Back
Saturday, November 27, 2010 | 10:49:05 AM IST
മകളെ പീഡിപ്പിക്കാന്‍ അമ്മ കുട്ടുനില്‍ക്കുമ്പോള്‍

ഇന്ന്‌ എന്നെ ഏറ്റവും വേദനിപ്പിക്കുന്നത്‌ കുടുംബബന്‌ധങ്ങളില്‍ വന്ന മൂല്യച്യുതിയാണ്‌. എന്തിനും ഏതിനും സ്വന്തം കുടുംബാംഗങ്ങള്‍ താങ്ങാവും എന്ന വിശ്വാസത്തിന്‌ അടിസ്‌ഥാനമില്ലാതാകുന്ന സംഭവങ്ങളാണ്‌ ഈയിടെ പുറത്തുവരുന്നത്‌.
രാജ്യത്തിന്റെ ഭാവി വരുംതലമുറയുടെ കൈകളിലാണ്‌. അവരെ സുരക്ഷിതരാക്കി, പ്രാപ്‌തരാക്കി സമൂഹത്തിന്റെ നെടുംതൂണുകളാക്കേണ്ടത്‌ മാതാപിതാക്കളുടെ കടമയാണ്‌. ലോകത്തില്‍ ഏറ്റവും പരിശുദ്ധമായ ബന്‌ധം അമ്മയുമായിട്ടുള്ളതാണ്‌ എന്നാണ്‌ സങ്കല്‌പം.
പിതാരക്ഷതി കൗമാരേ, ഭര്‍ത്തോ രക്ഷതി യൗവനേ, പുത്രോ രക്ഷതി വാര്‍ദ്ധക്യേ എന്ന ആപ്‌തവാക്യം ശപ്‌തവാക്യമായി കഴിഞ്ഞു. ഇന്ന്‌ പിതാവ്‌ സ്വന്തം മകളെ ലൈംഗികമായി പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കുന്ന സംഭവങ്ങള്‍ വാര്‍ത്തപോലുമല്ല. പക്ഷേ മാതൃസങ്കല്‌പത്തിന്റെ പരിശുദ്ധിയാണ്‌ ഇന്ന്‌ ചോദ്യം ചെയ്യപ്പെടുന്നത്‌.
കൊച്ചിയില്‍ പന്ത്രണ്ടുകാരി വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക്‌ കോടതി ജീവപര്യന്തം തടവും അഞ്ചുലക്ഷവും വിധിച്ചപ്പോള്‍ പീഡനത്തിന്‌ കൂട്ടുനിന്ന പെണ്‍കുട്ടിയുടെ മാതാവിന്‌ മൂന്നുവര്‍ഷം കഠിനതടവ്‌ വിധിച്ചിരിക്കുന്നു. ഒരുപക്ഷേ ആദ്യമായിട്ടാകും സ്വന്തം മകളെ പീഡിപ്പിക്കാന്‍ കൂട്ടുനിന്നതിന്‌ ഒരമ്മ ശിക്ഷ ഏറ്റുവാങ്ങുന്നത്‌.
അച്‌ഛന്‍ മകളെ പീഡിപ്പിക്കുമ്പോള്‍ അമ്മമാര്‍ മൗനാനുവാദം നല്‍കുന്നത്‌ സ്വന്തം കുടുംബം തകരുമോ എന്ന ഭീതിയാലാണത്രേ. തിരുവനന്തപുരത്ത്‌ മദ്യപിച്ച്‌ വന്ന പിതാവ്‌ മകളെ ലൈംഗികമായി ആക്രമിക്കാന്‍ ശ്രമിച്ചപ്പോള്‍ രക്ഷപ്പെട്ട്‌ ഓടിപ്പോയി പൊലീസില്‍ പരാതിപറഞ്ഞ മകളെ ഒരമ്മ വീട്ടില്‍നിന്ന്‌ പുറത്താക്കിയതായി സഖി എന്ന സംഘടന പറയുന്നു. ഒടുവില്‍ ആശ്രയമില്ലാതായ ആ പെണ്‍കുട്ടി ഇന്ന്‌ ലൈംഗികതൊഴിലാളിയാണ്‌.
സ്വന്തം മകളെ പീഡിപ്പിക്കാന്‍ അമ്മയുടെ കാമുകനാണ്‌ അമ്മ അനുവാദം നല്‍കിയത്‌. കാമുകന്‌ വയസ്‌ 24. തന്നേക്കാള്‍ പ്രായംകുറഞ്ഞ യുവാവിന്റെ കാമസംതൃപ്‌തിക്ക്‌ സ്വന്തം മകളെ ബലിയര്‍പ്പിച്ചാലും തന്റെ പ്രേമ(കാമ)ബന്‌ധം തകരരുതെന്നാണ്‌ ആ അമ്മ ചിന്തിച്ചിട്ടുണ്ടാകുക.
കഴിഞ്ഞവര്‍ഷം കൊച്ചിയില്‍ ഒരു എട്ടാംക്ലാസ്‌ വിദ്യാര്‍ത്ഥിയെ കാമുകനുമായി കാറില്‍ സല്ലപിക്കുമ്പോള്‍ അറസ്‌റ്റുചെയ്‌തു. അവള്‍ പണക്കാരുമായി ബന്‌ധം സ്‌ഥാപിച്ച്‌ പണമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ ജീവിക്കുന്നവളായിരുന്നു. അവളെ ഇന്റര്‍വ്യൂ ചെയ്‌ത ഏഷ്യാനെറ്റ്‌ ലേഖിക എന്നോട്‌ പറഞ്ഞത്‌ എട്ടാംക്ലാസ്‌ വരെ എല്ലാവിഷയത്തിലും ഉന്നതവിജയം നേടിയവളായിരുന്നു താന്‍ എന്നും സ്വന്തം അമ്മയാണ്‌ അവളെ ഈ ഹൈഫൈ വേശ്യാവൃത്തിക്ക്‌ പ്രേരിപ്പിച്ചതെന്നുമായിരുന്നു. അച്‌ഛന്റെ മദ്യപാനംമൂലം കടംകയറിയ കുടുംബത്തിനു മുക്‌തമാകാന്‍ ഒരു ലൈംഗിക ബ്രോക്കര്‍ ഉപദേശിച്ച പദ്ധതി അമ്മ പ്രാവര്‍ത്തികമാക്കി.
ഇതില്‍ അമ്മമാരുടെ ധര്‍മ്മച്യുതി മാത്രമല്ല വെളിച്ചത്ത്‌ വരുന്നത്‌. ഇങ്ങിനെ ലൈംഗിക വൃത്തിയിലേയ്‌ക്കോ ലൈംഗിക പീഡനത്തിലേയ്‌ക്കോ തള്ളിവിടുന്ന കൗമാരമനസുകളില്‍ അതുണ്ടാക്കുന്ന പ്രത്യാഘാതം ഒരു സാമൂഹിക വിപത്തായി മാറാന്‍ സാധ്യതയുണ്ട്‌. ഈ കൗമാരക്കാരി ലേഖികയോട്‌ പറഞ്ഞത്‌ താന്‍ ഇപ്പോള്‍ ഇത്‌ ആസ്വദിക്കുന്നു എന്നും ധാരാളം പണം ലഭിക്കുന്നതിനാല്‍ ഉന്നതജീവിതനിലവാരം പുലര്‍ത്താന്‍ സാധിക്കുന്നു എന്നുമാത്രമല്ല, വീട്ടിലെ കടം വീട്ടി അച്‌ഛനെ ഗള്‍ഫില്‍വിടാന്‍ തനിക്കായി എന്നും ആണ്‌.
കഴിഞ്ഞതലമുറയുടെ മൂല്യശോഷണം മൊബൈല്‍ ബന്‌ധങ്ങള്‍ വഴിയാണെങ്കില്‍ പുതിയ തലമുറയും മൊബൈല്‍ ലൈംഗികബന്‌ധം സ്‌ഥാപിച്ച്‌ പണസമ്പാദനത്തിനൊരുങ്ങുന്നതായാണ്‌ വിവരം. നെറ്റില്‍ക്കൂടി വിനോദസഞ്ചാര മേഖലയിലെ ഓപ്പറേറ്റര്‍മാരുമായി ബന്‌ധപ്പെട്ട്‌ വിദേശ അതിഥികള്‍ക്ക്‌ `എസ്‌കോര്‍ട്ട്‌' പോകാനും മറ്റും പണം ലക്ഷ്യമിട്ട്‌ പെണ്‍കുട്ടികള്‍ തയാറാകുന്നുണ്ട്‌. അങ്ങിനെയുള്ള ഒരു പെണ്‍കുട്ടിയെ കൗസിലിംഗിന്‌ കൊണ്ടുവന്നപ്പോഴാണ്‌ തനിക്കല്ല അച്‌ഛനമ്മമാര്‍ക്കാണ്‌ കൗണ്‍സിലിംഗ്‌ വേണ്ടതെന്ന്‌ പെണ്‍കുട്ടി പറഞ്ഞത്‌.
തങ്ങള്‍ ചെയ്യുന്നത്‌ തെറ്റാണെന്ന ബോധംപോലും ഈ തലമുറയില്‍ നിന്നും `അമ്മ തലമുറയില്‍' നിന്നും അപ്രത്യക്ഷമാകുന്ന പ്രതിഭാസമാണിന്ന്‌. വളരെയധികം സന്നദ്ധസംഘടനകള്‍ പലരംഗങ്ങളിലും പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ഈ മൂല്യശോഷണത്തിന്‌ തടയിടാന്‍ ഒരു ശ്രമവും ആരില്‍നിന്നും ഉയരുന്നില്ല എന്നതാണ്‌ ഖേദകരം.
ലീലാമേനോന്‍
 

Comments

surajsreenandanam says ..
2012 March Sun : 1:12 pm
ലീലാമേനോന്‍ എഴുതിയ ലേഖനം വായിച്ചു ..ഞാനൊരു കാര്യം തുറന്നു പറയാന്‍ ആഗ്രഹിക്കുന്നു 24 വയസായ ഞാന്‍ ഓര്‍മ വച്ചനാല്‍ മുതല്‍ വാര്‍ത്ത കളിലൂടെ കേള്‍ക്കുന്നതാണ് പീഡന കഥകള്‍.ചിലര്‍ പറയാറുണ്ട്‌ നായുടെ വാല്‍ നിവരണമെങ്കില്‍ നായകൂടെ വിചാരിക്കണം.തിരുവനന്തപുരത്ത്‌ മദ്യപിച്ച്‌ വന്ന പിതാവ്‌ മകളെ ലൈംഗികമായി ആക്രമിക്കാന്‍ ശ്രമിച്ചപ്പോള്‍ രക്ഷപ്പെട്ട്‌ ഓടിപ്പോയി പൊലീസില്‍ പരാതിപറഞ്ഞ മകളെ ഒരമ്മ വീട്ടില്‍നിന്ന്‌ പുറത്താക്കിയതായി സഖി എന്ന സംഘടന പറഞ്ഞു , ഒടുവില്‍ ആശ്രയമില്ലാതായ ആ പെണ്‍കുട്ടി ഇന്ന്‌ ലൈംഗികതൊഴിലാളിയാണ്‌എന്ന് ലീലാമേനോന്‍ എത്ര നിസാരമായാണ് എഴുതിയിട്ടുള്ളത് ...ഇവിടെയാണ് സ്ത്രീ സംഘടന നശിക്കുന്നത്.ജീവിക്കാന്‍ മാര്‍ഗമില്ലാതായ ആ സഹോദരി ആത്മഹത്യയാണ് തെരഞ്ഞെടുത്തതെങ്കില്‍ എനിക്ക് ഇത്രയും വിഷമം തോന്നില്ലായിരുന്നു , എന്റെ അറിവില്‍ ഒരുപാട് സഹോദരിമാര്‍ ഇന്നും മാസത്തില്‍ 3000 രൂപ ശമ്പളം പോലുമില്ലാത്ത ജോലികള്‍ ചെയ്യുന്നുണ്ട് അവര്‍ക്കാര്‍ക്കും സൌന്ദര്യം ഇല്ലാഞ്ഞിട്ടോ ലൈംഗിക വൃത്തി അറിയാഞ്ഞിട്ടോ അല്ല അവര്‍ക്ക് അഭിമാനവും,സാമൂഹ്യ ബോധവും ഒരു സംസ്കാരവും ഉണ്ട് ....സ്ത്രീ സംഘടനകള്‍ വെറും വാര്‍ത്ത സൃഷ്ടാക്കള്‍ ആകരുത് നിങ്ങള്‍ വെറും സംവരണത്തില്‍ ഒതുങ്ങി നില്‍ക്കാതെ സ്ത്രീ കള്‍ക്ക് വേണ്ടി എന്തെങ്കിലുമൊക്കെ ചെയ്യണം ....സ്ത്രീയെ ആക്രമിക്കുന്നത് എണ്ണപ്പെട്ടവര്‍ മാത്രമാണ് പക്ഷെ സ്ത്രീയെ സംരക്ഷിക്കുന്നവര്‍ എണ്ണ മറ്റവര്‍ആണ് എന്ന് നിങ്ങള്‍ ഓര്‍ക്കുന്നത് നല്ലത് ....

Post News Feedback
Your Name   
E-mail
Phone Number
 
Type in Malayalam (Press Ctrl+m to change language)
Comment
 

Back
    Rate this news   (2/3)