ആരോഗ്യത്തിലെ വിനോദവും വിനോദത്തിലെ ആരോഗ്യവും
കൊതിതീരാത്ത രണ്ടു കാര്യങ്ങളേയുള്ളത്രേ മനുഷ്യന്. സമ്പത്താണ് ആദ്യത്തേത്. രണ്ടാമത്തേത് എന്തായിരിക്കുമെന്ന് അറിയാത്തവര്‍ ആരുമുണ്ടാകില്ല. കനകം കഴിഞ്ഞാല്‍ പിന്നെ കാമിനി തന്നെ. എന്നുവെച്ച് എല്ലാവരും എപ്പോഴും ഈ രണ്ടു കാര്യങ്ങളും ഓര്‍ത്തുകൊണ്ടുമാത്രമല്ലല്ലോ നടപ്പ്. പക്ഷേ, വിശേഷാല്‍ താല്‍പര്യമുള്ള കക്ഷികള്‍ക്ക് അതു വിട്ടൊരു കളിയുമില്ല കാര്യവുമില്ല. അതിനുള്ള വഴികള്‍ സദാ അവര്‍ ചിന്തിച്ചുകൊണ്ടേയിരിക്കും. നാട്ടുഭാഷയില്‍ പറഞ്ഞാല്‍ ഊണിലും ഉറക്കത്തിലും വേറൊന്നുമില്ല ചിന്ത. പത്തു കാശുണ്ടാക്കണം, വിനോദിക്കണം, അര്‍മാദിക്കണം.
അങ്ങനെ വിശേഷാല്‍ താല്‍പര്യമുള്ള കക്ഷി ഒറ്റ എംഎല്‍എയുള്ള കക്ഷിയാണെങ്കിലോ? ഒള്ളതീന്നൊരു മന്ത്രിസ്ഥാനം ആ കക്ഷിക്കും ലഭിക്കുമെങ്കിലോ. ഒരു സംശയവും വേണ്ട, നല്ല വെട്ടുമേനിയുള്ളതു ചോദിക്കും. തരുണീമണികള്‍ വിലസുന്ന ആരോഗ്യം, ടൂറിസം തുടങ്ങിയ വകുപ്പുകളില്‍ നമ്മുടെ ചില ഒറ്റയാന്‍മാര്‍ പിടിച്ചിട്ടു വിടുന്നില്ലെന്നാണു തലസ്ഥാനത്തു നിന്നുള്ള വാര്‍ത്തകള്‍. അങ്കവും കാണാം താളിയും ഒടിക്കാം എന്നതാണു ലൈന്‍. വിനോദ സഞ്ചാരത്തിലെ വിനോദ സാധ്യതകളും ആരോഗ്യം കൊണ്ടുള്ള നേട്ടങ്ങളും മുമ്പ് പലരും പറഞ്ഞ് കൊതിപ്പിച്ചുവെച്ചിരിക്കുകയാണ് ഇവരെ. മൂന്നാമത്ത ഒറ്റയാന് ഇത്തരം ലീലാ വിലാസങ്ങളില്‍ താല്‍പര്യം കുറവായിട്ടോ എന്തോ വിദ്യാഭ്യാസം, ജലവിഭവം പോലുള്ള വകുപ്പുകളിലാണു താല്‍പര്യം.
കഴിഞ്ഞ അഞ്ചു വര്‍ഷം ശ്രീമതി ടീച്ചറെപ്പോലെ അന്തസുള്ളൊരു വനിതാ മന്ത്രി കഴിയുന്നത്ര മാന്യമായി ഭരിച്ച വകുപ്പാണ് ആരോഗ്യം. അതിനേക്കാള്‍ പ്രധാനം ആരോഗ്യത്തില്‍ പുരുഷന്‍മാരേക്കാള്‍ കൂടുതലുള്ള സ്‌ത്രീകള്‍ക്ക് ഈ അഞ്ചു വര്‍ഷം പേടിക്കാതെ നടക്കാം എന്നതായിരുന്നു. അതിനു മുമ്പേ പക്ഷേ കാലം വേറെയായിരുന്നല്ലോ. തെങ്ങില്‍ നിന്നിറങ്ങാത്ത ചങ്കരന്‍മാരുടെ കാര്യം പോകട്ടെ, മറ്റു പലരും വിനോദത്തില്‍ എതിര്‍പ്പുള്ളവരായിരുന്നില്ല. കേള്‍ക്കുമ്പോള്‍ കേരളം ഞെട്ടുന്ന ലീലകള്‍. ബാലുശേരിക്കാരന്‍ പുന്നെല്ലു കണ്ടപോലെ എന്നോ മണലൂരുകാരന്‍ മഞ്ചല് കണ്ടപോലെ എന്നോ ഒക്കെ പുതിയ ചൊല്ലുകള്‍ക്ക് അനന്ത സാധ്യതകള്‍. വിനോദ സഞ്ചാരത്തിലാണെങ്കില്‍ പറയുകയും വേണ്ട സഞ്ചരിച്ചുകൊണ്ടു വിനോദിക്കാം. കോടിയേരിക്ക് അത്തരം വിനോദങ്ങളില്‍ താല്‌പര്യമുണ്ടോയെന്നതിന് ഉപ്പം തെളിവുമില്ല. പക്ഷേ, ലങ്ങേരല്ലല്ലോ ആദ്യത്തെ വിനോദ വിസ്‌മയ മന്ത്രി. പ്രവര്‍ത്തിക്കുന്ന ഗവണ്‍മെന്റ് എന്നതായിരിക്കും ഈ സര്‍ക്കാരിന്റെ പ്രതിഛായ എന്ന് പറയുന്നത് നിയുക്ത മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ്. അതേ പ്രവര്‍ത്തിച്ചുകൊണ്ടേയിരിക്കാന്‍ തിടുക്കപ്പെട്ട് കാത്തുനില്‌ക്കുകയാണ് അദ്ദേഹത്തിന്റെ കഷ്ടിമുന്നണിയിലെ ഒറ്റപ്പൂരാട യുവ കോമള വികൃതികള്‍.
|
|||
















