പെണ്ണുങ്ങള്‍ ഉപകരണങ്ങള്‍...
മന്ത്രിപുത്രന്മാര്‍ എന്നും നിയമത്തിന് അതീതരാണ് എന്ന് പിന്നേയും തെളിയിച്ചാണ് ഒരു മന്ത്രിപുത്രന്‍ അടങ്ങിയ മൂന്നംഗസംഘം തിരുവനന്തപുരം ലോ കോളജ് നാലാം സെമസ്‌റ്റര്‍ വിദ്യാര്‍ത്ഥിനിയെ കോളജ് വരാന്തയില്‍ തടഞ്ഞുനിര്‍ത്തി കരണത്തടിച്ചത്. അതിനുശേഷം കഴിഞ്ഞ ജനുവരി 24ന് രാത്രി 7.15 ന് മന്ത്രിപുത്രന്‍ ഉള്‍പ്പെടെ മൂന്നംഗസംഘം സ്‌കൂട്ടറില്‍ സഞ്ചരിച്ചിരുന്ന വിദ്യാര്‍ത്ഥിനിയെ തടഞ്ഞുനിര്‍ത്തി വണ്ടിയില്‍നിന്നും വലിച്ച് തഴെയിട്ട് വയറിന് തൊഴിക്കുകയും മര്‍ദ്ദിക്കുകയും ചെയ്‌തു. സംഭവത്തില്‍ പൊലീസ് മാത്രമല്ല മന്ത്രിവിധേയ സംസ്‌ഥാന വനിതാ കമ്മീഷനും നിസ്സംഗത പാലിച്ചു.
സൗമ്യ എന്ന പെണ്‍കുട്ടിയെ ട്രെയിനില്‍ കയറി ആക്രമിച്ച് തള്ളിയിട്ട് ബലാത്‌സംഗം ചെയ്‌തുകൊന്ന സംഭവം കേരളത്തെ ഒട്ടാകെ ഞെട്ടിപ്പിക്കുകയും കണ്ണീരിലാഴ്‌ത്തുകയും ചെയ്‌തതാണ്. അതിനോട് പ്രതികരിച്ച പലരും പറഞ്ഞത് സ്‌ത്രീകളെയും പെണ്‍കുട്ടികളെയും ആര്‍ക്കും എപ്പോള്‍വേണമെങ്കിലും എങ്ങിനെവേണമെങ്കിലും ആക്രമിക്കാനും ഉപയോഗിക്കാനുമാവുമെന്ന് അഹന്ത കൈമുതലാക്കിയ കേരള പുരുഷസമൂഹം കരുതുന്നു എന്നാണ്.
ഭരണഘടനയില്‍ തുല്യ അവകാശവും അവസരസമത്വവും 50 ശതമാനം സംവരണവും നല്‍കിയതുകൊണ്ടുമാത്രം ലിംഗാധിഷ്‌ഠിത വിവേചനം ഒബ്‌സഷന്‍ ആയ ഒരു സമൂഹത്തില്‍ സ്‌ത്രീക്ക് സുരക്ഷിതത്വം കിട്ടുകയില്ല. പ്രത്യേകിച്ച് സംഘടനാതല ആക്രമണത്തിന്റെ ഇരയാകുമ്പോള്‍. ലോ കോളജ് വിദ്യാര്‍ത്ഥിനി കരണത്തടി കിട്ടിയപ്പോള്‍ തിരിച്ചടിച്ചെങ്കില്‍ അവള്‍ അടിച്ചതുമാത്രം രേഖകളിലും വിവാദങ്ങളിലും പ്രത്യക്ഷപ്പെടുമായിരുന്നു.
മന്ത്രിപുത്രന്മാര്‍ ഉള്‍പ്പെട്ട കിളിരൂര്‍, കവിയൂര്‍ കേസ് തേഞ്ഞുമാഞ്ഞുപോയത് കേരളസമൂഹം കണ്ടതാണ്. അത്തരം പെണ്‍വാണിഭക്കാരെ കൈയാമംവച്ച് നടത്തിപ്പിക്കുമെന്ന് വീമ്പിളക്കിയ മുഖ്യമന്ത്രിയായ അച്യുതാനന്ദന്‍ 21 കൊല്ലം മുന്‍പുള്ള കേസ് കുത്തിപ്പൊക്കി തന്റെ വാക്ക് പാലിക്കാനുള്ള ശ്രമത്തിലാണ്. സേവി മനോ മാത്യു കേസിലും ശബരിനാഥ് കേസിലും എല്ലാം മന്ത്രിപുത്രന്മാരുടെ പങ്ക് മാധ്യമങ്ങള്‍ സൂചിപ്പിച്ചിരുന്നു. മുത്തൂറ്റ് പോള്‍ എം. ജോര്‍ജ് വധക്കേസില്‍ മന്ത്രിപുത്ര സുഹൃത്തിനുപോലും സുരക്ഷ ഉറപ്പാക്കിയ പൊലീസ് സമൂഹമാണ് കേരളത്തിലേത്. അക്രമത്തിനെതിരെ പരാതി നല്‍കുക എന്ന വഴി മാത്രമേ ഉന്നതബന്‌ധമില്ലാത്തവര്‍ക്കുള്ളൂ. അതിലൊന്നും യാതൊരു നടപടിയും പ്രതീക്ഷിക്കേണ്ടന്ന് പിന്നേയും ഇവിടെ തെളിയുകയാണ്.
അശരണരായ സ്‌ത്രീകളുടെ രക്ഷയ്‌ക്കെന്ന് ദൃശ്യമാധ്യമങ്ങളില്‍ പരസ്യം ചെയ്യുന്നുണ്ട് സംസ്‌ഥാന വനിതാ കമ്മീഷന്‍. ഏതെങ്കിലും ഉന്നതനുള്‍പ്പെട്ട ഒരു കേസിലെങ്കിലും നടപടി എടുക്കാനുള്ള ഇച്‌ഛാശക്‌തിയോ ചങ്കുറപ്പോ വനിതാ കമ്മീഷന് ഇല്ല. സൗമ്യയുടെ മരണത്തില്‍പോലും വനിതാ കമ്മീഷന്റെ പ്രതികരണം വൈകി. ലോ കോളജ് വിദ്യാര്‍ത്ഥിനി കൊടുത്ത പരാതിയില്‍ നടപടി എടുക്കാതെ ചര്‍ച്ചയിലൂടെ ഒത്തുതീര്‍പ്പാക്കി എന്ന പ്രഖ്യാപനം നടത്തിയതിനെതിരെ, താനും കുടുംബവും ഒരു ഒത്തുതീര്‍പ്പ് ചര്‍ച്ചയിലും പങ്കെടുത്തില്ല എന്നാണ് വിദ്യാര്‍ത്ഥിനി പറഞ്ഞത്.
ഉന്നതരുള്‍പ്പെട്ട കേസുകളില്‍ പൊലീസ് നിസംഗത സ്വാഭാവികമാണെന്ന് ജനം കരുതിത്തുടങ്ങിയിരിക്കുന്നു. വിദ്യാര്‍ത്ഥിനിയുടെ പരാതിയില്‍ നടപടി എടുക്കാന്‍ വൈകിയതില്‍ ഇപ്പോള്‍ ഒരു പൊലീസുകാരനെ സസ്‌പെന്‍ഡ് ചെയ്‌തു. പെണ്‍കുട്ടി വനിതാ പൊലീസില്‍ പരാതിപ്പെട്ടിട്ടും കേസെടുക്കാന്‍ തയാറായില്ല. വിദ്യാര്‍ത്ഥിനി പറഞ്ഞ പ്രതികളെയല്ല പൊലീസ് അറസ്‌റ്റ് ചെയ്‌തത്.
ക്യാമ്പസില്‍ രാഷ്‌ട്രീയം ആവശ്യംതന്നെ. പക്ഷേ അക്രമരാഷ്‌ട്രീയം നിരുല്‍സാഹപ്പെടുത്തേണ്ടതാണ്. വിദ്യാര്‍ത്ഥിനിയെ കരണത്തടിച്ചതും ജനമധ്യേ വലിച്ചിറക്കി ഉദരത്തില്‍ ചവിട്ടിയതും എസ്.എഫ്.ഐ പ്രകടനങ്ങളില്‍ പങ്കെടുക്കാതിരുന്നതിനാലാണത്രേ. അവനവന് സ്വന്തം രാഷ്‌ട്രീയം തെരഞ്ഞെടുക്കാനുള്ള അവകാശംപോലും നിഷേധിക്കുന്ന ക്യാമ്പസ് രാഷ്‌ട്രീയമാണ് കേരളത്തില്‍.
എന്നാണ് സാക്ഷര - വികസിത കേരളത്തില്‍ സ്‌ത്രീ സമൂഹത്തിന് സുരക്ഷിതത്വം ലഭിക്കുക! സ്വന്തമായ അഭിപ്രായം പ്രകടിപ്പിക്കാനും ഒറ്റയ്‌ക്ക് ഏതുരാത്രിയിലും പകലും സഞ്ചരിക്കാനുമുള്ള സാഹചര്യം താലിബാനിസത്തിലേക്ക് നീങ്ങുന്ന കേരള സമൂഹത്തില്‍ എന്നാണ് സംജാതമാകുക?
ലീലാമേനോന്‍
rajeshkumar says ..
|
|||
















