Back
Sunday, January 23, 2011 | 01:01:56 AM IST
ജനം ഇനി ആരെ ആശ്രയിക്കും?

ജനങ്ങളുടെ അവസാന ആശ്രയമായിരുന്ന നീതിന്യായ സ്‌ഥാപനങ്ങളും അഴിമതിയോട്‌ പൊരുത്തപ്പെട്ടിരിക്കുന്നു. സുപ്രീംകോടതി - ഹൈക്കോടതി ജഡ്‌ജിമാരില്‍ 20 ശതമാനമെങ്കിലും അഴിമതിക്കാരാണെന്ന്‌ പറഞ്ഞത്‌ പെന്‍ഷന്‍ പറ്റിയ ഒരു സുപ്രീംകോടതി ജഡ്‌ജിതന്നെയാണ്‌.
ജനാധിപത്യത്തിന്റെ നാലാംതൂണായ മീഡിയ ഇന്ന്‌ റാഡിയ-മീഡിയയായിക്കഴിഞ്ഞു. പണത്തിനുവേണ്ടി വാര്‍ത്ത പ്രസിദ്ധീകരിക്കുന്നതില്‍ നിന്നും ഒരുപടികൂടി കടന്ന്‌ കാബിനറ്റ്‌ രൂപീകരണവും നയരൂപീകരണവും വരെ നടത്താന്‍ കോര്‍പ്പറേറ്റ്‌ ഇടനിലക്കാരെ സഹായിക്കുന്ന നാലാംതൂണുകളാണ്‌ ഇന്ന്‌ മാധ്യമരംഗത്തെ വിശുദ്ധപശുക്കള്‍.
റാഡിയ - മീഡിയ വിവാദം കൊഴുത്ത്‌ മാധ്യമപ്രവര്‍ത്തനത്തില്‍ എത്തിക്‌സ്‌ ഉണ്ടെന്ന്‌ വിശ്വസിച്ചിരുന്നവരെ നിരാശരാക്കി വിവാദങ്ങള്‍ ഉച്ചസ്‌ഥായിയിലെത്തുന്നതിനിടെ ജുഡീഷ്യറി വീണ്ടും വിവാദം ഹൈജാക്ക്‌ ചെയ്‌തിരിക്കുന്നു.
മുന്‍ സുപ്രീം കോടതി ചീഫ്‌ ജസ്‌റ്റിസും ഇപ്പോഴത്തെ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനുമായ ജ. കെ.ജി. ബാലകൃഷ്‌ണന്റെ ജാമാതാവിന്റെ അനധികൃതസ്വത്ത്‌ സമ്പാദ്യം ഒരു ചാനല്‍ പുറത്തുകൊണ്ടുവന്നതോടെയാണ്‌ കെ.ജി. ബാലകൃഷ്‌ണന്റെ ബന്‌ധുക്കള്‍ പലരും കോടിക്കണക്കിനു രൂപയുടെ അനധികൃത സ്വത്ത്‌ സമ്പാദിച്ച വിവരങ്ങളും ഭൂമികരസ്‌ഥമാക്കിയ വിവരങ്ങളും പുറത്തുവന്നുകൊണ്ടിരിക്കുന്നത്‌. കെ.ജി. ബാലകൃഷ്‌ണന്റെ മകളുടെ ഭര്‍ത്താവും യൂത്ത്‌ കോണ്‍ഗ്രസ്‌ മെമ്പറും മുന്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഞാറക്കലില്‍നിന്നും സ്‌ഥാനാര്‍ത്ഥിയായി പരാജയപ്പെട്ടയാളുമായ ശ്രീനിജന്‍ തെരഞ്ഞെടുപ്പിനു മുന്‍പ്‌ പ്രഖ്യാപിച്ച സ്വത്ത്‌ വിവരങ്ങളുടെ പതിന്മടങ്ങ്‌ സ്വത്ത്‌ നാലുകൊല്ലംകൊണ്ട്‌ സമ്പാദിച്ചതായാണ്‌ വിവരം.
വിവരാവകാശ നിയമപരിധിയില്‍ സുപ്രീംകേടതി ജഡ്‌ജിമാരുടെ സ്വത്ത്‌ വിവരങ്ങളും പെടുത്തണം എന്ന ആവശ്യത്തെ എതിര്‍ത്തിയാളാണ്‌ മുന്‍ സുപ്രീംകോടതി ചീഫ്‌ ജസ്‌റ്റിസ്‌ കെ.ജി. ബാലകൃഷ്‌ണന്‍. ഈ വസ്‌തുത അദ്ദേഹത്തിനെതിരെയുള്ള സംശയം ബലപ്പെടുത്തുന്നു.
ഇപ്പോള്‍ ശ്രീനിജന്‍ അഡ്വക്കേറ്റുമാരായ താനും ഭാര്യയും വക്കില്‍ പണിയിലാണ്‌ ഇത്രയും സ്വത്ത്‌ സമ്പാദിച്ചത്‌ എന്ന അവകാശവാദം ഉന്നയിച്ചിരിക്കുകയാണ്‌. അഭിഭാഷകരംഗത്ത്‌ പ്രശസ്‌തരല്ലാത്ത ഇവര്‍ക്കുപോലും ഇത്രയധികം സ്വത്ത്‌ നാലുകൊല്ലംകൊണ്ട്‌ ഉണ്ടാക്കാമെങ്കില്‍ കേരളത്തിലെ മാതാപിതാക്കള്‍ എന്തിന്‌ സ്വന്തം കുട്ടികളെ ലക്ഷങ്ങള്‍ കോഴനല്‍കി ഡോക്‌ടറും എഞ്ചിനീയറും ആക്കണം?
വി.ആര്‍. കൃഷ്‌ണയ്യര്‍ ന്യായാധിപര്‍ സംശയാതിതരായിരിക്കണം എന്ന നിലപാടെടുത്ത്‌ കെ.ജി. ബാലകൃഷ്‌ണനെതിരെ രംഗത്ത്‌ വന്നിരിക്കുന്നു. ജസ്‌റ്റിസ്‌ ബാലകൃഷ്‌ണന്‍ സുപ്രീംകോടതി ജഡ്‌ജിയായിരിക്കെ ലാവ്‌ലിന്‍ വിഷയത്തില്‍ ചെയ്‌ത സഹായത്തിന്റെ നന്ദിസ്‌ഫുരണമായി, മാര്‍ക്‌സിസ്‌റ്റ്‌ പാര്‍ട്ടി മൗനം പാലിച്ചതിനെയും ജ. കൃഷ്‌ണയ്യര്‍ വിമര്‍ശിച്ചു. ബാലകൃഷ്‌ണനനുകൂലമായി ഒരു മുന്‍ജഡ്‌ജി തന്നെ സ്വാധീനിക്കാന്‍ ശ്രമിച്ച വിവരവും അദ്ദേഹം പുറത്തുവിട്ടു.
ജ. ബാലകൃഷ്‌ണന്‍ സുപ്രീംകോടതി ജഡ്‌ജിയായപ്പോള്‍ അതിനെ വളരെ അധികം സ്വാഗതം ചെയ്‌ത, ന്യായപീഠത്തില്‍ `ദളിത്‌ ഇറ' എന്നുല്‍ഘോഷിച്ച മഹാനാണ്‌ ജ. കൃഷ്‌ണയ്യര്‍.
ഇപ്പോള്‍ അദ്ദേഹത്തിനെതിരെ വന്നിരിക്കുന്നത്‌ അഡ്വക്കേറ്റ്‌ രാംകുമാറിന്റെ ഒരു കോടിരൂപയുടെ മാനനഷ്‌ടക്കേസാണ്‌. അഭിഭാഷകനായ രാംകുമാര്‍ എന്തുകൊണ്ട്‌ ജ. ബാലകൃഷ്‌ണനെ പിന്‍താങ്ങുന്നു എന്നതിലുപരി അഭിഭാഷകവൃത്തിയില്‍ അദ്ദേഹം നേടിയ സ്വത്തില്‍ ഒരു കോടി രൂപ വെറും തുച്‌ഛം എന്നുകൂടി തെളിയിക്കുമ്പോള്‍ ജനം വിശ്വസിക്കേണ്ടത്‌ ശ്രീനിജനെയോ ജ. കൃഷ്‌ണയ്യരെയോ!
ലീലാമേനോന്‍

Comments

Be the first to comment on this News
Post News Feedback
Your Name   
E-mail
Phone Number
 
Type in Malayalam (Press Ctrl+m to change language)
Comment
 

Back
    Rate this news   (3/3)