ലീഡര്‍, ലീഡര്‍ മാത്രമായിരുന്നു
ഏതു മരണത്തെയും നിസ്സംഗതയോടെ റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമ പ്രവര്‍ത്തകരെപ്പോലും ആശയക്കുഴപ്പത്തിലാക്കിയ വിയോഗമായിരുന്നു അത്. അവസാന യാത്ര എന്ന് എങ്ങനെ കുറിക്കും എന്ന് അവര്‍ സ്വയം ചോദിക്കുകയും തമ്മില്‍തമ്മില്‍ പറയുകയും ചെയ്‌തു. മുമ്പ് ഇഎംഎസ് മരിച്ചത് റിപ്പോര്‍ട്ട് ചെയ്‌തപ്പോള്‍ പേന വിറച്ചു താഴെ വീണ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനെക്കുറിച്ച് കേട്ടിട്ടുള്ള പുതുതലമുറയ്‌ക്ക് ഇതാദ്യാനുഭവം തന്നെയായിരുന്നു.
കരുണാകരന്‍ ഈ ലോകത്തോടു വിട പറഞ്ഞിട്ട് ഇന്ന് ഒരു വര്‍ഷം തികയുന്നു. മൂന്നുപേരുടെ ഭൂരിപക്ഷത്തില്‍ യുഡിഎഫ് ആടിയാടി ഭരണമറുമ്പോല്‍ മുതല്‍ മുല്ലപ്പെരിയാറിന്റെ പേരില്‍ കേന്ദ്രം അങ്ങുമിങ്ങുമില്ലാതെ കളിക്കുമ്പോള്‍ വരെ കേരളീയര്‍ പറഞ്ഞു: കരുണാകരനുണ്ടായിരുന്നെങ്കില്‍. 'ലീഡര്‍'ക്കും പരിഹരിക്കാനാകാത്തതാകം ഈ പ്രശ്‌നങ്ങള്‍. പക്ഷേ, കരുണാകരനു കഴിയും എന്നു ജനം ഇന്നും വിശ്വസിച്ചുപോകുന്ന വിധം സമര്‍ത്ഥമായി അദ്ദേഹം ക്രൈസിസ് മാനേജ്‌മെന്റ് കലയായി കൊണ്ടുനടന്നിരുന്നു. അതാണു കാര്യം.
തിരുവനന്തപുരത്ത് ഡര്‍ബാര്‍ ഹാളില്‍ പതിനായിരങ്ങളുടെ കണ്ണീരില്‍ക്കുതിര്‍ന്ന ആദരാഞ്‌ജലികള്‍ ഏറ്റുവാങ്ങിയാണ് ലീഡര്‍ കഴിഞ്ഞ വര്‍ഷം ഇതേദിവസം യാത്ര പുറപ്പെ
ട്ടത്.
മൂന്നു പതിറ്റാണ്ടിലേറെ കേരള രാഷ്ട്രീയത്തില്‍ കരുണാകരന്‍ നിറഞ്ഞു നില്‍ക്കുകയായിരുന്നില്ല. കളംനിറഞ്ഞു കളിക്കുകയായിരുന്നു. ഐക്യ ജനാധിപത്യ മുന്നണിക്ക് രൂപം നല്‍കി അതിനെകൊണ്ടുനടന്ന് കരുത്തുറ്റ രാഷ്ട്രീയവേദിയാക്കി. പിന്നെ, അതിന്റെ സുഖം അനുഭവിച്ചവര്‍ തള്ളിപ്പറഞ്ഞപ്പോള്‍ വേദനയോടെ പടിയിറങ്ങി. ദു:ഖിതനായി തിരിച്ചുവന്നു, രോഗക്കിടക്കയിലേക്ക് അവസാനയാത്ര പോകുമ്പോഴും രാഷ്ട്രീയകേരളത്തിന്റെ കണ്ണും കാതുമായിത്തന്നെ നിന്നു....
1980ല്‍ രൂപംകൊണ്ട യുഡിഎഫിന്റെ ശില്‍പ്പികളില്‍ പ്രഥമസ്ഥാനീയനായിരുന്നു കെ. കരുണാകരന്‍. യുഡിഎഫ് എന്ന പേരില്‍ മുന്നണി സംവിധാനം കേരള രാഷ്ട്രീയത്തില്‍ പിറവിയെടുത്തത് 80ല്‍ ആണെങ്കിലും അതിലേക്കു നയിച്ച സംഭവവികാസങ്ങളുടെ തുടക്കം കെപിസിസിയുടെ കോട്ടയം സമ്മേളനത്തിലായിരുന്നു.
1960കളുടെ തുടക്കം. പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടി, കേരള കോണ്‍ഗ്രസ്, മുസ്‌ലിം ലീഗ്, സോഷ്യലിസ്റ്റ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി, നാഷണല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി തുടങ്ങിയ ചെറുകക്ഷികള്‍ പ്രാദേശികവും സാമുദായികവുമായ താത്‌പര്യങ്ങള്‍ സംരക്ഷിക്കാന്‍ ചുവടുറപ്പിച്ചു തുടങ്ങുന്ന കാലം. സഖ്യകക്ഷി ഭരണത്തിന്റെ പരീക്ഷണങ്ങള്‍ കേരള രാഷ്ട്രീയത്തില്‍ ആരംഭിച്ചതും ഇക്കാലത്താണല്ലോ. 1965ലെ തെരഞ്ഞെടുപ്പ്. സോഷ്യലിസ്റ്റുകളെയും ലീഗിനെയും ഒപ്പംകൂട്ടി സിപിഎം ത്രികക്ഷി സഖ്യമായും സിപിഐ, കോണ്‍ഗ്രസ്, കേരള കോണ്‍ഗ്രസ് എന്നീ കക്ഷികള്‍ ഒറ്റയ്‌കൊറ്റയ്‌ക്കും തെരഞ്ഞെടുപ്പിനെ നേരിട്ടു.
1967ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ സോഷ്യലിസ്റ്റ് കക്ഷികളെയും സാമുദായിക അടിത്തറയില്‍ രൂപപ്പെട്ട കക്ഷികളെയും ഒപ്പംകൂട്ടി സിപിഎം സപ്‌തമുന്നണിക്കു രൂപം നല്‍കി. അവര്‍ അധികാരത്തിലെത്തുകയും ചെയ്‌തു.
ഈ മുന്നണിക്കു ബദലായി ജനമുന്നണി എന്ന പേരില്‍ ഒരു സംവിധാനത്തിനു രൂപം നല്‍കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചതു കെപിസിസിയുടെ കോട്ടയം സെഷനിലായിരുന്നു. ഈ ജനമുന്നണിയാണു പില്‍ക്കാലത്ത് ഐക്യ ജനാധിപത്യ മുന്നണിയുടെ രൂപീകരണത്തിലേക്കു കോണ്‍ഗ്രസിനെ നയിച്ചത്.
സപ്‌തമുന്നണിയിലെ അന്തഃഛിദ്രങ്ങള്‍ മൂലം സര്‍ക്കാര്‍ നിലംപൊത്തുകയും സി. അച്യുത മേനോന്റെ നേതൃത്വത്തില്‍ സിപിഐ നയിക്കുന്ന സര്‍ക്കാര്‍ അധികാരത്തിലെത്തുകയും ചെയ്‌തു. 1970ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ സഹായത്തോടെ സിപിഐ അധികാരത്തില്‍ വന്നു. എന്നാല്‍, സിപിഐ നയിക്കുന്ന മന്ത്രിസഭയില്‍ മന്ത്രിമാരായിരിക്കണോ എന്ന കാര്യത്തില്‍ കോണ്‍ഗ്രസിനുള്ളില്‍ രണ്ടഭിപ്രായം ഉയര്‍ന്നു. അന്ന് കെപിസിസി പ്രസിഡന്റായിരുന്ന കെ.കെ. വിശ്വനാഥനും കെ. കരുണാകരനും ഡല്‍ഹിയിലെത്തി ഇന്ദിര ഗാന്ധിയെ കാണുകയും അവരുടെ അനുമതിയോടെ മന്ത്രിസഭയില്‍ പങ്കാളിയാകുകയും ചെയ്‌തു.
കെ. കരുണാകരനെ പരസ്യമായി പിന്തുണച്ചു കൊണ്ട് കോണ്‍ഗ്രസില്‍ ഒരു വിഭാഗം രംഗത്തെത്തിയതും ഇതോടെയാണ്. ഈ മന്ത്രിസഭയില്‍ കരുണാകരന്‍ പിന്നീട് ആഭ്യന്തര മന്ത്രിയായി. യുഡിഎഫിന് അടിത്തറപാകിയത് ഈ ജനമുന്നണി സംവിധാനമാണ്.
ഇന്നു 2010 ഡിസംബര്‍ 23. കരുണാകരന്‍ വിടവാങ്ങിയ കറുത്ത ശനിയുടെ വര്‍ഷം തികക്കുന്ന വെള്ളി. വര്‍ഷങ്ങളായി ശനിയാഴ്‌ചകളില്‍ കറുപ്പാണു കരുണാകരന്‍ ധരിച്ചിരുന്നത്. ശനീശ്വര പ്രീതിയ്‌ക്കായുള്ള വ്രതത്തിന്റെ ഭാഗമായിരുന്നു ഇത്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 23 ശനിയാഴ്‌ച കെ. കരുണാകരനു വേണ്ടി കേരളം കറുപ്പണിഞ്ഞു. അനുയായികള്‍ കറുത്ത ബാഡ്‌ജണിഞ്ഞു, സര്‍ക്കാര്‍ മന്ദിരങ്ങളിലും കോണ്‍ഗ്രസ് ഓഫിസുകളിലും സംസ്ഥാനത്തെ എല്ലാ തെരുവുകളിലും ഇടവഴികളിലും കറുത്ത കൊടികള്‍ ഉയര്‍ന്നു.
ഏതു തിരക്കിലും പ്രതിസന്ധിയിലും നിഷ്‌ഠകള്‍ തെറ്റിക്കാന്‍ ലീഡര്‍ തയാറല്ലായിരുന്നു. മലയാള മാസം ഒന്നിന് ഗുരുവായൂര്‍ ദര്‍ശനം, മണ്ഡലകാലത്തു വ്രതം നോക്കല്‍, എല്ലാ ദിവസവും പ്രാര്‍ഥനയ്‌ക്കായി അതിരാവിലെ മണിക്കൂറുകള്‍, കുളികഴിഞ്ഞാല്‍ നെറ്റിയില്‍ തൊടാന്‍ ഗുരുവായൂരപ്പന്റെ കളഭം....ഇതുപോലെയായിരുന്നു ശനിയാഴ്‌ച വ്രതവും. ശനിയാഴ്‌ചകളില്‍ ശനീശ്വരനായ ശാസ്‌താവിനുള്ള പൂജയും കരുണാകരന്‍ മുടക്കാറില്ല. അതിരാവിലെ കുളികഴിഞ്ഞാല്‍ കറുത്ത മുണ്ടുധരിച്ചാണു ശാസ്‌താപൂജ നടത്തുന്നത്. തുടര്‍ന്ന് ആ ദിവസങ്ങളില്‍ കറുത്ത മുണ്ടാണു കരുണാകരന്‍ ധരിച്ചിരുന്നത്. ചില ദിവസങ്ങളില്‍ കറുത്ത തോര്‍ത്തു തോളിലുണ്ടാകും. അല്ലെങ്കില്‍ കറുത്ത ജൂബ്ബ ധരിക്കും. ഇതൊക്കെ ഇടയ്‌ക്കാണെങ്കിലും കറുത്ത മുണ്ടിനോടു ശനിയാഴ്‌ചകളില്‍ ഒരു വിട്ടുവീഴ്‌ചയ്‌ക്കും കരുണാകരന്‍ തയാറായിട്ടില്ല. വാര്‍ത്താ സമ്മേളനമായാലും പ്രത്യേകം നിശ്ചയിച്ച അഭിമുഖമായാലും വിവിഐപി സന്ദര്‍ശകരെ സ്വീകരിക്കലാണെങ്കിലും കറുത്ത മുണ്ടോടെ മാത്രമെ കരുണാകരനെ കാണാന്‍ കഴിഞ്ഞിരുന്നുള്ളൂ.
മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും കേന്ദ്ര മന്ത്രിയുമായിരുന്നപ്പോള്‍ അതിരാവിലെ കറുത്ത മുണ്ടു ധരിക്കും. ഓഫിസിലേയ്‌ക്കു പോകുകയാണെങ്കില്‍ കറുത്ത കരയുള്ള മുണ്ട് ധരിക്കാറുണ്ട്. തിരികെ വീട്ടിലെത്തിയാലുടന്‍ കറുത്ത മുണ്ടിലേയ്‌ക്കു മാറും.
ഗുരുവായൂര്‍ ഭക്തി പോലെയായിരുന്നു ലീഡര്‍ക്കു ശബരിമല ഭക്തിയും. മണ്ഡലകാലങ്ങളിലെ വ്രതം നോക്കുന്നതില്‍ ഒരു വിട്ടുവീഴ്‌ചയ്‌ക്കും തയാറല്ലായിരുന്നു. വൃശ്ചികം ഒന്നിനു ഗുരുവായൂര്‍ ദര്‍ശനത്തോടെയാണു ലീഡര്‍ വ്രതം ആരംഭിക്കുന്നത്. വ്രതം അവസാനിക്കുന്നതു ശബരിമലയില്‍ ദര്‍ശനം നടത്തിയ ശേഷവും. 1988 വരെ എല്ലാ മണ്ഡലകാലത്തും കരുണാകരന്‍ ശബരിമലയില്‍ എത്തുമായിരുന്നു. ധനുമാസത്തിലെ ആദ്യ ശനിയാഴ്‌ചയായിരുന്നു കരുണാകരന്‍ കറുപ്പുടുത്തു മല ചവിട്ടിയിരുന്നത്. മുഖ്യമന്ത്രിയായും പ്രതിപക്ഷ നേതാവായും കരുണാകരന്‍ ശബരിമലയില്‍ എത്തിയാല്‍ എല്ലാ പ്രവര്‍ത്തനങ്ങളും നിരീക്ഷിക്കുക പതിവായിരുന്നു. ഏതെങ്കിലും ജീവനക്കാരനോ ഭക്തനോ ഒരു പരാതി പറഞ്ഞാല്‍ അതിന് അടിയന്തരമായി പരിഹാരം കാണണമെന്നു നിര്‍ബന്ധമായിരുന്നു.
നട്ടെല്ലിനേറ്റ ക്ഷതത്തെ തുടര്‍ന്നാണു ഡോക്‌റ്റര്‍മാര്‍ മലകയറ്റം വിലക്കിയത്. എന്നാല്‍ മണ്ഡല വ്രതം മുടക്കിയിരുന്നില്ല. 1989 മുതല്‍ മകന്‍ മുരളീധരന്‍ കെട്ടുമുറുക്കുമ്പോള്‍ കരുണാകരനും ഇരുമുടി മുറുക്കുമായിരുന്നു. രണ്ടു കെട്ടുകളുമായാണു മുരളീധരന്‍ മല ചവിട്ടിയിരുന്നത്.
എന്നാല്‍ കഴിഞ്ഞ തവണ മണ്ഡലകാലം തുടങ്ങുമ്പോള്‍ ലീഡര്‍ ആശുപത്രിയിലായി. ഇത്തവണയും ധനുമാസത്തിലെ ആദ്യ ശനിയാഴ്‌ച മുരളീധരന്‍ സന്നിധാനത്തെത്തി. അച്ഛന്‍ നിറച്ച കെട്ടില്ലാതെ...എന്നാല്‍ കരുണാകരനായി കൊണ്ടു വന്ന നെയ്‌ത്തേങ്ങ അഭിഷേകം ചെയ്യാന്‍ മുരളീധരന്‍ മറന്നില്ല. ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാര്‍ കരുണാകരനായി പ്രത്യേക പൂജ നടത്തിയിരുന്നു. ആശുപത്രി കിടക്കയില്‍ ഞായറാഴ്‌ച കരുണാകരന്റെ നെറ്റിയില്‍ ഈ പ്രസാദം ചാര്‍ത്തുകയും ചെയ്‌തു.
ആ മകന്‍ രാഷ്ട്രീയ പ്രതിസന്ധിയുടെ ആറ് വര്‍ഷത്തെ അലച്ചിലിനൊടുവില്‍ തലസ്ഥാനത്തെ സാമാജികനായി നിയമസഭയില്‍ എത്തുന്നതു കാണാന്‍ കാത്തുനില്‍ക്കാതെയാണ് ലീഡര്‍ വിട വാങ്ങിയത്.
കേരള രാഷ്ട്രീയത്തില്‍ ആ വിടവ് അങ്ങനെതന്നെ അവശേഷിക്കുമെന്നുറപ്പ്.
Tintu Jacob says ..
|
|||
















