Back
Thursday, May 05, 2011 | 10:34:12 AM IST
മനസാക്ഷിക്കുനേരേ ഒരു സിനിമ

ജീവിതം കടന്നുപോകുന്ന ഇടങ്ങളെയാണ്‌ സിനിമകള്‍ ആവിഷ്‌കരിക്കുന്നത്‌. അതുകൊണ്ടുതന്നെ സമൂഹത്തിന്റെ നേര്‍ക്കാഴ്‌ചകളായി സിനിമകള്‍ മാറുന്ന സന്ദര്‍ഭങ്ങള്‍ നിരവധിയാണ്‌. ഒരു സമൂഹം എന്ന നിലയില്‍ കേരളം മറ്റ്‌ ഇന്ത്യന്‍ സംസ്ഥാനങ്ങളെ മാത്രമല്ല ലോകത്തെ തന്നെ പിന്നിലാക്കിയ നിരവധി നേട്ടങ്ങലിലൂടെ കടന്നുപോയിട്ടുണ്ട്‌. നാം പലര്‍ക്കും മാതൃകയാണ്‌. എന്നാല്‍ അതേവേഗത്തില്‍ തന്നെ നാം പിന്നോട്ടടിക്കപ്പെടുന്ന നിരവധി അനുഭവങ്ങളുമുണ്ട്‌. സ്‌ത്രീ പീഡനം, മദ്യാസക്തി, ആള്‍ദൈവം, ജാതീയത തുടങ്ങി നിരവധി ഘടകങ്ങള്‍ നമ്മുടെ നവോത്ഥാനത്തെ പിടിച്ചുനിര്‍ത്തുന്നു. ഭക്തിയും മദ്യാസക്തിയും കടപുഴക്കുന്ന ജീവിതങ്ങളെക്കുറിച്ചാണ്‌ പ്രിയനന്ദന്റെ ഭക്തജനങ്ങളുടെ ശ്രദ്ധയ്‌ക്ക്‌ സംസാരിക്കുന്നത്‌. മലയാളിയുടെ മനസാക്ഷിക്കുനേരെ പിടിച്ച കണ്ണാടിയാണ്‌ ഈ ചിത്രം. വ്യത്യസ്‌തമായ പ്രമേയങ്ങളിലൂടെ സമാന്തര സിനിമാദാരയില്‍ ഉറച്ചുനില്‍ക്കുന്ന പ്രിയനന്ദനന്റെ ഈ ചിത്രത്തിന്‌ കഥയൊരുക്കിയിരിക്കുന്നത്‌ സംവിധായകന്‍ രഞ്‌ജിത്താണ്‌. വിശ്വനാഥന്‍ സുമംഗല ദമ്പതിമാരുടെ ജീവിതത്തിലൂടെയാണ്‌ കഥ വികസിക്കുന്നത്‌. ഇര്‍ഷാദും കാവ്യാമാധവനുമാണ്‌ ഈ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്‌. അവര്‍ക്ക്‌ രണ്ട്‌ കുട്ടികളുണ്ട്‌. ആധുനിക മലയാളി സമൂഹത്തിലെ അണുകുടുംബത്തെയാണ്‌ ഇവര്‍ പ്രതിനിധാനം ചെയ്യുന്നത്‌. സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ വിശ്വനാഥന്‍ ഒരു തികഞ്ഞ ഭക്തനും മദ്യപനുമാണ്‌. വിശ്വന്റെ ശമ്പളം മുഴുവന്‍ മദ്യശാലയില്‍ തീരുന്നു. ചായക്കട നടത്തുന്ന സുമംഗലയുടെ വരുമാനംകൊണ്ടാണ്‌ കുടുംബം പുലരുന്നത്‌. ഭര്‍ത്താവിന്റെ മദ്യപാനം കുറയ്‌ക്കുന്നതിനായി സുംമംഗല തന്നില്‍ ഭഗവതി ആവേശിച്ചതായി അഭിനയിക്കുന്നു. ആ തന്ത്രം തല്‍ക്കാലം വിജയംകാണുന്നുണ്ടെങ്കിലും അതൊരു വിപത്തിന്റെ മുന്നോടിയായിരുന്നു. സംഭവസ്ഥലത്ത്‌ അന്നുണ്ടായിരുന്ന വിശ്വനാഥന്റെ അമ്മാവന്‍ കുമാരന്‍ നായര്‍ (കലാഭവന്‍ മണി) കാര്യങ്ങള്‍ ഏറ്റെടുക്കുന്നതോടെ രംഗം മാറുന്നു. സുമംഗലയെ ഒരാള്‍ ദൈവമാക്കി അവതരിപ്പിക്കുന്നതിലൂടെ ലഭിച്ചേക്കാവുന്ന ലാഭമോര്‍ത്ത്‌ കുമാരന്‍ നായര്‍ ഇറങ്ങിപ്പുറപ്പെടുന്നു. ചില നിമിത്തങ്ങള്‍ സൃഷ്ടിക്കുന്ന ആകസ്‌മികതകള്‍ സുമംഗലയില്‍ ദിവ്യശക്തിയുണ്ടെന്ന വാര്‍ത്തയെ ഉറപ്പിക്കുന്നു. കച്ചവടക്കണ്ണുമായി ശിവരാമ പണിക്കരും (ശ്രീരാമന്‍) എത്തുന്നതോടെ സുമംഗല പൂര്‍ണ്ണമായും ദൈവമായിത്തീരുന്നു. പുറത്തുകടക്കാനാവാത്തവിധം മുറുകിയ ഒരു കുരുക്കിലാണ്‌ സുമംഗല പെട്ടുപോകുന്നത്‌. ദൈവീകതയില്‍നിന്നും മനുഷ്യനിലേക്ക്‌ തിരിച്ചിറങ്ങി ഭര്‍ത്താവും കുട്ടികളുമൊത്ത്‌ സാധാരണ ജീവിതം ജീവിക്കാന്‍ ശ്രമിക്കുന്ന സമംഗലയുടെ ദുരിതജീവിതമാണ്‌ ഭക്തജനങ്ങളുടെ ശ്രദ്ധയ്‌ക്ക്‌. ഗദ്ദാമക്കുശേഷം കാവ്യ അവതരിപ്പിക്കുന്ന മറ്റൊരു ശ്രദ്ധേയമായ വേഷമാണ്‌ സുമംഗല. നല്ല കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ ശേഷിയുണ്ടെന്ന്‌ നേരത്തേ തെളിയിച്ച നടനാണ്‌ ഇര്‍ഷാദ്‌. വിശ്വനാഥന്‍ ഇര്‍ഷാദിന്റെ കൈകളില്‍ ഭദ്രമായിരുന്നു. മാത്രമല്ല നാം സ്ഥിരം കണ്ടുമുട്ടുന്ന മലയാളി മധ്യവര്‍ഗ്ഗത്തിന്റെ പ്രതിനിധിയാണ്‌‌ വിശ്വനാഥന്‍. സാഹിത്യവും പരപുച്ഛവും മദ്യപാനവും വലിയ വാചകങ്ങളുമായിനടക്കുന്ന നാട്ടിന്‍ പുറത്തെ വിദ്യാസമ്പന്നന്‍.പ്രിയനന്ദന്റെ സംവിധാനത്തില്‍ ഇപ്പോഴും നാടകത്തിന്റെ സ്വാധീനം നിഴലിട്ടുനില്‍ക്കുന്നു. ചില സീനുകള്‍, സീക്വന്‍സുകള്‍ നാടകത്തെ അനുസ്‌മരിപ്പിക്കുംവിധമാണ്‌ ചിട്ടപ്പെടുത്തിയിരിക്കുന്നത്‌. രഞ്‌ജിത്തിന്റെ കഥയ്‌ക്ക്‌ പി മനോജാണ്‌ തിരക്കഥ ഒരുക്കിയിരിക്കുന്നത്‌. കാവ്യാ മാധവന്‍, ഇര്‍ഷാദ്‌, ജഗതി ശ്രീകുമാര്‍, സുരാജ്‌ വെഞ്ഞാറമൂട്‌, ലാല്‍, ബിജുകുട്ടന്‍, ശ്രീരാമന്‍, സാദിഖ്‌, ലാലു അലക്‌സ്‌, അഗസ്‌റ്റിന്‍, നിഷാന്ത്‌ സാഗര്‍ എന്നിവര്‍ വേഷമിടുന്നു. സംഗീതം നടേഷ്‌ ശങ്കര്‍. ജഹാംഗീര്‍ ഷംസാണ്‌ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്‌.

Comments

Be the first to comment on this News
Post News Feedback
Your Name   
E-mail
Phone Number
 
Type in Malayalam (Press Ctrl+m to change language)
Comment
 

Back
    Rate this news   (1/2)