുഷന്‍ തുടങ്ങിയ സിനിമകളുടെ ജംങ്‌ഷനില്‍ നിന്നുപോയ സംവിധായകന്‍ ജോസ്‌ തോമസ്‌ വന്നുചാടിയത്‌ കിംഗ്‌ ആന്റ്‌ കമ്മീഷണര്‍മാരുടെ ചരമപ്രദര്‍ശനത്തിലേക്കാണ്‌. ആയതിനാല്‍ ശവം കാണാന്‍വന്ന്‌ നിരാശപ്പെട്ട പലരും, കേട്ടറിഞ്ഞ പലരും മായാമോഹിനിയില്‍ ചെന്നുചാടുകയും തെറി കേട്ട്‌ മടങ്ങുകയും ചെയ്‌തു. കുഞ്ഞിക്കൂനന്‍, പച്ചക്കുതിര, ചാന്ദുപൊട്ട്‌ എന്നീ വ്യത്യസ്‌ത സിനിമകള്‍ക്കുശേഷം ദിലീപ്‌ പെണ്‍വേഷം കെട്ടുന്നു എന്ന പ്രത്യേകതയുമായി വന്ന ചിത്രമാണ്‌ മായാമോഹിനി. കാര്യസ്‌തനുശേഷം സിബി കെ തോമസ്‌ ഉദയകൃഷ്‌ണന്‍മാര്‍ ദിലീപിനുവേണ്ടി എഴുതുന്ന തിരക്കഥയെന്ന പ്രത്യേകതയും ഈ സിനിമക്കുണ്ട്‌.
ബാലകൃഷ്‌ണനും ലക്ഷ്‌മീ നാരായണനും വക്കീലന്‍മാരും സുഹൃത്തുക്കളുമാണ്‌. കുട്ടിക്കാലത്ത്‌ അച്ഛനമ്മമാര്‍ നഷ്ടപ്പെട്ട ബാലകൃഷ്‌ണന്റെ സ്വത്തുക്കളെല്ലാം അമ്മാവന്‍മാരുടെ കൈകളിലാണ്‌. ആ സ്വത്തുക്കള്‍ കിട്ടിയിട്ട്‌ ബിസിനസ്സ്‌ തുടങ്ങാന്‍ കാത്തിരിക്കുകയാണ്‌ ഈ വക്കീല്‍ സുഹൃത്തുക്കള്‍. ഇതിനിടയില്‍ അവര്‍ നാടുവിട്ട്‌ മുംബൈയിലെത്തുന്നു. ഒരുമാര്‍വാടിയുമായി ചേര്‍ന്ന്‌ ബിസ്സിനസ്സ്‌ നടത്തുന്നു. അവിടെവച്ച്‌ മായ എന്ന മാര്‍വാടി പെണ്‍കുട്ടിയുമായി ബാലകൃഷ്‌ണന്‍ പ്രണയത്തിലാവുന്നു. ഒളിച്ചോടി അവര്‍ നാട്ടിലെത്തുന്നു. ഇതിനിടയിലുണ്ടാകുന്ന ചില പ്രശ്‌നങ്ങളെത്തുടര്‍ന്ന്‌ മായ മടങ്ങിപ്പോകുന്നു. എന്നാല്‍ ബാലകൃഷ്‌ണന്‍ മടങ്ങിയെത്തിയതറിഞ്ഞ്‌ അമ്മാവന്‍മര്‍ സ്വത്തുക്കള്‍ കൈമാറാന്‍ സന്നദ്ധരായി വരുന്നു. മായ മടങ്ങിപ്പോയത്‌ അവരെ അറിയിക്കാതിരിക്കാന്‍ തല്‍ക്കാലും ഒരു വാടക മായയെ സംഘടിപ്പിക്കാന്‍ അവര്‍ ശ്രമിക്കുന്നു. അങ്ങനെയാണ്‌ മോഹിനി വരുന്നത്‌. മായാമോഹിനി. പ്രിയദര്‍ശന്‍ ഒരു ജീവിതംകൊണ്ട്‌ പലയാവര്‍ത്തി കെട്ടിയാടിയ ഈ തറ നമ്പരാണ്‌ ചിത്രത്തിന്റെ പ്രമേയ കേന്ദ്രം.
ദിലീപിനെ പെണ്ണാക്കി കെട്ടുക എന്നതിലപ്പുറം മറ്റ്‌ ലക്ഷ്യമൊന്നും മായാമോഹിനിക്കില്ല. മാധ്യമങ്ങള്‍ നല്‍കിയ ഹൈപ്പാണ്‌ തീര്‍ച്ചയായും പ്രേക്ഷകരെ തിയേറ്ററില്‍ എത്തിച്ചത്‌. കണ്ടിറങ്ങുമ്പോള്‍ കടുത്ത നിരാശ. പണ്ട്‌ വി ഡി രാജപ്പന്റെ കാലത്ത്‌ തമാശയുണ്ടാക്കാന്‍ ഉപയോഗിച്ചിരുന്ന ദ്വയാര്‍ത്ഥ അശ്ലീലപ്രയോഗങ്ങളിലൂടെയാണ്‌ സിബിഉദയന്‍മാര്‍ തമാശ ഉണ്ടാക്കുന്നത്‌. പലപ്പോഴും സഭ്യതയുടെ അതിര്‍വരമ്പുകള്‍ ഭേദിക്കുന്ന ഇത്തരം തമാശകള്‍ പ്രേക്ഷകരെ വിളിച്ചിരുത്തി തെറിപറയുംപോലെ തരംതാണതും ക്രൂരവുമായിപ്പോയി. കമലഹാസന്‍ മുതല്‍ കൊച്ചിന്‍ ഹനീഫ വരെ കെട്ടിയാടിയ പെണ്‍വേഷം ദിലീപും മോശമാക്കിയില്ല. എന്നാല്‍ മായാമോഹിനി എന്നു എഴുന്നുള്ളിക്കാനുംമാത്രം അഴകുള്ളതല്ല ദിലീപിന്റെ മോഹിനി. ഷക്കീലയുടെ ശരീരവും എം പി നാരായണ പിള്ളയുടെ പരിണാമം നോവലിലെ പൂയില്യനെ അനുസ്‌മരിപ്പിക്കുന്ന കുറുകിയ കൈവിരലുകളും പ്രസവിച്ചു വീണ നായ്‌ക്കുട്ടികളുടെ കണ്ണ്‌ കീറിവരുംപോലുള്ള മിഴികളും ഏതായാലും മോഹിപ്പിക്കുന്ന സ്‌ത്രൈണ ഭാവങ്ങളല്ല. പിന്നെ ഒരാണ്‌ പെണ്‍വേഷം കെട്ടുന്നു എന്നതുമാത്രമാണ്‌ കാണാന്‍ പ്രേരിപ്പിക്കുന്ന ഘടകം. പെണ്‍വേഷം എന്നതിനേക്കാള്‍ ദിലീപ്‌ ഹിജഡ വേഷത്തില്‍ എത്തുന്ന ചിത്രം എന്ന്‌ പറഞ്ഞിരുന്നെങ്കില്‍ അത്‌ നീതിയാകുമായിരുന്നു.
ചിത്രത്തിനവസാനം മോഹിനി മോഹനന്‍ ആയി മാറുമ്പോള്‍ മറ്റ്‌ കഥാപാത്രങ്ങള്‍ ഞെട്ടുന്നുണ്ടെങ്കിലും പ്രേക്ഷകര്‍ ഞെട്ടുന്നില്ല. എന്താണ്‌ അതിനിത്ര വൈകിയതെന്നുമാത്രം ആലോചിക്കും. ബിജുമേനോന്റെ ലക്ഷ്‌മി നാരായണന്‍ എന്ന കഥാപാത്രവും ബാബുരാജിന്റെ ബാലകൃഷ്‌ണനുമാണ്‌ യഥാര്‍ത്ഥത്തില്‍ സിനിമയെ മുന്നോട്ട്‌ നയിക്കുന്നത്‌. ഇതിനുപുറമെ സ്‌ഫടികം ജോര്‍ജിന്റെ വിഡ്‌ഢിയായ പൊലീസുകാരനും വ്യത്യസ്‌തമായി. എന്നാല്‍ അബുസലിമിനെക്കൊണ്ടും തമാശ ചെയ്യിക്കാനുള്ള ശ്രമം കുറച്ചു കടന്നകൈയായി. സ്ഥിരം സ്‌ത്രീലംബടനായ വയസനായി ഉണ്ണികൃഷ്‌ണന്‍ നമ്പൂതിരിയും പതിവ്‌ അഴകൊഴമ്പന്‍ വേഷത്തില്‍ നെടുമുടിയും അമ്മാവന്‍ കഥാപാത്രമായി വിജയരാഘവനും ജ്യോത്സ്യനായി കവി ബാലചന്ദ്രന്‍ ചുള്ളിക്കാടും അഭിനയിക്കുന്നു. പെണ്‍ പക്ഷത്ത്‌ ലക്ഷ്‌മിറായി, മൈഥിലി എന്നിവരുമുണ്ട്‌. മധുവാര്യര്‍, കൊച്ചുപ്രേമന്‍, കലാഭവന്‍ ഷാജോണ്‍, സജിതാ ബേട്ടി, രാധിക തുടങ്ങിയവരും വേഷമിടുന്നു. വയലാര്‍ ശരത്‌ ചന്ദ്ര വര്‍മ്മയുടെയും സന്തോഷ്‌ വര്‍മ്മയുടെയും ഗാനങ്ങള്‍ക്ക്‌ ബേണി ഇഗ്നേഷ്യസ്‌ ഈണമിട്ടിരിക്കുന്നു. മനസ്സില്‍ തങ്ങിനില്‍ക്കുന്ന ഗാനമോ ഗാനസന്ദര്‍ഭങ്ങളോ ഈ ചിത്രത്തിലില്ല. ഛായാഗ്രഹണം അനില്‍ നായര്‍, എഡിറ്റിംഗ്‌ ജോണിക്കുട്ടി. ദിലീപിന്റെ ഭാര്യാ സഹോദരന്‍ മധുവാര്യരും ഛായാഗ്രാഹകന്‍ പി സുകുമാറും ചേര്‍ന്നാണ്‌ പ്രേക്ഷകര്‍ക്കെതിരെയുള്ള ഈ കൊടും പാതകത്തിന്‌ പണം മുടക്കിയത്‌.

Comments

rahim says ..
2012 April Wed : 10:21 pm
ഒരുകാര്യത്തില്‍ സമാധാനമുണ്ട്....... പുതിയ റിലീസ് സിനിമയെ കുറിച്ചുള്ള യഥാര്‍ത്ഥ വിശകലനം അറിയാന്‍ ഈ എഴുത്ത് വളരെ ഉപകരിക്കുന്നുണ്ട്. യാഥാര്‍ത്ഥ്യങ്ങള്‍ അത് സിനിമാകാര്‍ക്ക് അപ്രിയ സത്യങ്ങളാണെങ്കില്‍ കൂടി വായനക്കാര്‍ക്കു നല്‍കി നിങ്ങള്‍ നീതി കാണിക്കുന്നു.......

deepu says ..
2012 April Tue : 3:27 am
yes, i have to agree, this is such a bad movie! Dileep's penvesham really sucks! I do not understand why anybody in Kerala would like it when somebody turns to 'hijada'! I absolutely hate it! its disgusting! all over media, its dileep's penvesham as its advertisement! but once you watch this movie, you realize that you lost your money, and patience! Mallu movies are really going down. Mayamohini is a hijada movie and 99% of keralites cannot digest this kind of stupidity anymore!

Post News Feedback
Your Name   
E-mail
Phone Number
 
Type in Malayalam (Press Ctrl+m to change language)
Comment
 

Back
    Rate this news