Back
Wednesday, January 04, 2012 | 12:50:35 PM IST
2011 ല്‍ മലയാളത്തിലെ ശ്രദ്ധേയ ചിത്രങ്ങള്‍...

2011 മലയാള സിനിമയെ സംബന്‌ധിച്ച്‌ വളരെ സംഭവബഹുലമാണ്‌. മലയാള സിനിമ പതനത്തിലേക്ക്‌ എന്ന പതിവുപല്ലവി ഇത്തവണയും അതിഗംഭീരമായി ഉയര്‍ന്നു. സംഘടനകള്‍ തമ്മിലുള്ള അസ്വാരസ്യങ്ങളും താരങ്ങള്‍ തമ്മിലുള്ള വാദ്വാഗങ്ങളും ഒട്ടനവധി കേട്ടു. പുതിയ താരങ്ങളും സാങ്കേതികവിദഗ്‌ധരും സംവിധായകരുംമെല്ലാം മുഖ്യധാരയിലേക്ക്‌ എത്തിയതോടൊപ്പം കുത്തകതാരങ്ങള്‍ക്ക്‌ വലിയ രീതിയിലുള്ള ഇടിവും സംഭവിച്ചു. അതോടൊപ്പം ഇവര്‍ ആദായനികുതി ഡിപ്പാര്‍ട്ടുമെന്റിന്റെ നൂലാമാലകളില്‍കൂടി എത്തിയതോടെ സിനിമാക്കാരെ സംബന്‌ധിച്ച വാര്‍ത്തകള്‍ പിന്നേയും കൂടി. യുവതാരങ്ങളുടെയും സിനിമാപ്രവര്‍ത്തകരുടെയും വന്‍സാന്നിധ്യത്തോടെ ഏറെ കോട്ടങ്ങള്‍ക്കിടയിലും മലയാള സിനിമ സ്‌ഥിരംഫോര്‍മുലയില്‍നിന്ന്‌ മാറി സഞ്ചരിച്ച്‌ കുറച്ച്‌ നേട്ടം സ്വന്തമാക്കി. ഇത്തരത്തില്‍ 2011 ല്‍ മലയാളത്തില്‍ കൂടുതല്‍ വ്യത്യസ്‌തമായതും നേട്ടമുണ്ടാക്കിയതുമായചില സിനിമകള്‍.
ആദാമിന്റെ മകന്‍ അബു: നവാഗതനായ സലിം അഹമ്മദ്‌ ഒരുക്കയ ചിത്രം നേട്ടങ്ങളുടെ പട്ടികയില്‍ ഏറ്റവും മുന്‍പന്തിയില്‍ത്തന്നെനില്‍ക്കുന്നു. 2010 ലെ ദേശീയ-സംസ്‌ഥാന അവാര്‍ഡുകള്‍ ഉള്‍പ്പെടെ നിരവധി ബഹുമതികള്‍ക്ക്‌ അര്‍ഹമായ ചിത്രം സലിംകുമാര്‍ എന്ന നടന്‌ സ്വപ്‌നതുല്യമായ നേട്ടം സമ്മാനിക്കുകയും ചെയ്‌തു. സലിംകുമാറിന്‌ നല്ല നടനുള്ള ദേശീയ അവാര്‍ഡുള്‍പ്പെടെയുള്ളവ നല്‍കിയ ചിത്രം ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായി ഒസ്‌കാറില്‍വരെ എത്തിപ്പെട്ടു. നേട്ടമുണ്ടാക്കിയതോടൊപ്പം ഏറെ ചര്‍ച്ച ചെയ്‌തതും കാണേണ്ടതുമായ ചിത്രമാണിത്‌.
ട്രാഫിക്‌: സംവിധായകന്‍ രാജേഷ്‌ പിള്ള അവതരിപ്പിച്ച വ്യത്യസ്‌തമായ നാലു ജീവിതാവസ്‌ഥകളെ ബന്‌ധപ്പെടുത്തിയ മനോഹരചിത്രം എറെ ശ്രദ്ധിക്കപ്പെട്ടു. സാമ്പത്തികമായും നിരൂപ പ്രശംസയിലും ഏറെ നേട്ടമുണ്ടാക്കിയ ചിത്രം 2011 ല്‍ മലയാള സിനിമയ്‌ക്ക്‌ അഭിമാനമുണ്ടാക്കിയതാണ്‌. മലയാളത്തില്‍ വിജയമുണ്ടാക്കിയ ചിത്രം മറ്റുഭാഷകളിലേക്കുകൂടി റിമേക്ക്‌ ചെയ്യുകയുമാണ്‌.
ഉറുമി: മലയാളത്തില്‍ വല്ലപ്പോഴുമൊക്കെ സംഭവിക്കുന്ന ചരിത്രസിനിമയുടെ വിജയം. ശ്രദ്ധേയ ഛായാഗ്രാഹകന്‍ സന്തോഷ്‌ ശിവന്റെ സംവിധാനത്തില്‍ യുവതാരം പൃഥ്വിരാജിന്റെ കരിയറിലെതന്നെ ഏറെ അഭിമാനിക്കാവുന്ന ചിത്രം. ശങ്കര്‍ രാമകൃഷ്‌ണന്‍ എഴുതിയ വ്യത്യസ്‌തമായ കഥാപശ്‌ചാത്തലവും അവതരണരീതിയും പ്രഭുദേവ, ആര്യ, ജനീലിയ ഡിസൂസ, തബു, വിദ്യാബാലന്‍ തുടങ്ങിയവരുള്‍പ്പെടുന്ന വന്‍താരനിരയും ചിത്രത്തിന്‌ വിവിധയിടങ്ങളില്‍ ശ്രദ്ധനേടുന്നതിനും കാരണമായി. 2011 ല്‍ മലയാളത്തില്‍ കാണേണ്ടതായ ഒരു ചിത്രമായി ഉറുമിയെ വിലയിരുത്തുന്നു.
സോള്‍ട്ട്‌ ആന്‍ഡ്‌ പെപ്പര്‍: വെറുമൊരു ദോശയുടെ കഥപറഞ്ഞെത്തിയ സൂപ്പര്‍ റൊമാന്‍സ്‌ ചിത്രം ഏറെ രസമുള്ളതും വ്യത്യസ്‌തവുമായി. ഏകദേശം രണ്ടുദശാബ്‌ദമായി വില്ലന്‍കഥാപാത്രത്തെ അവതരിപ്പിച്ചിരുന്ന ബാബുരാജ്‌ ആഷിക്‌ അബുവിന്റെ സംവിധാനത്തില്‍ ജനങ്ങള്‍ക്ക്‌ കൂടുതല്‍ സ്വീകാര്യനായ കോമേഡിയനായി മാറുന്ന കാഴ്‌ചയും ഈ സിനിമ സമ്മാനിച്ചു. മികച്ച സംഗീതവും നല്‍കി.
മേല്‍വിലാസം: സിനിമയെ ഒരു മുറിക്കുള്ളില്‍ ഒതുക്കിയ ചിത്രം. കോര്‍ട്ട്‌ മാര്‍ഷ്യലിന്റെ കഥപറഞ്ഞെത്തിയ ചിത്രം ഒറ്റമുറിയില്‍ ഷൂട്ട്‌ ചെയ്‌ത്‌, സ്‌ത്രീകഥാപാത്രങ്ങളില്ലാതെ അവതരിപ്പിച്ച സംവിധായകന്‍ മാധവ്‌ രാംദാസ്‌ 2011 ലെ ശ്രദ്ധേയന്‍തന്നെ. സുരേഷ്‌ഗോപിയും തമിഴ്‌നടന്‍ പാര്‍ത്ഥിപനും മുഖ്യകഥാപാത്രമായ ചിത്രം തമിഴ്‌നാട്ടിലും ചര്‍ച്ചാവിഷയമായി.

ഇന്ത്യന്‍ റുപ്പി: ഒരു രഞ്‌ജിത്ത്‌ ചിത്രം എന്നുപറഞ്ഞെത്തിയ ഇന്ത്യന്‍ റുപ്പി നേട്ടമുണ്ടാക്കി. അതോടൊപ്പം പലരില്‍നിന്നും ഏറെ വിമര്‍ശനങ്ങള്‍ നേരിട്ട പൃഥ്വിരാജിന്‌ ഒരു കൈത്താങ്ങും. വിലക്കുകളും മറ്റുമായി കുറച്ചുകാലം സിനിമയില്‍നിന്നും മാറിനിന്ന മുതിര്‍ന്ന നടന്‍ തിലകന്‌ വീണ്ടും സിനിമയിലേക്കുള്ള മടക്കത്തിനും  ഈ ചിത്രം കാരണമായി.
ബ്യുട്ടിഫുള്‍: നടന്‍ അനൂപ്‌ മേനോന്റെ സ്‌ക്രിപ്‌റ്റില്‍ വി.കെ പ്രകാശ്‌ സംവിധാനം ചെയ്‌ത ചിത്രം 2011 ല്‍ പ്രേക്ഷകരെ തൃപ്‌തിപ്പെടുത്തിയതുതന്നെ. ഈ ചിത്രം ഇപ്പോഴും മികച്ച രീതിയില്‍ പ്രദര്‍ശനം തുടരുന്നു. ഏറെ ധീരമായ കാല്‍വയ്‌പ്‌ എന്നാണ്‌ ചിത്രത്തെക്കുറിച്ച്‌ പൊതുജനാഭിപ്രായം.
അങ്ങനെ 2011 ല്‍ മലയാളത്തില്‍നിന്ന്‌ ചില ചിത്രങ്ങള്‍ ഇത്തരത്തില്‍ വേറിട്ടവഴിയില്‍ സഞ്ചരിച്ച്‌ നേട്ടമുണ്ടാക്കുകയും ശ്രദ്ധിക്കപ്പെടുകയും ചെയ്‌തിരിക്കുന്നു. സ്‌ഥിരംഫോര്‍മുലയില്‍ വന്ന്‌ നേട്ടമുണ്ടാക്കിയവയുണ്ടെങ്കിലും മാറ്റം അനിവാര്യമാണെന്നതിന്‌ ഇവ തെളിവുകളാണ്‌.


 

Comments

Bijo says ..
2012 January Thu : 5:16 pm
മലയാളത്ത്ന്റെ അഭിമാനതാരം, സ്വയം പ്രഖ്യാപിത സുപ്പര്‍ സ്റാര്‍ " സന്തോഷ്‌ പണ്ടിടിനെ മറന്നത് ദൈവ ദോഷം ക്ഷണിച്ചു വരുത്തുന്ന നടപടി ആയി പോയി............ ഇതിനെതിരെ "ഓ പ്രിയേ ' എന്നാ ഗാനം ആലപിച്ച എല്ലാ മലയാളികളും പ്രതിക്ഷേദിക്കുക. പ്രതികരിക്കുക.

ബൈജു സുല്‍ത്താന്‍ says ..
2012 January Wed : 12:58 pm
അപ്പോ ചാപ്പാ കുരിശിനെ മറന്നുപോയോ?

Post News Feedback
Your Name   
E-mail
Phone Number
 
Type in Malayalam (Press Ctrl+m to change language)
Comment
 

Back
    Rate this news