ഉന്മാദാവസ്ഥയിലെത്തി നില്‍ക്കുന്ന മുല്ലപ്പെരിയാര്‍ പ്രശ്‌നം
ഏതു പ്രശ്‌നത്തെയും സമചിത്തതയോടെ സമീപിക്കാനാണ് ഭരണകൂടങ്ങള്‍ തയ്യാറാകേണ്ടത്. വികാര വിജൃംഭനം ഒരു പ്രശ്‌നത്തിനും പരിഹാരമല്ല. മാത്രമല്ല പ്രശ്‌നങ്ങളോടുള്ള വികാരപരമായ സമീപനം പലപ്പോഴും പ്രശ്‌നങ്ങളെ കൂടുതല്‍ സങ്കീര്‍ണവും പരിഹരിക്കാനാകാത്തതുമായി മാറ്റിമറിക്കുന്നു. മുല്ലപ്പെരിയാര്‍ പ്രശ്‌നം വിവേകപൂര്‍വമായ പഠനത്തിനും തീരുമാനത്തിനും വിധേയമാക്കുന്നതിനു പകരം കേരളത്തിലെ രാഷ്‌ട്രീയപാര്‍ട്ടികള്‍ അവര്‍ക്കുതന്നെ വിനാശകരമാകുംവിധം ജനങ്ങളെ ഉന്മാദാവസ്ഥയിലേക്കു തള്ളിവിട്ടിരിക്കുകയാണ്. പുത്തന്‍ ഡാം പണിയുക എന്നുള്ളത് ഗവണ്‍മെന്റിന്റെ നയമാണ്. ഇത് തമിഴ്‌നാടിനെ ബോധ്യപ്പെടുത്തി പരസ്‌പര ചര്‍ച്ചയിലൂടെ പ്രശ്‌നം പരിഹരിക്കേണ്ടതിനുപകരം ജനങ്ങളെ ഭീതിയുടെ കരിനിഴലിലേക്ക് കടത്തിവിട്ടത് ഒട്ടുംതന്നെ ഭൂഷണമല്ല. ഇക്കാര്യത്തില്‍ എല്ലാ രാഷ്‌ട്രീയപാര്‍ട്ടികളും ഒരുപോലെ കുറ്റക്കാരാണ്.
ജയലളിതയുടെ കോലം കത്തിച്ചതുകൊണ്ട് പ്രശ്‌നം തീരുമോ? തമിഴന്മാരെ കൈയേറ്റം ചെയ്‌തതുകൊണ്ട് പ്രശ്‌നം തീരുമോ? തമിഴ്‌ജനതയും മലയാളികളും തമ്മില്‍ വൈകാരികമായ അകല്‍ച്ച സൃഷ്‌ടിച്ചാല്‍ പ്രശ്‌നം പരിഹാരമാകുമോ? തീരുമോ? സംസ്ഥാനാതിര്‍ത്തികള്‍ക്കപ്പുറവും ഇപ്പുറവും നിന്ന് മുന്‍കാലത്തെ രാജാക്കന്മാരെപ്പോലെ ചാവേര്‍പടകളെ സൃഷ്‌ടിക്കുന്നത് പ്രശ്‌നത്തിന് പരിഹാരമല്ല. സുപ്രീംകോടതി ഒരു ഉതാധികാര സമിതിയെ നിയമിച്ചിട്ടുണ്ട്. ആ സമിതിയുടെ തീരുമാനം ഇരുപക്ഷവും അംഗീകരിക്കുക എന്ന പൊതു തത്വത്തില്‍ യോജിച്ച് പ്രശ്‌നപരിഹാരം കണ്ടെത്തേണ്ടതിനു പകരം കയ്യൂക്കുകൊണ്ട് എന്തെങ്കിലും നേടാമെന്നുള്ള വ്യാമോഹം അപകടകരമായ ഒരവസ്ഥ ഇന്നു സൃഷ്‌ടിച്ചിരിക്കുന്നു. മുല്ലപ്പെരിയാര്‍ ഡാം ഇന്നോ നാളെയോ പൊട്ടുകയില്ല. പക്ഷേ ഗവണ്‍മെന്റ് സൃഷ്‌ടിച്ച ഈ ഉന്മാദാവസ്ഥ ഇടുക്കിയിലെ ജനങ്ങളില്‍ ഭീതി ഉണര്‍ത്തിക്കഴിഞ്ഞു.
കേരളത്തില്‍ മഴക്കാലം കഴിഞ്ഞു. ഡാമിലേക്കുള്ള ജലപ്രവാഹവും ശോഷിച്ചു ശോഷിച്ചു വരും. അപ്പോള്‍ വിദൂരസ്ഥമായ ഒരപകടത്തെചൂണ്ടി എന്തിന് ഈ ഉന്മാദാവസ്ഥ രാഷ്‌ട്രീയ പാര്‍ട്ടികള്‍ സൃഷ്‌ടിച്ചു? കേരളത്തിലും തമിഴ്‌നാട്ടിലും ദേശീയപാര്‍ട്ടികളായ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും കോണ്‍ഗ്രസും ഒരതിര്‍ത്തിയോളമെങ്കിലും ശക്തമാണ്. ഓരോ ദേശീയ പാര്‍ട്ടിയും ഈ പ്രശ്‌നം തമിഴ്‌നാട്ടിലെ പാര്‍ട്ടിനേതാക്കന്മാരുമായി സംസാരിച്ച് ജനങ്ങളുടെ ഭീതി അകറ്റേണ്ടത് അത്യന്താപേക്ഷിതമാണ്. തമിഴ്‌നാട്ടിലെ അഞ്ചു ജില്ലകളില്‍ ഇന്ന് പച്ചപ്പുനിലനില്‍ക്കുെന്നങ്കില്‍ അതിനുകാരണം മുല്ലപ്പെരിയാറ്റില്‍നിന്നും പ്രവഹിക്കുന്ന വെള്ളമാണ്. അവിടെ വെളിച്ചം നല്‍കുന്നതും മുല്ലപ്പെരിയാര്‍ അണക്കെട്ടാണ്. മുല്ലപ്പെരിയാര്‍ ഡാമിന് എന്തെങ്കിലും അപകടം പറ്റിയാല്‍ കേരളംപോലെ തന്നെ തമിഴ്‌ജനതയും ദുരിതം അനുഭവിക്കുമെന്ന വസ്‌തുത അവരെ ധരിപ്പിക്കുന്നതില്‍ കേരളം പരാജയപ്പെട്ടു. സംസ്ഥാനത്തിന്റെ അതിര്‍ത്തികളില്‍ ഇന്നു നിലനില്‍ക്കുന്ന ഭീതി അകറ്റാനാണ് ഗവണ്‍മെന്റുകള്‍ ആദ്യം പരിശ്രമിക്കേണ്ടത്.
സമര രംഗത്തുനിന്നും കോണ്‍ഗ്രസ് പിന്‍വാങ്ങിയത് ഉചിതമായി എന്നാണ് എന്റെ അഭിപ്രായം. അവര്‍ സമരം പ്രഖ്യാപിക്കാനേ പാടില്ലായിരുന്നു. ഇന്ന് തമിഴ്‌നാട്ടിലെ അഞ്ചുജില്ലകള്‍ക്ക് നാം വെള്ളം കൊടുക്കുന്നുണ്ടെങ്കില്‍ അവിടെനിന്നുള്ള പച്ചക്കറികളാണ് നമ്മുടെ അടുക്കളകളില്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്നത് എന്ന കാര്യവും മറക്കണ്ട. ഈ ജില്ലകള്‍ക്ക് വെള്ളം മുട്ടിയാല്‍ കേരളത്തിന് പച്ചക്കറികളുടെ ലഭ്യതയും ഇല്ലെന്നാകും. ലോറികള്‍ തടഞ്ഞും കല്ലെറിഞ്ഞും അടിച്ചുപൊളിച്ചും നടത്തുന്ന സമരങ്ങളുടെ പലിശ നല്‍കേണ്ടിവരുക തമിഴ്‌നാട്ടില്‍ ജീവിക്കുന്ന മലയാളികളാണെന്ന് മറക്കാതിരിക്കുക. ഇന്നു നിലവിലുള്ള ഉന്മാദാവസ്ഥ സൃഷ്‌ടിച്ചതിന് രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്കൊപ്പം മാധ്യമങ്ങളും ഉത്തരവാദികളാണ്. ഓരോ ചാനലുകളും പത്രമാസികകളും മല്‍സരിച്ച് ഭീതിയുടെ വിഷവിത്ത് എറിഞ്ഞുകൊണ്ടിരിക്കുന്നു. മാധ്യമങ്ങള്‍ തമ്മിലുള്ള മല്‍സരം രാഷ്‌ട്രീയപാര്‍ട്ടികള്‍ തമ്മിലുള്ള മല്‍സരംപോലെതന്നെ അപകടകരമായ അവസ്ഥയില്‍ എത്തിച്ചേര്‍ന്നിരിക്കുകയാണ്. രാഷ്‌ട്രീയപാര്‍ട്ടികളും മാധ്യമങ്ങളും അങ്ങേയറ്റം സംയമനം പാലിച്ച് പരിഹാരം കണ്ടെത്തിയേ മതിയാകൂ.
പ്രശ്‌നം വൈകാരികമാക്കിയതിനാല്‍ ഇരു ഗവണ്‍മെന്റുകള്‍ക്കും മുല്ലപ്പെരിയാര്‍ പ്രശ്‌നം ഒരു അഭിമാനപ്രശ്‌നമായിത്തീര്‍ന്നു. പ്രശ്‌നത്തെ അവിടംവരെ എത്തിക്കരുതായിരുന്നു.
ഇനി ഇതിന് എന്താണ് പരിഹാരം. കേന്ദ്രഗവണ്‍മെന്റും സുപ്രീംകോടതിയും അംഗീകരിച്ച ഒരു ഉന്നതാധികാര സമിതിയുണ്ട്. ഈ സമിതിയുടെ അന്തിമ തീരുമാനത്തിന് പ്രശ്‌നത്തെ വിട്ടുകൊടുക്കാനുള്ള സമചിത്തത ഇരു വിഭാഗത്തിനും ഉണ്ടാകണം. നിയമവാഴ്‌ച നിലനില്‍ക്കുന്ന ഒരു രാജ്യമാണ് ഇന്ത്യ ``വികാര വാഴ്‌ച'' ഭാരതത്തിന്റെ ഭാഗമല്ല. ഗാന്ധിജി നമ്മേ പഠിപ്പിച്ച പാഠവും അതുതന്നെ. ബ്രിട്ടീഷ് ഗവണ്‍മെന്റിനെതിരെ സമരം ചെയ്‌തപ്പോഴും ഭാരതീയരുടെ അവകാശവാദം ശരിയെന്ന് അറിയാമായിരുെന്നങ്കിലും ഗാന്ധിജി നയിച്ച സമരങ്ങളൊന്നും വികാരത്തള്ളലിന്റെ തരംഗങ്ങള്‍ സൃഷ്‌ടിച്ചില്ല. ദേശീയ വികാരം വിശുദ്ധമായ സമചിത്തതയോടെ ഗാന്ധിജി കൈകാര്യം ചെയ്‌തു. അക്രമത്തിന്റെ പാതയും വിദ്വേഷത്തിന്റെ പാതയും നാം വെടിഞ്ഞപ്പോള്‍ ബ്രിട്ടീഷുകാര്‍ക്ക് മനംമാറ്റമുണ്ടായി. ജയലളിതയേയോ കരുണാനിധിയേയോ എത്ര ഭര്‍ത്സിച്ചാലും വിപരീത ഫലമേ ഉണ്ടാകുകയുള്ളു.
ഒരു പക്ഷേ കേരളീയരേക്കാള്‍ വികാരത്തിന് അടിപ്പെടുന്നവരാണ് തമിഴ് ജനത. ഇതു മനസ്സിലാക്കി സമചിത്തത കൈവിടാതെ നമ്മുടെ വാദങ്ങള്‍ നിരത്തിവയ്‌ക്കുകയാണ് ഇന്നിന്റെ ആവശ്യം. വിദ്വേഷം ഒന്നിനും പരിഹാരമല്ല. വിദ്വേഷത്തിന്റെ തീ പടര്‍ത്തിയാല്‍ കേരളവും കത്തി നശിക്കും എന്നോര്‍ക്കുക.
ജോസഫ് പുലിക്കുന്നേല്‍
saajan kayamkulam says ..
rahul says ..
Rajesh Sundaran says ..
Nishad says ..
|
|||
















