Back
Friday, December 23, 2011 | 03:42:14 PM IST
കാറ്റു വിതച്ച്‌ കൊടുങ്കാറ്റ്‌ കൊയ്യുന്നു

മുല്ലപ്പെരിയാര്‍ പ്രശ്‌നം സമചിത്തതയോടെ കൈകാര്യം ചെയ്യുന്നതിനുപകരം പ്രശ്‌നത്തെയാകെ വൈകാരികമാക്കിയതിന്റെ ഫലമായി ഇന്ന്‌ തമിഴരുടെയും മലയാളികളുടെയും ഇടയില്‍ സംഘര്‍ഷങ്ങള്‍ വര്‍ദ്ധമാനമായിവരുന്നു. ഇതിന്റെ ആത്യന്തിക ദുഷ്‌ഫലം അനുഭവിക്കേണ്ടിവരുന്നത്‌ മലയാളികളായിരിക്കും. ഇടുക്കി മേഖലയില്‍ തൊഴില്‍ ചെയ്‌തിരുന്ന തമിഴരുടെമേല്‍ അക്രമം അഴിച്ചുവിട്ടതിന്റെ ഫലമായി തൊഴില്‍മേഖലയാകെ സ്‌തംഭിച്ചിരിക്കുകയാണ്‌. ഇപ്പോള്‍തന്നെ കേരളം മണ്ണില്‍ അദ്ധ്വാനിക്കുന്നതിന്‌ കേരളത്തിന്റെ പുറത്തുനിന്നും തൊഴിലാളികളെ ഇറക്കുമതി ചെയ്‌തുകൊണ്ടിരിക്കുകയാണ്‌. അതില്‍ ഒരു നല്ല ഭാഗം തമിഴ്‌നാട്ടുകാരായിരുന്നു. അവര്‍ പിന്‍വലിയുന്നതോടെ പല തോട്ടങ്ങളും അടച്ചുപൂട്ടേണ്ടിവരും. അതുപോലെതന്നെ തമിഴ്‌നാട്ടില്‍ മലയാളികള്‍ക്ക്‌ എസ്റ്റേറ്റുകളുണ്ട്‌. കടകളും ഫാക്‌ടറികളുമുണ്ട്‌. അവിടെയെല്ലാം ഇപ്പോള്‍തന്നെ അസ്വസ്‌തത ആരംഭിച്ചുകഴിഞ്ഞു. നമ്മുടെ രാഷ്‌ട്രീയ നേതാക്കന്മാരും മാധ്യമങ്ങളും വരുത്തി വച്ച വിന. കാറ്റു വിതച്ച്‌ നാം കൊടുങ്കാറ്റു കൊയ്യാന്‍ തയ്യാറാകേണ്ടിയിരിക്കുന്നു.
പുതിയ ഡാം പണിയുന്നില്ലെങ്കില്‍ മന്ത്രിസ്ഥാനം രാജിവെക്കുമെന്നു പുറഞ്ഞ മന്ത്രിമാരും ഹാലിളകി വികാരം സൃഷ്‌ടിച്ചവരും സമനില വീണ്ടെടുത്തപ്പോള്‍ പതുക്കെ പതുക്കെ രംഗത്തുനിന്നും പിന്‍വലിയുകയാണ്‌. പ്രശ്‌നപരിഹാരത്തിന്‌ പ്രശ്‌നങ്ങളെ സങ്കീര്‍ണ്ണമാക്കുകയല്ല ചെയ്യേണ്ടിയിരുന്നത്‌.
വര്‍ഗീയ വികാരങ്ങളും ഭാഷാ വികാരങ്ങളും കത്തിപ്പടര്‍ന്നാല്‍ എന്തെല്ലാം ചുട്ടുചാമ്പലാക്കുമെന്ന്‌ പറയാന്‍ വിഷമമുണ്ട്‌. മുല്ലപ്പെരിയാര്‍ പ്രശ്‌നം വൈകാരികമാക്കിയത്‌ പ്രാദേശിക പാര്‍ട്ടികളാണ്‌. ഈ വൈകാരിക തരംഗത്തിലേക്ക്‌ ദേശീയ പാര്‍ട്ടികളും ചിന്തിക്കാതെ എടുത്തുചാടി. പിന്‍വലിയാനാകാതെ അവരും വിഷമിക്കുകയാണ്‌.
ഭൂമികുലുക്കം ഉണ്ടായാല്‍ അണപൊട്ടും എന്ന ഭീതിയാണ്‌ ഇന്നും നിലനില്‍ക്കുന്നത്‌. ഏതായാലും ഉടനടി പരിഹാരമുണ്ടാക്കാവുന്ന ഒരു പ്രശ്‌നമല്ല ഇത്‌. പുതിയ ഡാം പണിയാന്‍ ഇരുകൂട്ടരും സമ്മതിച്ചാല്‍തന്നെ നാലുകൊല്ലമെങ്കിലും എടുക്കും അതു പൂര്‍ത്തിയാകാന്‍. അപ്പോള്‍ ഇതിനിടയില്‍ ഭൂമികുലുക്കം ഉണ്ടായാലോ?
ആറിനക്കരെ ചങ്ങലയില്‍ പൂട്ടിയിട്ട പട്ടിയെകണ്ട്‌ കണിയാന്‍ ഓലക്കുട ഒടിച്ച കഥയുണ്ട്‌. അയാളുടെ ഭയം ഇതായിരുന്നു. ചങ്ങല പൊട്ടുകയും നദി വറ്റുകയും ചെയ്‌താല്‍ പട്ടി തന്നെ കടിച്ചേക്കുമോ എന്ന്‌. ഇങ്ങനെ വിദൂര സാധ്യതകളെ മനസ്സില്‍ കൊണ്ടുനടക്കാന്‍ മനോരോഗികള്‍ക്കു മാത്രമേ കഴിയുകയുള്ളൂ. മുല്ലപ്പെരിയാര്‍ പ്രശ്‌നത്തിന്‌ സമവായം ഉണ്ടാക്കാന്‍ കോടതിയും കേന്ദ്രഗവണ്‍മെന്റും പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്‌. ആ മാര്‍ഗത്തിലൂടെയല്ലാതെ പ്രശ്‌നപരിഹാരം ഉണ്ടാകുകയില്ല. അവസാനം എടുക്കേണ്ട ആയുധം ആദ്യംതന്നെ എടുത്തു എന്നുള്ളതാണ്‌ കേരള ഗവണ്‍മെന്റിനു പറ്റിയത്‌. മുല്ലപ്പെരിയാര്‍ പ്രശ്‌നം ഇന്ന്‌ ഭരണത്തെതന്നെ സ്‌തംഭിപ്പിച്ചിരിക്കുകയാണ്‌. അനാവശ്യമായ ഭീതി മലയാളികളുടെ ഇടയില്‍ സൃഷ്‌ടിച്ചുകഴിഞ്ഞു. തമിഴ്‌നേതാവായ വൈകോയ്‌ക്കും കരുണാനിധിക്കും എന്തും പറയാം. അതിന്‌ അവര്‍ക്ക്‌ ലൈസന്‍സുണ്ട്‌. പക്ഷേ വിവേകം കൈവിട്ടുകൊണ്ടുള്ള കേരള മന്ത്രിമാരുടെയും രാഷ്‌ട്രീയ പാര്‍ട്ടികളുടെയും നിലപാട്‌ ക്ഷന്തവ്യമല്ല.
ഇനിയെന്താണ്‌ പരിഹാരം? എല്ലാ സമരപരിപാടികളില്‍നിന്നും കേരളം പിന്‍വലിയണം. മഴ നിന്നു. ഭീകരമായ അന്തരീക്ഷം മാറി, അണപൊട്ടുമെന്ന ഭയം ഇപ്പോഴില്ല. ഈ കാലഘട്ടത്തില്‍ മധ്യസ്ഥന്മാര്‍ വഴിയും കോടതി വഴിയും പരിഹാരം കാണണം. ഇന്നു ചപ്പാത്തില്‍ നടത്തിക്കൊണ്ടിരിക്കുന്ന സമരങ്ങള്‍ താല്‍ക്കാലികമായെങ്കിലും പിന്‍വലിക്കണം.
സത്യം പറഞ്ഞാല്‍ കേന്ദ്രഗവണ്‍മെന്റും ഈ പ്രശ്‌നത്തില്‍ രാഷ്‌ട്രീയമായ ഒരു തീരുമാനം എടുക്കുകയില്ല. കാരണം കേന്ദ്ര ഗവമെന്റ്‌ നിലനില്‍ക്കണമെങ്കില്‍ തമിഴ്‌നാട്ടിലെ എം.പി.മാരുടെ പിന്തുണ വേണം. രാഷ്‌ട്രീയ അനിശ്ചിതത്വത്തിലേക്ക്‌ കേന്ദ്രത്തെ വലിച്ചെറിഞ്ഞുകൊണ്ട്‌ ഒരു തീരുമാനമെടുക്കാന്‍ മന്‍മോഹന്‍സിംഗ്‌ തയ്യാറാകുകയില്ല എന്നു വ്യക്തം. പി. ചിദംബരത്തെപ്പോലെയുള്ള ശക്തന്മാര്‍ ഭരണപക്ഷത്ത്‌ തമിഴ്‌നാടിനുവേണ്ടി വാദിക്കും എന്നതില്‍ സംശയമില്ല.
ഇന്ന്‌ പല വേദികളിലും ഉയര്‍ന്നുവരുന്ന പരാതി കേരളത്തില്‍നിന്നുള്ള കേന്ദ്രമന്ത്രിമാര്‍ മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ നിശബ്‌ദത പാലിക്കുന്നു എതാണ്‌. അവരുടെ സമീപനം തികച്ചും വിവേകപൂര്‍വമാണ്‌ എന്നു പറയേണ്ടിയിരിക്കുന്നു. മുല്ലപ്പെരിയാര്‍ സൃഷ്‌ടിച്ച ഭീതിയില്‍ എണ്ണയൊഴിക്കാന്‍ അവര്‍ തയ്യാറാകാതിരുന്നത്‌ അഭിനന്ദനാര്‍ഹമാണ്‌. കേരളത്തിന്റെ താല്‌പര്യം സംരക്ഷിക്കണമെങ്കില്‍ തമിഴ്‌ വികാരത്തെ കുത്തിയിളക്കാതിരിക്കുകയാണ്‌ ആവശ്യം. ഈ മുന്‍കരുതല്‍ അവര്‍ എടുക്കുന്നു എന്നത്‌ തികച്ചും യുക്ത്യാധിഷ്‌ഠിതമാണ്‌.

ജോസഫ്‌ പുലിക്കുന്നേല്‍
 

Comments

Jijo says ..
2011 December Sat : 3:18 am
മുല്ലപെര്യര്‍ അണക്കെട്ട് പോലെ തന്നെ കാലഹരണ പെട്ട ആശയങ്ങളാണ് ഈ ലേഖകന്‍ ഇവിടെ വിവരിക്കാന്‍ ശ്രമിക്കുന്നത്...സ്കോപ് ഇന്ത്യ ദയവായി ഇത്തരം നെഗറ്റീവ് ലേഖനങ്ങള്‍ ഒഴിവക്കണം ...ഈ ലേഖകന്‍ പോസിറ്റീവ് ആയി ഒന്നും ഒരു കാലത്തും പറഞിട്ടില്ല .... ബഹുമനപെട്ട ലേഖക ..അങ്ങേക് പ്രായം ആയി...ഇനി മുല്ലപെരിയാര്‍ പോയാലും അങ്ങേക്ക് ഒന്നും പോകാനില്ല...ഞങ്ങളുടെ പ്രാണ വേദന അങ്ങേക്ക് മനസിലാകില്ല...ഒഴിവാക്കാന്‍ പറ്റുന്ന ഒരു ദുരന്തം കണ്മുന്‍പില്‍ നില്‍ക്കുമ്പോള്‍ അതിനെ കണ്ടില്ലെന്നു നടിക്കാന്‍ അങ്ങേക്ക് എങ്ങനെ കഴിയുന്നു?

VIJAYANKASARGOD says ..
2011 December Fri : 6:04 pm
വളരെ വളരെ നല്ല പക്വതയുള്ള അഭിപ്രായം . ഈ അഭിപ്രായം തുടര്‍ച്ചയായി കൊടുക്കാന്‍ ഈ വിനീതന്‍ ആഗ്രഹിക്കുന്നു .കാരണം കളക് വെള്ളത്തില്‍ മീന്‍ പിടിക്കാന്‍ നിന്ന രാഷ്ട്രീയക്കാര്‍ക് ഇതൊന്നു വായിച്ചു മനസിലാക്കട്ടെ.. ഈ കാര്യത്തില്‍ കേരള മുഗ്യമന്ത്രി വളരെ പക്ക്വമായി പെരുമാറി .ജോസഫ്‌ പുളിക്കുന്നെല്നു നന്ദി അറിയിക്കുന്നു , ഒപ്പം സ്കോപിക്കും വിജയന്‍ പൈലന്‍ ,സ്ലോവേനിയ ,.യുറോപ് .

ramadas c says ..
2011 December Fri : 5:39 pm
Sir, you said it right. Thanks to our leaders at the centre for their matured act. A responsible National leader said it is a bye-election strategy, it may be right or wrong, but the credit goes to our state leaders for pulling such dirty words out from our national leaders mouth (though later on he corrected). Hats off to the editor for including this article and also one more article on our Defence Minister in the same day. Not a good article. As our CM said, safety for Keralites and water for Tamil Nadu. Let this happen through a peaceful process.

Post News Feedback
Your Name   
E-mail
Phone Number
 
Type in Malayalam (Press Ctrl+m to change language)
Comment
 

Back
    Rate this news