Back
Saturday, January 07, 2012 | 04:26:39 PM IST
തൊഴിലുറപ്പുപദ്ധതിയിലൂടെ എത്രമാത്രം ഉല്‍പാദനം വര്‍ദ്ധിച്ചു?

കഴിഞ്ഞകൊല്ലം തൊഴിലുറപ്പു പദ്ധതിയുടെ പേരില്‍ എഴുന്നൂറു കോടിയിലേറെ രൂപ ചെലവഴിച്ചതായി പത്രവാര്‍ത്തയുണ്ട്‌. കേരളത്തില്‍ ഈ പണം പൊതുവെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരിലേക്കാണ്‌ ഒഴുകിയത്‌. ഇതിന്റെ സാമ്പത്തിക ആഘാത പ്രത്യാഘാതങ്ങള്‍ ഇനിയും പൂര്‍ണമായും പഠിച്ചുകഴിഞ്ഞു എന്നു തോന്നുന്നില്ല.
കേരളത്തില്‍ ഇന്നു തൊഴിലില്ലായ്‌മ ഉണ്ട്‌ എന്ന്‌ പറയാനാകില്ല. ശാരീരികാദ്ധ്വാനം ആവശ്യമായി വരുന്ന തൊഴിലുകള്‍ക്കാണ്‌ തൊഴിലുറപ്പു പദ്ധതി അനുസരിച്ച്‌ പണം നല്‍കിപോന്നത്‌. ഇന്ന്‌ കാര്‍ഷിക മേഖലയിലും നിര്‍മാണ മേഖലയിലും കേരളത്തിനു പുറത്തുള്ളവരാണ്‌ തൊഴിലാളികളായി പ്രവര്‍ത്തിച്ചുവരുന്നത്‌. കാരണം കേരളത്തില്‍ തൊഴിലാളികളെ കിട്ടാനില്ല. കേരളത്തിന്റെ മുഖ്യപ്രശ്‌നം തൊഴിലില്ലായ്‌മയല്ല. മറിച്ച്‌ തൊഴില്‍ ചെയ്യാന്‍ ആളിനെ കിട്ടുന്നില്ല എന്നുള്ളതാണ്‌.
1932 മുതല്‍ ആഗോള സാമ്പത്തിക മാന്ദ്യം അനുഭവപ്പെടുകയും യൂറോപ്യന്‍ രാജ്യങ്ങളില്‍ വ്യവസായ ശാലകള്‍ അടച്ചുപൂട്ടുകയും ചെയ്‌ത സംഭവം ഉണ്ടായി. ഈ സാമ്പത്തിക മാന്ദ്യത്തില്‍ നിന്നും അമേരിക്കയേയും യൂറോപ്പിനേയും രക്ഷിക്കുന്നതിന്‌ ജോണ്‍ മെയ്‌നാര്‍ഡ്‌ കെയ്‌ന്‍സ്‌ എന്ന സാമ്പത്തിക ശാസ്‌ത്രജ്ഞനാണ്‌ ഈ തൊഴിലുറപ്പു പദ്ധതി ആദ്യമായി ആവിഷ്‌കരിച്ചത്‌. തൊഴിലില്ലായ്‌മയുടെ ഫലമായി മാര്‍ക്കറ്റില്‍ ഉപഭോഗ വസ്‌തുക്കള്‍ക്ക്‌ ആവശ്യക്കാര്‍ കുറഞ്ഞു. മാര്‍ക്കറ്റിനെ സജീവമാക്കുന്നതിന്‌ ജനങ്ങളുടെ കയ്യില്‍ പണം എത്തിക്കണമെന്നും അങ്ങനെ സാമ്പത്തിക വ്യവസ്ഥ സമതുലിതാവസ്ഥയില്‍ എത്തുമെന്നും കെനീഷ്യന്‍ സാമ്പത്തിക ശാസ്‌ത്രം വാദിച്ചു.
ഞാന്‍ സാമ്പത്തിക ശാസ്‌ത്ര വിദ്യാര്‍ത്ഥിയായിരുന്ന കാലത്ത്‌ മുതലാളിത്ത രാജ്യങ്ങളെല്ലാം അംഗീകരിച്ചിരുത്‌ കെനീഷ്യന്‍ സാമ്പത്തിക വീക്ഷണമായിരുന്നു. `ലണ്ടന്‍ സ്‌കൂള്‍ ഓഫ്‌ ഇക്കണോമിക്‌സ്‌' എന്ന യൂണിവേഴ്‌സിറ്റിയില്‍ നിന്നാണ്‌ കെനീഷ്യന്‍ സാമ്പത്തിക ശാസ്‌ത്രം ഉയിര്‍കൊണ്ടത്‌. അക്കാലഘട്ടത്തില്‍ ഇന്ത്യയില്‍ ഉണ്ടായിരുന്ന മിക്ക സാമ്പത്തിക ശാസ്‌ത്രജ്ഞന്മാരും ലണ്ടന്‍ സ്‌കൂള്‍ ഓഫ്‌ ഇക്കണോമിക്‌സില്‍ പഠിച്ചിറങ്ങിയവരായിരുന്നു.
സ്വതന്ത്ര ഇന്ത്യ അഭിമൂഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്‌നം തൊഴിലില്ലായ്‌മയാണെന്നും, തൊഴിലില്ലായ്‌മ പരിഹരിക്കുക എന്നത്‌ ഗവണ്‍മെന്റിന്റെ നയത്തില്‍ പ്രഥമഗണനീയമാണെന്നും അന്ന്‌ വാദങ്ങളുയര്‍ന്നു. അതിന്റെ ഫലമായിട്ടാണ്‌ ഗവണ്‍മെന്റ്‌ വ്യവസായരംഗത്ത്‌ ഇറങ്ങി തൊഴില്‍ സൃഷ്‌ടിച്ചത്‌. മദ്രാസ്‌ യൂണിവേഴ്‌സിറ്റി 1954-ലെ സാമ്പത്തിക ശാസ്‌ത്ര ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കിയ ഒരു ചോദ്യം ഞാന്‍ ഓര്‍ക്കുന്നു. ഇന്ത്യയിലെ തൊഴിലില്ലായ്‌മ പരിഹരിക്കാന്‍ അവശ്യമായ നയം ഏതെല്ലാം? മൂന്നു മണിക്കൂര്‍ പരീക്ഷ ഹാളിലിരുന്ന്‌ ഉത്തരമെഴുതണം. തൊഴിലില്ലായ്‌മ എന്ന സാമൂഹ്യപ്രശ്‌നത്തിന്‌ പരിഹാരം ഉല്‍പാദന വര്‍ദ്ധനവാണ്‌. ഉല്‍പാദനം വര്‍ദ്ധിപ്പിക്കാന്‍ വേണ്ടി തൊഴിലുകള്‍ സൃഷ്‌ടിക്കണം. ഉല്‍പാദനവുമായി ബന്ധിപ്പിക്കാത്ത തൊഴിലില്ലായ്‌മ പരിഹാരം നാടിന്റെ സാമ്പത്തിക സമതുലിതാവസ്ഥയക്ക്‌ കോട്ടം വരുമെന്നായിരുന്നു ഞാന്‍ ഉപന്യസിച്ചത്‌. കെനീഷ്യന്‍ സാമ്പത്തിക വാദം ഭാരതംപോലെയുള്ള ഒരു കാര്‍ഷിക രാജ്യത്ത്‌ നടപ്പിലാക്കുക എന്നത്‌ അത്ര എളുപ്പമുള്ള കാര്യമല്ല എന്ന്‌ എനിക്കു തോന്നി. കാര്‍ഷിക രംഗത്ത്‌ ഉല്‍പാദന വര്‍ദ്ധനവില്ലാതെ കേവലമായ തൊഴിലില്ലായ്‌മ പരിഹരിക്കുന്നതിനുവേണ്ടി പണം ജനങ്ങളിലെത്തിച്ചാല്‍ ഈ പണം മാര്‍ക്കറ്റിലേക്കു വരുമെന്നും അതിനനുസരിച്ച്‌ ഉല്‍പാദന വര്‍ദ്ധനവ്‌ ഉണ്ടാകാത്തതുമൂലം വില വര്‍ദ്ധിക്കുമെന്നുമായിരുന്നു അന്നു ഞാന്‍ എഴുതിയത്‌. കെയ്‌ന്‍സിന്റെ സാമ്പത്തിക ശാസ്‌ത്രം വ്യവസായവല്‍ക്കരിക്കപ്പെട്ട യൂറോപ്പിന്‌ ആനുയോജ്യമാണെങ്കിലും ഭാരതത്തിന്‌ അനുയോജ്യമല്ല എന്ന്‌ എഴുതിയതോര്‍ക്കുന്നു.
രണ്ടാം ലോകമഹായുദ്ധകാലത്ത്‌ ഇന്ത്യയില്‍ പണപ്പെരുപ്പമുണ്ടായി. വില വര്‍ദ്ധിച്ചു. വളരെ വിദഗ്‌ദ്ധമായ സാമ്പത്തിക നയത്തിലൂടെ ആദ്യത്തെ ധനമന്ത്രിമാരായ സര്‍ ഷണ്‍മുഖം ചെട്ടിയും ഡോ.ജോ മത്തായിയും വിലനിലവാരം പിടിച്ചു നിര്‍ത്തി. തൊഴിലുറപ്പു പദ്ധതിയുടെ വിജയ പരാജയങ്ങളെ വിലയിരുത്തുമ്പോള്‍ തൊഴിലുറപ്പുപദ്ധതിയിലൂടെ എത്രമാത്രം ഉല്‍പാദനം വര്‍ദ്ധിച്ചു എന്നതുംകൂടി കണക്കിലെടുക്കേണ്ടിയിരിക്കുന്നു. റോഡരികിലെ പുല്ലു വെട്ടിയതുകൊണ്ടും പൂച്ചെടി വെച്ചതുകൊണ്ടും ഉല്‍പാദനം വര്‍ദ്ധിക്കുന്നില്ല. എന്നു മാത്രമല്ല ഉല്‍പാദന മേഖലയില്‍ തൊഴില്‍ ചെയ്‌തിരുന്ന പലരും തൊഴിലുറപ്പു പദ്ധതി അനുസരിച്ച്‌ കുറഞ്ഞ വേതനം സ്വീകരിച്ചുകൊണ്ട്‌ തൊഴില്‍രംഗത്തുനിന്നും പിന്‍വലിഞ്ഞു. കാരണം ഒമ്പതു മണിക്കു മാത്രം ജോലി സ്ഥലത്തെത്തുന്നു. മൂന്നു മൂരയോടെ വീട്ടിലേക്കു പോകാം. തൊഴിലുറപ്പു പദ്ധതി വന്നതോടുകൂടി ഗ്രാമങ്ങളിലെ മറ്റു തൊഴില്‍ മേഖലകളില്‍ തൊഴിലാളികളെ ലഭ്യമാകാതായി. ഉല്‍പാദനക്ഷമമല്ലാത്ത സാമ്പത്തികവ്യയം രാഷ്‌ട്രത്തിനോ ജനതക്കോ സാമ്പത്തിക സുരക്ഷിതത്വം നല്‍കുകയില്ല.

ജോസഫ്‌ പുലിക്കുന്നേല്‍

 

Comments

abdul gafoor says ..
2012 January Sun : 11:50 am
തൊഴിലുറപ്പ് പദ്ധതി വന്നതോട് കൂടി നാട്ടില്‍ സ്ത്രീകള്‍ ഈ ജോലിക്കും 1 രൂപ അരി പദ്ദതിയോടെ 500 രൂപ കൂലി കിട്ടുന്നവന്‍ 10 രൂപയ്ക്കു അരി വാങ്ങിച്ചിട്ട് ബാക്കി രൂപയ്ക്കു വെള്ളമടിക്കാനും തുടങ്ങി. പണി എടുക്കുന്നവനെ മടിയനാക്കാനെ ഇതുപകരിച്ചുള്ളൂ. ഇനി 1 രൂപയ്ക്കു ബ്രാണ്ടിയും കൂടി കൊടുത്തു തുടങ്ങിയാല്‍ സംഗതി കുശാല്‍..

jai says ..
2012 January Sat : 4:31 pm
what he wrote correct,with out any prodection,we r spending money this wrong

Post News Feedback
Your Name   
E-mail
Phone Number
 
Type in Malayalam (Press Ctrl+m to change language)
Comment
 

Back
    Rate this news