Back
Saturday, May 14, 2011 | 03:09:13 PM IST
നാടകമേ, ഉലകം

വിധി എന്നൊരു പ്രതിഭാസം അച്ചട്ടാണ്‌. കപ്പലുമുങ്ങിയപ്പോള്‍ നീന്തിക്കയറുന്നവന്‍ നാട്ടിലെ തോട്ടില്‍ നടുവൊടിച്ചുവീണ്‌ ചാകുന്നത്‌ വിധി എന്ന തൊന്തരവിന്റെ വിളയാട്ടംകൊണ്ടാണ്‌. നമ്മുടെ സിനിമാനടന്‍ മുകേഷിന്റെ കാര്യമെടുക്കാം. സിനിമയും പിന്നെ കുറേ കോമഡിയെഴുത്തുമൊക്കെയായി ജോളിയായങ്ങ്‌ വാഴുവാരുന്നു. ടെയ്‌, ലവന്‍, ലവള്‍, തോമസുകുട്ടി വിട്ടേടാ എന്നൊക്കെ പറഞ്ഞ്‌ നാലുകാലുപറിച്ച്‌ ഓടിയിട്ട്‌, അതുമൊരു സ്‌റ്റൈലാക്കി സമാധാനത്തോടെ അഭിനയിച്ച്‌ അതിലും സുന്ദരമായി ജീവിച്ചുകൊണ്ടിരിക്കുകയല്ലേ വിധിയുടെ വിളയാട്ടമുണ്ടായത്‌. ദുര്‍വിധി സംഗീതനാടക അക്കാദമിയുടെ ചെയര്‍മാന്‍ എന്ന കാള്‍ഷീറ്റിലാണ്‌ മുകേഷിനെ വീഴ്‌ത്തിയത്‌. സംഗീതം, നാടകം, അക്കാദമി ചെയര്‍മാന്‍ എന്നൊക്കെ കേട്ടപ്പോള്‍ എന്നാലതുമങ്ങ്‌ അഭിനയിച്ചേക്കാമെന്ന്‌ മൂപ്പരും മോഹിച്ചുപോയി. വിധി അങ്ങനെയാണ്‌. അത്‌ പല വേഷത്തിലും വരും.
അല്ലെങ്കില്‍ത്തന്നെ എങ്ങനെ ഭ്രമിക്കാതിരിക്കും. നാടകം രക്‌തത്തില്‍തന്നെ അലിഞ്ഞുചേര്‍ന്ന ആളല്ലേ. കാളിദാസകലാകേന്ദ്രം, ഒ. മാധവന്‍ എന്നൊക്കെ ഇപ്പോള്‍ കേട്ടാലും പഴയ നാടകപ്രേമികള്‍ എഴുന്നേറ്റുനിന്ന്‌ കൈയടിക്കും. അച്‌ഛന്‍ മാത്രമല്ല അമ്മ, പെങ്ങള്‍, അളിയന്‍ ഇതൊക്കെ മുകേഷിന്‌ നാടകത്തിന്റെ നാനാര്‍ത്ഥങ്ങളാണ്‌. വഴിതെറ്റി വെള്ളിത്തിരയിലെത്തിയെങ്കിലും മുകേഷിന്റെയുള്ളില്‍ ഇപ്പോഴും നാടകമുണ്ട്‌. അതുകൊണ്ടല്ലേ ആ ഛായാമുഖി നാടകം ലാലേട്ടനൊപ്പം തകര്‍ത്ത്‌ അഭിനയിച്ചുകൊടുത്തത്‌. അഞ്ചാലുമൂട്‌ നീരാവില്‍ പ്രകാശ്‌ കലാകേന്ദ്രക്കാര്‌ മര്യാദയ്‌ക്ക്‌ അഭിനയിച്ചുകൊണ്ടിരുന്ന ആ നാടകം അഭിനയിച്ച്‌ അലമ്പിയതിന്റെ പേരുദോഷം ഇതുവരെ മാറിയിട്ടില്ല. അങ്ങനെയുള്ള മുകേഷാണ്‌ കേരളസംഗീതനാടക അക്കാദമിക്ക്‌ പുതിയ പേരുദോഷം ഉണ്ടാക്കിയിരിക്കുന്നത്‌.
ബുദ്ധിജീവികളെക്കൊണ്ട്‌ എന്തുപ്രയോജനമെന്ന്‌ സാക്ഷാല്‍ സക്കറിയ ചോദിച്ചതുപോലെ അക്കാദമികളെക്കൊണ്ട്‌ എന്തു പ്രയോജനമെന്ന്‌ ചിലര്‍ കാലാകാലങ്ങളായി ചോദിച്ചിട്ടുണ്ട്‌. ആണ്ടോടാണ്ട്‌ അവര്‍ഡുകള്‍ പ്രഖ്യാപിക്കുക, സ്വന്തക്കാര്‍ക്ക്‌ വീതിച്ചുകൊടുക്കുക, അതിലും വേണ്ടപ്പെട്ടവര്‍ക്ക്‌ വിശിഷ്‌ടാംഗത്വവും ഫെല്ലോഷിപ്പും നല്‍കുക. ഇതൊക്കെയാണ്‌ അക്കാദമിയുടെ ക്രൂരതകള്‍. സംഗീതനാടക അക്കാദമിയും പൂര്‍വ്വാധികം ഭംഗിയായി അതാണ്‌ ചെയ്യുന്നത്‌.
മുറതെറ്റാതെ കേരള സംഗീതനാടക അക്കാദമി ചെയ്‌തുകൊണ്ടിരിക്കുന്ന ഒരു കൊലപാതകചടങ്ങാണ്‌ നാടകമത്‌സരം സംഘടിപ്പിക്കുകയെന്നത്‌. ഇക്കുറി നാടകമത്‌സരത്തിലേയ്‌ക്കുള്ള നാടകങ്ങളുടെ നിര്‍ണ്ണയംതൊട്ട്‌ പ്രശ്‌നങ്ങളുണ്ടായി. നമ്മുടെ പഴയ എം.എല്‍.എയും സ.പി.എമ്മിന്റെ പഴയ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയുമായ പിരപ്പന്‍കോട്‌ മുരളി സഖാവിന്റെ നാടകവും കെ.പി.എ.സിയുടെ നാടകവും മത്‌സരത്തില്‍നിന്നും ഒഴിവാക്കിയതോടെയാണ്‌ വിവാദം അരങ്ങിലെത്തുന്നത്‌. എങ്ങനെ വിവാദമുണ്ടാകാതിരിക്കും. നാട്ടരെ മുഴുവന്‍ കമ്യൂണിസ്‌റ്റുകളാക്കി കെ.പി.എ.സി നാടകവും മുരളിസഖാവിന്റെ പ്രതിബദ്ധനാടകവും തള്ളിയ അതേ നാടകനിര്‍ണ്ണയ കമ്മിറ്റി തലകുലുക്കി അംഗീകരിച്ച നാടകങ്ങളില്‍ നമ്മുടെ കെ.പി.സി.സി.യുടെ സാഹിതിയുടെ നാടകംവരെ ഉള്‍പ്പെടുന്നു. ആ പാലോടുരവിയും അന്തരിച്ച രാജന്‍ തഴക്കരയുമൊക്കെ വെറുതേ നേരമ്പോക്കിനായി കൊണ്ടുനടക്കുന്ന സംഘമാണ്‌ കെ.പി.സി.സിയുടെ സാഹിതി. ഈ കടുംവെട്ട്‌ നടത്തിയത്‌ ഒരു കമ്യൂണിസ്‌റ്റ്‌ സര്‍ക്കാരിന്റെ കീഴിലുള്ള അക്കാദമി ആണെന്നും ഓര്‍ക്കണം.
സംഭവത്തിന്റെ അണിയറയിലെ നാടകം ഇപ്രകാരമാണ്‌. മുകേഷിന്റെ കുടുംബവകയായ കാളിദാസകലാകേന്ദ്രവും മുരളിസഖാവിന്റെ സംഘവും അവതരിപ്പിച്ചത്‌ ചങ്ങമ്പുഴയുടെ രമണന്‍ പ്രമേയമാക്കിയ നാടകമാണ്‌. ചങ്ങമ്പുഴയും പോയി, രമണനും ചന്ദ്രികയും മദനനും വംശനാശം സംഭവിച്ച ഈ കാലത്ത്‌ എന്തുപ്രണയമെന്നും എന്തുരമണനെന്നും ചോദിക്കരുത്‌. സാക്ഷാല്‍ അളിയന്‍ രാജേന്ദ്രന്റെ നാടകം ചെയര്‍മാന്‍ ഇടപെട്ട്‌ ഇന്‍ ആക്കുകയും പിരപ്പന്‍കോട്‌ സഖാവിന്റെ രമണന്‍ ഒരു ദുരന്തമായി ഔട്ടാക്കുകയും ചെയ്‌തതാണ്‌ പ്രശ്‌നം. സഖാവ്‌ പിരപ്പന്‍ ആഞ്ഞുകുത്തി. പത്രസമ്മേളനം നടത്തി. പാര്‍ട്ടിപത്രം ആ സഖാവിനൊപ്പംനിന്ന്‌ എരിതീയില്‍ രണ്ടുകോപ്പ എണ്ണയൊഴിച്ചു. വിവാദമായി. വെറും വാദമായി. കണ്ണില്‍ കണ്ടവരൊക്കെ ഇടപെട്ടു. മുകേഷിന്റെ ഡയലോഗൊന്നും ഏശിയില്ല. സ്‌ഥാപിതതാത്‌പര്യക്കാരനെന്ന്‌ ഓമനപ്പേരും അദ്ദേഹത്തിന്‌ ലഭിച്ചു. അങ്ങനെ അഞ്ചാറുമാസം ആ കസേരയിലിരുന്ന്‌ ആജീവനാന്ത ദുഷ്‌പ്പേര്‌ ഏറ്റുവാങ്ങി. എന്നാല്‍ ഇതൊന്നുമല്ലാ അടിസ്‌ഥാനപ്രശ്‌നമെന്നും ചിലര്‍ പറയുന്നുണ്ട്‌. തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിനുവേണ്ടി കുറേ സിനിമാതാരങ്ങള്‍ നാട്ടിലെമ്പാടും പാഞ്ഞുനടന്നു പ്രചരണമായിരുന്നു. എല്‍.ഡി.എഫിനുവേണ്ടി ആ പാവം കലാഭവന്‍മണി മാത്രം പാട്ടുമായിറങ്ങി. പാര്‍ട്ടി നല്‍കിയ ചെയര്‍മാന്‍പദവിയിലിരുന്നിട്ടും മുകേഷ്‌ സ്വന്തം പാട്ടിനുപോയി. ?ആരെയും ഇറക്കാനും മെനക്കെട്ടില്ല. അതിന്റെ കലിപ്പാണീ വിവാദനാടകത്തിന്റെ പിന്നിലെ നാടകമെന്നും പറയപ്പെടുന്നു. പോയ ബുദ്ധിയിനി അമ്മയും ഇന്നസെന്റും വിചാരിച്ചാലും തിരിച്ചുകിട്ടില്ല. ഇനി ഒരൊറ്റ വഴിയേയുള്ളൂ. പോട്ടു പുല്ലെന്ന്‌ വെയ്‌ക്കാം അല്ലെങ്കില്‍ തോമസുകുട്ടീ വിട്ടോടാ...
ഉണ്ണി

Comments

Be the first to comment on this News
Post News Feedback
Your Name   
E-mail
Phone Number
 
Type in Malayalam (Press Ctrl+m to change language)
Comment
 

Back
    Rate this news