മഹാരാജാ ടാക്കീസ്: പ്രേക്ഷകര്‍ക്കുള്ള ഇരുട്ടടി

സിനിമാ കൊട്ടകകള്‍ നമ്മുടെ ആഘോഷത്തിന്റെയും ഗൃഹാതുരത്വത്തിന്റെയും ഇടങ്ങളാണ്. കേരളത്തില്‍ അടിക്കടി തിയേറ്ററുകള്‍ പൂട്ടിപ്പോകുന്ന വര്‍ത്തമാന കാലത്തില്‍ തീര്‍ച്ചയായും ഒരു തലമുറയുടെ ഓര്‍മ്മകളുടെ ഇടമാണത്. ആയിരത്തിലധികം തിയേറ്ററുകള്‍ ഉണ്ടായിരുന്ന കേരളത്തില്‍ ഇന്ന് അഞ്ഞൂറില്‍ താഴെമാത്രമാണ് സിനിമാ ശാലകുടെ എണ്ണം. ഗ്രാമങ്ങളിലെ ടാക്കീസുകള്‍ ഏറെക്കുറെ അടച്ചുപൂട്ടിക്കഴിഞ്ഞിരിക്കുന്നു. സിനിമ ഇന്ന് നഗര-അര്‍ദ്ധ നഗരങ്ങളിലെ കാഴ്‌ചക്കാരെയാണ് അഭിസംബോധന ചെയ്യുന്നത്. അതേസമയം നമ്മുടെ ചരിത്രത്തിലും സംസ്‌കാരത്തിലും ഗ്രാമീണ നാഗരിക കൂട്ടായ്‌മകളിലും ആഴത്തില്‍ വേരുപടര്‍ത്തിയ അനുഭവം തന്നെയായിരുന്നു ടാക്കീസുകള്‍. തിയേറ്ററുകളുടെ ചരിത്രം നമ്മുടെ ചലച്ചിത്ര സംസ്‌കാരത്തിന്റെയും സിനിമാക്കാഴ്‌ചയുടെയും സംസ്‌കാരവുമായി കെട്ടുപിണഞ്ഞു കിടക്കുന്നു. കാഴ്‌ചയുടെ പ്രാദേശികാനുഭവത്തെയും അതു സൃഷ്ടിക്കുന്ന സാംസ്‌കാരിക പ്രശ്‌നസ്ഥലങ്ങളെയും അഭിസംബോധന ചെയ്യുന്ന ചിത്രമായിരുന്നു കന്നടയില്‍ പുറത്തിറങ്ങിയ ഗിരീഷ് കാസറവള്ളിയുടെ ഗുലാബി ടാക്കീസ്. ദേശീയ അന്തര്‍ ദേശീയതലത്തില്‍ നിരവധി പുരസ്‌കാരങ്ങള്‍ നേടിയ ചിത്രം.
ഗുലാബി ടാക്കീസ് എന്ന മനോഹര ചിത്രത്തിന്റെ ഓര്‍മ്മകളുമായാണ് മഹാരാജാ ടാക്കീസ് എന്ന ചിത്രം കാണാന്‍ പോയത്. മാത്രമല്ല, തീയേറ്ററുകള്‍ അടച്ചുപൂട്ടുന്ന സമകാലിക സാഹചര്യത്തില്‍ വ്യത്യസ്‌തമായൊരു സിനിമ പ്രതീക്ഷിക്കുകയും ചെയ്‌തു. എന്നാല്‍ എല്ലാ പ്രതീക്ഷകള്‍ക്കും ലഭിച്ച ഇരുട്ടടിയായിരുന്നു മഹാരാജാ ടാക്കീസ്. ഉര്‍വശി മുഖ്യവേഷത്തിലെത്തുന്ന ചിത്രം ഒരു ഗ്രാമത്തിലെ സിനിമാകൊട്ടക നടത്തുന്ന സഹോദരിമാരുടെ കഥയാണ് പറയുന്നത്. നായകനെന്ന വേഷം മുകേഷ് അവതരിപ്പിക്കുന്നു.കുടുംബത്തിന്റെ മുഴുവന്‍ ഭാരവും ഏറ്റുനടക്കുന്ന വിമലയാണ് (ഉര്‍വശി) നായിക. ഗംഗ, യമുന, ഉണ്ണിമായ എന്നിവര്‍ സഹോദരിമാര്‍. ടാക്കീസില്‍ നിന്നുകിട്ടുന്ന വരുമാനത്തിലാണ് കുടുംബം പുലരുന്നത്. ഗ്രാമത്തിലെ പണക്കാരനായ പാപ്പച്ചന്‍ (വിജയരാഘവന്‍) കൊട്ടക സ്വന്തമാക്കാന്‍ നടത്തുന്ന കളികളാണ് സിനിമയുടെ പ്രമേയം.
സ്വാഭാവികമായും വില്ലനുമേല്‍ നായികമാര്‍ നേടുന്ന വിജയത്തോടെ നന്‍മ ജയിക്കുകയും തിന്‍മ തോല്‍ക്കുകയും ചെയ്യുന്നിടത്ത് സിനിമ ശുഭമാകുന്നു. എന്നാല്‍ ഈ ശുഭപര്യവസാനത്തിലേക്ക് അശുഭമായാണ് സിനിമ നീങ്ങുന്നത്. ഇത്രയേറെ പ്രേക്ഷകരെ അപഹസിക്കുന്ന ഒരു സിനിമ അടുത്ത കാലത്തൊന്നും മലയാളത്തില്‍ കണ്ടിട്ടില്ല. ഹാസ്യമെന്നു പറയുമ്പോഴും ആരേയും ചിരിപ്പിക്കാന്‍ കഴിയാത്ത സിനിമ. അരോചകമായ പശ്ചാത്ത സംഗീതം. സഹതാപം തോന്നിക്കുന്ന സംഘട്ടന രംഗങ്ങള്‍. ഏറ്റവും ചുരുക്കി പറഞ്ഞാല്‍ ഒരു തരത്തിലും കണ്ട് മുഴുമിപ്പിക്കാനാവാത്ത ചിത്രമാണ് മഹാരാജ ടാക്കീസ്. നവാഗതനായ ദേവീദാസാണ് ചിത്രത്തിന്റെ സംവിധായകന്‍. ധനുഷ് പ്രൊഡക്ഷന്‍സിന്‍െ ബാനറില്‍ എസ് മോഹന്‍ എന്ന ഹതഭാഗ്യനാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. മുകേഷ്, ഉര്‍വ്വശി, വിജയരാഘവന്‍, സലിംകുമാര്‍, ടി ജി രവി, ഹരിശ്രീ അശോകന്‍, നാരായണന്‍കുട്ടി, സീമാ ജി നായര്‍, ഉണ്ണിമായ, രാഖി എന്നിവരാണ് താരങ്ങള്‍.
Tangela says ..
|
|||
















