Back
Sunday, November 27, 2011 | 01:54:15 PM IST
ബാല്യ കൗമാര ചിന്തകള്‍

എനിക്ക്‌ 80 വയസ്സാകാന്‍ പോകുന്നു. ബാല്യ കൗമാരങ്ങള്‍ എന്നു പറയുമ്പോള്‍ 18 വയസ്സുവരെ എന്നാണ്‌ കണക്കാക്കപ്പെടുന്നത്‌. എന്റെ ബാല്യകൗമാര ജീവിതവും ഇന്നത്തെ ബാല്യകൗമാര ജീവിതവും തമ്മിലുള്ള അന്തരമോര്‍ത്ത്‌ പലപ്പോഴും അത്ഭുതപ്പെടാറുണ്ട്‌. എന്തൊരു മാറ്റം! എന്റെ ബാല്യകൗമാരങ്ങളെക്കുറിച്ച്‌ ഇപ്പോഴത്തെ തലമുറയ്‌ക്ക്‌ ഒന്നുംതന്നെ അറിയാന്‍ ആഗ്രഹമുണ്ടെന്നു തോന്നുന്നില്ല. മുന്നോട്ടു മാത്രം നോക്കി കുതിക്കുന്ന ഒരു മത്സരവേദിയാണല്ലോ ഇന്ന്‌ ബാല്യകൗമാര ജീവിതം. ആ കുതിപ്പില്‍ അവര്‍ക്ക്‌ ബാല്യവും കൗമാരവും നഷ്‌ടപ്പെടുന്നു എന്നു നമുക്കുതോന്നാം. ജീവിതത്തിന്റെ തീവ്ര മത്സരവേദിയിലേക്ക്‌ പ്രവേശിക്കുന്നതിനുള്ള മുന്നൊരുക്കം മാത്രമാണ്‌ ഇന്ന്‌ ബാല്യകൗമാരങ്ങള്‍. ഒന്നിനും സമയമില്ലാത്ത അവസ്ഥ. ഒന്നാം ക്ലാസ്‌ മുതല്‍ പുസ്‌തകക്കെട്ടുമായി ജീവിതത്തിന്റെ മലകയറാന്‍ ആരംഭിക്കുന്നു. എവിടെയെങ്കിലും ഈ കെട്ടൊന്നിറക്കിവയ്‌ക്കാന്‍ അവര്‍ ആഗ്രഹിക്കുമ്പോഴും മത്സരം അതിന്‌ അവര്‍ക്കു സമയം അനുവദിക്കുന്നില്ല.
ഞങ്ങള്‍ ബാലന്മാര്‍ റബര്‍പന്തുണ്ടാക്കി ഓണക്കാലത്ത്‌ മൈതാനങ്ങളില്‍ കളിച്ചുകൊണ്ടിരുന്ന കാലം, തോട്ടില്‍ചാടി ആസ്വദിച്ച കാലം, മാവിലെറിഞ്ഞ്‌ മാങ്ങ വീഴ്‌ത്തി കട്ടു തിന്നിരുന്ന കാലം. ഇതെല്ലാം ഈ തലമുറയ്‌ക്ക്‌ ആസ്വദിക്കാനാകുന്നില്ല. പക്ഷേ ഞങ്ങള്‍ക്ക്‌ അന്നില്ലാതിരുന്ന ഏതെല്ലാം ആസ്വാദന മേഖലകളാണ്‌ ഇന്ന്‌ അവര്‍ക്ക്‌ തുറന്നു കിട്ടിയിരിക്കുന്നത്‌. എന്റെ 10 വയസ്സ്‌ പ്രായമുള്ള കൊച്ചു മകന്‍ കമ്പ്യൂട്ടറും ഇന്റര്‍നെറ്റും ചാറ്റും എല്ലാം കസേരയില്‍ ഇരുന്ന്‌ വലിയ ശരീരായാസം കൂടാതെ കണ്ടു രസിക്കുമ്പോള്‍ അന്നു ഞങ്ങള്‍ക്ക്‌ ആനന്ദിക്കാനുണ്ടായിരുന്നത്‌ പ്രകൃതി അനുഗ്രഹിച്ചു തന്ന ഗ്രാമ ജീവിതമായിരുന്നു. അഞ്ച്‌ ആറു വയസ്സുവരെ കളിച്ചും തമ്മില്‍തല്ലിയും കുളിച്ചും കൂട്ടുകൂടിയുമാണ്‌ ഞങ്ങള്‍ ജീവിച്ചിരുന്നതെങ്കില്‍ ഇന്ന്‌ മൂന്നാം വയസ്സില്‍തന്നെ ബാലന്‍ പുസ്‌തകവും തൂക്കി കിന്റര്‍ ഗാര്‍ട്ടന്‍ സ്‌കൂളിലേക്കു പോകുന്നു. അന്നു നാലാം ക്ലാസുവരെ ഷര്‍ട്ടുപോലുമിടാതെയാണ്‌ ഞങ്ങള്‍ സ്‌കൂളില്‍ പോയിരുന്നത്‌. മിഡില്‍ സ്‌കൂളില്‍ ചേരുമ്പോഴാണ്‌ ഷര്‍ട്ടിടണമെ തോലുണ്ടാകുന്നത്‌. എന്നിട്ടും എന്റെ ഒരു സഹപഠി തുകര്‍ത്ത്‌ പുതച്ച്‌ ക്ലാസ്സില്‍ വന്നത്‌ ഓര്‍ക്കുന്നു. ഇന്ന്‌ കണ്‌ഡകൗപീനം ഉള്‍പ്പെടെയുള്ള വസ്‌ത്രങ്ങളും ഷൂസും ധരിച്ച്‌ കിന്റര്‍ ഗാര്‍ട്ടന്‍ സ്‌കൂളിലേക്ക്‌ പോകുന്ന കുട്ടികളെ കാണുമ്പോള്‍ പലപ്പോഴും എനിക്ക്‌ ദു:ഖം തോന്നാറുണ്ട്‌. അവരെകൊണ്ടുപോകുന്ന അമ്മമാര്‍ ഈ കുട്ടികള്‍ വളര്‍ന്ന്‌ ദുബായിലേയ്‌ക്കോ മറ്റ്‌ ഏതെങ്കിലും വിദേശ രാജ്യത്തേക്കോ പറന്നുപോകുന്നത്‌ സ്വപ്‌നം കാണുന്നു. അത്തരം യാതൊരു സ്വപ്‌നങ്ങളുടെ ഭാരവും എന്റെ ബാല്യകൗമാര ജീവിതത്തില്‍ ഉണ്ടായിരുന്നില്ല.
പഠനത്തിന്‌ ലക്ഷ്യമൊന്നുമുണ്ടായിരുന്നില്ല. അക്ഷരം കൂട്ടി വായിക്കണം. ആവശ്യം വന്നാല്‍ തേങ്ങയുടെയും പാക്കിന്റെയും വില്‍പന നടത്തി പണം വാങ്ങണം. കൂടിവന്നാല്‍ കുറേ ഭൂമികൂടി വാങ്ങി കൃഷി ചെയ്യണം. അതിനപ്പുറം ഞങ്ങളിലാര്‍ക്കും മറ്റൊരാഗ്രഹവും ഉണ്ടായിരുന്നില്ല.
രണ്ടാം ലോകമഹായുദ്ധകാലത്ത്‌ ജനങ്ങള്‍ പട്ടിണിയിലായിരുന്നു. വിശപ്പു മാറ്റുന്നതിന്‌ അന്ന്‌ അവര്‍ കപ്പയും ചക്കയും മാങ്ങയും ആനിക്കാവിളയും ബജറായും ഗോതമ്പും ചോളവും കഴിച്ചിരുന്നു. ഇന്ന്‌ ഇവയൊന്നും ആര്‍ക്കും വേണ്ട. പ്ലാവില്‍നിന്നും ചക്ക പഴുത്തു വീഴുതുകാണുമ്പോള്‍ ഞാന്‍ മുന്‍കാലങ്ങളെക്കുറിച്ച്‌ ഓര്‍ക്കാറുണ്ട്‌. അതേ അവസരത്തില്‍ പാലായിലെ ഫുഡ്‌ കോര്‍ട്ടില്‍ ബര്‍ഗറും സമോസയും പപ്‌സും മീറ്റ്‌റോളും തിന്നാന്‍ വിദ്യാര്‍ത്ഥികള്‍ തിക്കിതിരക്കുന്നു. അവര്‍ക്ക്‌ സുഖകരമായ താമസസ്ഥലം ഒരുക്കാന്‍ ആയിരങ്ങള്‍ മുടക്കാന്‍ രക്ഷകര്‍ത്താക്കള്‍ തയ്യാറാണ്‌.
1949-ല്‍ പതിനേഴാമത്തെ വയസ്സിലാണ്‌ ഞാന്‍ എസ്‌.എസ്‌.എല്‍.സി. പാസ്സാകുന്നത്‌. അന്ന്‌ തിരുവിതാംകൂറിലാണ്‌ ഞാന്‍ ജീവിച്ചിരുന്നത്‌. ഞാന്‍ വഴിതെറ്റിപോകാതിരിക്കാന്‍ കത്തോലിക്കാ കോളേജില്‍തന്നെ എന്നെ പഠിപ്പിക്കണമെന്ന്‌ എന്റെ അമ്മയ്‌ക്ക്‌ നിര്‍ബന്ധമുണ്ടായിരുന്നു. അന്ന്‌ തിരുവിതാംകൂറില്‍ ചങ്ങനാശ്ശേരി എസ്‌. ബി.കോളേജ്‌ മാത്രമായിരുന്നു കത്തോലിക്കാ കോളേജ്‌. എന്റെ വിദ്യാഭ്യാസകാലത്തായിരുന്നു സ്വാതന്ത്ര്യ സമരം. വിദ്യാര്‍ത്ഥിയായ ഞാന്‍ സ്‌കൂളധികൃതരെ ധിക്കരിച്ച്‌ ജാഥായ്‌ക്കു പോകുകയും കീജയ്‌ വിളിക്കുകയും ചെയ്‌തു. അതുകൊണ്ട്‌ എസ്‌.ബി.കോളേജില്‍ എനിക്ക്‌ പ്രവേശനം കിട്ടിയില്ല. അങ്ങനെയാണ്‌ മൈസൂറിലേക്കു പോകുന്നത്‌. ആരും കൂട്ടു വന്നില്ല. ആലുവായില്‍നിന്നും തനിയെ ഇരുമ്പുപെട്ടി ചുമന്ന്‌ ട്രെയിനില്‍ കോഴിക്കോടിന്‌ പോയി. അവിടെനിന്ന്‌ ബസില്‍ മൈസൂറിലേക്കും. രണ്ടു ദിവസത്തെ യാത്ര. ഈ അടുത്തയിടെ എന്റെ ഒരു ബന്ധു എസ്‌.എസ്‌.എല്‍.സി പാസ്സായ തന്റെ മകനെ ബ്രില്യന്റില്‍ ട്യൂഷന്‍ എടുക്കുതന്നിനായി കൊണ്ടു വന്നു. ഓരോ ആഴ്‌ചയിലും എറണാകുളത്തു നിന്നു കാറ്‌ വന്ന്‌ തിരിച്ചു കൊണ്ടുപോകും. കൈ നിറയെ പണവും. എന്റെ ബാല്യത്തില്‍ ഇതൊന്നും ഞങ്ങള്‍ക്ക്‌ ചിന്തിക്കാന്‍ പോലും കഴിയുമായിരുന്നില്ല.
ജോസഫ്‌ പുലിക്കുന്നേല്‍
 

Comments

Be the first to comment on this News
Post News Feedback
Your Name   
E-mail
Phone Number
 
Type in Malayalam (Press Ctrl+m to change language)
Comment
 

Back
    Rate this news