Back
Saturday, May 07, 2011 | 11:23:05 AM IST
തമാശക്കാരന്‍ പിണറായി

തമാശ പറയുന്നതും കേള്‍ക്കുന്നതും എല്ലാക്കാലത്തും എവിടെയും രസകരംതന്നെ. അതിനു ദേശ-ഭാഷാ ഭേദമില്ലെന്നു മാത്രമല്ല വി.എസ്‌- പിണറായി വ്യത്യാസവുമില്ല. കേള്‍ക്കാന്‍ രസമുള്ളത്‌ പിണറായി പറഞ്ഞാലും ചിരിക്കണം. അല്ലെങ്കില്‍ പിന്നെ മലയാളി എങ്ങനെ കലക്കത്ത്‌ കുഞ്ചന്‍ നമ്പ്യാരുടെയും സുരാജ്‌ വെഞ്ഞാറമ്മൂടിന്റെയും നാട്ടുകാരാകും. എപ്പോഴും മസിലു പിടിച്ചിരിക്കാന്‍ നമ്മളെല്ലാം വി.പി.രാമകൃഷ്‌ണ പിള്ളേയാ പി. ശശിയോ അല്ലല്ലോ.
ഈ വര്‍ഷത്തെയല്ലങ്കിലും ഈ മാസത്തെയെങ്കിലും ഏറ്റവും നല്ല തമാശ സഖാവ്‌ പിണറായി വിജയനില്‍ നിന്നു കേട്ടതിന്റെ സുഖം ഒന്നു വേറെതന്നെ. `അഭിപ്രായ ഭിന്നത പ്രകടിപ്പിക്കാന്‍ മോശം വാക്കുകള്‍ ഉപയോഗിക്കുന്നത്‌ കേരളത്തിന്റെ സംസ്‌കാരത്തിനു ചേര്‍ന്നതല്ല' എന്നാണ്‌ ഇന്നലെ അദ്ദേഹം പറഞ്ഞത്‌. വെറുതേ പറയുകയല്ല ചെയ്‌തത്‌. പാര്‍ട്ടിയുടെ ആത്മവായ പത്രത്തിന്റെ കണ്ണായ പേജില്‍ ലേഖനം എഴുതിയിരിക്കുന്നു. സിപിഎമ്മില്‍ വിഭാഗീയത സ്വപ്‌നം കാണുന്നവര്‍ വേറെ പണി നോക്കേണ്ടി വരും എന്ന മറ്റൊരു തമാശയാണ്‌ ലേഖനത്തിന്റെ സന്ദേശം. പക്ഷേ, സമസ്‌തകേരള നായന്‍മാരുടെ വത്തിക്കാനായ പെരുന്നയില്‍ വാഴും സുകുമാര കുേബരനുള്ള മറുപടിയായതിനാല്‍ മാധ്യമങ്ങളെല്ലാം ചുരണ്ടിയെടുത്ത്‌ ഉപയോഗിച്ചത്‌ ആദ്യത്തെ തമാശയാണ്‌.
`നമ്മുടെ താമരശേരി ബിഷപ്പില്ലേ, താമരശേരി ബിഷപ്പ്‌...' എന്നു തുടങ്ങുന്ന ഒരു തമാശ അദ്ദേഹം നേരത്തേ പറഞ്ഞിരുന്നു. അതുകൊണ്ടാണ്‌ ഇതും തമാശയാകുന്നത്‌. നികൃഷ്ട ജീവി എന്ന്‌ ബിഷപ്പിനെക്കുറിച്ചു പറഞ്ഞ തമാശ അന്ന്‌ സഭയ്‌ക്കും അച്ചമ്മാര്‍ക്കും കന്യാസ്‌ത്രീകള്‍ക്കും ആസ്വദിക്കാന്‍ കഴിഞ്ഞില്ല. അവര്‍ ചാടി വഴിയില്‍ ഇറങ്ങി. പിണറായിക്കു മൂര്‍ദ്ദാബാദ്‌ വിളിച്ചു. നമ്മുടെ മാധ്യമ സിന്‍ഡിക്കേറ്റ്‌ ബാങ്കുകാര്‍ക്ക്‌ തമാശയെന്നു വെച്ചാല്‍ എന്താണെന്നു പോലും അറിയാത്തതുകൊണ്ട്‌ അവരും കൂട്ടത്തില്‍ ചാടിപ്പുറപ്പെട്ടു. പക്ഷേ, അഭിപ്രായ ഭിന്നതയുള്ളവരോടു മോശം ഭാഷയില്‍ പ്രതികരിക്കുന്നത്‌ കേരളീയ സംസ്‌കാരത്തിനു ചേരാത്തതുകൊണ്ട്‌ അദ്ദേഹം സദ്ദുദ്ദേശപരമായാണ്‌ അങ്ങനെ പറഞ്ഞതെന്ന്‌ അദ്ദേഹത്തിനു മാത്രം അറിയാവുന്ന കാര്യം. നികൃഷ്ട ജീവി എന്നതു മോശം വാക്കല്ലെന്ന്‌ അദ്ദേഹം പിന്നീട്‌ വിശദീകരിക്കുകയും ചെയ്‌തല്ലോ. വാല്‍സല്യത്തോടെ മക്കളുടെ തലയില്‍ തലോടുമ്പോള്‍ വിളിക്കാവുന്നത്ര മനോഹര പദമാണ്‌ നികൃഷ്ട ജീവി. മോനേ, നികൃഷ്ട ജീവീ... നന്നായി പഠിക്കണം കേട്ടോ, പ്രായത്തിനു മൂത്തവരെ ബഹുമാനിക്കണേ.
വേണമെങ്കില്‍ ഭാര്യയുമായുള്ള സ്വകാര്യ നിമിഷത്തിലും മറ്റേതു വാക്കിനെക്കാള്‍ ഉചിതം നികൃഷ്ട ജീവി തന്നെ. ഹെന്റെ നികൃഷ്ട ജീവീ എന്നോ മറ്റോ വൈക്കം മുഹമ്മദ്‌ ബഷീറിന്റെ കഥയില്‍ കാമുകീ കാമുകന്‍മാര്‍ വളിക്കുന്നുണ്ടോന്നൊരു സംശയം. അതുപോലെ, ` നീയെന്റെ നികൃഷ്ട ജീവിയാണ്‌ കേട്ടോ...` എന്ന്‌ ഭാര്യയുടെ ചെവിയില്‍ പറയാം. ഇതു വല്ലോം പള്ളിക്കും പട്ടക്കാര്‍ക്കും അറിയാമോ. അതുകൊണ്ടാണ്‌ അവര്‍ ചാടിപ്പുറപ്പെട്ട്‌ പ്രകടനം നടത്തിയത്‌.
ഇപ്പം ദേ, അതേ വിവരക്കേടാണ്‌ പിണറായി സഖാവിന്റെ പാര്‍ട്ടിക്കാരു ചെയ്യുന്നതെന്ന്‌ ആരെങ്കിലും പറയുമായിരിക്കും. അതു ശരിയേയല്ല.
വി.എസിനെക്കുറിച്ച്‌ `എന്തും ചെയ്യാന്‍ മടിക്കാത്ത ഒരുത്തന്‍' എന്നാണ്‌ എന്‍എസ്‌എസ്‌ ജനറല്‍ സെക്രട്ടറി ഇന്‍ ചാര്‍ജ്ജ്‌ സുകുമാരന്‍ നായര്‍ ചുമത്തിയ ചാര്‍ജ്ജ്‌. അതു കേരളീയ സംസ്‌കാരത്തിനു ചേര്‍ന്നതല്ലെന്നേ പിണറായി പറഞ്ഞുള്ളു. അഭിപ്രായ ഭിന്നതയുള്ളവരെക്കുറിച്ച്‌ ഇങ്ങനെയൊക്കെയാണോ പറയുന്നത്‌. ഛെ, മോശം. ഒരുത്തന്‍ എന്നത്‌ നമ്മള്‍ തമ്മില്‍ പറയുന്ന സാധാരണ വാക്കല്ലേ. നീയൊരുത്തന്‍, ആണൊരുത്തന്‍ അങ്ങനങ്ങനെ. ഒരുത്തനെത്തന്നെ നിനച്ചിരുന്നാല്‍ വരുന്നതെല്ലാം അവനെന്നു തോന്നും എന്നൊരു കവിയും പറഞ്ഞിട്ടുണ്ട്‌.
നിങ്ങളെന്തൊരു നായരാണ്‌ ഹേ. കുറച്ചുകൂടി നല്ലതൊന്നും കിട്ടിയില്ലേ വെച്ചുകാച്ചാന്‍?

Comments

Be the first to comment on this News
Post News Feedback
Your Name   
E-mail
Phone Number
 
Type in Malayalam (Press Ctrl+m to change language)
Comment
 

Back
    Rate this news