Back
Wednesday, May 18, 2011 | 12:50:47 PM IST
സീനിയേഴ്‌സ്‌: ഒരു ശരാശരി ത്രില്ലര്‍

ഈ വര്‍ഷം മലയാളത്തില്‍ റിലീസ്‌ ചെയ്‌ത ചിത്രങ്ങളില്‍ ഭൂരിപക്ഷവും മിനിമം ഗ്യാരന്റി ഉറപ്പുനല്‍കുന്നു. കലാമൂല്യവും പ്രേക്ഷകാനുഭാവവും ഒരുമിച്ച്‌ പിടിച്ചെടുക്കാന്‍ ചില ചിത്രങ്ങള്‍ക്ക്‌ കഴിഞ്ഞപ്പോള്‍ മികച്ചപോക്കിരി രാജയുടെ സംവിധായകന്‍ വൈശാഖ്‌ സംവിധാനം ചെയ്‌ത ചിത്രമാണ്‌ സീനിയേഴ്‌സ്‌. ശരാശരി നിലവാരം മാത്രം പുലര്‍ത്തുന്ന ചിത്രം. കോളേജ്‌ ക്യാമ്പസ്‌ പശ്ചാത്തലത്തില്‍ ഒരു കൊലപാതകത്തിന്റെ ചുരുള്‍ നിവര്‍ത്തുകയാണ്‌ ചിത്രം. ഒരു ഫ്‌ളാഷ്‌ ബാക്കില്‍ നിന്നാണ്‌ കഥ തുടങ്ങുന്നത്‌. ക്യാമ്പസില്‍ ലക്ഷ്‌മി (മീരാ നന്ദന്‍) എന്ന പെണ്‍കുട്ടി കൊല്ലപ്പെടുന്നു. പത്മനാഭന്റെ (ജയറാം) വിവരണത്തിലൂടെയാണ്‌ ഈ പൂര്‍വ്വ കഥ വെളിവാകുന്നത്‌. തുടക്കം പ്രേക്ഷകരെ പിടിച്ചിരുത്തുന്നതായി. കോളേജിലെ നാല്‍വര്‍സംഘമായ പത്മനാഭന്‍, ഫിലിപ്‌ ഇടിക്കുള (ബിജു മേനോന്‍), റഷീദ്‌ മുന്ന (മനോജ്‌ കെ ജയന്‍), മാനുവല്‍ റെക്‌സ്‌ (കുഞ്ചാക്കോ ബോബന്‍) എന്നിവരുടെ തലയിലാണ്‌ ഈ കൊലപാതകത്തിന്റെ ഉത്തരവാദിത്തം വന്നുവീഴുന്നത്‌. അനാഥനായ പത്മനാഭന്‍ ഈ ഉത്തരവാദിത്തം സ്വയം ഏറ്റെടുത്ത്‌
ജയിലില്‍ പോകുന്നു. പതിനൊന്നുവര്‍ഷത്തിനുശേഷം പത്മനാഭന്റെ നിര്‍ബന്ധപ്രകാരം പഴയ നാല്‍വര്‍ സംഘം കോളേജില്‍ എത്തുന്നു. കുടുംബ പ്രാരാബ്ദങ്ങളിലും മറ്റും കഴിയുന്ന അവര്‍ ആദ്യമൊക്കെ ഇതിന്‌ സന്നദ്ധമല്ലെങ്കിലും സുഹൃത്തിന്റെ നിരപരാധിത്വം തെളിയിക്കാനും യഥാര്‍ത്ഥ കുറ്റവാളിയെ കണ്ടെത്താനും ഒടുവില്‍ അവര്‍ തീരുമാനിക്കുന്നു. ബിരുദാനന്തര ബിരുദത്തിന്‌  ചേരുന്ന ഇവരുടെ യഥാര്‍ത്ഥ ലക്ഷ്യം കൊലയാളിയെ കണ്ടെത്തുകയാണ്‌. അതാണ്‌ കഥയുടെ സസ്‌പെന്‍സ്‌. കളിയും ചിരിയും തമാശകളും ഏറ്റുമുട്ടലുകളുമായി ആദ്യപകുതി സംഭബഹുലമായി കടന്നുപോകുന്നു. പ്രേക്ഷകരെ കാര്യമായി ബോറടിപ്പിക്കുന്നില്ല. കഥയുടെ യഥാര്‍ത്ഥ സസ്‌പെന്‍സ്‌ ഒളിപ്പിച്ചുവച്ചുകൊണ്ടാണ്‌ സിനിമ നീങ്ങുന്നത്‌. എന്നാല്‍ ഏറെ വൈകാതെ പ്രേക്ഷകര്‍ക്ക്‌ സസ്‌പെന്‍സിന്റെ സൂചന തുറന്നുകിട്ടുന്നുണ്ട്‌. പതിനൊന്നു വര്‍ഷത്തിനുശേഷം കൊലപാതകത്തിന്റെ ചുരുളഴിക്കാന്‍ അതേ കോളേജിലേക്കെത്തുന്നുവെങ്കില്‍ കൊലയാളിയും അവിടൊക്കെത്തന്നെ ഉണ്ടെന്ന്‌ ആര്‍ക്കും പിടികിട്ടും. അവിടെ സസ്‌പെന്‍സിന്റെ യുക്തി പൊളിയുന്നു. സസ്‌പെന്‍സ്‌ ഇല്ലാതാക്കിക്കൊണ്ട്‌  ആഖ്യാനത്തിന്റെയും ട്രീറ്റ്‌മെന്റിന്റെയും തന്ത്രത്തിലൂടെ കൊലപാതകിയെ പിന്തുടര്‍ന്ന്‌ കെണിയില്‍ വീഴ്‌ത്തുന്ന രീതി വേണമെങ്കില്‍ സിനിമയ്‌ക്ക്‌ അവലംബിക്കാമായിരുന്നു. അതുമല്ലെങ്കില്‍ വര്‍ഷങ്ങള്‍ക്കുശേഷം സമാനമായ ഒരു കൊലപാതകം അവിടെ ആവര്‍ത്തിക്കുകയും അതില്‍നിന്നും പഴയ കൊലപാതകി അവിടെത്തന്നെയുണ്ടെന്ന്‌ അനുമാനിക്കുകയും അയാളെ അന്വേഷിച്ച്‌ വീണ്ടും കോളേജില്‍ എത്തുകയും ചെയ്യാമായിരുന്നു. അത്തരത്തിലുള്ള ഒരുപാട്‌ സാധ്യതകളിലൂടെ സിനിമയെ യുക്തിഭദ്രമാക്കാനുള്ള വഴികള്‍ തിരക്കഥയില്‍ കാണുന്നില്ല. ഇങ്ങനെ ഒട്ടനവധി യുക്തിഭംഗങ്ങള്‍ നിറഞ്ഞതാണ്‌ സീനിയേഴ്‌സിന്റെ തിരക്കഥ. എന്നാല്‍ അവയെല്ലാം മാറ്റിവച്ച്‌ ആനന്ദിക്കാനുള്ള വക സിനിമ നല്‍കുന്നു എന്നത്‌ സമ്മതിക്കേണ്ടിയിരിക്കുന്നു. തമാശകളില്‍ മുഴച്ചുനില്‍ക്കുന്ന നിലവാരമില്ലായ്‌മ എടുത്തു പറയേണ്ടതാണ്‌. സുരാജ്‌ വെഞ്ഞാറമൂട്‌ അവതരിപ്പിക്കുന്ന തവള തമ്പി എന്ന കഥാപാത്രവും അയാളുടെ സംഭാഷണങ്ങളും ശരാശരിക്കും എത്രയോ താഴെ നില്‍ക്കുന്നു. സുരാജ്‌ എന്ന നടന്‍ തന്നെ മലയാള സിനിമയ്‌ക്ക്‌ ബാധ്യതയാകുന്നുവെന്ന്‌ തോന്നുന്നതാണ്‌ അയാളുടെ സമകാലിക കഥാപാത്രങ്ങള്‍. അഭിനേതാക്കള്‍ അവരുടെ കഥാപാത്രങ്ങളോട്‌ അങ്ങേയറ്റം നീതിപുലര്‍ത്തിയിരിക്കുന്നുവെന്നു പറയാം. ഏറ്റവും മികച്ചുനില്‍ക്കുന്നത്‌ ബിജു മേനോനാണ്‌. കുഞ്ചാക്കോ ബോബന്റെ റെക്‌സും മികച്ചതുതന്നെ. തമാശകള്‍ അത്ര വഴങ്ങാത്തതിന്റെ പ്രശ്‌നങ്ങള്‍ മനോജ്‌ കെ ജയന്റെ കഥാപാത്രത്തിനുണ്ട്‌. കൂട്ടത്തില്‍ അല്‌പം പിന്നില്‍ ജയറാമാണ്‌. പതിവ്‌ രൂപഭാവങ്ങളും മിമിക്രിയും തന്നെ. പത്മപ്രിയ, അനന്യ, മീരാനന്ദന്‍, രാധാവര്‍മ്മ, ജ്യോതിര്‍മയി, വിജയരാഘവന്‍, സിദ്ദിഖ്‌, ജഗതി, ഷമ്മി തിലകന്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു. ഛായാഗ്രഹണം ഷാജി, അലക്‌സ്‌ പോള്‍, അല്‍ഫോണ്‍സ്‌ ജോസഫ്‌, ജാസിഗിഫ്‌റ്റ്‌ എന്നിവരാണ്‌ സംഗീത സംവിധായകര്‍, ഗാന രചന വയലാര്‍ ശരത്‌ ചന്ദ്ര വര്‍മ്മ, വൈശാഖ്‌ മൂവീസിന്റെ ബാനറില്‍ വൈശാഖ്‌ രാജനാണ്‌ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്‌.

Comments

Be the first to comment on this News
Post News Feedback
Your Name   
E-mail
Phone Number
 
Type in Malayalam (Press Ctrl+m to change language)
Comment
 

Back
    Rate this news