Back
Saturday, December 03, 2011 | 03:04:41 PM IST
സാധാരണക്കാര്‍ക്ക്‌ മനസ്സിലാകാത്ത ഒരു തര്‍ക്കം

മുല്ലപ്പെരിയാര്‍ പ്രശ്‌നം ഇന്ന്‌ പത്രമാധ്യമങ്ങളും ദൃശ്യമാധ്യമങ്ങളും ആഘോഷിക്കുകയാണ്‌. കേരളത്തിലെ ജനങ്ങളും ഗവണ്‍മെന്റും മന്ത്രിമാരും സംഘടനകളും പ്രസ്‌താവനകള്‍ ഇറക്കുന്നു. ജയലളിതയുടെ കോലം കേരളത്തിലും ഉമ്മന്‍ചാണ്ടിയുടെ കോലം തമിഴ്‌നാട്ടിലും കത്തിക്കുന്നു.
ഇവയെല്ലാം എന്തിന്‌?
മുല്ലപ്പെരിയാര്‍ ഡാം മഹാരാജാക്കന്മാരുടെ കാലത്ത്‌ 116 കൊല്ലം മുമ്പ്‌ തിരുവിതാംകൂറില്‍ പണിതതാണ്‌. അവിടെനിന്ന്‌ ഇക്കാലമത്രയും തമിഴ്‌നാട്ടിലേക്ക്‌ വെള്ളം നല്‍കുകയും തമിഴ്‌നാട്ടിലെ അതിര്‍ത്തി ജില്ലകളില്‍ കാര്‍ഷിക വിള ഉല്‌പാദിപ്പിക്കുകയും ചെയ്‌തു. ഇപ്പോഴത്തെ പ്രശ്‌നം സമചിത്തതയോടുകൂടി കാണാന്‍ തമിഴ്‌നാട്ടിലെ ജനങ്ങള്‍ക്കും കേരളത്തിലെ ജനങ്ങള്‍ക്കും കടമയുണ്ട്‌. ഈ വഴക്കിന്റെ അടിസ്ഥാനകാരണം ദ്രാവിഡ രാഷ്‌ട്രീയ പാര്‍ട്ടികള്‍ തമ്മിലുള്ള വലുപ്പ ചെറുപ്പ വഴക്കാണ്‌ എന്ന്‌ പലരും പറയുന്നു.
കേരളം മുല്ലപ്പെരിയാറില്‍നിന്നും തമിഴ്‌നാടിന്‌ വെള്ളം നല്‍കുകയില്ല എന്നു പറഞ്ഞിട്ടില്ല. മുല്ലപ്പെരിയാര്‍ പൂര്‍ണമായും കേരളത്തിലൂടെ ഒഴുകുന്ന നദിയാണ്‌. മദ്രാസിലെ വൃഷ്‌ടി പ്രദേശങ്ങളില്‍നിന്നും പെരിയാറ്റില്‍ വെള്ളം ലഭിക്കുന്നുമില്ല. ഇപ്പോഴത്തെ ആശങ്ക 116 കൊല്ലമായ ഈ അണ പൊട്ടിയാലുള്ള ഭവിഷ്യത്തുകളാണ്‌.
അടുത്തയിടെ ചൈനയിലും ഇന്ത്യയിലും അണകള്‍ പൊട്ടി ആയിരക്കണക്കിന്‌ നിരപരാധികളായ മനുഷ്യര്‍ മരിക്കുകയുണ്ടായി. 116 കൊല്ലം മുമ്പ്‌ പണിത ഈ അണക്കെട്ട്‌ ദുര്‍ബലമാകുന്നു എന്ന ഭീതി കേരളത്തിനുണ്ട്‌. അണ പൊട്ടിയാല്‍ കേരളത്തിലെ മൂന്ന്‌ ജില്ലകളില്‍നിന്നായി ഏകദേശം 30 ലക്ഷംപേരോളം ഒഴുകിപ്പോകാന്‍ ഇടയുണ്ട്‌. ഈ ഭയം ആരുമുണ്ടാക്കിയ ഭയമല്ല. മറിച്ച്‌ വസ്‌തുതകളുടെ ചരിത്രം പഠിച്ചപ്പോള്‍ ജനങ്ങള്‍ക്കുണ്ടായ ഭയമാണ്‌. ആ ജനവികാരത്തെ മാനിക്കാന്‍ തെരഞ്ഞെടുക്കപ്പെട്ട ഗവണ്‍മെന്റിന്‌ ബാധ്യതയുണ്ട്‌. ഇതു മാത്രമാണ്‌ കേരള ഗവണ്‍മെന്റ്‌ ആവശ്യപ്പെടുന്നത്‌; വേറൊരു ഡാം പണിയുക. അതിന്‌ തമിഴ്‌നാട്ടില്‍നിന്നും പണം തരേണ്ടതില്ല. പഴയതുപോലെ വെള്ളം തമിഴ്‌നാടിന്‌ നല്‍കുകയും ചെയ്യാം.
എന്നിട്ടും എന്തിനാണ്‌ തമിഴ്‌നാട്‌ ഒരു പുതിയ ഡാമിനെ എതിര്‍ക്കുന്നതെന്ന്‌ ആര്‍ക്കും മനസ്സിലാകുന്നില്ല.
മുല്ലപ്പെരിയാര്‍ പൊട്ടിയാല്‍ കേരളം മാത്രമല്ല ദുരിതം അനുഭവിക്കേണ്ടിവരിക. കേരള ജനതയുടെ ദുരിതത്തേക്കാള്‍ ദീര്‍ഘകാല ദുരിതമായിരിക്കും തമിഴ്‌നാട്ടിന്‌ ഉണ്ടാകുക എന്ന വസ്‌തുത തമിഴ്‌നാട്‌ ഗവണ്‍മെന്റ്‌ മനസ്സിലാക്കുന്നില്ല. മുല്ലപ്പെരിയാര്‍ ഡാം പൊട്ടിയെന്നിരിക്കട്ടെ. പിന്നീട്‌ ഒരു തുള്ളി ജലംപോലും മുല്ലപ്പെരിയാറില്‍നിന്നും തമിഴ്‌നാടിന്‌ കിട്ടില്ല. കാരണം ഒരു ദുരന്ത സ്‌മരണയായ മുല്ലപ്പെരിയാറില്‍ മറ്റൊരു അണകെട്ടാന്‍ കേരളീയര്‍ സമ്മതിക്കുകയില്ല. അപ്പോള്‍ തമിഴ്‌നാടിന്റെ കമ്പം, തേനി, മധുര മുതലായ പ്രദേശങ്ങളിലെ കൃഷിയിടങ്ങള്‍ വരളും; വൈദ്യുതോല്‌പാദനവും ഇല്ലെന്നാകും. ഇത്‌ തമിഴ്‌നാട്ടില്‍ ദുരന്തം വിതയ്‌ക്കും. ഒരു പുതിയ അണക്കെട്ടുണ്ടായാല്‍ കേളത്തിലെ ജനങ്ങളെ ദുരന്തങ്ങളില്‍നിന്നും രക്ഷിക്കാം. തമിഴ്‌നാടിന്റെ അതിര്‍ത്തി ജില്ലകളില്‍ ഉണ്ടാകുന്ന ദുരന്തവും പരിഹരിക്കാം.
ജയലളിതയെ തമിഴ്‌നാട്ടുകാര്‍ വിളിക്കുന്നത്‌ അമ്മ എന്നാണ്‌; കരുണാനിധിയെ കലൈജ്ഞര്‍ എന്നാണ്‌. ജയലളിത തമിഴ്‌ മക്കളുടെ മാത്രമല്ല കേരള മക്കളുടെയും അമ്മയായിത്തീരണം. രാഷ്‌ട്രീയമായ ഹ്രസ്വവീക്ഷണമല്ല ഒരമ്മയ്‌ക്കുണ്ടാകേണ്ടത്‌. സംസ്ഥാനാതിര്‍ത്തികള്‍ കടന്ന്‌ എല്ലാപേര്‍ക്കും അമ്മയായി തീരാന്‍ ജയലളിതയെ അനുവദിക്കുക. കരുണാനിധി കലൈജ്ഞര്‍ ആണ്‌. അതായത്‌ കലയുടെ മര്‍മം കണ്ടയാള്‍. തീര്‍ച്ചയായും ഒരു കലാകാരന്റെ ഹൃദയം ദുരന്തങ്ങള്‍ സൃഷ്‌ടിക്കാന്‍ വഴിയൊരുക്കുകയില്ല. നിര്‍ഭാഗ്യമെന്നു പറയട്ടെ തമിഴ്‌നാട്ടിലെ പ്രാദേശിക രാഷ്‌ട്രീയത്തിന്റെ ഒഴുക്കുകളില്‍ ഇന്ന്‌ അവര്‍ ഉള്‍പ്പെട്ടിരിക്കുകയാണ്‌.
വളരെ ഇടുങ്ങിയ ഹൃദയമുള്ള കുറച്ചുപേര്‍ തമിഴ്‌നാട്‌ രാഷ്‌ട്രീയത്തിലുണ്ട്‌. അവരുടെ ഭീഷണി വിശാലമായ രാഷ്‌ട്രതാല്‌പര്യത്തിന്‌ വിരുദ്ധമാണെങ്കില്‍ അവരോട്‌ ചെറുത്തു നില്‍ക്കുവാന്‍ പരിണിത പ്രജ്ഞരായ ഈ രണ്ടു രാഷ്‌ട്രീയ നേതാക്കള്‍ക്കും കഴിയണം. മാത്രമല്ല കോണ്‍ഗ്രസ,്‌ മാര്‍ക്‌സിസ്റ്റ്‌, ബിജെ.പി. മുതലായ ദേശീയ കക്ഷികളും ഈ പ്രശ്‌നത്തെ ഒരു ദേശീയ പ്രശ്‌നമായി കണ്ട്‌ പരിഹരിക്കുന്നതിന്‌ പരിശ്രമിക്കേണ്ടതുണ്ട്‌. ഒറ്റ ചോദ്യത്തിന്‌ കലൈജ്ഞര്‍ കരുണാനിധിയും അമ്മയായ ജയലളിതയും ഉത്തരം പറയണം. അണ പൊട്ടിയാല്‍ ഏത്‌ കാര്‍ത്തവീരാര്‍ജ്ജുനനാണ്‌ ജല പ്രവാഹത്തെ തടഞ്ഞു നിര്‍ത്തുക. ഏത്‌ നോഹിന്റെ പെട്ടകമാണ്‌ അവരെ പ്രളയത്തില്‍നിന്ന്‌ രക്ഷിക്കുക.
ഒരു കാര്യം ഇവിടെ എടുത്തു പറയട്ടെ. ജയലളിതയുടെയും കരുണാനിധിയുടെയും കോലങ്ങള്‍ കത്തിച്ചതുകൊണ്ട്‌ പ്രശ്‌നങ്ങള്‍ തീരില്ല. ഇത്തരം സംസ്‌കാരവിരുദ്ധമായ നടപടികളില്‍നിന്നും ജനങ്ങള്‍ പിന്‍മാറണം. അനുരജ്ഞനത്തിന്റെ ഭാഷയില്‍ വേണം ജനങ്ങള്‍ സംസാരിക്കാന്‍. വികാരങ്ങള്‍ അണപൊട്ടിയൊഴുകുമ്പോഴും നമ്മുടെ സംസ്‌കാരം അവയെ തടുത്തു നിര്‍ത്തി സമചിത്തതയോടെ പ്രശ്‌നത്തെ സമീപിക്കുകയാണു വേണ്ടത്‌.
മുല്ലപ്പെരിയാറില്‍ ദുരന്തം ഉണ്ടായാല്‍ - ഉണ്ടാകാതിരിക്കട്ടെ- അതിന്റ ദുരന്തഫലങ്ങള്‍ കേരളത്തില്‍ മാത്രമായിരിക്കുകയില്ല. തമിഴ്‌നാടിനും ദുരന്തത്തിന്റെ പങ്ക്‌ ഏറ്റു വാങ്ങേണ്ടി വരും എന്ന്‌ തമിഴ്‌നാട്ടിലെ നേതാക്കന്മാര്‍ ഓര്‍ത്തിരിക്കുന്നത്‌ നന്ന്‌.

ജോസഫ്‌ പുലിക്കുന്നേല്‍
 

Related Tags

mullaperuyar issue|
Comments

Be the first to comment on this News
Post News Feedback
Your Name   
E-mail
Phone Number
 
Type in Malayalam (Press Ctrl+m to change language)
Comment
 

Back
    Rate this news