Back
Friday, May 06, 2011 | 02:52:38 PM IST
മാണിക്യക്കല്ല്‌: ശാന്തസുന്ദരമായ സിനിമ

മലയാള സിനിമയില്‍ മാറ്റങ്ങള്‍ കണ്ടുതുടങ്ങിയിരിക്കുന്നു. ഫാന്‍സ്‌ പടങ്ങളും ഫാന്‍സിഡ്രസും അരങ്ങൊഴിയുകയാണോ എന്നു തോന്നിപ്പോകുന്നു. ഡബിള്‍സും ചൈനാടൗണും തിരസ്‌കരിക്കപ്പെട്ടപ്പോള്‍ കാഴ്‌ച ഭംഗിയുടെ പേരിലാണെങ്കിലും ഉറുമിയെ രക്ഷപ്പെടുത്തിവിട്ടു പ്രേക്ഷകര്‍. സിറ്റി ഓഫ്‌ ഗോഡ്‌, മേല്‍വിലാസം, ഭക്തജനങ്ങളുടെ ശ്രദ്ധയ്‌ക്ക്‌ എന്നീ ചിത്രങ്ങള്‍ നല്ല സിനിമകളെ പ്രേക്ഷകര്‍ അംഗീകരിച്ചു കഴിഞ്ഞു. ആ ഗണത്തിലേക്ക്‌ മറ്റൊരു ചിത്രം കൂടി വരുകയാണ്‌. മാണിക്യക്കല്ല്‌. കഥപറയുമ്പോള്‍ എന്ന ഹിറ്റ്‌ ചിത്രത്തിന്റെ സംവിധായകന്‍ എം മോഹനാണ്‌ മാണിക്യക്കല്ല്‌ ഒരുക്കിയിരിക്കുന്നത്‌.
കഥപറയുമ്പോള്‍ എന്ന ചിത്രത്തിലൂടെ ഗ്രാമജീവിതത്തിന്റെ കഥപറഞ്ഞ എം മോഹനന്‍ ഈ ചിത്രത്തിന്‌ തെരഞ്ഞെടുക്കുതും ഗ്രാമീണപശ്ചാത്തലമാണ്‌. വണ്ണാന്‍മല എന്ന ഗ്രാമത്തിലാണ്‌ മാണിക്യക്കല്ല്‌ നടക്കുന്നത്‌. വണ്ണാന്‍മലയിലെ സര്‍ക്കാര്‍ സ്‌കൂളിലേക്ക്‌ സ്ഥലംമാറ്റം കിട്ടിവരുന്ന വിനയചന്ദ്രനാണ്‌ (പൃഥ്വിരാജ്‌) സിനിമയിലെ നായകന്‍. വിനയചന്ദ്രന്റെ വരവ്‌ സ്‌കൂളിന്‌ മാത്രമല്ല ആ നാട്ടിനുമുഴുവന്‍ മാറ്റം കൊണ്ടുവരുന്നു. പൃഥ്വിരാജിന്റെ രൂപഭാവങ്ങള്‍ മലയാളിത്തത്തിലേക്ക്‌ വിവര്‍ത്തനം ചെയ്‌തതുപോലെയുണ്ട്‌. ആകെയൊരു നാട്ടിന്‍പുറത്തുകാരന്‍ മാഷിന്റെ ഛായ. ബ്രിട്ടീഷുകാരുടെ കാലത്ത്‌ സ്ഥാപിക്കപ്പെട്ട സ്‌കൂളാണ്‌ വണ്ണാന്‍മലയിലേത്‌. ആദ്യമൊക്കെ നാടിന്റെ സാംസ്‌കാരികകേന്ദ്രമായിരുന്ന സ്‌കൂള്‍ കാലക്രമത്തില്‍ എല്ലാ സര്‍ക്കാര്‍ പള്ളിക്കൂടങ്ങളുടെയും വിധിയിലേക്ക്‌ കൂപ്പുകുത്തുന്നു. പഠിക്കാന്‍ കുട്ടികളില്ല. പത്താംതരം പരീക്ഷയ്‌ക്ക്‌ നൂറ്‌ ശതമാനം തോല്‍വിയാണ്‌ സ്‌കൂളിന്റെ നേട്ടം. ഇത്തരമൊരു സ്ഥാപനത്തിലേക്ക്‌ കുട്ടികളെ അയ്‌ക്കുന്നതെങ്ങനെ? പേരും പെരുമയും പഴങ്കഥയായ സ്‌കൂളിനോട്‌ അധ്യാപകര്‍ക്കോ നാട്ടുകാര്‍ക്കോ കുട്ടികള്‍ക്കുതന്നെയോ താല്‌പര്യവുമില്ല.
സ്‌കൂളിന്റെ ഹെഡ്‌മാസ്റ്ററുടെ (നെടുമുടി വേണു) പ്രധാന തൊഴില്‍ സ്‌കൂല്‍ ഭരണമല്ല, വളം കച്ചവടമാണ്‌. അധ്യാപനം ഒരു സൈഡ്‌ ബിസ്സിനസ്സ്‌ മാത്രം. സ്‌കൂളിലെ കായികാധ്യാപികയാണ്‌ ചാന്ദ്‌നി (സംവൃത). സ്‌കൂളിലും കായികത്തിലുമൊന്നും ഒരു താല്‌പര്യവുമില്ലാത്ത ചാന്ദ്‌നി ടീച്ചറുടെ പ്രധാന ജോലി മുട്ടക്കച്ചവടമാണ്‌. പോരാത്തതിന്‌ അറുപിശുക്കിയുമാണ്‌ ഈ കഥാപാത്രം. മറ്റൊരധ്യാപകന്‍ ജഗദീഷാണ്‌. റിയാലിറ്റി ഷോകളില്‍ പങ്കെടുക്കുന്ന കുട്ടികള്‍ക്ക്‌ പരിശീലനം നല്‍കലാണ്‌ പ്രധാന ജോലി. സ്‌കൂളിലെ ഫിസിക്‌സ്‌ അധ്യാപകനായ മറ്റൊരു മാഷ്‌ (കോട്ടയം നസീര്‍)നാട്ടിലെ പ്രധാന ബ്രോക്കറാണ്‌. മറ്റൊരു ഉറക്കം തൂങ്ങി അധ്യാപകന്റെ വേഷത്തില്‍ അനൂപ്‌ ചന്ദ്രനും ഒന്നിനും കൊള്ളാത്ത സ്‌കൂളിലെ അതിലും മോശം പ്യൂണായി സലിംകുമാറും വേഷമിടുന്നു. അധ്യാപകരെ വെല്ലുന്ന കുട്ടികളാണ്‌ അവിടെ പഠിക്കുന്നത്‌. പത്താം തരത്തില്‍ പഠിക്കുന്ന പന്ത്രണ്ട്‌ കുട്ടികളും മാഷുമാരെ ബഹുദൂരം പിന്നിലാക്കുന്ന ഉഴപ്പന്‍മാരാണ്‌. ഈ സ്‌കൂളിലേക്കാണ്‌ വിനയചന്ദ്രന്‍ മാഷ്‌ കടന്നുവരുന്നത്‌. സ്‌കൂളും കുട്ടികളും മാത്രമല്ല നാടും നന്‍മയിലേക്ക്‌ നടന്നിറങ്ങുന്നതിന്റെ രസകരവും നിഷ്‌കളങ്കവുമായി നിരവധി മുഹുര്‍ത്തങ്ങളിലൂടെയാണ്‌ മാണിക്യ കല്ല്‌ പുരോഗമിക്കുന്നത്‌.
പൃഥ്വിരാജിന്റെ ഏറ്റവും പക്വതയുള്ള കഥാപാത്രമാണ്‌ വിനയചന്ദ്രന്‍ മാഷ്‌. മറ്റ്‌ ചിത്രങ്ങളില്‍നിന്നും വ്യത്യസ്‌തമായി സംവൃതയുടെ കഥാപാത്രവും മികച്ചുനില്‍ക്കുന്നു. കൊച്ചുകൊണ്ട്‌ തമാശകളിലൂടെ വികസിക്കുന്ന നായികാനായക ബന്ധവും അഴകോടെ അവതരിപ്പിക്കപ്പെട്ടിരിക്കുന്നു. ജഗദീഷും കോട്ടയം നസീറും പതിവ്‌ ഗിമ്മിക്കുകള്‍ വിട്ട്‌ അഭിനയിച്ചിരിക്കുന്നതിനാല്‍ മിഴിവുറ്റ കഥാപാത്രങ്ങളായിത്തീരുന്നു. നാട്ടിലെ ചാരായം വാറ്റുകാരനായ വില്ലനെ ഗംഭീരമായി അവതരിപ്പിക്കുന്ന ജഗതിയുടെ പ്രകടനം കുറച്ചുനേരം മാത്രമേയുള്ളുവെങ്കിലും മറക്കില്ല. സ്‌കൂള്‍ ഹെഡ്‌മാസ്റ്ററായും (ദൂരെദൂരെ ഒരു കൂടുകൂട്ടാം, ചിന്താവിഷ്‌ഠയായ ശ്യാമള...) മാനേജരായും (ഇംഗ്ലീഷ്‌ മീഡിയം) നല്ല പ്രകടനങ്ങള്‍ നടത്തിയിട്ടുള്ള നെടുമുടിയുടെ മറ്റൊരു മികച്ച വേഷമാണിത്‌.
മാണിക്യ കല്ലിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്‌ സംവിധായകന്‍ എം മോഹനന്‍ തന്നെയാണ്‌. അസാധാരണത്വമൊന്നുമില്ലെങ്കിലും യുക്തിഭദ്രമായി ഒരുക്കിയ തിരക്കഥയെന്ന്‌ നിസംശയം പറയാം. ഒരുപാടുകാലമായി മലയാള സിനിമ മറന്നുപോയ നാട്ടിന്‍പുറത്തിന്റെ കാഴ്‌ചകള്‍ ദൃശ്യവല്‍ക്കരിക്കുന്നതില്‍ സൂക്ഷ്‌മത പുലര്‍ത്തുന്നു പി സുകുമാറിന്റെ ഛായാഗ്രഹണം. സംഗീതം നല്‍കിയിരിക്കുന്നത്‌ എം ജയചന്ദ്രനാണ്‌. എ എസ്‌ ഗിരീഷ്‌ ലാലാണ്‌ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്‌. 

Comments

Be the first to comment on this News
Post News Feedback
Your Name   
E-mail
Phone Number
 
Type in Malayalam (Press Ctrl+m to change language)
Comment
 

Back
    Rate this news